UPDATES

വായന/സംസ്കാരം

നോമ്പ് ദിനങ്ങള്‍ക്ക് വിട, അത്താഴം മുട്ടിനും; വടകരയില്‍ നിന്നൊരു അപൂര്‍വ ആചാരം (വീഡിയോ)

കഴിഞ്ഞ 200 വര്‍ഷമോ അതിനേക്കാള്‍ മുന്‍പോ തുടങ്ങിയ ചടങ്ങാണ് ഇപ്പോഴും തലമുറ തലമുറ കൈമാറി മുഹമ്മദിന്റെ കുടുബം തുടരുന്നത്.

പുണ്യമാസമായ റമദാനില്‍ വടകര താഴത്തങ്ങാടിയില്‍ അത്താഴം കഴിക്കാന്‍ ഉള്ള സമയം അറിയാന്‍ ആരും ക്ലോക്കുകളിലോ മൊബൈല്‍ ഫോണുകളിലോ അലാറം വെക്കാറില്ല.. അവര്‍ക്കു അറിയാം കൃത്യ സമയത്തു തന്നെ ‘അത്താഴം മുട്ടുകാരന്‍’ മുഹമ്മദിന്റെ അറിയിപ്പ് ചെണ്ട മുഴങ്ങുമെന്ന്.. നോമ്പ് എടുക്കുന്ന ജനങ്ങള്‍ക്ക് അത്താഴത്തിനു ഉണരാന്‍ വേണ്ടി റമദാന്‍ മാസപിറവി കണ്ടതു മുതല്‍ ശവ്വാല്‍ മാസപിറവി കാണുന്നത് വരെ രാത്രിയുടെ അവസാന സമയങ്ങളില്‍ പ്രത്യേക തരത്തിലുള്ള ചെണ്ട മുട്ടി ശബ്ദം ഉണ്ടാക്കി പ്രദേശങ്ങളില്‍ നടക്കുന്നവരെയാണ് അത്താഴം മുട്ടുക്കാര്‍ എന്ന് പറയുന്നത്.

രണ്ട് നൂറ്റാണ്ടായി താഴത്തങ്ങാടി പ്രദേശത്ത് മുഹമ്മദിന്റെ കുടുംബക്കാര്‍ ‘അത്താഴ മുട്ട്’ അറിയിപ്പ് തുടങ്ങിയിട്ട്. മുമ്പ് അത്താഴം മുട്ട് അറിയിപ്പിനായി ചെണ്ടയും കൊട്ടി താഴത്തങ്ങാടിയില്‍ എത്തിയിരുന്നത് മുഹമ്മദിന്റെ ജ്യേഷ്ഠനായിരുന്നു. അതിന് മുന്‍പ് മുഹമ്മദിന്റെ ബാപ്പ, അതിനും മുന്‍പ് മുഹമ്മദിന്റെ ബാപ്പയുടെ ബാപ്പ. കഴിഞ്ഞ 200 വര്‍ഷമോ അതിനേക്കാള്‍ മുന്‍പോ തുടങ്ങിയ ചടങ്ങാണ് ഇപ്പോഴും തലമുറ തലമുറ കൈമാറി മുഹമ്മദിന്റെ കുടുംബം തുടരുന്നത്.

രാത്രിയില്‍ ഒരു മണിക്ക് അത്താഴം മുട്ടിനായി ഇറങ്ങുന്ന മുഹമ്മദ് വെളുപ്പിനെ മൂന്നര വരെ തന്റെ ചെണ്ട കൊട്ടല്‍ തുടരും. പതിനഞ്ചാമത്തെ വയസ്സില്‍ ജ്യേഷ്ഠനൊപ്പം വിളക്ക് പിടിച്ചാണ് മുഹമ്മദ് അത്താഴം മുട്ടിനായി കൂടെ ചേര്‍ന്നത്. പിന്നീട് ജ്യേഷ്ഠന്‍ ഗള്‍ഫില്‍ പോയപ്പോള്‍ മുഹമ്മദ് അത്താഴം മുട്ട് ഏറ്റെടുത്തു. ഇപ്പോള്‍ 36 വര്‍ഷം ആയി മുഹമ്മദ് തന്നെയാണ് ഈ ചടങ്ങ് തുടരുന്നത്.

“താഴത്തങ്ങാടിയില്‍ എല്ലാ വീടുകളിലും കയറും, അവരെ അത്താഴം ഉണ്ണാന്‍ ചെണ്ട കൊട്ടി ഉണര്‍ത്തും. അവരെല്ലാം ഞാന്‍ വരാന്‍ പ്രതീക്ഷിച്ചു ഇരിക്കും. ചിലര്‍ കൈനീട്ടം തരും ചിലര്‍ തരില്ല. മക്കള്‍ ഒക്കെ ഇത് തുടരുമോ എന്ന് അറിയില്ല.” എന്താണെങ്കിലും ഇത് ഒരു പുണ്യപ്രവര്‍ത്തിയായിട്ടാണ് താന്‍ കാണുന്നതെന്ന് മുഹമ്മദ് പറയുന്നു.

കേരളത്തില്‍ തന്നെ താഴത്തങ്ങാടിയില്‍ മാത്രമേ അത്താഴം മുട്ട് ഇപ്പോള്‍ നിലവില്‍ ഉള്ളു എന്ന് വടകര സ്വദേശി ഷമീര്‍ പി.ടി.കെ പറയുന്നു. ഹദീഥില്‍ പ്രവാചകന്‍ മുഹമ്മദ് നബി അത്താഴം മുട്ടിനെ കുറിച്ച് പറയുന്നുണ്ട്. ‘ബിലാല്‍ രാത്രിയില്‍ ബാങ്കു വിളിക്കും.. അപ്പോള്‍ ഭക്ഷണം കഴിക്കുക. അത് ഇബ്ന്‍ ഉം മക്തും ബാങ്കു വിളിക്കുന്നത് വരെ’ എന്നാണ് ഹദീഥില്‍ പറയുന്നതെന്ന് ഷമീര്‍ കൂട്ടിച്ചേര്‍ത്തു.

പെരുനാളിനു ശേഷം അത്താഴം മുട്ടുക്കാര്‍ ഓരോ വീടുകള്‍ തോറും കയറി ഇറങ്ങി അവിടുനിന്ന് അരിയും (ചിലപ്പോള്‍ പണമായും) വാങ്ങുകയും പതിവുണ്ട്. ഈ സന്ദര്‍ഭത്തില്‍ വീട്ടുകാര്‍ തങ്ങളുടെ കുട്ടികളെകൊണ്ട് ആ വലിയ പെരുമ്പറ കൊട്ടിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വടകര താഴെഅങ്ങാടി കോതിബസാറിലേക്ക് വള്ളങ്ങളില്‍ ചരക്കുകളുമായി വന്നിരുന്ന കച്ചവടക്കാരെയും യാത്രക്കാരെയും തുഴച്ചിലുക്കാരെയും ഉദ്ദേശിച്ചാണ് അത്താഴ മുട്ട് ആരംഭിച്ചതെന്നാണ് കരുതുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ റമദാനില്‍ ഇത്തരം അത്താഴം മുട്ടുക്കാറുണ്ടെന്നാണ് ജോര്‍ദാനില്‍ നിന്നുളള സയ്യിദ് പറയുന്നത്, “ഈ ചടങ്ങ് ആദ്യമായി തുടങ്ങിയത് ഈജിപ്റ്റിലാണെന്നാണ് ചരിത്രം പറയുന്നത്. അത്താഴം മുട്ടുക്കാരെ മെസ്ഹറാത്തി എന്നാണ് പൊതുവേ പറയുന്നത്. താഴത്തങ്ങാടിയില്‍ ഉള്ള പോലെ ചെണ്ടയ്ക്ക് പകരം ചെറിയ ദഫു ആണ് അവര്‍ ഉപയോഗിക്കുന്നത്. ഒപ്പം വിളക്ക് പിടിക്കാന്‍ ഒരാളും കൂടെ ഉണ്ടാകും. ഈജിപ്ത് സിറിയ സുഡാന്‍ സൗദി കുവൈറ്റ് ജോര്‍ദാന്‍ ലെബനന്‍ പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ മെസ്ഹറാത്തിമാര്‍ ഉണ്ടായിരുന്നു.. എന്നാല്‍ കാലത്തിന്റെ മാറ്റത്തില്‍ ഇപ്പോള്‍ മെസ്ഹറാത്തി അത്ര പ്രചാരത്തില്‍ ഇല്ല. മെസ്ഹറാത്തിമാരുടെ കൊട്ട് കേള്‍ക്കാന്‍ പോലും ഇല്ലാതെ ആയിരിക്കുകയാണ്. കാലം മാറുന്നത് അനുസരിച്ചു ഇല്ലാതാകുന്ന ഒന്നാവുകയാണ്മെസ്ഹറാത്തിയും”

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍