UPDATES

സിനിമ

വാനിഷിംഗ് ഐലന്റിന്‌ എം.എ. ബേബിയുടെ ശബ്ദം

കലാഭവന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ എം എ ബേബി ഇന്നലെ എത്തിയത് ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കുന്ന കലാകാരനായിട്ടായിരുന്നു. മണ്‍റോ തുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന `വാനിഷിംഗ് ഐലന്റ് എന്ന ഡോക്യുമെന്ററിക്കാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ശബ്ദം നല്‍കിയത്. മുങ്ങിത്താഴുന്ന ദ്വീപിന്റെ വിഹ്വലതകളുടേയും ദുരിതങ്ങളുടേയും നേര്‍ചിത്രം ലോകത്തിനു മുന്നില്‍ കൊണ്ടുവരാനാണ് ഇംഗ്ലീഷിലും മലയാളത്തിലും ഡോക്യുമെന്ററി ശ്രമിക്കുന്നത്. വീടുകള്‍ താഴ്ന്നു പോകുന്നതും , സാമ്പത്തിക ശേഷിയുള്ളവര്‍ വീടുപേക്ഷിച്ച് പോകുന്നതും മണ്‍റോ തുരുത്തിലെ കാഴ്ചയാണ് . മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സ്വന്തം മണ്ണ് ഉപേക്ഷിക്കുന്നവരുടെയും കഥയാണ് വാനിഷിംഗ് ഐലന്റിലൂടെ പറയുന്നത്. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനായ ഡി.ധനസുമോദ് ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. രാജ്യസഭാംഗം കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കേരള ശാസ്ത്ര പരിഷത്ത്‌ ഡല്‍ഹി ഫോറം, പീപ്പിള്‍സ് ഇന്‍ഷിയേറ്റീവ് ഫോര്‍ പ്രോഗ്രസീവ് എംപവറിങ് റീഫോം (പൈപ്പര്‍ ) എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി അണിയിച്ചൊരുക്കുന്നത്. എ. മുഹമ്മദ് ക്യാമറയും രാകേഷ് ശബ്ദലേഖനവും ബി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ആര്‍ .വി .റിഞ്ചു എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

22 മിനിറ്റ് ദൈര്‍ഘ്യമുള്ള മലയാളം ഡോക്യുമെന്ററി ഉടന്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തയാറെടുക്കുന്നത്. തിരിച്ചിറങ്ങാത്ത വെള്ളവും കൃഷി നാശവും ശുചീകരണ പ്രശ്‌നവും മണ്‍റോ തുരുത്തിനെ വിഷമ വൃത്തത്തില്‍ ആക്കിയിരിക്കുന്നു. സുനാമിക്ക് ശേഷമാണ് മണ്‍റോ തുരുത്തുകാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായത്. ഭൗമ പാളികള്‍ കൂട്ടിയിടിച്ചതാണെന്നും ആഗോള താപനത്തിന്റെ ഫലമായി കടല്‍ വെള്ളം ഉയരുന്നത് മൂലം ദീപ് മുങ്ങുന്നതാനെന്നും വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ജനങ്ങളെ കൂടി വിശ്വാസതിലെടുത്തുള്ള ശാസ്ത്രീയ പഠനം ഇനിയും നടത്തേണ്ടതുണ്ട്. മണ്‍റോ തുരുത്ത് നേരിട്ട് സന്ദര്‍ശിക്കാമെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ രാജ്യസഭാംഗം കെ എന്‍ ബാലഗോപാലിനു ഉറപ്പു നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍