UPDATES

നിസഹായരായ ഈ അമ്മയും അച്ഛനും എല്ലാം അറിഞ്ഞിരുന്നു; വാളയാറിലെ കുട്ടികളെ പീഡിപ്പിച്ചവര്‍ തന്നെ കെട്ടിത്തൂക്കി

അമ്മാ, അവരിവിടെ വരേണ്ട.. അവരെ ഇങ്ങോട്ട് വിളിക്കേണ്ട.. എന്നൊക്കെ അവളെപ്പോഴും എന്നോടു പറയും. എന്താ മോളങ്ങനെ പറയുന്നതു എന്നു ചോദിച്ചപ്പോള്‍ അവള്‍ വേറൊന്നും പറഞ്ഞില്ല. എനിക്കിഷ്ടമല്ല എന്നേ പറഞ്ഞുള്ളൂ. – ഭാഗം 1

പാലക്കാട് നിന്ന് വാളയാറിലേക്കുള്ള ബസ്സില്‍ കയറി നാഷണല്‍ ഹൈവേയില്‍ അട്ടപ്പളത്ത് വന്നിറങ്ങിയപ്പോള്‍ കൊടും വെയില്‍ തിളയ്ക്കുകയായിരുന്നു. മുകളില്‍ കത്തിയെരിയുന്ന സൂര്യനും ബസ് സ്റ്റോപ്പിന് തൊട്ടപ്പുറത്ത് പഴങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ പെട്ടിക്കടയും മാത്രം. പിറകില്‍ ഹൈവെയോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിന്‍ തോപ്പ്. കൊടും ചൂടില്‍ തെങ്ങുകളെല്ലാം കരിഞ്ഞു തുടങ്ങിയിരുന്നു. റോഡിനപ്പുറത്ത് കുറച്ചു ദൂരെയായി ഒരു ചെറിയ പള്ളിയും ഓട്ടോ സ്റ്റാന്‍റും ഏതാനും കടകളും. ആ കടകള്‍ക്കിടയിലൂടെ പോകുന്ന കൊച്ചു റോഡിലൂടെ വേണം വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികളുടെ വീട്ടിലെത്താന്‍.

Read: വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകം കേരള മന:സാക്ഷിയോട് ചോദിക്കുന്ന നാലു കാര്യങ്ങള്‍
റോഡ് മുറിച്ച് കടന്നു ഓട്ടോയില്‍ കയറി. ഓട്ടോ ഓടിത്തുടങ്ങിയപ്പോള്‍ ലോകത്തിന്‍റെ അറ്റത്തേക്കാണോ യാത്രയെന്ന് ഒരു നിമിഷം ആലോചിച്ചു. അത്രമേല്‍ ദുര്‍ഘടം പിടിച്ചതായിരുന്നു റോഡ്. മുന്നോട്ട് പോകുന്തോറും റോഡാണോ ആരുടെയെങ്കിലും പറമ്പാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായി യാത്ര. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ആ യാത്ര അവസാനിച്ചത് അധികം വീടുകളൊന്നും ഇല്ലാത്ത ഒരു കുന്നിന്‍ മുകളിലാണ്.

ചെറിയ തൊഴുത്തിന്‍റെ അത്രപോലും വലുപ്പമില്ലാത്ത ഓടും തകര ഷീറ്റും കൊണ്ട് പുതച്ച ഒരു വീട്. കുട്ടികളുടെ അമ്മയും അച്ഛനും മുത്തശ്ശിയും ഏതാനും ബന്ധുക്കളും പിന്നെ കുട്ടികളുടെ എഴു വയസ്സുകാരന്‍ അനിയനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വീടിനോട് ചേര്‍ന്ന് പഞ്ചായത്ത് അനുവദിച്ച ചെറിയ വീടിന്റെ പണി നടക്കുന്നുണ്ട്. പൂര്‍ത്തിയാകാത്ത ആ വീടിന് മുന്നില്‍ കുട്ടികളുടെ അച്ഛന്‍ നിസ്സംഗതയോടെ ഇരിക്കുന്നുണ്ട്. അകത്തെ കട്ടിലില്‍ അമ്മയും അമ്മയോട് ചേര്‍ന്ന് ഇളയ മകനും.

കിടപ്പ് മുറിയും അടുക്കളയും എല്ലാം ആ ഒറ്റമുറി തന്നെയാണ്. അമ്മയിരിക്കുന്ന ആ കട്ടിലിന് മുകളിലെ ഉത്തരത്തിലാണ് രണ്ടുമക്കളും തൂങ്ങി നില്‍ക്കുന്നത് ആ അമ്മ സ്വന്തം കണ്ണുകൊണ്ട് കണ്ടത്. വാളയാറിലെ കൃതികയുടെയും ശരണ്യയുടെയും മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്നു തീരുമാനിക്കാന്‍ ആ ഒറ്റമുറിയിലെ കാഴ്ച മാത്രം മതി. അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തെന്ന് മനസിലാക്കാന്‍ ഇവരുടെ വാക്കുകള്‍ തന്നെ ധാരാളം.

അമ്മ ഭാഗ്യവതി പറയുന്നു:

ഞങ്ങള്‍ രണ്ട് പേരും കോണ്‍ക്രീറ്റ് പണിക്കാണ് പോകുന്നത്. ഇവിടെ അടുത്തുള്ള തറവാട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ. അച്ഛന്‍ മരിച്ചുപോയി, അമ്മ മാത്രമേയുള്ളൂ. ചെറുമന്‍ സമുദായത്തില്‍ പെടുന്നവരാണ് ഞങ്ങള്‍. എട്ടുവര്‍ഷത്തില്‍ അധികമായി ഞങ്ങള്‍ ഈ വീട്ടില്‍ താമസിക്കുന്നു. ഈ ഏരിയയില്‍ ഞങ്ങളുടെ വിഭാഗത്തില്‍ പെടുന്നവര്‍ വേറെയില്ല. അമ്മ താമസിക്കുന്നത് കുറച്ചു ദൂരെയുള്ള തറവാട്ടിലാണ്. പതിനഞ്ചു വയസ്സു മുതല്‍ വാര്‍പ്പ് പണിക്ക് പോകാന്‍ തുടങ്ങിയതാണ് ഞാന്‍. എനിക്കു പത്തു പതിമൂന്നു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ അസുഖം ബാധിച്ച് കിടപ്പിലായത്. പതിനാല് വര്‍ഷം കിടന്നിട്ടാണ് അച്ഛന്‍ മരിച്ചത്. ഇരുപത്തിരണ്ടാം വയസ്സില്‍ കൂടെ ജോലിചെയ്തിരുന്ന ഒരാളുമായി അടുപ്പത്തിലായി ഞാന്‍ അയാളെ കല്യാണം കഴിച്ചു. അയാളുടെ വീട് പാലക്കാടാണ്. ഞാന്‍ അവിടെ പോയിട്ടൊന്നും ഇല്ല. വീട്ടുകാരുടെ സമ്മതത്തോടെയാണ് അത് നടന്നത്. മരിച്ചുപോയ മൂത്ത കുട്ടി അയാളുടേതാണ്. അവളെ രണ്ടുമാസം ഗര്‍ഭിണിയായപ്പോള്‍ ഞാന്‍ അയാളെ ഉപേക്ഷിച്ചു. ഇപ്പോള്‍ കൂടെയുള്ള ആളെയും ഇഷ്ടത്തിലായി കല്യാണം കഴിച്ചതാണ്.

മോളെ അവര്‍ ഉപദ്രവിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. ഞങ്ങളെ കൊന്നുകളയും എന്നു ഭീഷണിപ്പെടുത്തിയത് കൊണ്ടായിരിക്കാം അവളൊന്നും എന്നോടു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത ബന്ധുക്കള്‍ ഇവിടെ വരുന്നത് അവര്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അമ്മ അവരിവിടെ വരേണ്ട, അവരെ ഇങ്ങോട്ട് വിളിക്കേണ്ട എന്നൊക്കെ അവളെപ്പോഴും എന്നോടു പറയും. എന്താ മോളങ്ങനെ പറയുന്നതു എന്നു ചോദിച്ചപ്പോള്‍ അവള്‍ വേറൊന്നും പറഞ്ഞില്ല. എനിക്കിഷ്ടമല്ല എന്നേ പറഞ്ഞുള്ളൂ. ബന്ധുക്കളില്‍ ഒരാളായ മധു അവളെ ഉപദ്രവിക്കുന്നത് ജോലി കഴിഞ്ഞു വന്നപ്പോള്‍ ഞാന്‍ നേരിട്ടു കണ്ടു. അന്ന് ഞാന്‍ അമ്മായിയോട് പറഞ്ഞു. അവനോടു അങ്ങനെയൊന്നും മോളോട് ചെയ്യരുത് എന്നു പറയാന്‍. ഞാന്‍ പറഞ്ഞിട്ടു കുടുംബത്തില്‍ പ്രശ്നം ആകണ്ട എന്നു കരുതി. എല്ലാവരും അറിഞ്ഞാല്‍ മോശമല്ലേ എന്നു കരുതി. അമ്മായി അത് അയാളോട് പറഞ്ഞിരുന്നോ എന്നറിയില്ല.

ഞങ്ങള്‍ക്ക് അന്ന് ചിറ്റൂരിലായിരുന്നു ജോലി. അന്ന് മക്കള്‍ സ്കൂളില്‍ പോയിട്ടുണ്ടായിരുന്നില്ല. മൂത്തമോള്‍ക്ക് അന്ന് പിരീഡ്സ് ആയിട്ട് മൂന്നു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. രാവിലെ അവള് എന്നോടു പറഞ്ഞു വയറുവേദനയായത് കൊണ്ട് ഞാന്‍ ഇന്ന് സ്കൂളില്‍ പോകുന്നില്ല എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഒറ്റയ്ക്ക് ഇരിക്കണ്ട ഇളയവളെ കൂടി അവിടെ ഇരുത്തിക്കോളാന്‍.  ചെറിയ മോനും അമ്മയും അന്ന് മലക്ക് പോകാന്‍ മാലയിടാന്‍ പോകുന്നുണ്ടായിരുന്നു. പതിനൊന്നു മണിയായപ്പോള്‍ അവര് പോയി. മൂന്നു മണിവരെ ഇളയ കുട്ടി ഇവിടെ തന്നെ ഉണ്ടായിരുന്നു. പിന്നെ അവള്‍ തറവാട്ടിലേക്ക് പോയി. മൂന്നു ആടുകള്‍ ഉണ്ടായിരുന്നു. അവളതിനെ അഴിച്ചുകൊണ്ടു വരാന്‍ പോയതായിരിക്കും. അവള് തിരിച്ചു വരുമ്പോഴാണ് ഇത് കാണുന്നത്. മൂത്ത കുട്ടി തുണിയൊക്കെ അലക്കി ബക്കറ്റിലാക്കി പുറത്തു കൊണ്ട് വെച്ചിട്ടുണ്ട്. വിരിച്ചിട്ടിട്ടില്ല. ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടാവും അവളകത്ത് കയറിയത്. വീട്ടില്‍ നിന്നു മുഖം മറച്ച രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് ഇളയ കുട്ടി കണ്ടതാണ്. മുഖം മറച്ചതുകൊണ്ട് അവള്‍ക്ക് ആളെ മനസ്സിലായില്ല. അവളത് പോലീസിനോടും പറഞ്ഞിട്ടുണ്ട്. മോള് മരിച്ചപ്പോള്‍ പിടിയിലായ ബന്ധുക്കളും വീട്ടുകാരും ഒക്കെ വന്നിരുന്നു. ഞാന്‍ പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ മധുവിനെ ചോദ്യം ചെയ്തു വിട്ടയക്കുകയാണ് ചെയ്തത്. മധുവിനോട് അമ്മായി സംസാരിച്ചിരുന്നോ അതിന്റെ പേരിലാണോ മോളെ അവര്‍ ഇങ്ങനെ ചെയ്തത് എന്നൊന്നും എനിക്കറിയില്ല. അമ്മായിയോട് ഞാന്‍ പിന്നീട് അതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. മോള് പോയി, ഇനി സംസാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന് തോന്നി.

ചേച്ചി തൂങ്ങി നില്‍ക്കുന്നത് കണ്ടതിന്‍റെ ഞെട്ടലും വിഷമവും ഒക്കെ ഉണ്ടായിരുന്നു അവള്‍ക്ക്. ഞങ്ങളോടൊപ്പമാണ് ഞങ്ങള്‍ അവളെ കിടത്തിയിരുന്നത്. പേടിമാറാന്‍ അമ്പലത്തില്‍ നിന്നു നൂലൊക്കെ ജപിച്ച് കെട്ടിയിരുന്നു. പിന്നെ അവളുടെ പേടിമാറി അവള്‍ സാധാരണ പോലെ സ്കൂളില്‍ പോകാനൊക്കെ തുടങ്ങിയിരുന്നു. അവള്‍ ചേച്ചിയെ കുറിച്ചൊന്നും അധികം സംസാരിക്കാറില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞു കരയുമ്പോള്‍ അമ്മയിനി ചേച്ചിയെ ഒന്നും പറഞ്ഞു കരയണ്ട. ചേച്ചി മരിച്ചുപോയില്ലേ. അമ്മയ്ക്ക് ഇനി ഞങ്ങളുണ്ടല്ലോ എന്നൊക്കെ അവള്‍ പറഞ്ഞു അവളെന്നെ സമാധാനിപ്പിക്കുമായിരുന്നു.

ചെറിയ കുട്ടി മരിക്കുന്ന സമയത്ത് അമ്മയും ഇളയ മോനും അവളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അമ്മ നാലു മണിവരെ വീട്ടില്‍ ഉണ്ടായിരുന്നു. പിന്നെ അമ്മ ആടിനെയും കൊണ്ട് പുറത്തു പോയപ്പോഴാണ് മോള്‍ കുറച്ചപ്പുറത്തുള്ള വീട്ടില്‍ കളിക്കാന്‍ പോയത്. അമ്മയും അച്ഛനും വന്നിട്ട് വിളിക്കുമ്പോള്‍ അവളെ വിട്ടാല്‍ മതിയെന്ന് അവരോട് അമ്മ പറഞ്ഞിരുന്നു. പക്ഷേ അവളിങ്ങോട്ട് വന്നത് ആ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. എപ്പോഴാണ് അവളിങ്ങോട്ട് വന്നതെന്നോ ആരെങ്കിലും അവളെ വിളിച്ചുകൊണ്ട് വന്നതാണോ എന്നൊന്നും  അവര്‍ക്കറിയില്ല. അവളെ ഞാനാണ് ആദ്യം കണ്ടത്. അഞ്ചര മണിയൊക്കെയായി ഞങ്ങള്‍ പണികഴിഞ്ഞു വരുമ്പോള്‍. അകത്തു കയറിയപ്പോള്‍ അവളിങ്ങനെ തറയില്‍ നില്‍ക്കുന്നതുപോലെ തോന്നി. ഞാന്‍ വിളിച്ചിട്ടൊന്നും അവള്‍ മിണ്ടുന്നില്ല. ശിത്തുക്കുട്ടി എന്താ അമ്മ വിളിച്ചിട്ടു മിണ്ടാത്തെ എന്നുപറഞ്ഞു ഞാന്‍ ലൈറ്റ് ഇട്ടുനോക്കിയപ്പോഴാണ് അവളുടെ കഴുത്തിലെ കുരുക്ക് കാണുന്നത്. അച്ഛന്‍ വന്നു എടുത്തപ്പോള്‍ കഴുത്തിലെ കുരുക്കഴിഞ്ഞു അവള്‍ അച്ഛന്‍റെ തോളിലേക്ക് വീഴുകയായിരുന്നു. ഒരിയ്ക്കലും കുട്ടികള്‍ക്ക് ഇത്രയും ഉയരത്തില്‍ കെട്ടാനൊന്നും പറ്റില്ല. മൂത്ത മോള്‍ക്ക് പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളൂ. പത്തുവയസ്സില്‍ അവള്‍ പ്രായപൂര്‍ത്തിയായി. കഞ്ചിക്കോട് സ്കൂളിലാണ് അവള്‍ പഠിച്ചിരുന്നത്. രണ്ടാമത്തെ മകള്‍ക്ക് ഒന്‍പത് വയസ്സ്. നാലാം ക്ലാസിലായിരുന്നു അവള്‍ പഠിച്ചിരുന്നത്. അട്ടപ്പളം സ്കൂളിലാണ്.

മൂത്ത കുട്ടി ആത്മഹത്യ ചെയ്തു എന്ന് തന്നെയാണ് ഞങ്ങള്‍ കരുതിയത്. പോലീസ് അങ്ങനെയാണ് പറഞ്ഞത്. അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നത് പോലീസ് ബോധപൂര്‍വ്വം ഞങ്ങളില്‍ നിന്നു മറച്ചു വെച്ചു. ആത്മഹത്യ ആണെന്ന് അവര്‍ ഞങ്ങളോടു തറപ്പിച്ചു പറഞ്ഞു. വേണ്ടരീതിയില്‍ അവര്‍ അന്വേഷിച്ചില്ല. ചെറിയ കുട്ടി മരിച്ചപ്പോഴാണ് മൂത്തകുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ചു അവര്‍ പറയുന്നതു. അവള്‍ പീഡനത്തിന് ഇരയായിട്ടാണ് മരിച്ചതെന്ന്. അവരെന്തിനാണ് അത് മറച്ചു വെച്ചത് എന്നറിയില്ല. ഇളയ കുട്ടിയെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. മൂത്ത കുട്ടിയെ കൊന്നവരെ അവള്‍ കണ്ടത് കൊണ്ടാണോ അവളെയും അവരിങ്ങനെ ചെയ്തതെന്നറിയില്ല.

നാലുപേരെ പോലീസ് പിടിച്ചുകൊണ്ട് പോയിട്ടുണ്ട്. രണ്ട് പേര്‍ ബന്ധുക്കളാണ്. മൂന്നാമത്തെ ആള്‍ ട്യൂഷന്‍ അധ്യാപകനായ പ്രദീപാണ്. ഷിബു ഞങ്ങളുടെ കൂടെ പണിയെടുക്കുന്ന ആളാണ്. എട്ടു വര്‍ഷത്തോളമായി ഞങ്ങളുടെ കൂടെയാണ് താമസം. ഇതുവരെ കുട്ടികളോട് മോശമായി പെരുമാറിയിട്ടില്ല. രണ്ടു കുട്ടികളുടെയും  മരണം നടക്കുമ്പോള്‍ അവന്‍ ഞങ്ങളുടെ കൂടെ പണിക്ക് ഉണ്ടായിരുന്നു. കുട്ടികള്‍ മരിച്ചപ്പോള്‍ എല്ലാ കാര്യത്തിനും കൂടെ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് ഇങ്ങനെ സംഭവിച്ചല്ലോ ആരായിരിക്കും ഇത് ചെയ്തത് എന്നൊക്കെ പറഞ്ഞു. സംശയം തോന്നിക്കുന്ന പെരുമാറ്റമൊന്നും ആയിരുന്നില്ല. മരിച്ച അന്നും ഞങ്ങളുടെ കൂടെയാണ് വീട്ടിലോട്ട് വന്നത്. കുട്ടികള്‍ അവന്‍റെ കൂടെ തനിച്ചാവുന്ന സന്ദര്‍ഭം ഉണ്ടായിട്ടേയില്ല. അവന്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അച്ഛനും അമ്മയും വന്നിട്ട് വന്നാല്‍ മതി എന്നൊക്കെ പറഞ്ഞിട്ടു അവന്‍ മൂത്ത കുട്ടിയെ തറവാട്ടിലേക്ക് പറഞ്ഞു വിടുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അടികൊള്ളാന്‍ പറ്റാത്തതുകൊണ്ട് സമ്മതിച്ചതാണോ എന്നറിയില്ല. അവന്‍ അങ്ങനെ ചെയ്യില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം.

എട്ടുവര്‍ഷമായി ഞങ്ങള്‍ ഈ ഒറ്റമുറി വീട്ടിലാണ് കിടക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും ഒക്കെ. ഈ അടുത്ത കാലത്ത് പഞ്ചായത്ത് അനുവദിച്ച വീടിന്‍റെ പണി നടന്നു കൊണ്ടിരിക്കുന്നു. ഭര്‍ത്താവിന്‍റെ വീട് കോഴിക്കോട് വെസ്റ്റ് ഹില്‍ എന്ന സ്ഥലത്താണ്. മോള് മരിച്ചപ്പോള്‍ അമ്മയും എട്ടത്തിയമ്മയും ഒക്കെ വന്നിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമേ ഞങ്ങള്‍ക്ക് ജോലി ഉണ്ടാകാറുള്ളൂ. പലപ്പോഴും പാലക്കാടും പരിസര പ്രദേശങ്ങളിലും ഒക്കെയാവും ജോലി. രാവിലെ പോയാല്‍ വൈകിയെ വീട്ടിലെത്തൂ. കുട്ടികള്‍ പലപ്പോഴും സ്കൂള്‍ വിട്ടു അമ്മയുടെ അടുത്തു നില്‍ക്കും. ചിലപ്പോള്‍ അമ്മ ഇങ്ങോട്ട് വരും. ചിലപ്പോള്‍ മാത്രമേ അവര്‍ ഒറ്റയ്ക്കിരിക്കാറുള്ളൂ. തറവാട്ടിലേക്ക് ഇവിടെ നിന്നു അര കിലോമീറ്ററിലധികം ദൂരമുണ്ട്. എന്റെ അച്ഛന്റെ കുടുംബവും അവിടെ അടുത്താണ് താമസം. മൂത്ത കുട്ടിക്ക് അപകടം പറ്റി എന്നറിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു വീടിന്‍റെ മുകളിലൊക്കെ കയറി കളിക്കാറുണ്ട്, അങ്ങനെ കളിക്കുമ്പോള്‍ വീണിട്ടു എന്തെങ്കിലും പറ്റിയതാവും എന്ന്. ഇങ്ങനെ സംഭവിക്കും എന്നൊന്നും അന്നേരം വിചാരിച്ചിട്ടേയില്ല.

അച്ഛന്‍ ഷാജി പറയുന്നു;

കോഴിക്കോട് വെസ്റ്റ്ഹിലാണ് എന്റെ വീട്. ഇവിടെ വന്നിട്ടിപ്പോള്‍ 13 വര്‍ഷമായി. കല്യാണം കഴിച്ചിട്ട് 12 വര്‍ഷമായി.

അവള്‍ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അവള്‍ അങ്ങനെ ചെയ്യില്ല. എന്നോടൊക്കെ അവള്‍ക്ക് നല്ല സ്നേഹമായിരുന്നു. മോളെ പോലെ തന്നെയായിരുന്നു അവളെയും ഞാന്‍ കണ്ടത്. അതിനു മുന്‍പ് ഭാര്യയുടെ ചെറിയച്ചന്റെ മകന്‍ അവളോട് മോശമായി പെരുമാറുന്നത് ഞാന്‍ കണ്ടിരുരന്നു. കാലിന് സുഖമില്ലാതായിട്ട് എഴുന്നേറ്റ് നടക്കാന്‍ പറ്റാതെ ഞാന്‍ അഞ്ചാറ് മാസം ഇവിടെ കിടന്നിരുന്നു. ഒരു പ്രാവശ്യം ഞാന്‍ സംശയം തോന്നിയിട്ടു ഞാന്‍ കഷ്ടപ്പെട്ട് നിരങ്ങി ജനല്‍ പിടിച്ച് നോക്കുമ്പോള്‍ പെണ്ണിനോട് വേണ്ടാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ കാല് വയ്യാതെ കിടക്കുകയല്ലേ. ഞാന്‍ ഭാര്യ വന്നപ്പോള്‍ പറഞ്ഞു. അവളും ഒരു തവണ കണ്ടിട്ടുണ്ട്. അവനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിട്ട് വിട്ടയക്കുകയായിരുന്നു. മോള് അങ്ങനെയൊന്നും ചെയ്യില്ല. ആത്മഹത്യ ചെയ്യാനൊന്നും കുട്ടികള്‍ക്ക് പറ്റില്ല.

ആദ്യത്തെ കേസ് തന്നെ പോലീസ് നല്ല രീതിയില്‍ അന്വേഷിച്ച് പ്രതികളെ പിടിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെങ്കിലും രക്ഷപ്പെടുമായിരുന്നല്ലോ. ആദ്യത്തെ സംഭവം നടന്നപ്പോള്‍ ആരും അതത്ര സീരിയസ് ആയി എടുത്തിട്ടില്ല. അവള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസും പറഞ്ഞത്. നാല്പതു ദിവസം കഴിഞ്ഞു ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയപ്പോഴും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്. എന്തോ കെമിക്കല്‍ റിപ്പോര്‍ട്ട് വരാനുണ്ട് എന്നൊക്കെ പറഞ്ഞു അവര്‍ ഞങ്ങളെ മടക്കി അയക്കുകയായിരുന്നു. ഞങ്ങള്‍ എപ്പോഴും സ്റ്റേഷനില്‍ പോകും വരും. പിന്നെ അവര്‍ ഒരു പോലീസുകാരന്റെ നമ്പറും വനിതാ പോലീസിന്റെ നമ്പറും തന്നു. വിളിച്ച് ചോദിച്ചിട്ട് പോയാല്‍ മതിയല്ലോ എന്നു ഞങ്ങള്‍ക്കും സമാധാനമായി. പണിയുണ്ടെങ്കില്‍ പണിക്ക് പോകാലോ. പണിക്ക് പോയാലല്ലെ ജീവിക്കാന്‍ പറ്റൂ. ഞങ്ങള്‍ എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കുമായിരുന്നു.

വലിയ കുട്ടി മരിച്ചിട്ടു പത്തു ദിവസം കഴിഞ്ഞപ്പോള്‍ ഇളയ കുട്ടി സ്കൂളില്‍ പോകാന്‍ തുടങ്ങിയിരുന്നു. അവള്‍ വിഷമിച്ചിരിക്കുന്നുണ്ടോ, പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടോ എന്നൊക്കെ ഞങ്ങള്‍ ഇടയ്ക്കൊക്കെ ടീച്ചര്‍മാരെ വിളിച്ച് അന്വേഷിച്ചിരുന്നു. ടീച്ചര്‍ പറഞ്ഞു അങ്ങനെയൊന്നും ഇല്ലെന്ന്. ശനിയാഴ്ച പണിക്ക് പോകുമ്പോള്‍ ഞങ്ങള്‍ ബിസ്ക്കറ്റൊക്കെ  വാങ്ങിക്കൊടുത്തിട്ടാണ് പോയത്. അമ്മ ആടിനെ മേയ്ക്കുമ്പോള്‍ അവള്‍ അടുത്ത വീട്ടില്‍ കളിച്ചു കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ആറുമണിക്ക് പണികഴിഞ്ഞു വരുമ്പോള്‍ അവള്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. കാലുകള്‍ നിലത്തു കുത്തി നില്‍ക്കുന്ന നിലയിലായിരുന്നു.

ഞങ്ങളുടെ കൂടെ താമസിക്കുന്ന ഷിബു അങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാന്‍ തോന്നുന്നില്ല. ഈ രണ്ട് മരണങ്ങളും നടക്കുമ്പോള്‍ അവന്‍ ഞങ്ങളുടെ കൂടെയുണ്ട്. മൂത്ത കുട്ടി മരിക്കുമ്പോള്‍ ചിറ്റൂരില്‍ പണി സ്ഥലത്ത് ഉണ്ടായിരുന്നു. രണ്ടാമത്തെ മകള്‍ മരിക്കുമ്പോള്‍ വെണ്ണക്കര പാളയം എന്ന സ്ഥലത്തായിരുന്നു പണി. അവിടെയും ഉണ്ടായിരുന്നു. ഷിബുവിന്‍റെ വീട് ഇടുക്കി രാജാക്കാട് ആണെന്നാണ് അവന്‍ ഞങ്ങളോടു പറഞ്ഞത്. കല്യാണം കഴിച്ചു ഭാര്യ ഒഴുക്കില്‍ പെട്ടുപോയി എന്നും അച്ഛനും അമ്മയും മരിച്ചു പോയി എന്നുമാണ് അവന്‍ പറഞ്ഞത്. പക്ഷേ പോലീസ് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് അവന്‍ കല്യാണം കഴിച്ചിട്ടില്ലെന്നും അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട് എന്നുമാണ്. അവനെന്തിനാണ് ഞങ്ങളോടു കളവ് പറഞ്ഞതെന്നറിയില്ല. പോലീസ് പിടിച്ച മധു ഭാര്യയുടെ ചെറിയച്ഛന്‍റെ മകനാണ്. അവന്‍റെ കൂടെ എപ്പോഴുമൊന്നും മദ്യപിക്കാറില്ല. എന്തെങ്കിലും ഫാമിലി ഫംഗ്ഷന്‍ ഉണ്ടെങ്കിലേ ഉള്ളൂ.

വാളയാറിലെ കുട്ടികളുടെ മരണത്തെ കുറിച്ച് പഞ്ചായത്ത് പ്രതിനിധിക്കും അദ്ധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്.  അത് അടുത്ത ഭാഗത്തില്‍.

(തുടരും)

ചിത്രങ്ങള്‍: രാഖി സാവിത്രി

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍