UPDATES

വായന/സംസ്കാരം

നടക്കേണ്ടത് സാഹിത്യത്തിന്റെ ജനാധിപത്യ വത്ക്കരണം; വൈശാഖന്‍/അഭിമുഖം

Avatar

വൈശാഖന്‍/ ജിഷ ജോര്‍ജ്

മണിമന്ദിരങ്ങളും രാജവീഥികളും അവര്‍ക്ക് ഹരം പകര്‍ന്നിരിക്കും സ്വര്‍ഗലോകം സ്വപ്നം കണ്ട അവരൊക്കെ ഇപ്പഴും ഏതെങ്കിലും ചാളയില്‍ ചാക്കുതുണ്ടുകളുടെ സുരക്ഷിതത്വത്തില്‍ കഴിയുന്നുണ്ടാവും. യന്ത്ര ഗര്‍ജ്ജനങ്ങള്‍ അവര്‍ക്ക് ഉറക്കുപാട്ടായി മാറി കഴിഞ്ഞിരിക്കും, തിളങ്ങുന്ന തീയിലേക്ക് പറന്നടുത്ത തന്നെപ്പോലെ അവരുടെ ചിറകുകളും ചാമ്പലായിട്ടുണ്ടാവും.’ വൈശാഖന്‍, ബൊമ്മിടിപ്പുണ്ടിയിലെ പാലം.

കരിയും പുകയും വേര്‍പാടും വിജനതയും വിങ്ങി നില്‍ക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ എവിടെ നിന്നോ വന്ന് എവിടെയ്‌ക്കൊ പോവുന്ന കുറെ മനുഷ്യജീവിതങ്ങളെ തന്റെ അക്ഷരങ്ങളിലൂടെ നമുക്ക് കാട്ടിതന്ന എഴുത്തുകാരനാണ് വൈശാഖന്‍ മാഷ്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത അന്യദേശജീവിതങ്ങളായിരുന്നു വൈശാഖന്റെ കഥകളില്‍ നിറഞ്ഞു നിന്നിരുന്നത്. അതിഭാവുകത്വങ്ങള്‍ ഇല്ലാതെ, എന്നാല്‍ അനുഭവങ്ങളുടെ തീവ്രത ഒട്ടും ചോരാതെ നാം കേട്ടറിയാത്ത അജ്ഞതയും ദാരിദ്ര്യവും വൈശാഖന്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. അനുഭവങ്ങളുടെ തീക്ഷ്ണത വായനയിലൂടെ അറിയാന്‍ ശ്രമിക്കുന്ന ആര്‍ക്കും വൈശാഖന്റെ കൃതികളെ ഒഴിവാക്കാനാവില്ല.

കേരള സാഹിത്യ അക്കദമിയിലെ നിറസാന്നിദ്ധ്യമായിരുന്ന വൈശാഖന്‍ മാഷ് ഇനി അക്കാദമിയുടെ തലപ്പത്ത് എത്തുകയാണ്. ഒരു അഭിമുഖത്തിനായി സമയം ചോദിച്ചപ്പോള്‍ അക്കാദമിയില്‍ വൈകുന്നേരമുള്ള പുസ്തകപ്രകാശനത്തിനു ശേഷം കാണാം എന്നു പറഞ്ഞു. ആദ്യമായി നേരിട്ടുകാണുന്നതിന്റെ അപരിചിതത്വം മാഷിന്റെ ഹൃദ്യമായ ചിരിയില്‍ ഇല്ലാതായി. സംസാരിച്ച് തുടങ്ങിയപ്പോള്‍ കാപട്യങ്ങള്‍ ഇല്ലാത്ത ലളിതമായ മാഷിന്റെ സംസാരത്തിന് ഒരു നല്ല ശ്രോതാവയി ഇരുന്നുകൊണ്ട് ആ വാക്കുകളുടെ ഒഴുക്കിനനുസരിച്ച് ചോദ്യങ്ങളെ പരുവപ്പെടുത്തി.

നിയുക്ത സാഹിത്യ അക്കാമദി അധ്യക്ഷനും ചെറുകഥാകൃത്തുമായ വൈശാഖനുമായി ജിഷ ജോര്‍ജ് നടത്തിയ അഭിമുഖം.

ജിഷ: തൃശ്ശൂരിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ അങ്ങേയുടെ പ്രവൃത്തിമണ്ഡലം കൂടുതല്‍ വിശാലമാവുന്നു. എങ്ങനെ കാണുന്നു അക്കാദമി അദ്ധ്യക്ഷന്‍ എന്ന ഈ പുതിയ ഉത്തരവാദിത്വത്തെ?

വൈശാഖന്‍: ഞാന്‍ തൃശ്ശുരില്‍ സ്ഥിരതാമസം ആയിട്ട് ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി. അതിനു മുന്‍പ് ജോലിയുടെ ഭാഗമായും അല്ലാതെയും ഒരുപാട് യാത്ര ചെയ്യുകയും പല സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തകാലത്തായി ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും അത്ര കാര്യമാക്കുന്നില്ല. എന്റെ കഴിവും സമയവും പരമാവധി ഉപയോഗിച്ച് അക്കാദമിയുടെ പ്രവര്‍ത്തനം വിപുലീകരിക്കണം എന്നതാണ് ലക്ഷ്യം.

ജി: അക്കാദമിയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

വൈ: അക്കാദമി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അതേപോലെ തന്നെ തുടരും. മറ്റു പ്രസാധകര്‍ പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക, അവശരായ സാഹിത്യകാരന്മാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക തുടങ്ങിയ എല്ലാ കാര്യങ്ങളും അക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് അങ്ങനെ തന്നെ തുടരും. അതിനൊപ്പം സാഹിത്യത്തിന്റെ വെളിച്ചം ഇതുവരെ കടന്നു ചെല്ലാത്ത മേഖലകളെ ഉള്‍പ്പെടുത്തി അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കണം. സാധാരണ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ ഇവരിലൊക്കെ സാഹിത്യ അഭിരുചിയുള്ള ധാരാളം ആളുകള്‍ ഉണ്ട്. അവരെ കണ്ടെത്തി അവര്‍ക്ക് സാഹിത്യകാരന്മാരുമായി സംവദിക്കുന്നതിന് ഒരു വേദി സൃഷ്ടിക്കുക, വിശ്വസാഹിത്യ കൃതികള്‍, ലോക ക്ലാസിക്കുകള്‍ തുടങ്ങിയവ അവര്‍ക്ക് പരിചയപ്പെടുത്തുക എന്നി കാര്യങ്ങളിലൂടെ സാഹിത്യത്തെ കുറേക്കുടി ജനകീയമാക്കണം. ഇതില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടെ സാഹിത്യത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം ഉണ്ടാവും.

എട്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുകയും കുട്ടികള്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ സാഹിത്യകാരന്മാര്‍ അവരോട് സംവദിക്കുന്ന ഒരു വേദി സൃഷ്ടിക്കുക എന്നതും ഒരു പ്രധാന ലക്ഷ്യമാണ്. ഇന്നത്തെ കുട്ടികള്‍ ദൃശ്യങ്ങളുടെ അതിപ്രസരം നിറഞ്ഞ ഒരു ലോകത്താണ് വളരുന്നത്, ഈ ദൃശ്യങ്ങള്‍ അധികവും ചിന്തയെ ഉത്പാദിപ്പിക്കാത്ത വെറും പൊള്ളയായ വിനോദം മാത്രമാണ്. അതില്‍ നിന്നു കുട്ടികളുടെ മനസ്സിനെ തിരിച്ചുകൊണ്ട് വന്ന് വായനയിലേക്കും അതു വഴി സ്വതന്ത്ര ചിന്താഗതികളിലെക്കും വളരാന്‍ സാഹിത്യത്തെ ഒരു മാര്‍ഗമാക്കി ഉപയോഗിക്കാവുന്നതാണ്.

പുതിയ ആശയങ്ങള്‍ സ്വീകരിക്കനുള്ള കഴിവ് ഇന്നു സമുഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സമൂഹം വളരെ യാഥാസ്ഥിതികമായി മാറുന്നു. ഇത്തരം ചിന്തകള്‍ കുട്ടികളിലേക്കും പകരുന്നത് അപകടകരമാണ്. കുട്ടികളുടെ മനസ്സ് ഏറെക്കുറെ സ്വതന്ത്രമാണ്. അതുകൊണ്ട് തന്നെ നവീന ആശയങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്തിയാല്‍ സഹിഷ്ണുതയുള്ള ഒരു തലമുറയായി നമ്മുടെ കുട്ടികള്‍ വളര്‍ന്ന് വരും.

ഇതൊക്കെ സാഹിത്യം വേണ്ടത്ര അഭിസംബോധന ചെയ്യാത്ത മേഖലകളാണ്. പക്ഷെ അവയെ സാഹിത്യവുമായി കൂട്ടി ഇണക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസ്സിലാവണം എന്നതാണ്, അതിനു സാഹിത്യത്തിന്റെ ഭാഷ ലളിതമായിരിക്കണം. ഭാഷ എന്നത് സംവേദനത്തിനുള്ള ഒരു ഉപാധിയാണ്, അത് പൊതുസ്വത്തുമാണ്. പൊതുസ്വത്ത് ഉപയോഗിക്കേണ്ടി വരുമ്പോള്‍ പൊതുവായ ഗുണങ്ങളും ഉണ്ടാവണം. ഗഹനമായ ആശയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ സാധിക്കണം. അപ്പോള്‍ മാത്രമെ എഴുത്തില്‍ ജനാധിപത്യം ഉണ്ടാവുകയുള്ളു, വായനയില്‍ ജനാധിപത്യം ഉണ്ടാവുകയുള്ളു. അതിനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഒരു പ്രധാന കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു.

ഓരോ ജില്ലകളിലും അവിടുത്തെ സാഹിത്യകാരന്മാരെ പ്രത്യേക ക്ഷണിതാക്കളാക്കി സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. എല്ലാത്തിന്റെയും കാതലായ ലക്ഷ്യം സാഹിത്യത്തില്‍ ജനാധിപത്യം പുലരണം എന്നുള്ളതാണ്. വരേണ്യത സാഹിത്യത്തെ ജനകീയമാക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. അത് ഒഴിവാക്കണം.

ഇതിനു മുന്‍പ് ഞാന്‍ അക്കാദമി ഭരണ സമിതിയില്‍ ഉള്ള കാലത്താണ് മലയാള സാഹിത്യത്തിന്റെ നൂറു വര്‍ഷത്തെ ചരിത്രം വിശകലനം ചെയ്യുന്ന ഒരു പുസ്തകം അക്കാദമി പ്രസിദ്ധീകരിച്ചത്. ‘നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം’ എന്നാണ് നാലു വോള്യങ്ങള്‍ ഉള്ള ആ പുസ്തകത്തിന്റെ പേര്. എ ഡി 1901 മുതല്‍ എ ഡി 2000 വരെയുള്ള മലയാള നാടിന്റെ സാഹിത്യവും ചരിത്രവും ആധികാരികമായി അവതരിപ്പിക്കുന്ന ആ പുസ്തകത്തിനു പക്ഷെ വേണ്ടത്ര പ്രചാരം കിട്ടിയില്ല. അതില്‍ രണ്ട് വോള്യങ്ങള്‍ മുഴുവന്‍ പത്ര വാര്‍ത്തകളാണ്. ദിനപത്രങ്ങള്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ പുറത്തിറങ്ങിയിരുന്ന കാലമൊക്കെ ഈ പുസ്തകം കവര്‍ ചെയ്യുന്നുണ്ട്. മൂന്നും നാലും വോള്യങ്ങള്‍ വളരെ വിപുലമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രബന്ധങ്ങളാണ്. ആ കാലഘട്ടത്തിലെ സിനിമകള്‍, നാടക പ്രസ്ഥാനങ്ങള്‍, സാമൂഹിക പരിഷ്‌കരണങ്ങള്‍, ഭാഷാ സഹിത്യ സംവാദങ്ങള്‍ തുടങ്ങി ഒരു നൂറ്റാണ്ടിലെ കേരളത്തിന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ചരിത്രം അതില്‍ അനാവരണം ചെയ്യപ്പെടുന്നു. ഈ പുസ്തകത്തിനു കൂടുതല്‍ പ്രചാരം കൊടുക്കാനും ഇതുപോലെയുള്ള ഏതെങ്കിലും പുതിയ പ്രോജക്ട് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

ജി: റെയില്‍ വേയില്‍ ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ താങ്കള്‍ തമിഴ്‌നാട്ടിലേയും ആന്ധ്രയിലെയും ഒരുപാട് ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്ന കാലത്ത് അവിടങ്ങളിലെ പാവപ്പെട്ട മനുഷ്യരുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ള ആളാണ്. ഈയിടെ അന്തരിച്ച മഹാശ്വേതാ ദേവി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്; ഇന്ത്യയുടെ സ്വാതന്ത്ര്യം കള്ളമാണെന്ന്. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷത്തോട് അടുക്കുമ്പോഴും വലിയൊരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തിലും ചൂഷണങ്ങളിലും ജീവിക്കുന്നു. അങ്ങേയ്ക്ക് എന്ത് തോന്നുന്നു, നമ്മുടെ സ്വാതന്ത്ര്യം കള്ളമാണൊ? ജനാധിപത്യം നമ്മള്‍ നേടിയിട്ടുണ്ടൊ?

വൈ: മഹാശ്വേതാ ദേവി പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കാരണം നമ്മള്‍ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമെ നേടിയിട്ടുള്ളു. എന്നാല്‍ ആ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങള്‍ വലിയ ഒരു വിഭാഗം ജനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നത് സത്യമാണ്. സാംസ്‌കാരിക സ്വാതന്ത്ര്യം, സ്ത്രീകളുടെ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ആദിവാസികളെപ്പൊലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യം; ഇതൊന്നും നമ്മള്‍ നേടിയിട്ടില്ല. 

ഇന്ന് സ്വാതന്ത്ര്യം എന്ന വാക്ക് വെറും അലങ്കാരത്തിനാണ് ഉപയോഗിക്കുന്നത്. മതേതരത്വം എന്ന് ഒരു മനോഹാരിതക്ക് വേണ്ടി പറയുന്നതുപോലെ തന്നെ. അതേപോലെ തന്നെ നമ്മുടെ നാട്ടില്‍ വിപണി സൃഷ്ടിക്കുന്ന മാനസികമായ അടിമത്വത്തെ കുറിച്ചും ചിന്തിക്കേണ്ടതാണ്. ഈയിടെ വിദേശ രാജ്യങ്ങളിലെ ചില പരസ്യങ്ങള്‍ ഞാന്‍ കാണാനിടയായി, എത്ര സര്‍ഗ്ഗത്മകമാണെന്നൊ! എന്നാല്‍ നമ്മുടെ നാട്ടിലെ പരസ്യങ്ങള്‍ ആളുകളുടെ സ്വതന്ത്ര്യ ചിന്തകളെ പരിമിതപ്പെടുത്തുന്നവയാണ്. അങ്ങനെ ചിന്തകളെ പരിമിതപ്പെടുത്തുമ്പോഴാണ് പല തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, അശാസ്ത്രീയ വീക്ഷണങ്ങള്‍ എന്നിവ സമൂഹത്തില്‍ പ്രചരിക്കുന്നത്. അതിന്റെ ഫലമാണ് നാം ഇന്നു കാണുന്ന മതമൗലികവാദം, മതാന്ധത, തീവ്രമതചിന്ത എന്നിവയൊക്കെ. 

എല്ലാ മതങ്ങളും അവയുടെ ഉത്ഭവകാലങ്ങളില്‍ വിമോചനാത്മകങ്ങളായിരുന്നു. എന്നാല്‍ പിന്നീട് വന്ന പുരോഹിതവര്‍ഗ്ഗം മതത്തിനെയും പിന്നീട് സമ്പത്തിനെയും ഏറ്റെടുത്തു. സമ്പത്തും അധികാരങ്ങളും നിലനിര്‍ത്തികൊണ്ട് പോവുന്നതിന് പുരോഹിതവര്‍ഗ്ഗമാണ് മതാചാരങ്ങളുടെ അടിമത്വത്തിലേക്ക് ജനങ്ങളെ നയിച്ചത്. ഈശ്വരവിശ്വാസത്തിനു യഥാര്‍ത്ഥത്തില്‍ മതത്തിന്റെ ആവശ്യം തന്നെയില്ല. ഭക്തി എന്നത് ഈശ്വരവിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന തലമാണ്. തന്റെ ആവശ്യങ്ങള്‍ സാധിച്ച് തരാനുള്ള ഒരു ഉപാധി മാത്രമായി ഈശ്വരനെ കാണുന്നതല്ല ഭക്തി? ആത്മീയത ഈശ്വര വിശ്വാസത്തിന്റെ ഉയര്‍ന്ന തലമാണ്, അതില്‍ മതത്തിന് യാതൊരു പ്രസക്തിയുമില്ല. അങ്ങനെയുള്ള മതാതീതമായ ആത്മീയത ജനങ്ങളിലേക്ക് എത്തണം. നമ്മുടെ നവോത്ഥാന സാഹിത്യത്തില്‍ അത്തരം ആത്മീയത കടന്നുവരുന്നുണ്ട്. ലോക ക്ലാസിക്കുകളില്‍ പ്രതിപാദിക്കുന്നുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ എന്ന നോവലിലെ ബിഷപ്പ് മതാതീതമായ ആത്മീയതയുടെ ഉദാഹരണമാണ്. പക്ഷെ ഇതെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാനോ ചിന്തിക്കാനോ ആളുകള്‍ക്ക് ഇപ്പോള്‍ താത്പര്യം ഇല്ല. മനുഷ്യനു മനുഷ്യനെ വിശ്വാസമില്ലാതായിരിക്കുന്നു. വലംപിരി ശംഖിനെയാണ് വിശ്വാസം. മനുഷ്യന്‍ അവന്റെ പ്രൊജക്ട് ചൊവ്വ ഗ്രഹത്തില്‍ എത്തിച്ചിട്ടും ചൊവ്വ ദോഷം കാരണം വിവാഹം നടക്കാത്ത ഒരുപാട് പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്. ശാസ്ത്രത്തിന്റെ സൃഷ്ടിയായ സാങ്കേതികതയെ തന്നെ ഉപയോഗിച്ച് ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ നിഷേധിക്കാനും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്ന വിരോധാഭാസമാണ് നാം ഇന്ന് കാണുന്നത്.

ഇത്തരം അവസ്ഥകളിലൊക്കെ കാര്യക്ഷമമായി ഇടപെടുവാന്‍ സാഹിത്യത്തിനു സാധിക്കും. പക്ഷെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാവുന്ന വിധം ലളിതമായി വേണം അവതരിപ്പിക്കാന്‍. മാജികല്‍ റിയലിസം, ഉത്തരാധുനികത തുടങ്ങി ധാരാളം സങ്കേതങ്ങള്‍ സാഹിത്യത്തില്‍ ഉണ്ട്. എന്നിരുന്നാലും സാഹിത്യം കഴിയുന്നത്ര ദുരൂഹമാവതിരിക്കാന്‍ ശ്രമിക്കണം. ദുരൂഹമാവുമ്പോള്‍ സാഹിത്യത്തിന്റെ ജനാധിപത്യം നഷ്ടമാവുന്നു. പലര്‍ക്കും ഉള്ള ഒരു ചിന്താഗതിയാണ് സാഹിത്യം ലളിതമായാല്‍ അതിന്റെ നിലവാരം കുറവായിരിക്കും എന്ന്. അത് തെറ്റാണ്. സാഹിത്യം ലളിതമാവുന്നതുകൊണ്ട് ആശയങ്ങളുടെ ഗൗരവം ഒരിക്കലും നഷ്ടപ്പെടുന്നില്ല. ലളിതമായ ഭാഷയിലൂടെ തന്നെ ഗഹനമായ തത്വങ്ങളെ അവതരിപ്പിക്കാന്‍ സാധിക്കും. ഇതിന്റെയൊക്കെ കാര്യമുണ്ടോ, സാഹിത്യമൊക്കെ എല്ലാവര്‍ക്കും ആവശ്യമുണ്ടോ എന്നൊക്കെ ചിന്തിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ള ചിന്തകള്‍ സാഹിത്യത്തിലും ഒരു നവവരേണ്യത സൃഷ്ടിക്കുന്നുണ്ട്. ആ വരേണ്യതയുടെ അതിരുകള്‍ മായ്ച്ചു കളയണം. കാരണം യാഥാസ്ഥിതികമായ ഒരു സമൂഹം ഇവിടെ വളരെ പ്രബലമാണ്.

ജി: ആക്രമണത്തില്‍ തുടങ്ങി കൊലപാതകം വരെ എത്തിനില്‍ക്കുന്ന മോറല്‍ പോലീസിംഗ് കേരള സമൂഹത്തെ എവിടെയ്ക്കാണ് കൊണ്ടു പൊവുന്നത്? വിദ്യാഭ്യസപരമായും സാമൂഹികപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ഒരു സമൂഹം സ്ത്രീ പുരുഷ ബന്ധത്തിന്റെ പേരില്‍ ഇത്ര അസ്വസ്ഥമാവുന്നത് എന്തിനാണ്?

വൈ: കൊളോണിയല്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ കപട സദാചാര ബോധമാണ് നമ്മുടെ സമൂഹം ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. ആ കാര്യത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലും പിറകിലാണ് നമ്മള്‍. സ്ത്രീപുരുഷ ബന്ധത്തില്‍ ആ വ്യക്തികളുടെ താത്പര്യമാണ് പ്രധാനം. അതില്‍ സമൂഹത്തിന് ഇടപെടേണ്ട യാതൊരു കാര്യവുമില്ല. നമ്മുടെ പൊതു സമൂഹത്തിന്റെ സദാചാര ആരോഗ്യനില തീര്‍ത്തും രോഗാതുരമാണ്. സദാചാരബോധം കൂടുകയും സഹിഷ്ണുത കുറയുകയും ചെയ്യുന്ന വിരോധാഭാസമാണ് നാം ഇന്നു കാണുന്നത്. അതുകാണ്ട് തന്നെ അത് കപട സദാചാരമാണ്. എന്തുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ന്ന് ഇരിക്കാന്‍ അനുവദിക്കാത്തത്? നേരെ മറിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വാഭാവികമായി ഇടകലര്‍ന്ന് ഇരിക്കുന്ന സംവിധാനത്തില്‍ ഒരു ആണ്‍കുട്ടി മനസ്സിലാക്കുന്നത് തന്റെ അടുത്തിരിക്കുന്ന ഒരു പെണ്‍കുട്ടി ശരീരഘടനയില്‍ തന്നില്‍ നിന്ന് വ്യത്യസ്തയാണെങ്കിലും തന്നെപ്പൊലെ കഴിവും ചിന്താശേഷിയും വികാരവിചാരങ്ങളുമുള്ള ഒരു മനുഷ്യജീവി ആണെന്നാണ്. അങ്ങനെയാണ് ലിംഗ സമത്വവും സ്ത്രീ സ്വാതന്ത്ര്യവും ഉണ്ടാവേണ്ടത്.

ജി: അതിരപ്പിള്ളി പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ആളാണ് അങ്ങ്. ഇനി ഇതുപോലെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഒരു ജനപക്ഷ നിലപാട് എടുക്കുവാന്‍ ഈ പദവി അങ്ങേയ്ക്ക് ഒരു തടസ്സമാവുമോ?

വൈ: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപാട് വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണ്. പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതം, കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങി ഊര്‍ജ്ജപ്രസരണത്തില്‍ ഉണ്ടാവുന്ന നഷ്ടം വരെ കണക്കിലെടുക്കണം. ലോകം മുഴുവന്‍ ഇത്തരം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകള്‍ക്ക് ബദലായി സോളാര്‍ പോലെയുള്ള ഊര്‍ജ്ജ സ്രോതസ്സുകളെയാണ് പരിഗണിക്കുന്നത്. നമ്മളും ആ വഴിക്ക് വേണം ചിന്തിക്കാന്‍. പിന്നെ ജനപക്ഷ നിലപാടുകള്‍ എടുക്കുന്നതിന് ഒരു പദവിയും തടസ്സമാവില്ല.

ജി: ദേശീയ രാഷ്ട്രീയം നല്‍കുന്ന അസഹിഷ്ണുതയുടെ സൂചനകളെ ഒരു സാഹിത്യകാരന്‍ എന്ന നിലയില്‍ അങ്ങ് എങ്ങനെ നോക്കിക്കാണുന്നു?

വൈ: നമ്മള്‍ മുന്‍പ് സംസാരിച്ച യാഥാസ്ഥിതികതയാണ് ഇതിന്റെയൊക്കെ പ്രധാന കാരണം. യഥാര്‍ത്ഥത്തില്‍ ഹിന്ദു മതം എന്നത് ഏറെക്കുറെ സ്വതന്ത്രവും വളരെയധികം നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുള്ളതുമായ ഒരു മതമാണ്. വേറെ ഒരു രീതിയില്‍ ചിന്തിച്ചാല്‍ മതത്തെക്കാള്‍ ഉപരി അതൊരു ജീവിതരീതി ആണെന്ന് കാണാം. കാരണം ഉപനിഷത്തുകളില്‍ ഒന്നും മതത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.

ഇന്നത്തെ നമ്മുടെ ദേശീയ സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം ഇന്ത്യ ഒരു മതേതര രാഷ്ട്രമായി തുടരണോ വേണ്ടയോ എന്നതാണ്. മതേതരത്വം ഇല്ലെങ്കില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം. നഷ്ടപ്പെടും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കലാപങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടായിട്ടുള്ളത് മത രാഷ്ട്രങ്ങളിലാണ്. അത്തരം രാഷ്ട്രങ്ങളില്‍ മത ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരന്മാരായി തരം താഴ്ത്തുന്നു. അത് പിന്നീട് സാമൂഹിക അസമത്വങ്ങളിലേക്കും കലാപങ്ങളിലെക്കും നയിക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ ബംഗ്ലാദേശ്. ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്, മതേതരത്വമാണ് മനുഷ്യന്റെ അതിജീവനത്തിനു വേണ്ടത്. ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാഹിത്യകാരന്മാര്‍ ശ്രമിക്കണം. അമിത മത പ്രചാരണങ്ങളും മതപരിവര്‍ത്തനങ്ങളും സമൂഹത്തില്‍ അസഹിഷ്ണുത സൃഷ്ടിക്കും. അതൊഴിവാക്കാന്‍ രാഷ്ട്രീയത്തിനു മതത്തില്‍ ഇടപെടാന്‍ കഴിയണം. ഇപ്പോള്‍ പക്ഷേ നേരെ തിരിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജി: ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലും വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചും നിരവധി സാഹിത്യകാരന്മാര്‍ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുകയുണ്ടായല്ലോ. എന്നാല്‍ സാഹിത്യകാരന്മാരില്‍ ഒരു വിഭാഗം തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ വിഷയത്തില്‍ അങ്ങയുടെ അഭിപ്രായം എന്താണ്?

വൈ: അവാര്‍ഡുകള്‍ തിരിച്ച് കൊടുത്തവരെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായ തീരുമാനങ്ങള്‍ ആണ്. അവാര്‍ഡ് തിരിച്ചുകൊടുക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അങ്ങനെ ചെയ്യേണ്ട, എന്നാല്‍ മറ്റുള്ളവര്‍ അത് ഒരു പ്രതിഷേധമാര്‍ഗ്ഗമായി സ്വീകരിക്കുന്നതിനെ എതിര്‍ക്കേണ്ട ആവശ്യവും അവര്‍ക്കില്ല.

ജി: കൂടുതല്‍ ആളുകളിലെക്ക് എത്തിച്ചേരുന്ന കലാസാഹിത്യ രൂപമാണ് സിനിമ. സിനിമ ചില സ്ഥാപിത താത്പര്യങ്ങളുടെ പേരില്‍ ഇന്നു നേരിടുന്ന സെന്‍സര്‍ഷിപ്പിനെ താങ്കള്‍ എങ്ങനെ കാണുന്നു? നാളെ എഴുത്തിനും ഇത്തരം ഒരു സെന്‍സര്‍ഷിപ് അഭിമുഖികരിക്കേണ്ടി വരുമോ?

വൈ: അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ആവിഷ്‌കാരത്തിനു സെന്‍സര്‍ഷിപ്പ് വേണ്ടതാണെങ്കില്‍ അത് ഏര്‍പ്പെടുത്തേണ്ടത് അതിന്റെ സൃഷ്ടാവ് തന്നെയാണ്. എഴുത്തുകാര്‍ അല്ലെങ്കില്‍ കലാകാരന്മാര്‍ തങ്ങള്‍ പൊതുസമൂഹത്തിനോടാണ് സംവദിക്കുന്നത് എന്ന ചിന്തയോടെ സമൂഹത്തില്‍ ആരോഗ്യപരമായ ഫലങ്ങള്‍ ഉളവാക്കുന്ന രീതിയില്‍ തങ്ങളുടെ സൃഷ്ടികളെ രൂപപ്പെടുത്തേണ്ടതാണ്. പുറത്ത് നിന്നുള്ള ഒരു സെന്‍സര്‍ഷിപ്പ് അതില്‍ ആവശ്യം വരുന്നില്ല.

ജി: കഴിഞ്ഞ അക്കാദമി ഭരണകാലത്ത് ഉയര്‍ന്ന് വന്ന രണ്ട് പ്രധാനപ്പെട്ട വിവാദങ്ങളായിരുന്നു അക്കാദമി ക്യാമ്പസ്സില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചതും അക്കാദമിയുടെ ചരിത്രം എഴുതിയ ദീപശിഖ എന്ന പുസ്തകത്തില്‍ പവനന്‍, മുണ്ടശ്ശേരി എന്നിവരുടെ സംഭാവനകള്‍ ഒഴിവാക്കിയതും. സാഹിത്യോന്നമനത്തിനു പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം വിവാദങ്ങളുടെ വിളനിലമാവുന്നത് ഒഴിവാക്കേണ്ടതല്ലേ?

വൈ: വിവാദങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞ് നില്‍ക്കാന്‍ ഒരു സ്ഥാപനത്തിനും കഴിയില്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ അത് തിരുത്താന്‍ അക്കാദമി ബാദ്ധ്യസ്ഥമാണ്. അക്കാദമി ക്യാമ്പസ്സിലേക്ക് പ്രവേശനത്തിന് സധാരണ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. ധാരാളം എഴുത്തുകാരും കലാകാരന്മാരും ഇവിടെ വന്നിരുന്ന് സംസാരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാറുണ്ട്. അതൊക്കെ വളരെ നല്ല കാര്യമാണ്. എന്നാല്‍ മറ്റു ചിലര്‍ അക്കാദമി ക്യാമ്പസ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ആ തീരുമാനത്തില്‍ അപാകതയൊന്നും ഉണ്ടെന്ന് തോനുന്നില്ല.

ദീപശിഖയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അക്കാദമിയുടെ ചരിത്രമെഴുതിയ പുസ്തകമാണ് ദീപശിഖ. എന്നാല്‍ ആ പുസ്തകത്തില്‍ പവനനെകുറിച്ചുള്ള ഒരു അദ്ധ്യായം അങ്ങനെ തന്നെ ഒഴിവാക്കി എന്നാണ് അറിഞ്ഞത്. കേരള സാഹിത്യ അക്കാദമിയെ ഇന്ന് കാണുന്ന നിലയില്‍ എത്തിക്കാന്‍ ഒരുപാട് പരിശ്രമിച്ച ആളാണ് പവനന്‍. അതുപോലെ തന്നെ മുണ്ടശ്ശേരി, ഇവരെയൊക്കെ വിസ്മരിച്ചുകൊണ്ടുള്ള അക്കാദമിയുടെ ചരിത്രത്തെ ചരിത്രമായി അംഗീകരിക്കാന്‍ കഴിയില്ല. അക്കാദമിയുടെ ചരിത്രം എഴുതുമ്പോള്‍ സര്‍ദാര്‍ കെ. എം പണിക്കര്‍ അദ്ധ്യക്ഷനായിരുന്ന ആദ്യ അക്കാദമി മുതല്‍ ഇതുവരെയുള്ള എല്ലാ ചരിത്രങ്ങളും അതില്‍ വരണം. അതില്‍ അക്കാദമി ഉണ്ടാക്കിയ വിവാദങ്ങള്‍ ഉള്‍പ്പെടണം. സുകുമാര്‍ അഴീക്കോട് തന്റെ ഫെല്ലോഷിപ് തിരിച്ചു കൊടുത്തത്, നാരായണ പിള്ളയുടെ അവാര്‍ഡ് റദ്ദാക്കിയത്, അഴീക്കോട് മാഷ് തന്നെ വീണ്ടും അവാര്‍ഡ് സ്വീകരിച്ചത്, ഇതിന്റെ ഒക്കെ പശ്ചാത്താലം അതില്‍ ഉള്‍പ്പെടണം. എങ്കില്‍ മാത്രമെ അത് പൂര്‍ണ്ണമായ ചരിത്രം ആവുകയുള്ളു.

ജി: സ്വയം ഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയില്‍ അദ്ധ്യക്ഷ സ്ഥാനത്ത് ഇതിനു മുന്‍പ് ഇരുന്ന വ്യക്തി തന്റെ നിയമനത്തിനു കാരണക്കാരനായ നേതാവ് വീണ്ടും മുഖ്യമന്ത്രി ആവണം എന്ന നിലയില്‍ പ്രസ്താവിക്കുകയുണ്ടായി. ഇത്രമേല്‍ രാഷ്ട്രീയ വിധേയത്വം അക്കാദമിയില്‍ ഉണ്ടാവേണ്ട ആവശ്യമുണ്ടോ?

വൈ: അങ്ങനെ ഒരു പ്രസ്താവന എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അത്ര ഭൂഷണമാണെന്ന് കരുതുന്നില്ല. അക്കാദമി ഒരു ജനകീയ സ്വയംഭരണ സ്ഥപനമാണ്, അതിന്റെ തലപ്പത്ത് ഇരിക്കുന്ന ആള്‍ തന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ എന്ത് തന്നെ ആയാലും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കേണ്ടതാണ്. അത്തരം രാഷ്ട്രീയ പ്രസ്താവനകള്‍ അക്കാദമിയുടെ ഔന്നത്യത്തെ തന്നെ താഴ്ത്തി ചിത്രീകരിക്കാന്‍ ഇടയാക്കും.

ജി: എഴുത്തോ നിന്റെ കഴുത്തോ എന്ന ഭീഷണി നിലനില്‍ക്കുന്ന കാലത്ത് ഒരു സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനായി ചുമതലയേല്‍ക്കുമ്പോള്‍ മുന്‍പോട്ടുള്ള യാത്ര എത്രമേല്‍ പരീക്ഷണം നിറഞ്ഞതാവും?

വൈ: വിശ്വാസത്തിന്റെയും വിപണിയുടെയും കപട സദാചാര ബോധത്തിന്റെയും അടിമത്വത്തില്‍ സ്വയം ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. സാഹിത്യ അക്കാദമി ജനാധിപത്യവും മതേതരത്വവും പുലര്‍ത്തുന്ന ഒരു ജനകീയ സ്ഥാപനമാണ്. അതുകൊണ്ട് ആ ആശയങ്ങളെ മുന്‍ നിര്‍ത്തി സാഹിത്യം എന്ന മാധ്യമത്തിലൂടെ സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ എന്റെ ഈ പദവി ഉപയോഗപ്പെടുത്തും.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ജിഷ ജോര്‍ജ്) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍