UPDATES

വനിതാ സെല്‍ഫി; ഇവന്റ് മാനേജ്‌മെന്റിന് ഒരു മാരാരിക്കുളം മോഡല്‍

സംസ്ഥാനത്തെ സഹകരണ മേഖലയിലെ വനിതകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണിത്

‘വനിതാ സെല്‍ഫി’- ഇത് സെല്‍ഫിക്കാലത്തെ എന്തെങ്കിലുമാണെന്ന് തെറ്റിദ്ധരിക്കേണ്ട. വനിതകള്‍ക്ക് താങ്ങില്ലാതെ നില്‍ക്കാനുള്ള ഒരു വേദിയാണിത്. സാധാരണക്കാര്‍ക്കായി സാധാരണക്കാരായ സ്ത്രീകള്‍ തുടങ്ങിയ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്. എന്നും മാറ്റങ്ങള്‍ക്കായി നിന്നിട്ടുള്ള മാരാരിക്കുളം പഞ്ചായത്തിലെ കുടുംബശ്രീ വനിതകളുടെയും ഈ മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിന്റേയും പുതുവത്സര സമ്മാനം.

50 വയസ്സില്‍ താഴെയുള്ള 40 കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇവര്‍ ചേര്‍ന്ന് ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് തുടങ്ങി. ചുറുചുറുക്കോടെ കയ്യും മെയ്യും മറന്ന് അധ്വാനിക്കുന്നവരാവണം- അത് മാത്രമായിരുന്നു സംഘത്തിന്റെ റിക്രൂട്ട്‌മെന്റ് പോളിസി. അധ്യാപികയായ സുദര്‍ശന ഇങ്ങനെയൊരാശയം മുന്നോട്ട് വച്ചപ്പോള്‍ തന്നെ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് അതേറ്റെടുത്തു. തങ്ങള്‍ക്ക് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സഹകരണ ബാങ്ക് തയ്യാറായതോടെ സ്ത്രീകള്‍ മാത്രം അംഗങ്ങളായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന ആശയം യാഥാര്‍ഥ്യമായി.

ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശിങ്കാരി മേളക്കാര്‍ അങ്ങനെ വിവിധ ജോലികള്‍ ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ സംരംഭത്തിനായി ഒത്തു ചേര്‍ന്നു. ‘സംസ്ഥാനത്തെ സഹകരണ മേഖലയിലെ വനിതകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണിത്. പല ജോലികള്‍ ചെയ്യുന്നവര്‍ ഇതിലുണ്ട്. സംരംഭം തുടങ്ങിയപ്പോള്‍ തന്നെ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന 2000 പേര്‍ വന്ന കല്യാണത്തിന്റെ സദ്യ വിളമ്പല്‍ ജോലികള്‍ ഞങ്ങള്‍ക്ക് കിട്ടി. അത് ഗ്രൂപ്പിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും മുഴുവനായി ഏറ്റെടുത്ത് ചെയ്യാന്‍ കഴിവുള്ളവരാണ് ഇതിലെ സ്ത്രീകള്‍. ഞങ്ങള്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തും.വിവാഹമോ മറ്റ് ആഘോഷമോ എന്തുമാവട്ടെ, അത് ഭംഗിയായി നടന്നാല്‍ ഓരോ അംഗത്തിനും 400 രൂപയും യാത്രാ ചെലവും നല്‍കും. സംരംഭം വിജയിച്ചാല്‍ കൂലിയിലും വര്‍ധനവുണ്ടാവും.’ വനിതാ സെല്‍ഫിയുടെ കോ-ഓര്‍ഡിനേറ്ററായ സുദര്‍ശന ടീച്ചര്‍ പറഞ്ഞു.

സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് മെമ്പര്‍, ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ഈ സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ‘ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന ആശയം വന്നപ്പോള്‍ തന്നെ എറണാകുളത്ത് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന ഞങ്ങളുടെ സുഹൃത്ത് രാജീവിനെ കഞ്ഞിക്കുഴിയിലേക്ക് ക്ഷണിച്ചു. അദ്ദേഹം വനിതകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി. പിന്നീട് ഏഴ് ബാച്ചുകളിലായി കൈകാര്യം ചെയ്യേണ്ട വിവിധ മേഖലകളെക്കുറിച്ച് ക്ലാസ്സുകള്‍ നല്‍കി. ലീഡര്‍ഷിപ്പ് ട്രെയിനിങ്, കാറ്ററിങ്, ലോ-കോസ്റ്റ് ബ്യൂട്ടീഷന്‍ കോഴ്‌സ്… അങ്ങനെ എല്ലാം പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു. വനിതകളെ മാനസികമായി തയ്യാറാക്കുന്നതിന്റെ ഭാഗമായി കുങ്ഫു, കരാട്ടെ ക്ലാസ്സുകളും നല്‍കി’ – സുദര്‍ശന പറയുന്നു.

ഏപ്രില്‍ മാസം നടക്കുന്ന മൂന്ന് വിവാഹങ്ങളുടെ ഓര്‍ഡര്‍ ഇപ്പോള്‍ തന്നെ വനിതാ സെല്‍ഫിയ്ക്ക് ലഭിച്ചുകഴിഞ്ഞു. ആഘോഷങ്ങളെ അണിയിച്ചൊരുക്കാനുള്ള ഓര്‍ഡര്‍ ഇല്ലാത്തപ്പോഴും സെല്‍ഫി പ്രവര്‍ത്തകര്‍ വെറുതെയിരിക്കേണ്ടെന്നാണ് തീരുമാനം. മസാലപ്പൊടികളടക്കമുള്ള അടുക്കള പൊടികള്‍ ഉണ്ടാക്കി വന്‍തോതില്‍ വിപണനം നടത്താനാണ് ഇവര്‍ ആലോചിക്കുന്നത്. അതിനൊപ്പം കഞ്ഞിക്കുഴിയുടെ സ്വന്തം ജൈവപച്ചക്കറിയെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പാര്‍, അവിയല്‍ തുടങ്ങി കറികള്‍ക്കുള്ള പച്ചക്കറികള്‍ അരിഞ്ഞ് കവറിലാക്കി വില്‍പ്പന നടത്തുകയാണ് ലക്ഷ്യം. ആഴ്ചയില്‍ രണ്ട് ദിവസം ആലപ്പുഴ കളക്ട്രേറ്റിലെത്തി കവറിലാക്കിയ പച്ചക്കറികള്‍ വിതരണം ചെയ്യുന്നത് വഴി ഗ്രൂപ്പിന് മുന്നോട്ട് പോവാനുള്ള പണം സ്വരൂപിക്കാമെന്നാണ് അംഗങ്ങളുടെ പ്രതീക്ഷ. നാടന്‍ ഉത്പന്നങ്ങളുടെ സ്റ്റാളുകളിട്ട് ഉത്സവ സീസണില്‍ ലാഭം കൊയ്യാമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍