UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: വാല്‍വെട്ടിത്തുറൈ കൂട്ടക്കൊലയും ഡല്‍റ്റ വിമാന ദുരന്തവും

Avatar

1989 ആഗസ്റ്റ് 2
വാല്‍വെട്ടിത്തുറൈയില്‍ ഇന്ത്യന്‍ സമാധാന സേന നടത്തിയ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ പ്രശ്‌നബാധിത മേഖലയായ ജാഫ്‌ന ഉപദ്വീപിലെ ഒരു ചെറിയ പട്ടണമാണ് വാല്‍വെട്ടിത്തുറൈ. 1989 ആഗസ്റ്റ് 2ന് അവിടെ ഇന്ത്യന്‍ സമാധാന സേന( ഐപികെഎഫ്) നടത്തിയ വെടിവപ്പില്‍ സാധാരണക്കാരായ 64 ശ്രീലങ്കന്‍ തമിഴര്‍ കൊല്ലപ്പെട്ടു. എല്‍ടിടിഇ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് ഇന്ത്യന്‍ സൈനികരും കൊല്ലപ്പെടുകയുണ്ടായി. 

ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം അഥവ എല്‍ടിടിഇ യെ അമര്‍ച്ച ചെയ്യാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ജെ. ജയവര്‍ദ്ധനയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഐപികെഎഫ് നെ ശ്രീലങ്കയിലേക്ക് അയക്കുന്നത്. എന്നാല്‍ വാല്‍വെട്ടിത്തുറൈ കൂട്ടക്കൊലയില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു.

അതേസമയം തങ്ങള്‍ പ്രത്യാക്രമണം മാത്രമാണ് നടത്തിയതെന്നായിരുന്നു ഇന്ത്യന്‍ സേനയുടെ പ്രതികരണം. ആഗസ്റ്റ് 2ന് വാല്‍വെട്ടിത്തുറൈയിലെ ജനത്തിരക്കേറിയ ചന്തയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സേനയ്ക്കു നേരെ എല്‍ടിടിഇ പതിയിരുന്നാക്രമണം നടത്തുകയായിരുന്നുവെന്നും അതിനെതിരെ സേന തിരിച്ചടിക്കുകയായിരുന്നുമെന്നാണ് ഇന്ത്യന്‍ സേനയുടെ വിശദീകരണം. ഈ വെടിവപ്പിലാണ് ജനങ്ങള്‍ കൊല്ലപ്പെട്ടത്ന്നും. 1990 മാര്‍ച്ചില്‍ ഐപികെഎഫ് നെ ഇന്ത്യ തിരിച്ചുവിളിച്ചു.

1985 ആഗസ്റ്റ് 2
ഡല്‍റ്റ എയര്‍ലൈന്‍സ് തകര്‍ന്ന് 137 മരണം

ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ വിമാന അപകടങ്ങളില്‍ ഒന്നായിരുന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് 191 എന്ന യാത്രാവിമാനം തകര്‍ന്നു വീണ സംഭവം. ഫ്‌ളോറിഡയിലെ ഫോര്‍ ലൗഡെര്‍ഡെയ്ല്‍-ഹോളീവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് ദുരന്തം സംഭവിക്കുന്നത്. 1985 ആഗസ്റ്റ് 2ന് ഉച്ചതിരിഞ്ഞുള്ള സമയത്തായിരുന്നു വിമാനം അപകടത്തില്‍പ്പെടുന്നത്.

ചുഴലിക്കാറ്റിന് സമാനമായ കാറ്റിലകപ്പെട്ടതാണ് വിമാനം തകര്‍ന്നു വീഴാനുണ്ടായ കാരണം. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഡള്ളാസ് ഫോര്‍ട് വര്‍ത്ത് വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം ഇറക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ലോക്ഹീഡ്-എല്‍-ട്രൈസ്റ്റാര്‍ വിഭാഗത്തില്‍പ്പെട്ട ഈ വിമാനം തകര്‍ന്നു വീണത്. മോശം കാലാവസ്ഥയും പൈലറ്റിന്റെ പിഴവും ദുരന്തത്തിന് കാരണമായി പറയുന്നുണ്ട്. എന്തായാലും ഈ ദുരന്തത്തോടെ ലോക്ഹീഡ്-എല്‍- ട്രൈസ്റ്റാര്‍ വിമാനങ്ങള്‍ പിന്‍വലിക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍