UPDATES

സിനിമ

വലിയ ചിറകുള്ള പക്ഷികള്‍; അവാര്‍ഡല്ല, ലക്ഷ്യം രാഷ്ട്രീയ ഇടപെടല്‍-ഡോ. ബിജു

Avatar

ഡോ. ബിജു

എൻഡോസൾഫാൻ വിഷയത്തിൽ ഒരു സിനിമ ചെയ്യുവാൻ തീരുമാനിച്ചപ്പോൾ തന്നെ ആ വിഷയം വൈകാരികമായല്ല അവതരിപ്പിക്കേണ്ടത്‌ എന്ന് ഉറപ്പിച്ചിരുന്നു. ഒരു ജനതയുടെ മേൽ 30 വർഷത്തോളം സ്വന്തം ഭരണകൂടം വിതച്ച കൊടും ദുരന്തം ആണത്‌. ആ വിഷയത്തിലെ ഭരണകൂടങ്ങളുടെ അനാസ്ഥയും കോർപ്പറേറ്റ്‌ ഇടപെടലുകളുടെ ഗൂഡാലോചനകളും രാഷ്ട്രീയവും ജനങ്ങളുടെ സമരവും ചെറുത്തു നിൽപ്പുകളും സഹനവും ചരിത്രവും ഒക്കെ കൃത്യമായി രേഖപ്പെടുത്തുന്ന ഒരു ചിത്രം ആകണം അത്‌ എന്നു നിർബന്ധമുണ്ടായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട 30 വർഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു രാഷ്ട്രീയ ചിത്രം നിർമ്മിക്കുമ്പോൾ അതിൽ വൈകാരികത ഒട്ടും കടന്നു വരരുത്‌ എന്ന് തീരുമാനിച്ചു തന്നെയാണു ആ സിനിമ ചെയ്തത്‌. അതു കൊണ്ടു തന്നെയാണു വസ്തുതകളും യഥാർത്ഥ ആളുകളും യുണൈറ്റഡ്‌ നേഷൻ കോൺഫറൻസും ഒക്കെ കടന്നു വരുന്ന ചിത്രത്തിനു അതുകൊണ്ടു തന്നെയാണു ഡോക്ക്യു ഫീച്ചർ സ്വഭാവത്തിൽ ആ സിനിമ ചെയ്തത്‌. ഒരു പക്ഷെ മലയാളത്തിലെ ആദ്യ ഡോക്യു ഫീച്ചർ സിനിമയും വലിയ ചിറകുള്ള പക്ഷികൾ ആയിരിക്കണം.

എൻഡോസൾഫാൻ വിഷയം സിനിമ ആകുമ്പോൾ പ്രേക്ഷകനെ രസിപ്പിക്കുകയല്ല മറിച്ച്‌ ആ സിനിമ കൊണ്ട്‌ ഒരു ജനതയ്ക്കു എന്ത്‌ ഉപകാരമുണ്ടാകും എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അവാർഡുകളോ തിയറ്റർ വിജയമോ ലക്ഷ്യമിട്ടല്ല ഞങ്ങൾ ഈ വിഷയം സിനിമയ്ക്കായി ഏറ്റെടുത്തത്‌. ഒരു സാമൂഹിക വിഷയം ഒരു കലാരൂപത്തിനായി ഏറ്റെടുക്കുമ്പോൾ ആ കലാരൂപം കൊണ്ട്‌ എന്തെങ്കിലും മാറ്റങ്ങൾ ആ വിഷയത്തിൽ ഉണ്ടാക്കാൻ സാധ്യമാകണം എന്നാണു ഞാൻ വിശ്വസിക്കുന്നത്‌. ആ വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകുവാൻ ആ കലാസൃഷ്ടി സഹായകമാകണം. ദുരന്തം അനുഭവിക്കുന്ന ഒരു ജനതയ്ക്ക്‌ ഉപകാരമുണ്ടാകുവാൻ സാധിക്കണം. ഏറ്റവും ശക്തമായ തരത്തിൽ യാതൊരു വിട്ടു വീഴ്ചകളും ഇല്ലാതെ ആ വിഷയത്തെ സിനിമയാക്കുക എന്നതാണു അതിനു ചെയ്യേണ്ടത്‌ . അതാണു ഞങ്ങൾ ചെയ്തത്‌ എന്ന് ഉറച്ചു വിശ്വസിക്കുന്നു.. വലിയ ചിറകുള്ള പക്ഷികൾ എൻഡോസൾഫാൻ വിഷയത്തിൽ ഒട്ടേറെ ഇടപെടലുകളും മറ്റങ്ങളും സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്‌ എന്നത്‌ ഞങ്ങൾക്ക്‌ അഭിമാനമുണ്ട്‌.

ഈ സിനിമയുടെ ചിത്രീകരണം തുടങ്ങി കഴിഞ്ഞാണു കാസർഗോട്ട്‌ അമ്പലത്തറ കുഞ്ഞികൃഷ്ണേട്ടന്റെയും അംബികാസുതൻ മാഷിന്റെയും അമ്പലത്തറ മുനീസയുടെയും ഒക്കെ നേതൃത്തത്തിൽ എൻഡോസൾഫാൻ ഇരകളായ കുഞ്ഞുങ്ങൾക്ക്‌ ഒരു പുനരധിവാസ ഗ്രാമം എന്ന ആലോചന ഉണ്ടാകുന്നത്‌. അതിനു മുന്നോടിയായി ഒരു ഡേ കെ യർ സെന്റർ ആരംഭിക്കാം എന്ന് ആശയം രൂപപ്പെട്ടു. ആദ്യ ആലോചനാ യോഗത്തിൽ ഞാനും പങ്കാളി ആയിരുന്നു. എന്തായാലും നമ്മളിങ്ങനെ ഒരു കേന്ദ്രം തുടങ്ങുന്നു ബാക്കി വരുന്നിടത്തു വെച്ച്‌ കാണാം എന്ന ആത്മവിശ്വാസമാണു ഞാൻ അന്ന് അവിടെ പ്രകടിപ്പിച്ചത്‌. വലിയ ചിറകുള്ള പക്ഷികളുടെ നിർമാതാവ്‌ ഡോക്ടർ. എ.കെ.പിള്ള ഈ പകൽ വീടിന്റെ ആരംഭ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ നൽകുകയുണ്ടായി. പിന്നീടു കുറേ ഏറെ സുമനസ്സുകളുടെ കൂടി സഹായത്തോടെ സ്നേഹ വീട്‌ എന്ന ഞങ്ങളുടെ സ്വപ്നം എളിയ തോതിൽ ആരംഭിച്ചു. ആ സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ കുഞ്ചാക്കോ ബോബൻ ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യൻ എന്ന നിലയിൽ കാസർഗോട്ടെ ദുരന്ത കാഴ്ചകളും എൻഡോസൾഫാൻ ഇരകളായ കുഞ്ഞുങ്ങളെയും അമ്മമാരെയും നോക്കി കാണുകയായിരുന്നു. ഈ സിനിമയ്ക്കു ശേഷം ഒരു നടൻ അല്ലെങ്കിൽ താരം എന്നതിനപ്പുറമുള്ള ഇടപെടലുകളാണു കുഞ്ചാക്കോ ബോബൻ പിന്നീട്‌ നടത്തിയത്‌.
ഒരു ടെലിവിഷൻ ചാനലിൽ സുരേഷ്‌ ഗോപി നയിക്കുന്ന കോടീശ്വരൻ എന്ന പരിപാടിയിൽ സ്നേഹവീട്ടിലെ അംഗങ്ങളോടൊപ്പം പങ്കെടുത്ത്‌ ലഭിച്ച 5 ലക്ഷം രൂപ സ്നേഹവീടിന്റെ പ്രവർത്തനങ്ങൾക്കായി ചാക്കോച്ചൻ നൽകി. സ്നേഹവീടിന്റെ പ്രവർത്തനങ്ങൾ അങ്ങനെ കൂടുതൽ വിപുലമായി. പിന്നീട്‌ അമ്പലത്തറയിലെ കസ്തൂർബാ മഹിളാ സമാജം സ്നേഹവീടിനു സ്വന്തം കെട്ടിടം എന്ന സ്വപ്നത്തിനായി കുറച്ചു സ്ഥലം സൗജന്യമായി നൽകി. എൻഡോസൾഫാൻ ദുരിത ബാധിതരുടെ കാര്യത്തിൽ വലിയ സഹായങ്ങൾ നൽകുന്ന നടൻ സുരേഷ്‌ ഗോപി സ്നേഹവീടിനു കെട്ടിടം വെയ്ക്കുന്നതിനായി സഹായം നൽകി.

വലിയ ചിറകുള്ള പക്ഷികൾ സിനിമയുടെ ആദ്യ പ്രദർശനം നടന്നത്‌ ജനീവയിലെ യുണൈറ്റഡ്‌ നേഷന്റെ ആസ്ഥാനത്ത്‌ ആയിരുന്നു. ഈ വിഷയത്തിൽ ഒരു അന്തർദ്ദേശീയ ശ്രദ്ധയും പല രീതിയുലുള്ള ഇടപെടലുകളും ഈ വിഷയത്തിൽ ലഭിക്കാൻ ഇതിലൂടെ സാധ്യമായി. ജക്കാർത്തയിൽ നിന്നും ലഭിച്ച അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പൂരസ്കാരവും ചിത്രത്തെയും ഈ വിഷയത്തെയും കൂടുതൽ അന്തർ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടു വന്നു. തുടർന്ന് ചിത്രം ഇന്ത്യൻ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ദേശീയ ശ്രദ്ധയും ലഭിച്ചു. ചിത്രത്തിന്റെ കേരളത്തിലെ അന്തർ ദേശീയ ചലച്ചിത്ര മേളയിലെ പ്രദർശനം കാണാൻ സഖാവ്‌ വി.എസ്സ്‌ തന്നെ എത്തിയത്‌ ആവേശോജ്വലമായ ഒരു മുഹൂർത്തം ആയിരുന്നു. സിനിമ ഒരു ജനകീയ സമരം കൂടി ആയി മാറിയതിന്റെ നേർക്കാഴ്ച ആയിരുന്നു ആവേശ്വോജ്വലമായ ആ പ്രദർശനം. പിന്നീട്‌ കാസർഗോട്ടെ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടേറിയേറ്റിന്റെ നടയിൽ പട്ടിണി സമരത്തിനിരുന്നപ്പോഴും ഞങ്ങൾ അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു. സമരത്തിനായുള്ള ഡി.വൈ.എഫ്‌.ഐ.യുടെ സാമ്പത്തിക സഹായം സഖാവ്‌.ടി.വി.രാജേഷും സ്വരാജും നൽകുമ്പോൾ എന്റെ കൂടി സാനിദ്ധ്യം ഉണ്ടാകണം എന്ന സ്നേഹപൂർവമായ നിർബന്ധവും ഉണ്ടായി.

താരങ്ങളുണ്ടെങ്കില്‍ സിനിമ കൂടുതല്‍ ആളുകളിലെത്തും-ഡോ. ബിജു
ഭരണകൂട കുറ്റകൃത്യത്തെ വെല്ലുവിളിക്കുന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’

പിന്നീട്‌ ഈ സിനിമ കൊണ്ടുള്ള ഏറ്റവും വലിയ ഇടപെടലുണ്ടാകുന്നു. ഇന്ത്യൻ പനോരമയിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഡൽഹിയിൽ സിരി ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുന്നു. വലിയ ചിറകുള്ള പക്ഷികൾ സിനിമ കാണുവാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ സാർ എത്തുന്നു. സിനിമ കണ്ടതിനു ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ തൊട്ടടുത്ത ദിവസം എൻഡോസൾഫാൻ ഇരകളുടെ കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ കേരളാ ഗവണ്മെന്റിനോടു അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടു. ഇതിനു ശെഷമാണു സർക്കാർ പുനരധിവാസ ഗ്രാമം, ഇരകളുടെ നഷ്ട പരിഹാരം, ചികിൽസയ്ക്കായുള്ള ബാങ്ക്‌ ലോണുകൾ എഴുതി തള്ളൽ, മെഡിക്കൽ കോളേജിന്റെ ആരംഭ പ്രവർത്തനങ്ങൾ തുടങ്ങി പല വിഷയങ്ങളിലും അടിയന്തിരമായി ഇടപെട്ടു തുടങ്ങിയത്‌. സിനിമ സൃഷ്ടിച്ച അവബോധം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ കാര്യമായ ഒരു ചാലക ശക്തിയായിട്ടുണ്ട്‌.


അമ്മയുടെ ക്രിക്കറ്റ്‌ ടീം ശേഖരിച്ച 5 ലക്ഷം രൂപ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കൈമാറുന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, മുനീസ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവര്‍

സിനിമയ്ക്കു ശേഷവും ഈ വിഷയത്തിൽ ഞങ്ങൾ തുടർച്ചയായി ഇടപെട്ടു കൊണ്ടേ ഇരിക്കുകയാണു. ഏറ്റവും ഒടുവിൽ ഇന്ന് സ്നേഹവീടിനായി 5 ലക്ഷം രൂപ കൂടി കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ നൽകി. താര സംഘടനയായ അമ്മയുടെ ക്രിക്കറ്റ്‌ ടീം ശേഖരിച്ച 5 ലക്ഷം രൂപ കുഞ്ചാക്കോ ബോബന്റെ നിർദ്ദേശ പ്രകാരം സ്നേഹ വീടിന്റെ പ്രവർത്തനങ്ങൾക്കായി നൽകുകയായിരുന്നു. ഇന്നു വൈകിട്ട്‌ എറണാകുളത്ത്‌ വെച്ച്‌ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബനും ആസിഫ്‌ അലിയും മറ്റ്‌ സെലിബ്രിറ്റി ക്രിക്കറ്റ്‌ താരങ്ങളും ചേർന്ന് തുക കൈമാറി. സ്നേഹ വീടിനു വേണ്ടി അമ്പലത്തറ കുഞ്ഞികൃഷ്ണൻ ചേട്ടനും അമ്പലത്തറ മുനീസയും ഉൾപ്പെടെയുള്ളവർ ചേർന്ന് തുക ഏറ്റു വാങ്ങി. (കടുത്ത പനി കാരണം എനിക്കു ചടങ്ങിലെത്താൻ സാധിച്ചില്ല. സിനിമയുടെ സാങ്കേതിക പ്രവർത്തകരായ മറ്റ്‌ സുഹൃത്തുക്കൾ എൽദോയും ഒക്കെ പങ്കെടുത്തു)..നന്ദി പ്രിയ ചാക്കോച്ചൻ, ഒരു നടനു, താരം എന്നതിനപ്പുറം താൻ അഭിനയിച്ച സിനിമകളിലെ സാമൂഹിക വിഷയങ്ങളിൽ ഇങ്ങനെ തുടർച്ചയായി മനുഷ്യത്വപരമായ ഇടപെടലുകൾ ചെയ്യാൻ സാധിക്കും എന്നു വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നതിനു.

ഈ സിനിമയ്ക്ക്‌ ഒരു ലക്ഷ്യമുണ്ട്‌ അത്‌ കേവല പുരസ്കാരങ്ങളോ തിയറ്റർ വിജയമോ ഒന്നുമല്ല. ഞങ്ങൾ ഏറ്റെടുത്ത വിഷയത്തിൽ സാധ്യമായ എല്ലാ ഭാഗത്തു നിന്നുമുള്ള ഇടപെടലുകൾക്കായി വഴി ഒരുക്കുക എന്നതാണത്‌. 30 വർഷത്തെ ദുരിത ജീവിതം പേറുന്ന ഒരു ജനതയോട്‌ ഒപ്പം നിൽക്കലാണ്. അവർക്കു ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനുള്ള വഴി തുറക്കലാണ്. കേരളത്തിലെ ജീവിക്കുന്ന ഈ കീടനാശിനി ദുരന്തം നിരവധി അന്തർദ്ദേശീയ ചലച്ചിത്ര മേളകളിലൂടെ ലോകത്തെ പല രാജ്യങ്ങളിലും ചർച്ച ചെയ്യാൻ അവസരം ഒരുക്കലാണ്. ജനകീയ സിനിമ എന്നാൽ ഞങ്ങൾ ഉദ്ദേശിക്കുന്നത്‌ ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന സിനിമ എന്നതാണ്. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെറുതെങ്കിലുമായ ഇടപെടലുകൾ നടത്താൻ സഹായകമാകുന്ന സിനിമ എന്നതാണ്. എൻഡോസൾഫാൻ പോലെ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ഞങ്ങൾ അതു മാത്രമേ ചിന്തിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അതി വൈകാരികതയല്ല മറിച്ച്‌ ചരിത്രത്തോടും ജനതയോടും നീതി പുലർത്തലാണ് പ്രധാനം എന്നു ഞങ്ങൾ കരുതുന്നു. ഭരണകൂടത്തിന്റെ അനീതികളെയും കോർപ്പറേറ്റ്‌ ഇടപെടലുകളെയും തുറന്ന് കാണിക്കുകയാണു വേണ്ടത്‌ എന്ന് ഉറച്ചു വിശ്വസിക്കുന്നു. സിനിമയും ഒരു രാഷ്ട്രീയ ഇടപെടലാണു എന്നു ഉറക്കെ പ്രഖ്യാപിക്കുന്നു….

കാസർഗോട്ടെ എൻഡോസൾഫാൻ ഇരകളായ അമ്മമാരോടും കുഞ്ഞുങ്ങളോടുമൊപ്പം ഞങ്ങളും ഉണ്ടാകും അവസാനം വരേയും….

(ഡോ. ബിജു ഫേസ്ബുക്കിലിട്ട കുറിപ്പ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍