UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാധാകൃഷ്ണനെതിരെ കേസുണ്ട്; തങ്ങൾക്ക് ബോധ്യപ്പെടുന്നതിന് വിചാരണയേ വേണ്ടെന്ന് വിശ്വസിക്കുന്ന പൊതുബോധത്തിനെതിരെയോ?

“What’s in a name? that which we call a rose
By any other name would smell as sweet.”

ഒരു പേരിലെന്തിരിക്കുന്നു, നമ്മള്‍ റോസ എന്ന് വിളിക്കുന്ന പുഷ്പത്തെ മറ്റേത് പേര്‍ ചൊല്ലി വിളിച്ചാലും ആ ഗന്ധം അത്രതന്നെ മധുരമായി തുടരും എന്ന് പ്രഖ്യാപിച്ചത് വിശ്വമഹാകവി സാക്ഷാല്‍ ഷേക്‌സ്പിയര്‍ തന്നെ. എന്നുവച്ച് അത് എല്ലാ കാലത്തെയും, എല്ലാ സാഹചര്യങ്ങളിലെയും ഒരൊറ്റ സത്യമാകുമോ?

 

പേരെന്നത് അതിന്റെ ഭൗതികവും വ്യക്തിബന്ധിയുമായ പ്രാതിനിധ്യ സ്വഭാവം മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നല്ലെന്നും അതിന്മേല്‍ ഒരുപാട് ധനാത്മക, ഋണാത്മക സാമൂഹ്യ നിര്‍മ്മിതികള്‍ നടന്നിട്ടുണ്ടെന്നും പേരുപോയിട്ട് വാക്ക് പോലും അതിന്റെ സാംസ്‌കാരിക വിനിമയ മൂല്യം ആര്‍ജ്ജിക്കുന്നത് അതിന്റെ കേവല ഭൗതിക അര്‍ത്ഥം കൊണ്ടല്ല എന്നും ഇന്ന് നമുക്കറിയാം, അതുകൊണ്ടാണ് പേരും മുഖവും ഉള്‍പ്പെടെ ഐഡന്റിറ്റി അഥവാ അസ്തിത്വം ചില പ്രത്യേക സാഹചര്യങ്ങളില്‍ മറയ്ക്കപ്പെടേണ്ടത് നിയമപരമായ ബാധ്യതയാകുന്നത്. അത് പാലിക്കേണ്ടത് നൈതികബന്ധിയായ ബാധ്യതയാകുന്നത്.

 

അവിടെ പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ബ്രിട്ടനില്‍ ജനിച്ച വിശ്വമഹാകവിയായി അംഗീകരിക്കപ്പെട്ട ആള്‍ ഉന്നയിച്ചതായാലും വേറെ ആരെങ്കിലും ഉന്നയിച്ചതായാലും ഒരു ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ നൈതിക പരിണാമത്തെ സംബന്ധിച്ചിടത്തോളം ഒരുപോലെ അപ്രസക്തമാണ്. വടക്കാഞ്ചേരി സംഭവത്തില്‍ ഇരയുടെ പേര് പരസ്യമാക്കിയത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടും ഒരു തെറ്റല്ല, തുല്യ നീതിയാണ് എന്ന് ധ്വനിപ്പിക്കും വിധം പ്രതികരിച്ച മുന്‍ സ്പീക്കര്‍ കൂടിയായ രാഷ്ട്രീയ പ്രവര്‍ത്തകന്റെ നിലപാട് ചോദ്യം ചെയ്യപ്പെടെണ്ടതും ഇവിടെനിന്നാണ്.

 

സഖാവ് ചെയ്ത തെറ്റ്
രാധാകൃഷണ്‍ ചെയ്ത തെറ്റ് വടക്കാഞ്ചേരി സംഭവത്തെ ആരോപണം ഉന്നയിച്ച സ്ത്രീയും ജയന്തനും തമ്മിലുള്ള വ്യക്തിഗത പ്രശ്‌നമായി ലളിതവത്ക്കരിച്ച് കാണുകയും അതുന്നയിക്കുന്ന സാമൂഹ്യനീതിയുടെ, ലിംഗനീതിയുടെ ഒക്കെയായ പ്രശ്‌നത്തെ തന്റെ വ്യക്തിഗത ബോധ്യങ്ങളിലേയ്ക്ക് ചുരുക്കുകയും ചെയ്തു എന്നതാണ്. സഖാവ് രാധാകൃഷ്ണന്, ജയന്തന്‍ നിരപരാധിയാണ് എന്നത് പോട്ടെ, അയാളാണ് ഇര എന്നു തന്നെ വ്യക്തിഗതമായി ബോധ്യമുണ്ടായിരിക്കാം. പക്ഷേ അദ്ദേഹം മനസിലാക്കേണ്ടത് അദ്ദേഹത്തിന്റെ വ്യക്തിഗത അഭിപ്രായം ഈ വിഷയത്തില്‍ ഒരു തീരുമാനമാകുന്നില്ല എന്നതാണ്. അദ്ദേഹത്തിന് സ്വന്തം ബോധ്യങ്ങളെ മുന്നോട്ട് വയ്ക്കാനുള്ള അവകാശമുണ്ട്. പക്ഷേ അത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയ്ക്ക് അനുരൂപമായേ പറ്റു, ചുരുങ്ങിയത് അധികാരം കയ്യാളുന്ന ഒരു സംഘടനയുടെ പ്രതിനിധിയായി ഇരിക്കുന്നിടത്തോളം കാലമെങ്കിലും.

 

അദ്ദേഹത്തിന്റെ ‘ജയന്തന്റെ പേരു പറയാം, അവരുടെ പേരുപറ്റില്ല അല്ലേ’, എന്ന യുക്തി സംഭവത്തെ രണ്ട് വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വെറുമൊരു തര്‍ക്കമായി ലളിതവല്‍ക്കരിക്കുന്നു. എന്നെ ഇവര്‍ ബലാത്സംഗം ചെയ്തു എന്ന് നാല് പുരുഷന്മാര്‍ക്കെതിരേ ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തെ ഇവര്‍ എന്നെ തല്ലിയെന്ന് ഒരാള്‍ മറ്റു ചിലര്‍ക്കെതിരേ ഉന്നയിക്കുന്ന ആക്ഷേപം പോലെ ഒന്നായി കാണുന്നത് ഒരു പുരോഗമന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിപ്പോരുന്ന ഒരാള്‍ക്ക് ഭൂഷണമായ ഒരു സമീപനമല്ല. ഇവിടെ പലരും പറയുന്നതുപോലെ നാളെ പ്രസ്തുത സ്ത്രീ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധവും തട്ടിപ്പ് തന്നെയും ആയിരുന്നു എന്ന് തെളിഞ്ഞാല്‍ പോലും സഖാവ് രാധാകൃഷണന്‍ ചെയ്ത തെറ്റ് തെറ്റല്ലാതാവുന്നില്ല. കാരണം ഇവിടെ വിഷയം വ്യക്തിയല്ല. സുപ്രീം കോടതി നിയമം ബലാത്സംഗ കേസുകളില്‍ ഇരയാണെന്ന് തെളിഞ്ഞ സ്ത്രീയുടെ പേര് വെളിപ്പെടുത്തരുത് എന്നല്ലല്ലോ. കാരണം ആരോപണം തെളിയുന്നത് വര്‍ഷങ്ങള്‍ നീളുന്ന ഒരു പ്രക്രിയയിലൂടെയാണ്. അത് പൂര്‍ത്തിയാവുന്നത് വരെ ആ സ്ത്രീയുടെ പേരും വിലാസവും ജാതകവും അടക്കം എല്ലാവരും എടുത്തിട്ട് അലക്കുകയും പിന്നെ സുപ്രീം കോടതിയും അവര്‍ ഇരയാണെന്നും ആരോപിതര്‍ കുറ്റക്കാരാണെന്നും ശരിവച്ച ശേഷം മാത്രം നാവടക്കുകയും ചെയ്തിട്ട് എന്ത് കാര്യം! അതുകൊണ്ട് ആ സ്ത്രീ യഥാര്‍ത്ഥത്തില്‍ ഇരയാണോ, അതോ അവര്‍ ജയന്തനെ വേട്ടയാടുകയായിരുന്നുവോ എന്നത് ഇവിടെ വിഷയമേ അല്ല.

 

 

ശരിയാണ്, ചിലപ്പോള്‍ ആ സ്ത്രീ ഉന്നയിക്കുന്നത് ഒരു വ്യാജ ബലാത്സംഗ ആരോപണമായിരിക്കാം. ജയന്തന്‍ ബലാത്സംഗം പോയിട്ട് പരസ്ത്രീയുടെ മുഖത്തേ നോക്കാത്ത ആളുമാകാം. പക്ഷേ ഒരു സ്ത്രീ അയാള്‍ക്ക് നേരേ അത്തരം ഒരു ആരോപണം ഉന്നയിച്ചാല്‍ അത് തെറ്റെന്ന് തെളിയുന്നത് വരെ അയാള്‍ വേട്ടക്കാരനും അവര്‍ ഇരയും തന്നെയാണ്. ഇതെന്ത് ന്യായം എന്ന് ലളിതയുക്തികള്‍ക്ക് തോന്നാം. പക്ഷേ നീതി എന്നത് ചരിത്രപരമായി ഉരുത്തിരിഞ്ഞുവരുന്ന ഒന്നാണെന്നും അവിടെ വ്യക്തികള്‍ക്ക് പരിമിതികള്‍ ഉണ്ട് എന്നതും ആ പരിമിതികള്‍ ധനാത്മകമായി നിജപ്പെടുത്തപ്പെട്ടവയാണ് എന്നതും കൂടി അവര്‍ മനസിലാക്കേണ്ടതുണ്ട്.

 

ഉറപ്പുണ്ടെങ്കില്‍ പിന്നെ നിയമവും നടപടി ക്രമങ്ങളും എന്തിന്?
ഒരു ജനാധിപത്യ ഭരണകൂടം അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ നടത്തുമ്പോള്‍, ജനാധിപത്യ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ആധാരമാക്കുന്ന ഒരു നീതിവ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുമ്പോള്‍ ജനം വിചാരിക്കും രാജാധിപത്യമായിരുന്നു മെച്ചമെന്ന്. ഇത് ആനുപാതികത എന്ന ആശയം ദഹിക്കാത്തതിനാല്‍ ഉണ്ടാകുന്ന ഒരുതരം ‘ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച’യാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ നിന്ന്, അതിലെ പഴുതുകള്‍ അതിവിദഗ്ധമായി ഉപയോഗിച്ച് ചിലര്‍ രക്ഷപ്പെടുന്നു എങ്കില്‍ അതില്‍ നമുക്ക് അയാളോട്, അല്ലെങ്കില്‍ അവരോട് മല്‍സരിക്കാന്‍ അങ്ങനെ ഒരു മാനകവും നേരിയതെങ്കിലും ഒരിടവുമുണ്ട്. രാജാവ് ഭരിക്കുമ്പോള്‍ ഒരാള്‍ ചെയ്യുന്നത് കുറ്റമായി തീരാന്‍ പൊന്നുതമ്പുരാന് അങ്ങനെ തോന്നിയാല്‍ മാത്രം മതി. പിന്നെ വിചാരണയും ശിക്ഷയുമൊക്കെ ഒരു ചടങ്ങായിരിക്കും. ശിക്ഷയ്ക്ക് കാലതാമസം ഉണ്ടാവില്ല എന്നത് പക്ഷേ സത്യമാണ് കേട്ടോ.

 

അതായത് അജ്മല്‍ കസബിന് ഇത്രയും നാള്‍ നീണ്ട ഒരു വിചാരണയും, ആരോപിക്കപ്പെടുന്നത് പോലെ (?) കോടികള്‍ ദുര്‍വ്യയം ചെയ്തുള്ള ജയില്‍വാസവും ഒന്നും ഉണ്ടാകില്ല. ഉത്തരവിന്റെ പേപ്പര്‍ മഷി ചിലവ്, ആരാച്ചാരുടെ ബത്ത, കയറ്, കഴുമര മിനുക്കല്‍ ചിലവ് മാത്രം. കുറ്റം രാജാവിന് ബോധ്യപ്പെട്ടാല്‍ ശിക്ഷ ഉടനടിയാണ്. സമയത്തിന്റെ പോലും ദുര്‍വ്യയമില്ല! ആ വ്യവസ്ഥയുടെ ഹാങ് ഓവറില്‍ ഓരോ വ്യക്തിയും ഒരേ സമയം രാജാവും ന്യായാധിപനും ആരാച്ചാരുമാകുന്ന അവസ്ഥയാണ് ഗോവിന്ദ ചാമിയെ ഞങ്ങള്‍ക്ക് വിട്ട് തരിക എന്ന ആള്‍കൂട്ട മുദ്രാവാക്യത്തില്‍ മുഴങ്ങിയത്. ഇതുതന്നെയാണ് സുരക്ഷയ്ക്കായി കോടികള്‍ ചിലവാക്കി അജ്മല്‍ കസബിനെ എന്തിന് കുറേ നാള്‍ തടവില്‍ പാര്‍പ്പിച്ചിട്ട് തൂക്കി കൊന്നു, പിടിച്ച അന്നുതന്നെ, അല്ലെങ്കില്‍ അതിന്റെ പിറ്റേന്ന് ആകാമായിരുന്നില്ലേ എന്ന ദേശീയ ചിലവ് ചുരുക്കല്‍ യുക്തിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും.

 

ഇവിടെ പ്രശ്‌നം ഉറപ്പാണ്. എനിക്ക് ബോധ്യപ്പെട്ടല്ലോ അവള്‍ / അയാള്‍ കുറ്റവാളിയാണെന്ന് എന്ന രാജാവിന്റെ തീര്‍പ്പ് എനിക്കെന്നും, ഞങ്ങള്‍ക്കെന്നും, സമുദായത്തിനെന്നും, സംഘടനയ്‌ക്കെന്നും ഒക്കെയായി ബഹുവചനപ്പെടുന്നതാണ് നീതിയുടെ നിര്‍വചനമെങ്കില്‍ അത് പരമാവധി വ്യക്തിനീതിയില്‍ നിന്ന് ആള്‍ക്കൂട്ട നീതിയിലേയ്ക്ക് വരെയേ വികസിക്കൂ. ആ ഉറപ്പുള്ള വ്യക്തികളാണ് കല്‍ബുര്‍ഗിയെയും പന്‍സാരെയും വധിച്ചത്. ആ ബോധ്യമുള്ള ആള്‍ക്കൂട്ടമാണ് അഖ്‌ലാക്കിനെ വധിച്ചതും ഉനയില്‍ ഏതാനും ചെറുപ്പക്കാരെ പരസ്യമായി കെട്ടിയിട്ടടിച്ചതും. അതുകൊണ്ട് ഇവയെ നമ്മള്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ എന്റെ ഉറപ്പിനെയും, ഞങ്ങളുടെ ഉറപ്പിനെയും കൊണ്ട് നീതിന്യായ വ്യവസ്ഥയെ മറികടക്കുന്ന ആള്‍ക്കൂട്ടബലത്തില്‍ അഭിരമിക്കുന്ന ഏര്‍പ്പാട് നമ്മള്‍ നിര്‍ത്തിയേ മതിയാവൂ. അല്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയെ മൊത്തം പരിഷ്‌കരിക്കാന്‍ പോന്ന ഒരു ബദല്‍ സാംസ്‌കാരികമായി മുന്നോട്ടുവച്ചിട്ട് അതിന്റെ തമസ്‌കരണത്തിനെതിരെ ആണെങ്കില്‍ തീര്‍ച്ചയായും നിയമലംഘന പ്രസ്ഥാനമാവാം. പക്ഷേ ഇവിടെ അതാണോ സംഭവിച്ചത്?

 

ബലാത്സംഗ കേസുകളില്‍ ഇരയുടെ വ്യക്തിത്വം രഹസ്യമാക്കണമെന്ന നിയമം എന്തിന്?
ബലാത്സംഗ കേസുകളില്‍ ഇരയുടെ വ്യക്തിത്വം രഹസ്യമാക്കണമെന്ന നിയമം എന്തിന് എന്നത് പോലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ പോലും ഇപ്പോഴും ചര്‍ച്ചയും വിശദീകരണങ്ങളും വേണ്ടിവരുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പരിമിതി തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. പക്ഷേ അതിനെ ഏകാധിപത്യത്തിന്റെ പുനരുദ്ധാരണത്തിലൂടെ പരിഹരിക്കാമെന്ന, വൈരുദ്ധ്യാത്മകമല്ലാത്ത ദ്വന്ദ്വയുക്തി വച്ച് പരിഹരിക്കാമെന്ന മോഹം ഒരു തമാശ പോലും അല്ലാത്തവണ്ണം, ആകാനാവാത്തവണ്ണം ഒരു പൊതുവായ പതനമാണ് താനും.

 

പിതൃകേന്ദ്രീകൃത അധികാര വ്യവസ്ഥ ദീര്‍ഘമായ ഒരു ചരിത്ര ഘട്ടത്തിലൂടെ നിര്‍മ്മിച്ചെടുത്ത മേല്‍ക്കോയ്മയെ ഘട്ടംഘട്ടമായുള്ള സാംസ്‌കാരിക പ്രതിരോധങ്ങളിലൂടെ, നിയമ നിര്‍മ്മാണം പോലെയുള്ള പ്രാതിനിധ്യ ജനാധിപത്യം അതിന് നല്‍കുന്ന സാമൂഹ്യ സാധ്യതകളിലൂടെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു കാലത്തില്‍ കൂടിയാണ് നാം നിലനില്‍ക്കുന്നത്. ഇവിടെ സ്ത്രീ ഇരയാകുന്നത് വ്യക്തിതലത്തിലല്ല, സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായി കൂടിയാണ്. സരിത എന്ന സ്ത്രീയെ നാം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിചാരണ ചെയ്യുന്നു. അവര്‍ തട്ടിപ്പ് കേസിലെ കുറ്റാരോപിതയായതുകൊണ്ട് പേരുവെളിപ്പെടുത്തല്‍ പ്രശ്‌നങ്ങളില്ല. പക്ഷേ അപ്പോഴും ഏത് വഴീയിലൂടെയാണെങ്കിലും അധികാരം കയ്യാളണം എന്ന് ആഗ്രഹിച്ച് അതില്‍ പരാജയപ്പെട്ട നിരവധി മനുഷ്യരുടെ ഒരു ചരിത്രത്തില്‍ നിന്നുകൊണ്ടാണ് ഒരു സ്ത്രീയാണെന്ന ഒറ്റ കാരണത്താല്‍ അവര്‍ അധികാരവുമായി ചെയ്ത നീക്കുപോക്കുകളെ അശ്‌ളീലമായി എണ്ണുകയും അവരുടെ വ്യക്തിത്വത്തെ ഒരു പൊതു രതിപ്പാവയുടെതെന്നപോലെ ഒരു ബ്രാന്‍ഡ് നെയിം ആയി ചുരുക്കയും ചെയ്യുന്നത്. ഇവിടെ അവരുടെ സ്ത്രീത്വം മാത്രം അശ്‌ളീലമാകുന്നത് എന്തുകൊണ്ട്?

 

 

സരിത എന്ന പേരുകേട്ടാല്‍ തന്നെ ഉദ്ധാരണമുണ്ടാകുന്ന സ്വയം നിര്‍മ്മിത ലൈംഗിക ദാരിദ്ര്യത്തിന്റെ സെപ്റ്റിക്ക് ടാങ്കുകള്‍ നാടൊട്ടുക്ക് നിറഞ്ഞ് കവിയുന്നതിന്റെ പല സാക്ഷ്യങ്ങളുണ്ട്. ഈ അടുത്തിടെ ഏതോ ഒരു ടെലിവിഷന്‍ വാര്‍ത്തയുടെ ഭാഗമായി സൂര്യനെല്ലി എന്ന പേരുകേട്ടയുടന്‍ ‘ഒരു കുത്ത് സീഡി (പോണ്‍ വീഡിയോ) സംഘടിപ്പിച്ച് വാല്‍വ് തുറന്നുവിട്ടു’ എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞ ഒരു മലയാളിയെ എനിക്കറിയാം; ആ കേസില്‍ ഇരയായ പെണ്‍കുട്ടി ഒരു ‘ബാലവേശ്യ’ ആയിരുന്നു എന്ന് സ്വകാര്യമായി വിലയിരുത്തിയ ജഡ്ജി ഏമാനെ നമുക്കുമറിയാം. ഇത്തരം വൃത്തികെട്ട ബോധ്യങ്ങളിലെ അശ്‌ളീലം മാത്രം പക്ഷേ നമുക്ക് കേട്ടുകേള്‍വിയേ ഇല്ല.

 

ഇത്തരം ഒരു വികല സാമൂഹ്യ യാഥാര്‍ഥ്യത്തെ മനസിലാക്കിയാണ് അവയെ മറികടന്ന് എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ സാധാരണ ഓട്ടമല്‍സര യുക്തിയ്ക്ക് മനസിലാവാത്ത ചില സങ്കീര്‍ണ്ണ സാംസ്‌കാരിക നൈതീക കല്പനകള്‍ ഉണ്ടാകുന്നത്. അവയെയൊക്കെ, എനിക്ക് മനസിലാകാത്ത നിയമങ്ങള്‍ ഒക്കെയും ഞാന്‍ ലംഘിക്കും; കാരണം അവ അനാവശ്യമായ സ്‌റ്റേറ്റിസ്റ്റ് യുക്തികളാണെന്ന ഒറ്റ യുക്തി ഉച്ചത്തില്‍ പറഞ്ഞ് വില്‍ക്കുന്നത് സാംസ്‌കാരിക ‘ആക്രി’കച്ചവടക്കാര്‍ക്ക് ആദര്‍ശമായിരിക്കും; ഒരു പുരോഗമന രാഷ്രീയ പ്രത്യയശാസ്ത്രത്തിനല്ല.

 

ജഡ്ജിയേയും നമ്പാനാവാത്ത നിയമങ്ങള്‍
നിയമങ്ങളുടെ സാംസ്‌കാരികവും ചരിത്രപരവുമായി പരിണമിച്ച് വരുന്ന ഉള്ളടക്കവും അതിനോട് വ്യക്തിതലത്തില്‍ ഒത്തുപോകാന്‍ പറ്റാത്ത ആണ്‍കോയ്മാ ബന്ധിയും ഗോത്രീയവും മതപരവും സാമുദായികവും സംഘടനാപരവുമായ സ്വത്വബോധങ്ങളുമായുള്ള നിരന്തര സംഘര്‍ഷങ്ങളുടെ വൈരുധ്യാത്മക ചരിത്രമാണ് നമ്മുടെ ജനാധിപത്യത്തിന്റെയും നീതി ബോധത്തിന്റെയും ഒക്കെ ചരിത്രം. അതാണ് നിയമനിര്‍മ്മാണ സഭയും നിയമങ്ങളും അവയുടെ നടത്തിപ്പും വിലയിരുത്തും തമ്മിലുള്ള ബന്ധത്തെ തിരുത്തലുകള്‍ അസാധ്യമാക്കുംവണ്ണം വിരുദ്ധമാക്കുന്നത്.

 

ഗോവിന്ദ ചാമിക്ക് ശിക്ഷ എട്ടുവര്‍ഷം മാത്രമെന്ന ഒരു കോടതി വിധിയിലും ഇല്ലാത്ത വാര്‍ത്ത ഫ്‌ളാഷുചെയ്ത് അതിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച ചില മാധ്യമങ്ങളെങ്കിലും ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആധുനിക ജനാധിപത്യ നൈതികതയുടെ ആപ്തവാക്യം പരിഷ്‌കരിക്കേണ്ട കാലമായി എന്ന് വാദിച്ചിരുന്നു. എങ്ങനെ തിരുത്തും? ആയിരം നിരപരാധികള്‍ രക്ഷപ്പെട്ടാലും ഒരുകുറ്റവാളി പോലും ശിക്ഷിക്കപ്പെടാതിരിക്കരുത് എന്നോ? ആയിരം നിരപരാധികള്‍ രക്ഷപ്പെടുന്നത് ആരുടെയും ഔദാര്യമല്ല, അവര്‍ നിരപരാധികളായതുകൊണ്ടാണ്. പക്ഷേ അപരാധം നമുക്ക് ബോധ്യപ്പെട്ടാല്‍ പിന്നെ വിചാരണ വേണ്ട എന്ന യുക്തി മുമ്പോട്ട് വയ്ക്കുന്നതെന്താണ്?

 

കെ. രാധാകൃഷ്ണന്റെ യുക്തിയും അതാണ്. ജയന്തന്‍ നിരപരാധിയാണെന്ന് എനിക്ക് ബോധ്യമുണ്ട്; അത് പ്രകടിപ്പിക്കാന്‍ വിചാരണയൊന്നും വേണ്ട എന്ന്. പക്ഷേ രാധാകൃഷ്ണനെതിരേ വിവിധ ഏജന്‍സികള്‍ കേസെങ്കിലും എടുത്തിട്ടുണ്ട്. തങ്ങള്‍ക്ക് ബോധ്യപ്പെടുന്ന എല്ലാറ്റിനും വിചാരണ ധൂര്‍ത്താണെന്ന് വിശ്വസിക്കുന്ന, വെടിയുണ്ടയാണ് നീതിയെന്ന് പ്രശ്‌നാധിഷ്ഠിതമായി ആണയിടുന്ന പൊതുബോധത്തിനെതിരെയോ?

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍