UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാളയാര്‍ പെണ്‍കുട്ടിയുടെ ദുരൂഹമരണം: പൊലീസിനെതിരെ ദേശാഭിമാനി വാര്‍ത്ത

ബലാത്സംഗ കേസുകളില്‍ പൊലീസ് ഒത്തുകളിക്കുന്നതായും പ്രതികളെ സംരക്ഷിക്കുന്നതായും വിഎസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസിന്‍റെ അലംഭാവം തുറന്നുകാട്ടുന്ന വാര്‍ത്തയുമായി ദേശാഭിമാനി രംഗത്തെത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

പാലക്കാട് വാളയാറില്‍ ബലാത്സംഗത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച രണ്ട് പെണ്‍കുട്ടികളില്‍ ആദ്യത്തെയാളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അലംഭാവം ചൂണ്ടിക്കാട്ടി ദേശാഭിമാനി വാര്‍ത്ത. അട്ടപ്പള്ളം ശെല്‍വപുരത്ത് മരിച്ച രണ്ട് കുട്ടികളില്‍ മൂത്തയാളുടെ മരണവുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകര്‍ എസ്‌ഐയ്ക്ക് പ്രധാന വിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ഐആറിലും തുടര്‍ന്നുള്ള അന്വേഷണത്തിലും ഇക്കാര്യം പരിഗണിച്ചില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഞ്ചിക്കോട് വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച കുട്ടി. വീട്ടില്‍ വച്ച് ബന്ധു തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി കൂട്ടുകാരോടും അദ്ധ്യാപികമാരോടും പറഞ്ഞിരുന്നു. സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ അമ്മയെ ഇക്കാര്യം അറിയിച്ചിരുന്നു. ഈ കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അദ്ധ്യാപകര്‍ കരുതുന്നത്. കുട്ടിയുടെ നോട്ട് ബുക്ക് കണ്ടെത്തണമെന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് അത് കാര്യമാക്കിയില്ല. ബുക്കില്‍ ഡയറി പോലെ പലതും കുറിച്ചിടുമായിരുന്നു എന്നാണ് പറയുന്നത്. ഡിസംബറില്‍ ശെല്‍വപുരത്തെ ഉത്സവത്തിനിടെ ചില ചെറുപ്പക്കാര്‍ കുട്ടി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും പേടിച്ചോടിയ കുട്ടി അടുത്ത വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നെന്നും അദ്ധ്യാപകര്‍ എസ്‌ഐയെ ധരിപ്പിച്ചിരുന്നെങ്കിലും ഇതും പരിഗണിക്കപ്പെട്ടില്ല. അന്വേഷണത്തില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന ഇത്തരം വിവരങ്ങളൊന്നും പൊലീസ് ഗൗനിച്ചില്ല.

തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി മരിച്ചതിന്റെ തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ അദ്ധ്യാപകര്‍ ഇത് ആത്മഹത്യയാവാനിടയില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പറഞ്ഞെങ്കിലും ഇത് ആത്മഹത്യയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പൊലീസ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു പൊലീസ് നിലപാട്. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച വിഎസ് അച്യുതാനന്ദന്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബലാത്സംഗ കേസുകളില്‍ പൊലീസ് ഒത്തുകളിക്കുന്നതായും പ്രതികളെ സംരക്ഷിക്കുന്നതായും വിഎസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസിന്‍റെ അലംഭാവം തുറന്നുകാട്ടുന്ന വാര്‍ത്തയുമായി ദേശാഭിമാനി രംഗത്തെത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍