UPDATES

സിനിമ

വള്ളീം തെറ്റി പുള്ളീം തെറ്റി (കറക്റ്റ് ടൈറ്റില്‍)

ഋഷി ശിവകുമാറിന്റെ കന്നിച്ചിത്രം ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ഓണ്‍ലൈന്‍ പ്രമോഷന്റെ സകല സാധ്യതകളും ഉപയോഗിച്ചുകൊണ്ടാണ് തിയെറ്ററുകളില്‍ എത്തിയത്. ന്യൂ ജനറേഷന്‍ പരസ്യ രീതികള്‍ നന്നായി തന്നെ സിനിമ പ്രയോഗിച്ചു. പഴയ ബേബി ശ്യാമിലി മലയാളത്തില്‍ ആദ്യമായി നായിക ആവുന്നതിന്റെ കൗതുകവും കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഗാനരംഗങ്ങളും ഗൃഹാതുരതകള്‍ നല്‍കിയ ട്രെയിലറും ഒക്കെ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ പ്രേക്ഷകരില്‍ നിറച്ചിരുന്നു.

ശ്രീദേവി ടാക്കീസ് എന്ന സി ക്ലാസ് തിയെറ്റര്‍, അവിടുത്തെ ഓപ്പറേറ്റര്‍ വിനയ ചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍). തീയെറ്റര്‍ ഉടമയും സിനിമാപ്രേമിയുമായ മാധവന്‍ (രഞ്ജി പണിക്കര്‍), മാധവന്റെ ഉപദേശിയായ നീറാശാന്‍ (മനോജ് കെ ജയന്‍) മറ്റു സൗഹൃദകൂട്ടങ്ങള്‍, വട്ടിപലിശക്കാരന്‍ (സുരേഷ് കൃഷ്ണ),അയാളുടെ മകള്‍ ശ്രീദേവി (ശ്യാമിലി), വിനയനും ശ്രീദേവിയുമായുള്ള പ്രണയം, അതിനു നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, പ്രതീക്ഷിതവും അപ്രതീക്ഷിതവും ആയി ഫ്രേമിലേക്കു കടന്നു വരുന്ന വില്ലന്മാര്‍. ഇതൊക്കെയാണ് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യുടെ പ്രധാന ചേരുവകള്‍. 1990 കളാണ് കഥാപശ്ചാത്തലം.

2010 നു ശേഷമാണ് ന്യൂ ജെനറേഷന്‍ തരംഗം മലയാളത്തില്‍ ശക്തമാവുന്നത്. ഗ്രാമ ജീവിതത്തില്‍ നിന്നും നഗരജീവിതത്തിലേക്കുള്ള സിനിമാക്കാഴ്ചകളുടെ പറിച്ചു നടല്‍ കൂടിയായിരുന്നു ഈ തംരഗത്തിന്റെ ആരംഭകാലത്ത് കണ്ടത്. സിനിമ കാഴ്ച്ചയുടെ കല ആണെന്ന് വിശ്വസിക്കുന്നവര്‍ ഇതിനു പിറകെ കൂടി. കൊറിയന്‍ (അല്ലെങ്കില്‍ മറ്റു വിദേശ ഭാഷ ചിത്രങ്ങളിലെ)കഥയും ഫ്രെയ്മുകളും മോഷ്ടിച്ച് ഒരു വിഭാഗവും പണ്ടത്തെ ഗ്രാമ്യ ഗൃഹാതുരതയില്‍ എടുത്ത സിനിമകളെ ആശ്രയിച്ച് മറ്റൊരു വിഭാഗവും എന്ന രീതിയില്‍ സിനിമ രണ്ടായി പകുത്തു. ഇടക്കാല ഹിറ്റ് സിനിമകളിലെ സ്വാഭാവിക ഹാസ്യത്തെ ന്യൂ ജെനറേഷന്‍ ആഖ്യാന രീതികളിലൂടെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ച ചിത്രങ്ങള്‍ ആണ് ‘കുഞ്ഞിരാമായണ’വും ‘മഹേഷിന്റെ പ്രതികാരവും’. ‘കുഞ്ഞിരാമായണം’ കേവലാനുകരണം മാത്രമായി ചുരുങ്ങിയപ്പോള്‍ മഹേഷ് അതില്‍ വിജയിച്ചു. ഏറിയും കുറഞ്ഞും ആ രീതിയില്‍ ഉള്ള ചിത്രമാണ് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’. സംവിധായകന്‍ 80കളുടെ അവസാനം മുതല്‍ 90കളുടെ പകുതി വരെയുള്ള മലയാള സിനിമകളുടെ പുനരാവിഷ്കരണം ആണ് ഉദ്ദേശിച്ചതെങ്കില്‍ അതില്‍ വിജയിച്ചിരിക്കുന്നു, അത്തരം സിനിമകളുടെ ആക്ഷേപഹാസ്യ രീതിയിലുള്ള അവതരണമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പ്രേക്ഷകര്‍ക്ക് മനസിലാവുന്നുണ്ടോ എന്ന് സംശയമാണ്. ഈ ആശയക്കുഴപ്പം തന്നെയാണ് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യുടെ വലിയ പരാജയം. ഗ്രാമം, ഉത്സവം, സിനിമ, പ്രേമം ഇതൊക്കെ ഉപയോഗിച്ച രീതി എന്താണെന്ന് ഒട്ടും വ്യക്തമല്ല.

സിനിമാ കൊട്ടക പ്രധാന കഥാപാത്രമായി വരുന്ന രണ്ടു സിനിമകളാണ് മലയാളത്തില്‍ പ്രശസ്തമായിട്ടുള്ളത്; ‘കന്യക ടാക്കീസും’ ‘പ്രാദേശിക വാര്‍ത്തകളും’. ‘കന്യകാ ടാക്കീസ്’ ‘സിനിമാ പാരഡീസൊ’ പോലെ ഒരു കാഴ്ച ആവശ്യപ്പെടുന്ന സിനിമയാണ്. ‘പ്രാദേശിക വാര്‍ത്തകള്‍’ ഒരു ജനകീയ സിനിമയാണ്. ‘വള്ളീ തെറ്റി പുള്ളീം തെറ്റി’യിലുള്ള കൊട്ടകയും ഫിലിം റീലും വില്ലന്റെ മകളോടുള്ള പ്രണയവും ‘ദേ പ്രാദേശിക വാര്‍ത്തകള്‍ പോലൊരു സിനിമ’ എന്ന ലേബല്‍ സിനിമക്ക് ചാര്‍ത്തി കൊടുക്കുന്നുണ്ട്. കൊട്ടകയോടും സിനിമയോടും ഉള്ള പ്രണയം പറയുന്ന രഞ്ജി പണിക്കരുടെ വികാരവിവശമായ ഡയലോഗ് 1983 ലെ രമേശന്‍ പറയുന്ന ‘ഒന്നും മോഹിച്ചല്ല ഞാന്‍ ക്രിക്കറ്റിനെ സ്‌നേഹിച്ചത്’ എന്ന് തുടങ്ങുന്ന ഡയലോഗിനെ വ്യക്തമായി ഓര്‍മിപ്പിച്ചു. പിന്നെ കയ്യടി പാകത്തിന് ‘വന്ദന’ത്തെയും ‘കോട്ടയം കുഞ്ഞച്ച’നെയും ഉപയോഗിക്കുന്നത് ഫാന്‍സിനെ തൃപ്തിപ്പെടുത്തിയേക്കാം.

സിനിമ ഇറങ്ങും മുന്നേ പാട്ടുകള്‍ ആളുകളില്‍ കൗതുകം ഉണ്ടാക്കിയിരുന്നു. പക്ഷെ പത്തു മിനിട്ടിനുള്ളില്‍ വന്ന മൂന്നു മുഴുനീളന്‍ പാട്ടുകള്‍ നമ്മുടെ ഇപ്പോഴത്തെ കാഴ്ചശീലങ്ങളോട് പൊരുത്തപ്പെടുന്നില്ല. വല്ലാതെ മടുപ്പുണ്ടാക്കുന്നുമുണ്ട്. കുഞ്ഞുണ്ണി എസ് കുമാറിന്റെ ക്യാമറ ഭംഗിയുള്ള കാഴ്ചകളാണ് തരുന്നത്. സിനിമ നല്‍കുന്ന ഏറ്റവും വലിയ നിരാശ ശ്യാമിലിയുടെ അഭിനയമാണ്. രണ്ടു വയസു മുതല്‍ ക്യാമറ കാണുന്ന ഒരാളാണ് ശ്യാമിലിയെന്ന് ഈ ചിത്രത്തിലെ ഒറ്റ ഫ്രെയിമില്‍ പോലും അവര്‍ ഓര്‍മിപ്പിക്കുന്നില്ല. മറ്റെല്ലാവരും വസ്ത്ര ധാരണം കൊണ്ട് രണ്ടു ദശാബ്ദം പിറകിലേക്ക് പോയപ്പോള്‍ ശ്യാമിലി 2016 ലെ പെണ്‍കുട്ടിയാണ്. ദളിത്/ സ്ത്രീപക്ഷ നോട്ടങ്ങളില്‍ രാഷ്ട്രീയ ശരികള്‍ ഒട്ടുമില്ല. ചൂഴ്ന്നു നോട്ടങ്ങളില്‍ പൊളിറ്റിക്കല്‍ ഇന്‍ കറക്റ്റ്‌നെസ് ഒരുപാടുണ്ട്. വമ്പന്‍ അടിതടകള്‍ ജയിക്കാത്ത നായകന്‍ പോസിറ്റീവ് ആയ കാഴ്ചയാണ്. ‘വന്ദനം’ മുതല്‍ ‘അനിയത്തി പ്രാവ്’ വരെയുള്ള പ്രണയസിനിമകളും സി ക്ലാസ്സ് തീയയെറ്റര്‍ അനുഭവവും പോസിറ്റീവ് ആണെങ്കിലും നിസ്സംഗമായ അനുഭവം ആണ് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍