UPDATES

സിനിമ

താരങ്ങളുണ്ടെങ്കില്‍ സിനിമ കൂടുതല്‍ ആളുകളിലെത്തും-ഡോ. ബിജു

Avatar

ഡോ. ബിജു/രാംദാസ് എം കെ 

വലിയ ചിറകുള്ള പക്ഷികളില്‍ എന്തുകൊണ്ടാണ് താരത്തെ നായകനാക്കിയത്? സാധാരണ സമാന്തര സിനിമകളിലെയൊരു പൊതുരീതിക്ക് വ്യത്യസ്തമായി.. എന്തുകൊണ്ടാണ് അങ്ങനെ…?

ഞാനെന്റെ ആദ്യപടം തൊട്ടെ എക്സ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്‌ടേഴ്‌സിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ചെയ്യുന്ന പടങ്ങളെല്ലാം അത്യാവശ്യം ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ നോക്കുന്നതുകൊണ്ട്, സാധാരണ ആര്‍ട്ട് സിനിമക്കാര്‍ ആര്‍ക്കും പൈസ കൊടുക്കാതെ എല്ലാവരും കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമ എന്ന ഒരു കണ്‍സെപ്റ്റില്‍ നിന്നും മാറി, അത്യാവശ്യം എല്ലാവര്‍ക്കും അവര് ചെയ്യുന്ന വര്‍ക്കിന് പ്രതിഫലം കൊടുക്കുക എന്നതാണ് എന്‍റെ രീതി.  അപ്പോള്‍ അങ്ങനെയൊരു മുതല്‍ മുടക്കോടെയാണ് സിനിമ ചെയ്യുന്നത്. അപ്പോള്‍ കുറച്ച് കോസ്റ്റാകും. മിക്കവാറും സിനിമകള്‍ക്കും അല്‍പ്പം ബജറ്റാവുന്നുണ്ട്. ആ പണം തിരിച്ചു പിടിക്കേണ്ടതുണ്ട്. അതിന് നമ്മുടെ ഒരു നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഒരു ആര്‍ട്ടിസ്റ്റ് സഹകരിച്ചാല്‍ ഒരു ഡൊമസ്റ്റിക്ക് മാര്‍ക്കറ്റ് കൂടി നമുക്ക് കിട്ടും. സ്വതന്ത്ര സിനിമകളുടെ വലിയൊരു പ്രശ്‌നം നമ്മള്‍ ഒരു സിനിമയെടുത്തിട്ട് അടുത്ത സിനിമയിലേക്ക് പോകാന്‍ വലിയ സമയമെടുക്കും എന്നുള്ളതാണ്. പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടാക്കുക. വീണ്ടും അടുത്തൊരു പ്രൊഡ്യൂസറെ വിളിച്ചിട്ട് അയാള്‍ക്കും നഷ്ടമുണ്ടാക്കുക… അങ്ങനെ പടം ചെയ്യുന്നതില്‍ ഒരര്‍ത്ഥമില്ല. നല്ലൊരു സിനിമ ചെയ്യുമ്പോള്‍ നമ്മുടെ നിലപാടുകളില്‍ വിട്ടുവീഴ്ചയുണ്ടാക്കാന്‍ പാടില്ല. അതുപോലെ ആ സിനിമയ്‌ക്കൊരു വിപണി നമ്മള്‍ കണ്ടുപിടിക്കുകയും ചെയ്യണം. ആത്യന്തികമായി സിനിമ ഒരു ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമുള്ള ഒരു സാധനമാണ്. അതിനെ മറികടന്ന് നമുക്ക് ഒന്നോ രണ്ടോ സിനിമയൊക്കെ ചെയ്യാനാവും. അതില്‍ കൂടുതല്‍ വേണമെങ്കില്‍  മാര്‍ക്കറ്റിലൊരു സ്റ്റബിലിറ്റി ഉണ്ടായേ പറ്റൂ. അതിന് ഈ താരങ്ങള്‍ കുറച്ചൊക്കെ സഹായിക്കും. പക്ഷേ നമ്മളുടേതായ അഭിപ്രായങ്ങളോട് യോജിച്ചു നില്‍ക്കാന്‍ കഴിയുന്ന താരങ്ങളാണെങ്കില്‍ മാത്രം. അങ്ങനെയുള്ള താരങ്ങളെ വച്ചുമാത്രമേ ഞാന്‍ സിനിമയെടുക്കുകയുള്ളൂ. കുഞ്ചാക്കോ ബോബനായാലും അതിനുമുമ്പുള്ള ചിത്രങ്ങളിലെ സുരാജും പൃഥ്വിരാജും ഇന്ദ്രജിത്തും ഒക്കെ നമ്മുടെ ഒരു ആശയത്തോട് സഹകരിക്കാന്‍ തയ്യാറായത് സാമ്പത്തികമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിട്ടാണ്. കേരളത്തിലെ ഒരു രീതി അനുസരിച്ചിട്ട് അങ്ങനെ ഒരു ആക്ടര്‍ പാര്‍ട്ടിസിപ്പേഷനൊക്കെയുണ്ടെങ്കില്‍ സിനിമയ്ക്ക് പെട്ടെന്ന് ആള്‍ക്കാരിലേക്കെത്താന്‍ സാധിക്കും. തീയേറ്റര്‍ കിട്ടാനും വലിയ ബുദ്ധിമുട്ടുണ്ടാകുന്നില്ല. അത്തരം കാര്യങ്ങളെയൊക്കെ അത് ഹെല്‍പ്പ് ചെയ്യുന്നുണ്ട്. പക്ഷേ അത് നിര്‍ബന്ധമാണെന്നുമില്ല.  

ഈ സിനിമയില്‍ ഇത്തരമൊരു സമീപനം വളരെ പോസിറ്റീവായിട്ട് തന്നെയാണല്ലോ…

കാസര്‍ഗോഡിന് പുറത്തുള്ളവര്‍ എന്‍ഡോ സള്‍ഫാന്‍ എന്ന് കേട്ടിട്ടുണ്ടാവാം. പക്ഷേ എന്താണെന്നൊരു ധാരണയില്ല. ഇതിന്റെ ഭീകരതയെന്താണെന്നൊരു ധാരണയുണ്ടായിട്ടില്ല. സ്ഥിരം മാതൃഭൂമി വായിക്കുന്ന ആളുകള്‍ക്കും ഇത്തരം മീഡിയാ റിപ്പോര്‍ട്ട് ഫോളോ ചെയ്യുന്ന ആളുകള്‍ക്കുമല്ലാതെ… അവര്‍ക്കുപോലും ഇതിന്റെ ഒരു ഭാഗമേ അറിയാവൂ, ടോട്ടല്‍ റിയാലിറ്റി അറിയില്ല. പൊളിറ്റിക്കലോ സോഷ്യലോ ആയിട്ടുള്ള റിയാക്ഷന്‍ അറിയാമായിരിക്കാം. ഇത് കൂടുതല്‍ ആളുകളിലേക്കെത്തേണ്ടതായിട്ടുണ്ട്. ഇതുപോലൊരു സ്റ്റാര്‍ കാസ്റ്റ് കൂടി ഉണ്ടെങ്കില്‍ പെട്ടെന്നൊരു അട്രാക്ഷന്‍ ഉണ്ടാവും. ആളുകള്‍ക്ക് ഒന്ന് ശ്രദ്ധിക്കാനുള്ള താല്‍പ്പര്യമുണ്ടാവും. ഞാനാലോചിച്ചത് ഈ വിഷയം കൂടുതല്‍ ആളുകളിലേക്കെത്തുക. അതിന് സാധ്യമായിട്ടുള്ള എല്ലാം ഉപയോഗിക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ചെറിയ ചെറിയ വേഷങ്ങള്‍ തന്നെ ആര്‍ട്ടിസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. അവരിതിനോടുള്ള കമ്മിറ്റ്‌മെന്റോടു കൂടി തന്നെയാണ് ചെയ്തിട്ടുള്ളത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. സുരാജൊക്കെ ചെറിയ ചെറിയ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ഒരു സീനൊക്കെയാണ് അഭിനയിച്ച് പോയിട്ടുള്ളത്. പക്ഷേ കൂടുതല്‍ ആര്‍ട്ടിസ്റ്റുകള്‍ വരുമ്പോഴേ ഈ വിഷയം കൂടുതല്‍ ആളുകളിലേക്ക് നമുക്ക് സ്‌പ്രെഡ് ചെയ്യിക്കാന്‍ പറ്റൂ. ഇവരുടെയൊക്കെ ഒരു അറ്റന്‍ഷന്‍ ഉണ്ടാക്കാന്‍ പറ്റൂ. സിനിമ കഴിഞ്ഞും ഇവര്‍ക്കുവേണ്ടുന്ന കുറേ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. ചലച്ചിത്ര മേളയില്‍ വി.എസ് വന്നു. വി.എസ് ഈ വിഷയത്തില്‍ സജീവമായി ഇടപെടല്‍ നടത്തിയ ഒരാളാണ്. വി.എസ് ഈ സിനിമ കാണാന്‍ വരുന്നത് പൊതുസമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഷോ കാണാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ പ്രവര്‍ത്തകര്‍ വന്നു. കൂടുതല്‍ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അതിന്റെ ഒരു സപ്പോര്‍ട്ട് കിട്ടാനുള്ള സാധ്യത കാണുന്നുണ്ട്. ഇവര്‍ക്കൊരു റീഹാബിലിറ്റേഷന്‍ വില്ലേജുണ്ടാക്കുക എന്നൊക്കെയുള്ള വലിയൊരു ലക്ഷ്യം നമുക്കുണ്ട്. ഗവണ്‍മെന്റിനെ അക്കാര്യത്തിലേക്ക് ഇറക്കുവാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ താല്‍പ്പര്യമുള്ള ആള്‍ക്കാരെ സഹകരിപ്പിച്ചുകൊണ്ട് നമ്മള്‍ തന്നെ ഇന്‍ഷ്യേറ്റീവ് എടുത്ത് ചെയ്യാന്‍ പറ്റണം. അതിനായിട്ട് നമ്മള്‍ അവിടെ സ്‌നേഹവീട് എന്നൊരു സ്ഥാപനം തുടങ്ങി. അവര്‍ക്കാവശ്യമായ സപ്പോര്‍ട്ട് കൊടുക്കുന്നുണ്ട്. അതിപ്പോള്‍ ഗ്രാജ്വലി വലുതായി വരുന്നുണ്ട്. സിനിമ കഴിഞ്ഞും നമ്മള്‍ വിട്ടുപോകുന്നില്ല.  

വി.എസിനെ കുറിച്ച് സിനിമയില്‍ പറയുന്നുണ്ടല്ലോ…. അത് വിവാദത്തിലേക്ക് പോകില്ലേ…?

അത് ഒരു പക്ഷേ ചരിത്രമാണ്. ചരിത്രം അതേപടി തന്നെ ഡോക്യുമെന്റ് ചെയ്തിരിക്കുകയാണ്. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ ഉണ്ടായ സമയത്ത് അന്ന് ഈ വിഷയം അവിടെ ജനീവയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നിരാഹാരം അനുഷ്ഠിച്ചയാളാണ് വി.എസ് അത് ചരിത്രത്തില്‍ ഡോക്യുമെന്റായിട്ടുള്ളതാണ്. നമ്മള്‍ ക്രിയേറ്റ് ചെയ്ത ഒരു ഇന്‍സിഡന്റ് അല്ല അത്. ഇടതുപക്ഷത്തിന് അനുകൂലമായിട്ടുള്ള ഒരു കാര്യം ചെയ്യാനായിട്ട് നമ്മള്‍ ഒരു സീന്‍ ക്രിയേറ്റ് ചെയ്തതല്ല. ഒറിജിനലി നടന്ന കാര്യങ്ങള്‍ തന്നെയാണ്. അതുപോലെ തന്നെ നമ്മള്‍ വേറൊന്ന് ചിത്രീകരിക്കുന്നുണ്ട്. ഒരു മിനിസ്റ്റര്‍ ഇതിനെയൊക്കെ നിരാകരിക്കുന്നുണ്ട്. അതും ഇടതുപക്ഷത്തിന്റെ സമയത്തുണ്ടായ ഒരു മിനിസ്റ്ററാണ്. അതിനുമുമ്പുണ്ടായിരുന്ന കൃഷ്ണന്‍ കണിയാമ്പറമ്പില്‍ ആണത്. അത് ആ ചരിത്രം അറിയാവുന്നവര്‍ക്കറിയാം. ആരാണെന്ന് നമ്മള്‍ പറയുന്നില്ലെങ്കിലും. അതുകൊണ്ട് എന്‍ഡോ സള്‍ഫാന്റെ വിഷയത്തില്‍ കഴിഞ്ഞ 30 വര്‍ഷമായിട്ട് എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊക്കെ അതേപോലെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. അതിലൊന്നും നമ്മള്‍ വെള്ളം ചേര്‍ത്തിട്ടില്ല. അവസാനം മുഖ്യമന്ത്രി കാര്‍ നിര്‍ത്താതെ പോകുന്നുണ്ട്. അതും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. നമ്മള്‍ സിനിമയ്ക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത ഒരു സീനല്ല. വി.എസിന്റെ ഇടപെടല്‍ പരാമര്‍ശിക്കാതെ പോകുന്നത് നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ അത് ചരിത്രത്തോട് ചെയ്യുന്ന നീതിനിഷേധമാകും. 

ഡോക്യുഫിക്ഷന്‍ എന്ന് പറയാമോ?

ഇത് എങ്ങനെ പറയണമെന്ന് എനിക്കുമറിയില്ല. ഡോക്യുഫിക്ഷനാണോ? ഫിക്ഷനാണോ?  ഇതിനകത്ത് എല്ലാം വരുന്നുണ്ട്. സിനിമയ്ക്ക് എങ്ങനെ കൃത്യമായിട്ടൊരു പാറ്റേണ്‍ ഒന്നുമില്ലെന്നാണ് തോന്നുന്നത്. ജാഫര്‍ പനാഹിയൊക്കെ അങ്ങനെ സിനിമകള്‍ ചെയ്യുന്നുണ്ട്. ടാക്‌സി പോലും അങ്ങനെയാണ്. സിനിമ ഇങ്ങനെയെ പാടുള്ളുവെന്നത് മലയാളത്തില്‍ മാത്രമുള്ള ചില ശീലങ്ങളാണ്. അത് അട്ടിമറിക്കുകതന്നെ വേണം. ചില വിഷയങ്ങള്‍ സംബന്ധിച്ച്. ഇതിപ്പോള്‍ നമ്മള്‍ ഇരകളായ ആ കുട്ടികളുടെ ലൈവ് എടുക്കുന്നു. അങ്ങനെയല്ലാതെ ഇതെങ്ങനെ ചെയ്യാന്‍ പറ്റും നമ്മള്‍ക്ക്. ഒരു ക്യാമറയുമായിട്ട് നമ്മള്‍ ഇറങ്ങുകയാണ്. അവര്‍ എങ്ങനെ റിയാക്ട് ചെയ്യുന്നു അതനുസരിച്ച് തിരിച്ചും ആക്ടര്‍ റിയാക്ട് ചെയ്യുകയാണ്. ചില സമയത്ത് സിനിമയുടെ സ്ഥിരം പാറ്റേണ്‍ ഒക്കെ ബ്രേക്ക് ചെയ്യേണ്ടി വരും. 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍