UPDATES

സിനിമ

ഭരണകൂട കുറ്റകൃത്യത്തെ വെല്ലുവിളിക്കുന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’

Avatar

ഷെഫീദ് ഷെരീഫ്

‘കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമങ്ങള്‍ക്ക് ഒരു മഹായുദ്ധം കഴിഞ്ഞ യുദ്ധഭൂമിയോടാകും സാമ്യം…..

യുദ്ധത്തില്‍ മരിച്ചവരുടേതല്ല, മരിക്കാത്തവരുടെ ഊഴമാണ് ഇനി… അല്ലെങ്കില്‍ മരിച്ചു ജീവിക്കുന്നവരുടെ… മുറിവുണങ്ങാത്ത പ്രകൃതിയുടെയും…’

എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേയിങ്ങിന്റെ ഫലമായി ഒരു വലിയ പ്രദേശം മുഴുവന്‍ അജ്ഞാത രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം ലോകത്തിനു തുറന്നു കാട്ടിയ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ അനുഭവക്കുറിപ്പില്‍ എഴുതിയ വാക്കുകളാണിത്. വലിയ തലയും ചെറിയ ഉടലുമായി പിറന്ന സൈനബയുടെ ഒറ്റ ചിത്രം കൊണ്ട് നരകതുല്യമായ ജീവിതം പേറുന്ന സമൂഹത്തെ ആവിഷ്‌കരിച്ച മധുരാജിന്റെ ജീവിതമാണു ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന ചിത്രത്തിനാധാരം.

കാസര്‍ഗോഡ് ദുരന്തഭൂമിയുടെ കാണാക്കാഴ്ചകളിലേക്ക്, അല്ലെങ്കില്‍ ലോകമറിയാത്ത സത്യങ്ങളിലേക്കുള്ള സിനിമാസഞ്ചാരമാണു ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികള്‍’. അധികമാരും ധൈര്യം കാട്ടാത്ത ഭരണകൂട കോര്‍പ്പറേറ്റ് വ്യവസ്ഥിതികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു ചിത്രം. ‘സൈറ’, ‘രാമന്‍’, ‘വീട്ടിലേക്കുള്ളവഴി’തുടങ്ങിയ ചിത്രങ്ങളിലൂടെ മാനുഷികതയും, സാമൂഹികബോധവും, തീവ്രവാദവുമെല്ലാം സിനിമയുടെ രാഷ്ട്രീയ വിഷയമാക്കിയ ബിജു, പിന്നീടിറങ്ങിയ ആകാശത്തിന്റെ നിറം, പേരറിയാത്തവന്‍ തുടങ്ങിയവയില്‍ ശക്തമായ പാരിസ്ഥിതികബോധം അവതരിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ‘വലിയ ചിറകുള്ള പക്ഷികളി’ലൂടെ ഭരണകൂടം നടത്തിയ മാപ്പര്‍ഹിക്കാത്ത ഒരു കുറ്റകൃത്യത്തിന്റെ ഇരകളായി മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഒരു ജനതയെ തന്റെ സിനിമയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു, അവര്‍ക്കുവേണ്ടി സംസാരിച്ചിരിക്കുന്നു. കാസര്‍ഗോഡ് കുന്നുകളില്‍ അവസാനമായി വിഷമഴ പെയ്തതു രണ്ടായിരത്തിലാണ്. വ്യക്തികളും സന്നദ്ധസംഘടനകളും ചേര്‍ന്നു സര്‍ക്കാരിന്റെ അന്ധമായ ഒരു മെഷിനറിക്കുനേരെ ഏറ്റുമുട്ടി നേടിയ മനുഷ്യത്വത്തിന്റെ വിജയം. വലിയചിറകുമായി ആകാശത്തു വിഷംപെയ്തു കടന്നുപോകുന്ന ഹെലികോപ്ടര്‍ ഇന്നൊരു കഥയാകുമ്പോള്‍ വിഷം തീണ്ടിയ ഗ്രാമങ്ങളിലെ മണ്ണിന്റെയും മനുഷ്യരുടേയും ജീവിതം കഥയല്ല യാഥാര്‍ഥ്യമാകുന്നു. ആ യാഥാര്‍ഥ്യത്തെ തുറന്നുകാട്ടുകയാണ് ‘വലിയ ചിറകുള്ള പക്ഷികള്‍’. ആരംഭത്തില്‍ ‘ഈ ചിത്രത്തിനു ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നു’ സംവിധായകന്‍ എഴുതിക്കാട്ടുന്നതും ഇതിനാലാണ്. 

ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഫോട്ടോഗ്രാഫറുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. തന്റെ ജോലിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചിത്രമെടുക്കാന്‍ കാസര്‍ഗോ ഡെത്തുന്ന അയാള്‍ ദുരന്തഭൂമിയിലെ ഇരകളുടെ അവസ്ഥ കണ്ടു ഞെട്ടുന്നു. എന്‍ഡോസള്‍ഫാന്‍ അരൂപികളാക്കിയ കുരുന്നുകള്‍ ക്യാമറയുടെ ലെന്‍സിലൂടെ അയാളെ ഭയപ്പെടുത്തുന്നു. എന്നാല്‍ ആ കുരുന്നുകളുടെ ജീവിതാവസ്ഥ ലോകം അറിയണ്ടത് അനിവാര്യമായതിനാല്‍ ചിത്രങ്ങളെടുക്കുകയും നിസ്സഹായനായി നില്‍ക്കുകയും ചെയ്യുന്നിടത്ത് കഥാപാത്രത്തിന്റെ് മാനുഷിക ബോധം ഉണരുന്നു. അയാള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് അടുക്കുന്ന രംഗങ്ങള്‍ പ്രേക്ഷകനെ ചിത്രത്തോടു കൂടുതല്‍ അടുപ്പിക്കുന്നു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പ്രദേശത്തെ റേച്ചല്‍ കാര്‍സന്റെ ‘സൈലന്റ് സ്പ്രിംഗ്’ ലെ വരികള്‍ വായിച്ചു നെടുമുടി വേണുവിന്റെ് കഥാപാത്രം വിവരിക്കുന്നത് അനുയോജ്യമായ തെരഞ്ഞെടുപ്പാണ്. 

2005ലും ഫോട്ടോഗ്രാഫറായി അയാള്‍ കാസര്‍ഗോഡെത്തുന്നുണ്ട്. എന്നാല്‍ തന്റെ ആദ്യയാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങളിലെ മനുഷ്യരാരും ജീവിച്ചിരിപ്പില്ലയെന്ന വാസ്തവം അയാളെ വേട്ടയാടുന്നു. ഒരു ഫോട്ടോഗ്രാഫറിനും അപ്പുറം മനുഷ്യസ്‌നേഹിയായ അയാള്‍ ഇരകള്‍ക്കു വേണ്ടി പോരാടാനും ശ്രമിക്കുന്നുണ്ട്. കീടനാശിനികളുടെ യുണൈറ്റഡ് നേഷന്‍ കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ അതു നിര്‍മിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നവര്‍ വിസമ്മതിക്കുമ്പോള്‍ അയാളെടുത്ത ചിത്രങ്ങളാണ് മറ്റുള്ള രാജ്യങ്ങളോട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ സാക്ഷി പറയുന്നത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കേരളം കണ്ട പല സംഭവങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു. യുണൈറ്റഡ് നേഷന്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ദിവസം വി എസ് അച്ചുതാനന്ദന്‍ നടത്തുന്ന നിരാഹാര സമരവും കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ തീവ്രത അറിയിക്കാന്‍ പറയുന്നുണ്ട്. 

കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനി മേധാവിയുടെ കൈതട്ടി ഇന്ത്യ എന്നെഴുതിയ ബോര്‍ഡ് വീഴുകയും അതു തലകീഴായി എടുത്തുവെയ്ക്കുകയും ചെയ്യുന്നതു കാട്ടുന്നതിലൂടെ കോര്‍പ്പ റേറ്റുകളുടെ ഉപകരണങ്ങളായി മാറുന്ന ഭരണകൂടത്തെ രാഷ്ട്രീയമായി പ്രതീകവത്കരിക്കുന്നു.

പിന്നീടു സുപ്രീം കോടതിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി നടത്തുന്ന വാദപ്രതിവാദത്തിനിടയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരുന്നാല്‍ എന്തു നഷ്ടം സംഭവിക്കും എന്നു ചോദിക്കുന്നുണ്ട്. കമ്പനിക്കും സര്‍ക്കാരിനും വേണ്ടി വാദിക്കുന്നവര്‍ കോടികളുടെ നഷ്ടക്കണക്കു പറയുമ്പോള്‍, ‘വിലയുള്ള കുറേപാവങ്ങളുടെ ജീവനു നഷ്ടംസംഭവിക്കും’ എന്ന ഇരകള്‍ക്കുവേണ്ടിയുള്ള മറുപടി, ഭരണകൂട കോര്‍പ്പറേറ്റ് ബന്ധങ്ങള്‍ സാധാരണ മനുഷ്യനില്‍ നിന്നു ബോധപൂര്‍വം അടര്‍ത്തിയെടുക്കുന്ന അവകാശങ്ങളെക്കുറിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനാവശ്യം സാധാരണ ജനതയല്ല മറിച്ചു കുത്തക കമ്പനികളുടെയും ശതകോടീശ്വരന്‍മാരുടെയും താല്പര്യമാണെന്ന് ചിത്രത്തില്‍ പറയുന്നതിലൂടെ, ഗൗരവമേറിയ രാഷ്ട്രീയചിന്തയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഡോ.ബിജു മുന്നോട്ടുവെയ്ക്കുന്നത്.

2012ല്‍ വീണ്ടും കാസര്‍ഗോഡ് തിരിച്ചെത്തുന്ന ഫോട്ടോഗ്രാഫര്‍ അവിടെകാണുന്നത് ഒരുജനതയുടെ, അവരെ ഉള്‍കൊള്ളുന്ന പ്രകൃതിയുടെ മാറ്റമാണ്. അവിടെ അയാള്‍ തന്റെ ക്യാമറ ഇതുവരെ പകര്‍ത്തിയിട്ടില്ലാത്ത ദുരന്തഭൂമിയുടെ പുനര്‍ജീവനം പകര്‍ത്തുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയിലെ പ്രകൃതി മറ്റൊരു വസന്തത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നടത്തുന്ന അമ്മമാരുടെ നിരാഹാര സമരപന്തലിനു മുന്നിലൂടെ തിരിഞ്ഞുനോക്കാതെ കടന്നുപോയ മുഖ്യമന്ത്രിയുടെ നിലപാട്, ഇരകള്‍ക്കുവേണ്ടിയുള്ള തന്റെ സമരം അവസാനിചിട്ടില്ലായെന്നു അയാള്‍തിരിച്ചറിയുന്നു(‘എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മുന്നിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിച്ച മുഖ്യമന്ത്രിക്കൊരു തുറന്നകത്ത്’ എന്ന തലക്കെട്ടില്‍ മധുരാജ് എഴുതിയ ലേഖനം ഓര്‍ക്കുന്നു). ചിത്രമവസാനിക്കുന്നതു ഫോട്ടോഗ്രാഫറുടെ ആ തിരിച്ചറിവിലാണ്.

പ്രേക്ഷക വികാരത്തെ അതിജീവിക്കുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്. ഇരകളുടെ ചിത്രം പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറുടെ ക്യാമറയുടെ ലെന്‍സിലേക്ക് വരുന്ന അവ്യക്തമായ ചിത്രങ്ങള്‍, പ്രത്യേകിച്ചു സിനിമ അവസാനിക്കുന്ന രംഗം അയാള്‍ ക്യാമറയില്‍ കാണുന്നത് എന്‍ഡോസള്‍ഫാന്‍ ബാധിച്ചു മരിച്ച നിരവധി കുരുന്നുകളുടെ മൃതശരീരങ്ങള്‍ നിരത്തി വച്ചിരിക്കുന്ന കാഴ്ച്ചയാണ്. അതു വരെ പശ്ചാത്തലത്തില്‍ മുഴങ്ങിയ സംഗീതത്തിന് അന്നേരം അപ്രതീക്ഷിതമായ മറ്റൊരു ഭാവമുണ്ടാകുന്നു. സന്തോഷ് ചന്ദ്രന്റെ സംഗീത മികവു പ്രകടമാകുന്നത് ഈ നിമിഷമാണ്. തീയെറ്ററിന്റെ ഇരുട്ടു വിട്ടു പുറത്തേക്കിറങ്ങുന്ന പ്രേക്ഷകനെ ഈ രംഗവും സംഗീതവും വല്ലാതെ സ്വാധീനിക്കുമെന്നത് തീര്‍ച്ച. 

അഭിനേതാക്കളുടെ വന്‍ നിര കൊണ്ടുള ആഘോഷം ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന ചിത്രത്തിലില്ല. എന്നാല്‍ ചിത്രത്തിലുള്ള അഭിനേതാക്കളെല്ലാം അസാധ്യ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ ഫോട്ടോഗ്രാഫറെ മെയ്‌വഴക്കത്തിനപ്പുറം വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ അമ്പരപ്പിക്കുന്നുണ്ട്. നെടുമുടിവേണു, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, പ്രകാശ്ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അനുമോള്‍ തുടങ്ങിയവര്‍ ചിത്രത്തെ സമ്പന്നമാക്കി.

2001ലും 2006ലും 2012ലും കാസര്‍ഗോഡേക്കെത്തുന്ന ഫോട്ടോഗ്രാഫറുടെ കഥയ്ക്ക് സമാനമായി യുണൈറ്റഡ് നേഷന്‍ കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളും, അയാളുടെ ബാല്യകാലത്തിന്റെ ഫ്ലാഷ്ബാക്കും അവതരിപ്പിക്കുന്നതിലെ തിരക്കഥ വൈഭവം അഭിനന്ദാര്‍ഹമാണ്. മൂന്നു ഋതുക്കളില്‍ കാസര്‍ഗോഡ് എത്തുന്ന ഫോട്ടോഗ്രാഫറുടെ ജീവിതം പകര്‍ത്തിയ എം.ജെ രാധാകൃഷ്ണന്റെ ക്യാമറ കയ്യടി നേടുന്നു. 

അരാഷ്ട്രീയ സിനിമകളുടെ കുത്തൊഴുക്കില്‍ അരികു ചേരാതെ അകക്കാമ്പില്‍ ഗൗരവമേറിയ സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാന്‍ ധൈര്യം കാട്ടുന്നിടത്ത് സംവിധായകനായ ഡോ.ബിജുവും സിനിമയും പ്രേക്ഷക സംതൃപ്തി നേടുന്നു. നമ്മുടെ ബോധപൂര്‍വമായ നിശബ്ദതയില്‍ ജീവിതം നശിച്ച ഒരു സമൂഹത്തെ, അവരുടെ ജീവിതത്തെ അറിയുകയെന്ന സാമൂഹിക ബോധ്യത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘വലിയ ചിറകുള്ള പക്ഷികള്‍’… ഈ ചിത്രം നിങ്ങളെ വേട്ടയാടുമെന്നത് ഉറപ്പ്…

( മാധ്യമ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍