UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

കാണാം ഇല്ലാതായി പോയതും മടങ്ങി വരുന്നതുമായ നല്ല ചിരികളെ

അപര്‍ണ്ണ

അന്തർദേശിയ ചലച്ചിത്ര മേളകളിൽ ഒരുപാട് പ്രശംസിക്കപ്പെട്ട സിനിമയാണ് ഡോക്ടർ ബിജുവിന്‍റെ വലിയ ചിറകുള്ള പക്ഷികൾ. ഒരു വർഷം കൊണ്ട് കാസർകോടും കാനഡയിലുമായി ചിത്രീകരിച്ച ഈ സിനിമ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തി. എന്‍ഡോസൾഫാൻ ബാധിതമായ നാടും ജീവിതവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്ന വിഷയങ്ങൾ.

ഡോക്യു ഫിക്ഷൻ മാതൃകയിൽ ഉള്ള ഈ സിനിമ എന്‍ഡോസൾഫാൻ ഇരകളുടെ ജീവിതത്തിലൂടെ ഒരു ഫോട്ടോഗ്രാഫർ നടത്തുന്ന യാത്രയിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്. കുഞ്ചാക്കോ ബോബാൻ അവതരിപ്പിക്കുന്ന പേരില്ലാത്ത ഈ ഫോട്ടോഗ്രാഫർ മധുരാജിനെ നേരിട്ട് തന്നെ ഓർമിപ്പിക്കുന്നു. മധുരാജിന്റെ ക്യാമറ പകർത്തിയ എന്‍ഡോസൾഫാൻ ദുരന്തങ്ങളെ തന്നെയാണ് ഡോക്ടർ ബിജുവും ഒരു പരിധിവരെ ദൃശ്യവത്ക്കരിക്കുന്നത്. ഈ ഫോട്ടോഗ്രാഫറുടെ ബാല്യകാലവും അപൂർവ്വം ചില സന്ദർഭങ്ങളും ഒഴിച്ച് നിർത്തിയാൽ നമ്മൾ കണ്ടും കെട്ടും വായിച്ചും മറന്നു പോയ മനുഷ്യ നിർമിത ദുരന്തത്തിന്റെ വലിയൊരു നേർകാഴ്ച ആണ് വലിയ ചിറകുള്ള പക്ഷികൾ. അംബികാസുതൻ മാങ്ങാടിന്റെ നോവൽ പോലെയും എം എ റഹ്മാൻ മാഷിന്റെ ലേഖനങ്ങളും ഡോക്യുമെന്ററിയും പോലെയും ലീലാ കുമാരി അമ്മയുടെയും കുറച്ചു  മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ പോലെയും കലർപ്പില്ലാത്ത ഒന്ന്.

കേരളത്തിലെ, അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭരണകൂട കോർപറേറ്റ് ഭീകരതകളിൽ ഒന്നാണ് എന്‍ഡോസൾഫാൻ ദുരന്തം. ഒരു നാടിനെ, ഒരുപാട് തലമുറകളെ മരണത്തിലേക്കും മരണ തുല്യമായ ജീവിതത്തിലേക്കും തള്ളിവിട്ട ഒന്ന്. മരുന്നിനും ചികിത്സക്കും മാറ്റാൻ പറ്റാത്ത നൂറായിരം ശാരീരിക മാനസിക അസുഖങ്ങളെ ഉണ്ടാക്കുന്ന ഈ അവസ്ഥ നൂറു ശതമാനവും മനുഷ്യ നിർമിതമാണ്. എഴുത്തുകളും അപൂർവ്വം ഡോക്യുമെന്‍ററികളും മാറ്റി നിർത്തിയാൽ ഈ വിഷയം ധൈര്യ പൂർവ്വം മലയാള സിനിമ തൊട്ടിട്ടില്ല. യു എന്നിന്‍റെ സ്റ്റോക്ക്ഹോം കണ്‍വന്‍ഷനിൽ എന്‍ഡോസൾഫാനെ അനുകൂലിച്ച ഒരേയൊരു രാജ്യം ഇന്ത്യ ആണെന്നതടക്കം ഒരുപാട് അപ്രിയ സത്യങ്ങൾ പറയേണ്ടി വരും എന്നത് തന്നെയാണ് കാരണം. സർക്കാരുകളെ അടക്കം പ്രതികൂട്ടിൽ നിർത്തി വിട്ടു വീഴ്ചകളും മയപ്പെടുത്തലുകളും ഇല്ലാതെ ഇത്തരം ഒരു സിനിമ എടുത്തത് വലിയ ഒരു ധൈര്യമാണെന്ന് പറയേണ്ടി വരുന്നത് അത് കൊണ്ടാണ്.

സിനിമയിലെ വലിയ തലയും ഉറക്കാത്ത ദൃഷ്ട്ടിയും ഉള്ള എന്‍ഡോസൾഫാൻ ഇരകളുടെ കാഴ്ചകൾ നമ്മളെ വല്ലാതെ അലോസരപ്പെടുത്തും. വലിയ ഒരു സമരത്തിനൊടുവിൽ എന്‍ഡോസൾഫാൻ നിരോധിക്കപ്പെട്ടു വീണ്ടും പൂ വിരിയുന്ന പൂമ്പാറ്റകൾ വരുന്ന ഒരു നാടിന്റെ പ്രതീക്ഷകളെ തുറന്നു തരുമ്പോഴും ഇപ്പോഴും തലമുറകളിലേക്ക് വ്യാപിക്കുന്ന ദുരന്തങ്ങളെ ഓർമിപ്പിച്ചു കൊണ്ട് തന്നെയാണ് സിനിമ അവസാനിക്കുന്നത്. വലിയ ചിറകുള്ള പക്ഷികളുടെ ഭാഗമായി പ്രവർത്തിച്ച എല്ലാവരും സ്വന്തം റോളുകൾ ഭംഗിയായി ചെയ്തു എന്ന് ചുരുക്കം ഈ സിനിമയെ പറ്റി ഒറ്റ വാചകത്തിൽ.

അന്തർദേശിയ വേദികളിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിട്ടും ഡോക്റ്റർ ബിജു സമാന്തര സിനിമയിലെ എണ്ണപ്പെട്ട സംവിധായകൻ ആയിട്ടും ഈ സിനിമ കാണാനുള്ള വമ്പൻ ആഹ്വാനങ്ങൾ ഒന്നും സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടില്ല. അസ്തിത്വ ദുഖത്തിന് ഉത്തരം കിട്ടാതെ നടക്കുന്നവര്‍ക്കെ സമാന്തര സിനിമയിലും ഡിമാന്‍ഡ് ഉള്ളൂ എന്ന് തോന്നുന്നു.

തിയറ്ററിൽ പോയി കാണാൻ പറ്റുന്നവരെല്ലാം ഈ സിനിമ ധൈര്യമായി പോയി കാണണം. എന്‍ഡോസൾഫാൻ എന്ന് വലിയ തലകൾ ഉള്ളവരെ കളിയാക്കി വിളിക്കുന്നവർ, മുഖ്യധാരാ സിനിമയും സമാന്തര സിനിമയും ഇഷ്ടപ്പെടുന്നവർ, ഏതെങ്കിലും ഒന്നിനോട് പുച്ഛമുള്ളവർ..എല്ലാവരും കാണണം. നമ്മളിരിക്കുന്ന സുരക്ഷിത താവളങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ കുറച്ച് നേരത്തേക്കെങ്കിലും ഇങ്ങനെ ചില നിസ്സഹായർ നമുക്കിടയിൽ ജീവിച്ചു മരിക്കുന്നുണ്ട് എന്ന് ഓർക്കാൻ വേണ്ടി. 

കെ ജി ശങ്കരപിള്ളയുടെ മധുരാജിനു സമർപ്പിച്ച ഒരു കാസർകോട് വിചാരം എന്നാ കവിത ഇങ്ങനെ അവസാനിക്കുന്നു. 

”ഇന്നിവിടെ
വിഷമഴ നനഞ്ഞ്
തല ചീർത്ത്
ബോധം ചുരുണ്ട്
ഭാഷ കുരുടിച്ച്
ദൃഷ്ടി കോടി
വർഷങ്ങളായി എട്ടു വയസ്സുകാരിയായി
ദുർഗ്രഹയായി
ഞാനിരിക്കുന്നു തനിച്ച്
എന്റെ നേരത്തിന്റെ മണ്‍തിണ്ണയിൽ
കാസർകോട്ടെ നല്ല ചിരികൾ
തിരിച്ചു വരുന്നത് കാണാൻ”

അങ്ങനെ ഇല്ലാതായി പോയതും മടങ്ങി വരുന്നതുമായ നല്ല ചിരികളെ കാണാൻ നമുക്ക് തിയറ്ററിൽ പോകാം.

വാൽകഷണം: തിയറ്ററിൽ വെള്ളിയും ശനിയും രണ്ടു ഷോകൾ മാത്രം കഴിഞ്ഞപ്പോൾ തന്നെ വലിയ ചിറകുള്ള പക്ഷികൾ മാറിപ്പോയി. കാണാൻ പോയ, പോകാനുദ്ദേശിക്കുന്ന പലർക്കും സമാനാനുഭവം. ആള് കുറവാണെന്ന് തീയറ്ററിൽ നിന്നുള്ള വിശദീകരണം..ഈ അനുഭവത്തിനു മുന്നിൽ പക്ഷെ ഞാൻ നിസ്സഹായയാണ്. 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍