UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മറ്റ് മതങ്ങളിലുമുണ്ട് ശശികലമാര്‍; വല്ലപ്പുഴ ഉയര്‍ത്തിപ്പിടിക്കുന്നത് ഒരു മഹത്തായ മാതൃകയാണ്

Avatar

ഇന്ദു

എറണാകുളത്തിന്റെ കിഴക്കന്‍ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഒരു പിഎസ്‌സി കോച്ചിംഗ് സെന്ററില്‍ ക്ലാസ് എടുക്കാമോയെന്ന് ആവശ്യപ്പെട്ട് അധ്യാപകനായ ഒരു സുഹൃത്തിനെ സ്ഥാപനത്തില്‍ നിന്നും ചിലര്‍ ബന്ധപ്പെട്ടിരുന്നു. ചരിത്രം പഠിപ്പിക്കുകയാണ് ആവശ്യം. മറ്റു പലയിടങ്ങളിലും ക്ലാസ് എടുക്കാന്‍ പോകുന്നയാള്‍ എന്ന നിലയില്‍ ഈ ആവശ്യവും സ്വീകരിക്കാന്‍ സുഹൃത്തിനു മടി തോന്നിയില്ല. എന്നാല്‍ ആദ്യ ദിവസത്തെ ക്ലാസിനു മുമ്പായി കോച്ചിംഗ് സെന്ററിന്റെ നടത്തിപ്പുകാരില്‍ ചിലര്‍ സുഹൃത്തിന്റെ മുന്നില്‍ ചില ആവശ്യങ്ങള്‍ നിരത്തി. പഠിപ്പിക്കുന്ന ചരിത്രത്തില്‍ മുഗളന്‍മാരുടെ കഥകള്‍ വേണ്ട. ശിവജി ഉള്‍പ്പെടെയുള്ള ഭാരതീയരായ രാജാക്കന്മാരുടെ യുദ്ധവിജയങ്ങള്‍ പഠിപ്പിച്ചാല്‍ മതി. അതോടൊപ്പം മുസ്ലിം രാജാക്കന്മാര്‍ ഭാരതത്തില്‍ നടത്തിയ ദ്രോഹപ്രവര്‍ത്തനങ്ങളും കുട്ടികളോട് പറയണം. ആ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ തോന്നിയ സംശയത്തിനു പൂറമെ മറ്റൊരു പ്രത്യേകത കൂടി സുഹൃത്ത് അവിടെ ശ്രദ്ധിച്ചിരുന്നു; ക്ലാസില്‍ വരുന്ന കുട്ടികളൊന്നും പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷ എഴുതാനുള്ള പ്രായമെത്തിയവരല്ല. ഹൈസ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍.

ഓരോ ക്ലാസിനും ഓഫര്‍ ചെയതത് ആകര്‍ഷണീയമായ തുക ആയിരുന്നെങ്കിലും ഒരൊറ്റ ക്ലാസ് മാത്രമെ ആ സുഹൃത്ത് അവിടെ എടുത്തുള്ളൂ.

ഈ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ അധ്യാപകനായ ആ സുഹൃത്ത് പറഞ്ഞൊരു കാര്യമുണ്ട്; വിഷം പകര്‍ത്തി വയ്ക്കാന്‍ ഏറ്റവും നല്ല പാത്രങ്ങള്‍ കുട്ടികളുടെ തലച്ചോറുകളാണ്. അതു പകര്‍ന്നു നല്‍കാന്‍ മിടുക്കര്‍ ഞങ്ങളെ പോലുള്ള അധ്യാപകരും.

പാലക്കാട് വല്ലപ്പുഴ സ്‌കൂളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളാണ് മേല്‍പ്പറഞ്ഞ സംഭവം പെട്ടെന്ന് ഓര്‍മയില്‍ കൊണ്ടുവന്നത്. കെ പി ശശികല എന്ന അധ്യാപികയ്‌ക്കെതിരേ ആ സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധം അതീവഗൗരവതരമാണ്. അധ്യാപകര്‍ക്കെതിരേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. പക്ഷെ ഇവിടെ വിഷയം തന്റെ വിദ്യാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണാന്‍ കെ പി ശശികല ശ്രമിച്ചു എന്നതാണ്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി സ്‌കൂളും പ്രദേശവും പാകിസ്ഥാനുമായി താരതമ്യം നടത്തി പ്രസംഗിച്ചു എന്നതാണ് ശശികലയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. ഇതിനെ തുടര്‍ന്ന്‍ ശശികലയെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. ഇവര്‍ക്കു പിന്തുണയുമായി ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവന്നതോടെ രംഗം ചൂടുപിടിച്ചു. സ്‌കൂളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുക കൂടി ചെയ്തതോടെ വല്ലപ്പുഴ സ്‌കൂള്‍ അടച്ചിടേണ്ടി വന്നു. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന തരത്തിലേക്ക് പ്രശ്‌നം വഷളാകരുതെന്ന തീരുമാനത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍, താന്‍ സ്‌കൂളിനേയോ പ്രദേശത്തെയോ അപമാനിക്കാന്‍ വേണ്ടി ഒന്നും സംസാരിച്ചിട്ടില്ലെന്നും താന്‍ മുസ്ലിം വിരുദ്ധയല്ലെന്നും മുസ്ലിങ്ങളോട് ബഹുമാനമേയുള്ളൂവെന്നും വല്ലപ്പുഴ പാകിസ്ഥാന്‍ ആണ് എന്നു പറഞ്ഞത് നല്ല അര്‍ത്ഥത്തിലാണെന്നുമൊക്കെയുള്ള ശശികലയുടെ വിശദീകരണത്തില്‍ തൃപ്തരായി സര്‍വകക്ഷിയോഗം സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികളിലേക്ക് തിരിയുകയായിരുന്നു. മറ്റു വിഷയങ്ങളൊന്നും ഇടയില്‍ സംഭവിക്കുന്നില്ലെങ്കില്‍ വല്ലപ്പുഴ സ്‌കൂളിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുപോകും.

എന്നാല്‍ ക്ലാസ് മുറിയില്‍ തനിക്കു മുന്നിലിരിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്ന വസ്തുത മറന്ന് മുസ്ലിമാണോ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്നു തിരക്കി പോകുന്ന അധ്യാപകബുദ്ധി വിതയ്ക്കുന്ന നാശം വല്ലപ്പുഴയില്‍ ഉയര്‍ന്ന്‍ വല്ലപ്പുഴയില്‍ അവസാനിച്ചു എന്നു കരുതേണ്ട. കരിക്കുലം അജണ്ടകളില്‍ നിന്നും മാറി തന്റെ മതരാഷ്ട്രീയ ചിന്തകള്‍ വിദ്യാര്‍ത്ഥികളിലേക്ക് കുത്തിയിറക്കാന്‍ മടികാണിക്കാത്ത അധ്യാപകര്‍ ഏറെയുണ്ട്. അവര്‍ ക്ലാസ് മുറിയില്‍ വരുന്നത് ഭാഷാ അധ്യാപകരായോ ചരിത്രാധ്യാപകരായോ അല്ല, മറിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റായും മുസ്ലിം സംഘടന നേതാവായും ക്രിസ്ത്യന്‍ മതപ്രചാരകനായിട്ടൊക്കെ തന്നെയാണ്. പരസ്യമായ മതരാഷ്ട്രീയ പ്രവര്‍ത്തനം ക്ലാസ് മുറികളില്‍ നടത്താന്‍ ധൈര്യം കാണിക്കുന്ന അധ്യാപകര്‍ ഇവിടെയുണ്ടെന്നു തന്നെയാണ് പറയുന്നത്.

ഇതെഴുതുന്നയാളുടെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ക്ലാസിലുള്ള എല്ലാവരോടുമായി ചോദിച്ച ഒരു ചോദ്യം പ്രതി ഞങ്ങള്‍ കുട്ടികളില്‍ അംഗീകരിക്കാന്‍ പ്രയാസമുള്ളൊരു വാസ്തവം കയറിക്കൂടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മതം ഏതെന്നായിരുന്നു അധ്യാപകന്റെ ചോദ്യം. ഏതാണ്ട് ക്ലാസ് മുഴുവനായി അന്നുത്തരം പറഞ്ഞത് ഹിന്ദു മതം എന്നായിരുന്നു. കുറെ നേരത്തെ പൊട്ടിച്ചിരിക്കുശേഷമാണ് തന്റെ താടിയുഴിഞ്ഞുകൊണ്ട് ഞങ്ങളുടെ സാമൂഹ്യപാഠം സാര്‍ തന്റെ ചോദ്യത്തിനുള്ള ഉത്തരം സ്വയം പറഞ്ഞത്; ഇന്ത്യയില്‍ മാത്രമുള്ള മതം ലോകത്തിലെ ഏറ്റവും വലിയ മതമാകില്ല. ഇസ്ലാം മതത്തെ കുറിച്ചും നിങ്ങള്‍ പഠിക്കണം… ബാക്കിയെന്തായിരുന്നു അദ്ദേഹം പറഞ്ഞതെന്നു കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും പത്തിരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും കോഴിക്കോടന്‍ ചുവയില്‍ സംസാരിച്ചിരുന്ന ആ അധ്യാപകന്‍ ഓര്‍മയില്‍ നില്‍ക്കുന്നതിനു കാരണം ആ ചോദ്യം മാത്രമാണ്. അദ്ദേഹം പഠിപ്പിച്ച സാമൂഹ്യപാഠങ്ങളൊന്നും തന്നെയല്ല.

ഇതേ അധ്യപകന്റെ മറ്റൊരു രൂപത്തെ കുറിച്ചാണ് കൊല്ലത്തെ പ്രമുഖമായൊരു കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത്. കോറിഡോറിന്റെ തുടക്കത്തില്‍ വച്ചിരിക്കുന്ന മാതാവിന്റെ പ്രതിമയ്ക്കു മുന്നില്‍ കൈകൂപ്പിയില്ലെന്നത് വലിയ തെറ്റായി കണ്ട് തന്നെ ശാസിച്ച ആ അധ്യാപകനോട് ഗത്യന്തരമില്ലാതെ, എന്റെ മതവിശ്വാസങ്ങളില്‍ ഈ മാതാവിന് സ്ഥാനമില്ലെന്നു പറയേണ്ടി വന്നപ്പോള്‍ പകരം വന്ന മറുപടി, ഇവിടെ പഠിക്കണമെങ്കില്‍ മാതാവിനെയും കര്‍ത്താവിനെയും വണങ്ങണമെന്നായിരുന്നൂ. ഈ കാര്യം പറയുമ്പോള്‍ സുഹൃത്തിന്റെ വാക്കുകള്‍ വലിഞ്ഞു മുറുകിയയിരുന്നു. താന്‍ അപമാനിക്കപ്പെട്ടതിന്റെ വേദന മതവിശ്വാസിയായ അയാളില്‍ നിന്നും അപ്പോഴും വിട്ടുപോയിട്ടില്ലായിരുന്നു.

മതപാഠശാലകള്‍ ആവശ്യത്തിലധികം ഉള്ള നാട്ടില്‍ തന്നെയാണ് പൊതുവിദ്യാലയങ്ങളിലൂടെയും കുട്ടികള്‍ക്കായി അനാവശ്യ ചിന്തകള്‍ വിതരണം ചെയ്യുന്നത്. രാമനും റഹീമും ഒന്നാണെന്നു പറഞ്ഞു കൊടുക്കുന്ന ഗുരുക്കന്മാര്‍ നമുക്കിന്നില്ല, പകരം രാമനും റഹീമും രണ്ടാണെന്നു ബോധ്യപ്പെടുത്തുന്നവരാണ് കൂടുതല്‍ പേരും. അവരാല്‍ ശിക്ഷണം ചെയ്യപ്പെട്ട പുറത്തിറങ്ങുന്നവര്‍ ഹിന്ദുവായും മുസ്ലിമായും ക്രിസ്ത്യാനിയായും മാത്രമാണ് സമൂഹത്തില്‍ ജീവിക്കുന്നത്. പാകിസ്ഥാന്‍ എന്നത് ഒരു രാജ്യമാണന്നും അവിടെയും മതതീവ്രവാദത്തിന്റെ ഇരകളായി കോടിക്കണക്കിനു സാധാരണ ജനങ്ങള്‍ ജീവിക്കുന്നുണ്ടെന്നും ചിന്തിക്കാതെ തങ്ങള്‍ക്കെതിരേ എപ്പോഴും യുദ്ധം ചെയ്യുന്ന ഒരു കൂട്ടം മതതീവ്രവാദികളുടെ കേന്ദ്രമാണെന്ന തരത്തിലേക്ക് തലച്ചോറുകള്‍ സെറ്റ് ചെയ്തു വിടുകയാണ് ശശികലയെ പോലുള്ള അധ്യാപകര്‍ നടത്തുന്ന അധ്യാപനം. ശശികലയെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല, ശശികലയുടെ ക്രൈസ്തവ-മുസ്ലിം രൂപങ്ങളും സജീവമാണ്. പ്രതിഷേധം ഉയര്‍ത്തേണ്ടതും സമരം ചെയ്യേണ്ടതും ഇവര്‍ക്കെല്ലാം എതിരെയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും ഇവരെപോലുള്ള വിഷംകലക്കുകാര്‍ ഉണ്ടെന്നിരിക്കേ യാതൊരു തടസവുമില്ലാതെ ഇവര്‍ക്കു പ്രവര്‍ത്തിക്കാനുള്ള അവസരം സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളിലും കോളേജുകളിലും കിട്ടുന്നുണ്ട്. അവിടെയാണ് ശശികലയെപോലുള്ള പുളവന്‍മാര്‍ പത്തിയാട്ടുന്നത്. ആ പത്തിയാണ് കുറച്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു തല്ലിയൊടിച്ചത്. പക്ഷേ വിഷം ചീറ്റാന്‍ കഴിവുള്ളവരാണവര്‍. എപ്പോഴാണെങ്കിലും അതിനവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വല്ലപ്പുഴ ഒരു മാതൃകയായി നമുക്കവരെ നേരിടാന്‍ കഴിയണം.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍