UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രണയത്തിന്റെ ചിതലരിക്കാത്ത 28 വര്‍ഷങ്ങള്‍ക്കുശേഷം വെളിച്ചം കാണുന്ന ഒരു കത്ത്

Avatar

ലാലി പി.എം 

കത്തെഴുത്ത് ഒരു ദൈനംദിന പ്രക്രിയയായി കരുതിയിരുന്നൊരു കാലമുണ്ടായിരുന്നു നാട്ടില്‍. എത്രയെത്ര കത്തുകള്‍ കൂട്ടുകാര്‍ക്ക്, അച്ഛനമ്മമാര്‍ക്ക്, കാമുകീ കാമുകന്മാര്‍ക്ക്… ഭാര്യയ്ക്ക്… ഭര്‍ത്താവിന്… പോസ്റ്റുമാന്‍ നാട്ടിലെ വഴികളിലൂടെയെല്ലാം ഓടിയോടി നടന്ന് കത്തുകളിലൂടെ സ്‌നേഹം വിതറി.

 

മതപ്രചരണത്തിനു പോകുമായിരുന്ന വലിയുമ്മച്ചിയുടെ വാപ്പ കത്തുകള്‍ കവിതപോലെ എഴുതുമായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. നീണ്ട നീണ്ട കവിതകള്‍. സ്‌നേഹം തുളുമ്പുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അന്വേഷണങ്ങളുമൊക്കെയുള്ള കവിത…

പ്രണയലേഖനങ്ങളായിരുന്നു കത്തെഴുത്ത് എന്ന കലയിലെ ക്ലാസിക്കുകള്‍.

 

പ്രണയം ഫോണിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഗൂഗിള്‍ മെസഞ്ചറിലുമൊക്കെ ഗുളികരൂപത്തില്‍ അയച്ചുകൊടുക്കുന്ന പുതുതലമുറക്ക് അന്യമായൊരു ചരിത്രമുണ്ട് പ്രണയത്തിന്. എങ്ങനെയാണ് ആ ഇരുണ്ട ഭൂതകാലത്തില്‍ അവര്‍ പ്രണയത്തെ നിലനിറുത്തിയതെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല.

 

അത്രയും സ്ട്രിക്റ്റായ മാതാപിതാക്കളും കുടുംബവും സമൂഹവും. ഒന്ന് കാണാനോ ഒരു വാക്ക് മിണ്ടാനോ ആവാതെ പ്രണയം വഴിമുട്ടി നില്‍ക്കും. എന്നിട്ടും പ്രണയം അതിന്റെ ജൈത്രയാത്ര തുടരുക തന്നെയായിരുന്നു. പ്രണയലേഖനങ്ങളെന്ന സ്‌നേഹഭാഷണത്തിലൂടെ. ഓരോ പ്രണയലേഖനവും എഴുതുന്നവരുടെ ഹൃദയത്തില്‍നിന്നും പുറപ്പെടുന്ന അമ്പുകളായിരുന്നു. ലക്ഷ്യവേധിയാകണമെന്ന് അത്രയേറേ നിര്‍ബ്ബന്ധത്തോടെ തൊടുത്തുവിടുന്ന അമ്പുകള്‍…. അതിന്റെ കൃത്യതയില്‍ പല ഹൃദയങ്ങളും അടിതെറ്റി വീണു…

 

ആദ്യത്തെ കത്തായിരുന്നു അതിലേറ്റവും പ്രധാനമായിരുന്നത്. എന്തെഴുതണമെന്നും ഉള്ളിലെ അനുരാഗം എങ്ങനെ വെളിപ്പെടുത്തണമെന്നുമറിയാതെ ഊണും ഉറക്കവുമൊക്കെ നഷ്ടപ്പെടുത്തി ആലോചിച്ച് ദിവസങ്ങള്‍ തള്ളി നീക്കും. ഒരു വാക്കുപോലും പിഴച്ചു പോകരുതല്ലോ. പ്രണയിക്കുന്ന ഓരോഴുത്തരും കവികളും സാഹിത്യകാരന്മാരുമാകുന്ന അതിശയം സംഭവിക്കും. പ്രണയം അങ്ങനെയൊക്കെയാണ്. ‘പാടാത്ത വീണയും പാടും’ എന്നു കവി പാടുന്നപോലെ പ്രണയിക്കുന്നവര്‍ പെട്ടെന്നുതന്നെ സാഹിത്യകാരന്മാരായി രൂപാന്തരപ്പെടും. സംബോധനയില്‍ മുതല്‍ സാഹിത്യപരീക്ഷണങ്ങള്‍… ലോകത്തുള്ള ഏതു പേരു വിളിച്ചാലും മാധുര്യം കുറയുമെന്നതു പോലെ പുതിയൊരു പേരിനായി തേടിക്കൊണ്ടേയിരിക്കും. എഴുതിക്കഴിഞ്ഞാല്‍ അതെങ്ങനെയെത്തിക്കണമെന്ന ആലോചനയായി… ഇരു ചെവിയറിയാതെ, മാനം കാണിക്കാതെ, കാറ്റ് കയ്യെത്തിപ്പിടിക്കാതെ അത് പ്രിയപ്പെട്ടയാളുടെ ഹൃദയത്തിലെത്തണം… ഹോ! എത്ര വികാരവിക്ഷുബ്ധമായിരുന്നു ഓരോ മനസ്സും…

 

പുതുതലമുറ ഒരു പക്ഷേ ശരിക്കും നഷ്ടപ്പെടുത്തുന്ന ഒന്ന്‍ ഈ പ്രണയലേഖനമെന്ന സ്വകാര്യ അനുഭവമാകും. അതും ആദ്യത്തെ പ്രണയലേഖനം. അതൊന്ന് കടലാസിലേക്കെത്തുംമുന്‍പ് അവള്‍/ അവന്‍ അനുഭവിക്കുന്ന വൈകാരിക സമ്മര്‍ദ്ദത്തോളം വരില്ല മറ്റൊരു വേദനയും…

 

കത്തുകള്‍ പലപോഴും അതാത് കാലങ്ങളെ പ്രതിനിധീകരിച്ചിരുന്നു… മുപ്പത് വര്‍ഷം മുന്നേയെഴുതുന്ന പ്രണയലേഖനത്തേക്കാള്‍ ഉള്ളടക്കം കൊണ്ടും ഭാഷക്കൊണ്ടും ശൈലി കൊണ്ടുമൊക്കെ അത്രയേറേ മാറ്റങ്ങളുണ്ടാകും പുതിയ കാലത്തെ കത്തുകള്‍ക്ക്… ഇരുപത്തേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു കത്തു വായിക്കുമ്പോള്‍ നമുക്ക് ഒരു നാടിനെയും അതിലെ കഥാപാത്രങ്ങളെയും അവരുടെ രീതികളേയുമൊക്കെ മനസ്സിലാക്കാനാവുന്നുണ്ടെങ്കില്‍ ആ കത്ത് തന്റെ ചരിത്രപരമായ കടമ നിര്‍വ്വഹിച്ചുവെന്നും പറയം…

 

‘ഞാന്‍ സഞ്ചരിക്കുന്ന കുതിരവണ്ടി, കാര്‍, ബസ്, വിമാനം, മേഘം, സ്വപ്നം…
നീയുള്ളിടത്ത് ഒരിക്കലും എത്തരുതേ എന്നാണ് എന്റെ പ്രാര്ത്ഥന… 
നിന്നെ കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നിന്നെ കാണാന്‍ വരുന്ന ഈ യാത്ര’ എന്ന് പ്രണയശതകത്തില്‍ ടി.പി. രാജീവനെ വായിക്കുമ്പോള്‍ 28 കൊല്ലം മുന്‍പ് കിട്ടിയ ഈ കത്തായിരുന്നൂ മനസ്സില്‍… പ്രണയവും കാലാവസ്ഥയും ഭൂപ്രകൃതിയും കുടുംബവും എല്ലാം ചേര്‍ന്ന് ഒരു പ്രണയാഭ്യര്‍ഥനയെ കവിതയാക്കുന്നത് എങ്ങനെയെന്നാല്‍… 

 

 

പ്രിയപ്പെട്ട കൂട്ടുകാരീ…
കത്തും സുന്ദരമായ ഇലയും കിട്ടി… ശാരീരികമായി വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ വീട്ടിലെത്തി. എന്നാല്‍ മാനസികമായി വലിയൊരു വിഷമത്തിലാണ് ഞാനിന്ന്. വീട്ടിലെത്തിയ ഉടനെ ഡയറിയെഴുതാനിരുന്നു. പെട്ടെന്ന് അവിടെ നിന്നും പുറപ്പെടാനെന്തായിരുന്നു കാരണമെന്ന് അറിയാനുള്ള അവകാശം നിനക്കുണ്ട്.

 

ഇതു വായിക്കുക…

 

‘എന്തൊരു മഴ…! തിമര്‍ത്ത് പെയ്യുന്ന മഴകാണുന്നത് നല്ല രസമാണ്. എന്നാല്‍ തെരുവിലെ കാഴ്ചകള്‍ നഷ്ടമാകുന്നതു മഹാകഷ്ടം തന്നെ… ശക്തിയായ മഴമൂലം ബസ്സിന്റെ ഷട്ടറുകളിട്ടപ്പോള്‍ മങ്ങിയ തെരുവോര കാഴ്ചകളും നഷ്ടമായി.

 

മഴപെയ്യുന്നതിനാല്‍ ബസ്സിന്റെ വേഗത കുറഞ്ഞു. ഇനി അവിടെ എത്തുവാന്‍ എത്ര സമയം എടുക്കുമോ ആവോ? സമയത്തിന് എത്തിയെങ്കില്‍ മാത്രമേ അവളുടെ നാട്ടിലേക്ക് ബസ്സ് കിട്ടുകയുള്ളു. നാട്ടിലെത്തിയാല്‍ത്തന്നെ അവളുടെ വീട്  കണ്ടുപിടിക്കാന്‍ കഴിയുമോ? അവളെ കാണാന്‍ കഴിയുമോ? മൂന്നാം തിയതിയാണ് പരീക്ഷ തീരുന്നതെന്ന് എഴുതിയിരുന്നു… ഇനി രണ്ടുമൂന്ന് ദിവസം കഴിഞ്ഞാണവള്‍ ഹോസ്റ്റലില്‍ നിന്ന് മടങ്ങുന്നതെങ്കിലോ? ഈ ബസ്സിങ്ങനെ പതുക്കെ പോയാല്‍ എല്ലാം തുലയും തീര്‍ച്ച… എന്റെ ചിന്തകള്‍ അവിടെയുമിവിടെയുമെത്താതെ ബസ്സിനുള്ളില്‍ തന്നെ ചിതറി വീണു.

 

മുക്കിയും മൂളിയും ബസ്സ് ആ ചെറിയ പട്ടണത്തിലെത്തി. സമയം ഏഴര കഴിഞ്ഞിരിക്കുന്നു. അപ്പോഴേക്കും മഴ ശമിച്ചിരുന്നു. എന്തായാലും ആരോടെങ്കിലും ചോദിക്കാം. അടുത്തു കണ്ട പെട്ടിക്കടയിലേക്ക് തിരിഞ്ഞു. ‘…ലെ വീട് അറിയുമോ?’ എന്റെ സംസാരത്തിന്റെ രീതിയിലെ വ്യത്യാസമാകാം പലരുടെയും ശ്രദ്ധ എന്നിലേക്ക് തിരിയാന്‍ കാരണമായി. പലരും പിറകെ കൂടി. കടക്കാരന്റെ ഓര്‍മ്മയില്‍ വീട് ഓടിയെത്തിയില്ല. അയാള്‍ തലയില്‍ കൈ കൊടുത്ത് ഓര്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ചുറ്റും കൂടിയവര്‍ അഭിപ്രായപ്രകടനങ്ങള്‍ക്ക് ആക്കം കൂട്ടി.

 

ഒന്നാമന്‍: അതൊരു കുഗ്രാമമാണ്.

 

രണ്ടാമന്‍ : അവിടെ താമസിക്കാന്‍ സ്ഥലമൊന്നുമില്ല.

 

മൂന്നാമന്‍ : സ്ഥലമറിയില്ലെങ്കില്‍ ഇവിടെ താമസിച്ച് നാളെ പോകുന്നതാണുചിതം.

 

നാലാമന്‍ : രാത്രി പോകുന്നത് അത്ര നല്ലതല്ല.

 

ഞാന്‍ ഇടക്കു കയറി പറഞ്ഞു, അവളുടെ അച്ഛന്‍ ഒരു  ‘——- ഓഫീസര്‍’ ആയിരുന്നു. നാലു വര്‍ഷം മുന്‍പ്. 

 

‘ഓ….! ഉണ്ണിമോന്‍’ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പെട്ടെന്ന് പറഞ്ഞു…

 

‘ഓ…! ഉണ്ണിമോന്‍’ ചുറ്റും കൂടിയവര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു.

 

ബസ്സ് ഇരുട്ടിനെ കീറി മുറിച്ച് ഗ്രാമത്തിലേക്ക് കുതിച്ചു. പുറത്ത് ഭയാനകമായ ഇരുട്ട് തളംകെട്ടി നിന്നിരുന്നു. ‘ചുറ്റും റബ്ബര്‍ കാടാണ് ‘ അടുത്തിരുന്നയാള്‍ വിശദീകരിച്ചു. അവിടവിടെ മിന്നിമറയുന്ന വെളിച്ചത്തുണ്ടുകളല്ലാതെ മറ്റൊന്നും കാണാനില്ലായിരുന്നു.

 

ബസ്സിനു വേഗത കുറവായിരുന്നു. ഒരു പക്ഷേ അവളെ കാണാനുള്ള കൊതികൊണ്ടാകാം അങ്ങനെ തോന്നുന്നത്. എന്റെ ചിന്തകള്‍ സാവകാശം ആശുപത്രിയിലേക്കും അവളുടെ എഴുത്തുകളിലേക്കുമൊക്കെ പാളിപ്പോയി. പെട്ടെന്ന് ഉണര്‍ന്ന് ബസ്സിലേക്കെത്തുമ്പോള്‍ ബസ്സ് യാത്രക്കാരെ ഊഞ്ഞാലാട്ടുന്നപോലെ. ഞാന്‍ അത്ഭുതത്തോടെ അടുത്തിരുന്ന ആളോട് ചോദിച്ചു ‘എന്താ ഇങ്ങനെ? ബസ് വല്ലാതെ കുലുങ്ങുന്നുണ്ടല്ലോ.’ അടുത്തിരുന്നയാള്‍ അരവിന്ദന്റെ സിനിമാ കഥാപാത്രത്തെപ്പോലെ പറഞ്ഞു… ‘ടാറിട്ട റോഡ് (അല്പം മൌനത്തിനുശേഷം) അകന്ന് പോയിരിക്കുന്നു.’ എനിക്ക് കാര്യം മനസ്സിലായി.

 

 

അങ്ങനെ ഗ്രാമത്തില്‍ എത്തി. ഒരു പയ്യനെ വിളിച്ച് എന്റെ കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞു. ‘ഇയാളെ ഉണ്ണിമോന്റെ വീട്ടില്‍…’ വാചകം മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറാവാതെ ഇരുട്ടിനെ വകഞ്ഞ് മാറ്റി ഒരു വഴിയിലൂടെ പയ്യന്‍ നടക്കാന്‍ തുടങ്ങി. ചുറ്റും ഇപ്പോഴും അന്ധകാരമാണ്. ഒരിത്തിരി വെളിച്ചം, എന്തിന് നാട്ടുവെളിച്ചമെങ്കിലും ഉണ്ടായിരുന്നെങ്കില്‍?

 

പെട്ടെന്ന് ആകാശത്തു നിന്ന് നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുംപോലെ എനിക്ക് തോന്നി. ആകാശത്തിന്റെ അങ്ങേയറ്റത്തു നിന്ന് വെളിച്ചത്തുണ്ടുകള്‍ താഴ്വരയിലേക്ക് ഒലിച്ചിറങ്ങുന്നതുപോലെ… അതു മിന്നാമിനുങ്ങുകളായിരുന്നു.. അവ എന്റെ ചുറ്റും പാറി നടന്നു… ഒന്നെന്റെ തോളത്തു വന്നിരുന്ന് സ്വാഗതമോതി. ഞാന്‍ പയ്യനോട് ചോദിച്ചു… ‘ഇതു മിന്നാമിനുങ്ങുകളുടെ നാടാണോ?’ അവനൊന്നും മിണ്ടിയില്ല… ഒരേയൊരു ദൌത്യമേ അവനുള്ളൂ എന്നതു പോലെ എനിക്ക് വഴികാട്ടിയായി മുന്നില്‍ നടക്കുക മാത്രം ചെയ്തു.

 

പയ്യന്‍ ഒരു വളവ് തിരിഞ്ഞ് നിന്നു. ഇതാണു വീട്. വാതിലില്‍ മുട്ടി. വാതില്‍ തുറന്നു. അവള്‍ ഓടി വന്നു… ‘അമ്മേ!’ അവള്‍ അത്ഭുതപ്പെട്ടു. 

 

പരസ്പരം സുഖ, ദു:ഖങ്ങള്‍ പങ്കു ചൊരിഞ്ഞ് സമയം പോയതറിഞ്ഞില്ല. അവള്‍ ചോറു വിളമ്പി. അമ്മക്ക് സുഖമില്ലാത്തതിനാല്‍ അവളാണു കറികള്‍ വച്ചതെന്ന് പറയുന്നുണ്ടായിരുന്നു… എല്ലാത്തിനും ഉപ്പു കൂടുതല്‍… പിതാവിനു ഉപ്പില്ലാത്ത കറികള്‍ വിളമ്പി ഉപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്ത രാജകുമാരിയെക്കുറിച്ച് പറഞ്ഞു കൊടുത്തു. രാജകുമാരി അച്ഛനെ ഉപ്പിനെപ്പോലെ സ്‌നേഹിക്കുന്നുവത്രേ… 

 

രാവേറേ സംസാരിച്ചിരുന്ന് കിടന്നെങ്കിലും എനിക്കുറക്കം വന്നേയില്ല. കായലോരത്തെ ആശുപത്രിയും എഴുത്തുകളും, മരിച്ച് കാലം കഴിഞ്ഞിട്ടും നാട്ടുകാരൊക്കെ ഓര്‍ത്തിരിക്കുന്ന അവളുടെ അച്ഛനേയുമൊക്കെ ഓര്‍ത്തു കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

 

പിറ്റേന്ന് ഇരുട്ടൊഴിഞ്ഞ താഴ്വരയും കോട്ടപോലുള്ള മലകളും ചുറ്റി നടന്ന് കാണാന്‍ അവളുടെ ആങ്ങളയും കൂട്ടുകാരും ചേര്‍ന്ന് പോയി. സായിപ്പിന്റെ ബംഗ്ലാവും പുഴയും കാടുമൊക്കെ കണ്ടു. റബ്ബര്‍കൃഷിയെക്കുറിച്ചും സംസ്‌ക്കരണത്തെപ്പറ്റിയുമൊക്കെ ചോദിച്ചറിഞ്ഞു. റബ്ബര്‍ ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കും പോലെ അതിന്റെ സൌന്ദര്യത്തെയും കാലാവസ്ഥയെയും മാറ്റിമറിക്കുന്നുണ്ട്.

 

 

നട്ടുച്ചക്ക് പോലും ഇരുട്ടാണു റബ്ബര്‍ തോട്ടത്തില്‍. സുന്ദരമായ തണുവും. അവള്‍ കൂടിയുണ്ടായിരുന്നെങ്കില്‍… വെറുതേ ഓര്‍ത്തു. ചെറിയൊരു കുന്നു കയറി ചെരുവിലൂടെയുള്ള വഴിയിലൂടെ വീട്ടിലേക്ക് തിരിച്ചു. അപ്പോള്‍, പണ്ട് ഇവിടെയുണ്ടായിരുന്ന ഇടതൂര്‍ന്ന കാടിന്റെ കണ്ണീരു പോലെ അങ്ങകലെ കുന്നിന്റെ മുകളില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…

 

വിയര്‍ത്തൊലിച്ച് വീട്ടിലെത്തി. കസാലയിലേക്ക് പതിയെ ചാഞ്ഞു. അപ്പോള്‍ അവള്‍ കുളിച്ച് സുന്ദരിയായി എതിര്‍ വശത്തെ കസാലയില്‍ വന്നിരുന്നു. അവള്‍ അണിഞ്ഞിരുന്നത് പാവാടയും ബ്ലൌസുമായിരുന്നു. തോളിലൊരു തുണിയുമിട്ടിരുന്നു. അവളുടെ മുഖം വളരെ പ്രകാശമുള്ളതായിരുന്നു. (ഞാന്‍ വന്നതിലുള്ള സന്തോഷമാകുമോ അവളുടെ മുഖത്തെ പ്രകാശം എന്നറിയില്ല) അവള്‍ വളരെ സന്തോഷവതിയായിരുന്നു… ഇടയ്ക്ക് ഏതോ പാട്ടിന്റെ ഈരടികള്‍ മൂളുന്നുണ്ടായിരുന്നു. വരികള്‍ അവ്യക്തങ്ങളായിരുന്നെങ്കിലും അവളുടെ പാട്ടിനു നല്ല ഇമ്പമുണ്ടായിരുന്നു. അവളെ അങ്ങനെ നോക്കിയിരിക്കെ എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ കുമിളകള്‍ വിടര്‍ന്നു..

 

അവളെ അങ്ങനെ നോക്കിയിരിക്കുമ്പോ എന്റെ മനസ്സിലുണ്ടായ ചിന്തകള്‍ എന്നെ അലട്ടാന്‍ തുടങ്ങി… ഇനി ഒരു നിമിഷം പോലും അവിടെ ഇരിക്കാന്‍ കഴിയാത്തത്ര തീക്ഷ്ണമായിരുന്നു അപ്പോളെന്റെ വികാരങ്ങള്‍.

 

പെട്ടെന്ന് തിരിച്ചുപോരണമെന്ന് തോന്നി. അമ്മയും ചേട്ടനും അവളുമൊക്കെ അത്രയേറേ നിര്‍ബ്ബന്ധിച്ചിട്ടും ഞാനെന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവള്‍ പിണങ്ങുമെന്ന് പറഞ്ഞപ്പോള്‍ ചെറിയ വേദന തോന്നി. പക്ഷേ എനിക്കവിടെ നില്‍ക്കാനാവത്തത്രയും അസ്വസ്ഥമായിരുന്നു മനസ്സ്…

 

തിരിച്ചുവരുമ്പോള്‍ ഞാന്‍ വിഷാദമൂകനായി പുറത്തേക്ക് കണ്ണും നട്ടിരുന്നു. വീട്ടിലെത്തുംവരെ പാറകളിലൂടെ ഒലിച്ചിറങ്ങുന്ന മലയുടെ കണ്ണീരും, എന്നെ പിന്തുടരുന്ന അവളുടെ ശോകമൂകമായ കണ്ണുകളുമായിരുന്നു മനസ്സില്‍…

 

ഓമനേ….

അധികംനേരം നിന്നെ കണ്ടുകൊണ്ടിരുന്നാല്‍ ഒരുപക്ഷേ ഞാനറിയാതെ എന്റെ ഹൃദയം വെളിവാക്കപ്പെടുമെന്ന് ഞാന്‍ ഭയന്നിരുന്നു… നിന്റെ അമ്മയുടെയും ആങ്ങളയുടെയും മുന്നില്‍ വെറുക്കപ്പെട്ടവനെപ്പോലെ ഞാന്‍ നില്‍ക്കേണ്ടി വന്നേനെ. മകളുടെ കൂട്ടുകാരനെ അത്രയേറെ ഹൃദയവിശാലതയോടെ സ്വീകരിച്ച് സത്ക്കരിച്ച അവരെ സങ്കടക്കടലിലാഴ്ത്താന്‍ ഞാനിഷ്ടപ്പെട്ടതേയില്ല. നിന്റെ കയ്യിലൊന്ന് തൊടണമെന്നും നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകള്‍ ഒന്ന്‍ ഒതുക്കിവയ്ക്കണമെന്നും വിചാരിച്ച് അനങ്ങാന്‍ പറ്റാതെ ഞാനിരിക്കുകയായിരുന്നു നിന്റെ മുന്നില്‍…

 

ഇനി പറയൂ ഞാനവിടെ ഇനിയും നില്‍ക്കണമായിരുന്നോ…? നിനക്കിഷ്ടമെങ്കില്‍ ഇനിയൊരിക്കല്‍ ഞാന്‍ നിന്റെ നാട്ടില്‍ വരാം. നമുക്കൊരുമിച്ച് അവിടെയെല്ലാം ചുറ്റിനടക്കാം. റബ്ബര്‍ക്കാടിനടിയിലൂടെ നടന്ന് ചെന്ന് നിന്റെ വീടിനു ചുറ്റും കാവല്‍ നില്‍ക്കുന്ന കുന്നിന്റെ നെറുകയിലേക്ക് ഓടിക്കയറാം…

 

അവിടെ വച്ച്…………

 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍