UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രകാന്തവും കേക്കുകളും മുല്ലപ്പൂവും- ഒരു ബഷീര്‍ ഓര്‍മ്മ

Avatar

കെ.പി.എസ്.കല്ലേരി

മലയാളിയുടെ ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മ്മയായിട്ട് ജൂലൈ അഞ്ചിന് 20 വര്‍ഷം തികയുകയാണ്. ഈ ഓര്‍മ്മ ദിനത്തില്‍ ബഷീറിന്‍റെ ജീവിതത്തിലെ അധികമാരുമാറിയാത്ത ചില സുന്ദര സുരഭിലമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പ്രിയ പത്‌നി ഫാബി ബഷീര്‍. എസ്.കെയും മുണ്ടശ്ശേരിയും ഉറൂബുമടങ്ങുന്ന അക്കാലത്തെ ബഷീറിന്‍റെ കോഴിക്കോടന്‍ സൗഹൃദങ്ങളെക്കുറിച്ച്. നന്മയെക്കുറിച്ച്. എത്രകേട്ടാലും മധുരിക്കുന്ന ആ ഓര്‍മകളിലേക്ക്. 

ബഷീറിന്റെ വീട് ബേപ്പൂരിലെ വൈലാലില്‍ ആണെന്ന് നിങ്ങളെല്ലാം പറയുമ്പോള്‍ എനിക്കതിപ്പഴും ചന്ദ്രകാന്തമാണ്. റ്റാറ്റയുടെ കൈപിടിച്ച് ഞാന്‍ വലതുകാല്‍ വെച്ച് കയറിയ വീട്, ഞങ്ങളുടെ ആദ്യരാത്രിയും ആദ്യനാളുകളുമെല്ലാം കഴിച്ചുകൂട്ടിയ വീട്. അതെ കോഴിക്കോട്ടെ പ്രശസ്തമായ ചന്ദ്രകാന്തം. സാക്ഷാല്‍ എസ്.കെ.പൊറ്റക്കാടിന്റെ ചന്ദ്രകാന്തം…

റ്റാറ്റയ്ക്ക് ചോറും എനിക്ക് കേക്കുമായിരുന്നു പ്രിയം. എസ്.കെയെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ നിറയെ ചന്ദ്രകാന്തവും കേക്കുകളും മുല്ലപ്പൂവുമാണ്. എസ്.കെ.യുടെ ചന്ദ്രകാന്തത്തില്‍ താമസിക്കുന്ന മിക്കവാറും എല്ലാ ദിവസങ്ങളിലും എസ്.കെ കൊണ്ടുവരുന്ന കേക്കായിരുന്നു എന്റെ പ്രധാന ഭക്ഷണം. പിന്നീട് ബേപ്പൂരിലേക്ക് മാറിയപ്പോള്‍ ചന്ദ്രകാന്തത്തില്‍ എസ്‌കെയുടെ പത്‌നി ഉണ്ടാക്കുന്ന നല്ല ചോറും കറിയും കഴിക്കാന്‍ മാത്രമായി റ്റാറ്റ എന്നെയും കൂട്ടി പോവും. പോവാന്‍ എനിക്കും ഇഷ്ടമാണ്, കാരണം എന്നെകാത്ത് അവിടെ നല്ല കേക്കുണ്ടാവും… 

എന്റേയും റ്റാറ്റയുടേയും വിവാഹം 1958 ഡിസംബര്‍ 19നായിരുന്നു. ഭര്‍ത്താവ് അക്കാലത്ത് തന്നെ പേരെടുത്ത വലിയ സാഹിത്യകാരന്‍. ചെറുവണ്ണൂരിലെ കോയട്ടിമാഷുടെ മകളായ എനിക്കാണെങ്കില്‍ വലിയ ലോക വിവരമൊന്നുമില്ല. സന്തോഷവും ഒപ്പം ഒരുപാട് പേടിയും. കല്യാണം കഴിഞ്ഞ് വൈകുന്നേരം വലിയ ആളും ബഹളവുമൊക്കയായാണ് വരന്റെ വീട്ടില്‍ ഞങ്ങളെത്തിയത്. വീടിന്റെ പേര് ചന്ദ്രകാന്തം. എനിക്ക് പെരുത്ത് ഇഷ്ടമായി. നല്ല വീട്. ഇതാരുടെ വീടാണെന്ന് ചോദിക്കേണ്ട ആവശ്യമില്ല. ലോകമറിയുന്ന വലിയ സാഹിത്യകാരന്റെ കോഴിക്കോട്ടെ വീടെന്നേ കരുതിയുള്ളൂ. 

കല്യാണത്തിന് കേരളത്തിലെ അക്കാലത്തെ മിക്കവാറും എല്ലാ സാഹിത്യകാരന്‍മാരും വീട്ടിലെത്തിയിരുന്നെങ്കിലും എസ്.കെ.ഉണ്ടായിരുന്നില്ല. എംപി യായിരുന്നതിനാല്‍ എസ്.കെ ഡല്‍ഹിയിലാണ്. കല്യാണം കഴിഞ്ഞ് അഞ്ചാംദിവസം പുലര്‍ച്ചെയുണ്ട് ഒരാള്‍ വന്ന് കതകിന് മുട്ടുന്നു. തപ്പിപ്പിടിച്ച് വാതില് തുറന്നപ്പോള്‍ പടിവാതിക്കലില്‍ ചാരി ഒരാള്‍. ബഷീറിനെക്കാണണം. ആളെ ഞാന്‍ അടിമുടിയൊന്ന് നോക്കി, മൂപ്പര് എന്നെയും. മുറിയിലേക്കോടിയപ്പോള്‍ റ്റാറ്റ നല്ല ഉറക്കമാണ്. പുലര്‍ച്ചെ ഉണരുന്ന പതിവൊന്നും ആള്‍ക്കില്ല. മിക്കവാറും ഉണരുക ചിലപ്പോള്‍ പന്ത്രണ്ടുമണിക്കൊക്കെയാവും. ഒരാള്‍ കാണാന്‍ വന്നെന്നുപറഞ്ഞപ്പോള്‍ അനിഷ്ടത്തോടെയാണ് എഴുന്നേറ്റത്. പുറത്തെത്തിയപ്പോള്‍ ആദ്യം പറഞ്ഞ വാചകം ഇപ്പഴും ഓര്‍ക്കുന്നു. അന്നത് കേട്ടത് ഞെട്ടലോടെയാണെങ്കില്‍ ഇപ്പോള്‍ ആ ഓര്‍മയ്ക്ക് മധുരം ഏറെയാണ്. ‘ഇതു നമ്മളെ വീട്ടുടമസ്ഥനല്ലേ..’റ്റാറ്റയുടെ വാക്കുകള്‍കേട്ട്  ഞാനൊന്ന് ഞെട്ടി. വീട്ടുടമസ്ഥനോ. അപ്പോ ഇത് റ്റാറ്റയുടെ വീടല്ലേ. എന്റെ അന്ധാളിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. അപ്പോ എസ്.കെ.ഇടപെട്ടു. പേടിക്കേണ്ട. ഇത് ബഷീറിന്റേയും വീടുതന്നെ…. പിന്നെയാണ് അറിയുന്നത് ചന്ദ്രകാന്തം എസ്‌കെയുടെ വീടാണെന്ന്.

ബെസ്റ്റ് ഓഫ് അഴിമുഖം

മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം
മാമ്പഴമഴക്കാലം : വിശുദ്ധമായ കൂട്ടുകള്‍
ഒരു അധ്യാപകന്‍ തിരുത്തിയെഴുതിയ ജീവിതം
ഈദുനാളില്‍ വിരുന്നു വന്ന മണങ്ങള്‍
കറുത്ത മാലാഖമാരുടെ പോസ്റ്റ്മെട്രിക് ജീവിതങ്ങള്‍

വൈക്കത്തുകാരനായ ബഷീറിനെ എസ്‌കെ അടക്കമുള്ള സുഹൃത്തുക്കള്‍ ‘ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു’ എന്ന നോവലിന്റെ നാടകരൂപം എഴുതിക്കാനായി കോഴിക്കോട്ട് കൊണ്ടുവന്നതു മുതല്‍ മിക്കവാറും താമസം ചന്ദ്രകാന്തത്തിലായിരുന്നു. എസ്.കെ, തിക്കോടിയന്‍, ദേവന്‍, ഉറൂബ്, എന്‍.പി.മുഹമ്മദ്, എം.ടി, മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍….അങ്ങനെ സാഹിത്യകാരന്‍മാരും അല്ലാത്തവരുമായ കോഴിക്കോടന്‍ സൗഹൃദങ്ങളുടെ സംഗമ വേദികൂടിയായിരുന്നു ചന്ദ്രകാന്തം. 

ബഷീറിനെപ്പിടിച്ച് എല്ലാവരും കൂടി പെണ്ണുകെട്ടിച്ചപ്പോള്‍, എസ്‌കെയാണ് തീരുമാനിച്ചത് വധൂവരന്‍മാര്‍ ചന്ദ്രകാന്തത്തില്‍ താമസിക്കട്ടെ. ഞാനും ഭാര്യയും തല്‍ക്കാലം അവളുടെ മാഹിയിലെ വീട്ടില്‍ താമസിക്കാമെന്ന്. അങ്ങനെയാണ്  ഞങ്ങളുടെ ആദ്യരാത്രിയും ആദ്യകാല ദിനങ്ങളുമെല്ലാം ചന്ദ്രകാന്തത്തിലായത്. പിന്നീടുള്ള ദിവസങ്ങളില്‍ മിക്കവാറും എസ്.കെ റ്റാറ്റയെത്തേടിവരും. അപ്പഴെല്ലാം എനിക്ക് മുടിയില്‍ ചൂടാന്‍ നല്ലമുല്ലയും വലിയ പെട്ടിയില്‍ മധുരമൂറും കേക്കുകളുമുണ്ടാവും കൈയ്യില്‍. പിന്നീട് ബേപ്പൂരിലെ വൈലാലിലേക്ക് മാറിയപ്പോഴും ഈ സ്‌നേഹം തുടര്‍ന്നു.

കല്യാണം കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ കാണാന്‍ വന്നവരില്‍ ചിലര്‍ റ്റാറ്റയെക്കുറിച്ച് വളരെ മോശമായ കുറേചിത്രങ്ങള്‍ എന്റെ മനസില്‍ കുത്തി നിറച്ചു. ബഷീര്‍ ആള് ശരിയല്ല. പലയിടത്തും ഭര്യമാരും കുട്ടികളുമുണ്ട്. അതില്‍ ചിലര്‍ കേസുകൊടുത്തിട്ടുണ്ട്…ഇങ്ങനെ പലതും. അത്തരം ദുരന്ത ചിത്രങ്ങളുമായാണ്  അന്നത്തെ രാത്രി കിടന്നുറങ്ങിയത്. പിറ്റേദിവസം പുലര്‍ച്ചെ അവര്‍ പറഞ്ഞപോലെല്ലാം സംഭവിച്ചു. അതിരാവിലെ തന്നെ ചന്ദ്രകാന്തത്തില്‍ പൊലീസ് വന്നു. ഇന്നത്തെപ്പോലെ കാണാന്‍ ചന്ദമുള്ള പോലീസല്ല. കാക്കി ട്രൗസറും പാളത്തൊപ്പിയും വെച്ച് കപ്പടമീശക്കാരായ പൊലീസുകാര്‍. ഇവരെ കണ്ട ഉടനെ ഞാന്‍ ഓടി മുറിക്കുള്ളില്‍ ഒളിച്ചു. പേടി മാറാതിരുന്നപ്പോള്‍ റ്റാറ്റയുടെ പുതപ്പിനുള്ളിലേക്ക് ഊര്‍ന്നിറങ്ങി. അപ്പഴേക്കും ഒരാള്‍ വാതില്‍ ചവിട്ടിതുറന്നിരുന്നു. വന്നപാടെ അയാള്‍ ചെയ്തത് കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന റ്റാറ്റയുടെ ദേഹത്ത് ചാടിവീണ് ഇടിക്കുകയായിരുന്നു. ഞാനാകെ പേടിച്ച് നിലവിളിച്ചു. ഞെട്ടിയുണര്‍ന്ന റ്റാറ്റ ഞൊടിയിടെ മറ്റയാളെ കീഴ്‌പ്പെടുത്തി ശരിക്കും പെരുമാറി. എനിക്ക് സങ്കടം വന്നു. പെട്ടന്നു തന്നെ ഇരുവരുടേയും ഭാവം മാറി. ചിരിച്ചു, കെട്ടിപ്പിടിച്ചു. ഈശ്വരാ എന്തൊക്കെ മനുഷ്യന്‍മാരാണിവര്‍. അങ്ങനെ വിചാരിച്ചുകൊണ്ടിരിക്കേ റ്റാറ്റ എന്നെ ഉമ്മറത്തേക്ക് വിളിച്ചു. ആളെ മനസിലായോ എന്ന് ചോദിച്ചു. ഇല്ലെന്ന് തലയാട്ടി. ഇവനാണെന്റെ ‘മുണ്ടന്‍’ എന്നുപറഞ്ഞു. മുണ്ടനോ, എന്ന് ഞാന്‍ സംശയം കൂറിയപ്പോള്‍ വീണ്ടും പറഞ്ഞു. ഏടീ, മുണ്ടനെന്ന് പറഞ്ഞാല്‍ ജോസഫ് മുണ്ടശേരി. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരി മാഷ്. അള്ളോ…എന്നും വിളിച്ച് ഞാന്‍ അടുക്കളയിലേക്ക് ഒറ്റ ഓട്ടമായിരുന്നു.

റ്റാറ്റയ്‌ക്കൊപ്പം ഇത്തരത്തില്‍ പരിചയപ്പെട്ട മാഹാരഥന്‍മാരുടെ എണ്ണവും കഥകളും പറഞ്ഞാല്‍ തീരില്ല. കോഴിക്കോടന്‍ ഓര്‍മ്മകളും…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍