UPDATES

ട്രെന്‍ഡിങ്ങ്

രക്ഷാബന്ധനു വരാണസിയിലെ ചെറുപ്പക്കാര്‍ സഹോദരിമാര്‍ക്ക് കെട്ടികൊടുത്തത് രാഖിയല്ല, ശൗചാലയം

സ്വച്ഛത ബന്ധന്റെ ഭാഗമായാണ് വരാണസിയില്‍ ശൗചാലയ നിര്‍മാണം നടക്കുന്നത്

ഉത്തര്‍പ്രദേശിലെ വരാണസിയിലെ ഫൂല്‍പുര്‍ ഗ്രാമം. അവിടെയാണ് ദിലീപിന്റെ വീട്. ഇത്തവണ രക്ഷാബന്ധന്‍ ദിവസം ദിലീപ് തന്റെ സഹോദരി മുന്നിക്ക് കൈയില്‍ രാഖി കെട്ടികൊടുക്കുകയല്ല ചെയ്തത്, അതിലും വലിയൊരു സഹോദര സമ്മാനമായിരുന്നു; വീട്ടില്‍ സ്വന്തമായൊരു ശൗചാലയം.

ദിലീപിനെപോലെ നിരവധി യുവാക്കാള്‍ തങ്ങളുടെ സഹോദരമാര്‍ക്ക് വേണ്ടി വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുകയാണ്. അതവരുടെ ഉത്തരവാദിത്വമായി ഏല്‍പ്പിച്ചത് പിന്‍ഡ്ര ഗ്രാമസഭയാണ്. രക്ഷാബന്ധന്‍ ദിവസം എല്ലാവരും ശൗചാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നതായിരുന്നു നിബന്ധന. ഇതു പാലിക്കപ്പെടുന്നതോടെ മുന്നിയെ പോലെ നിരവധി സ്ത്രീകള്‍ക്ക് അവരുടെ സഹോദരന്മാരുടെ ‘രാഖി’യായി ശൗചാലയങ്ങള്‍ ലഭിക്കും.

സ്വച്ഛത ബന്ധന്‍ കാമ്പയിന്റെ ഭാഗമായാണ് ജില്ല ഭരണകൂടവും ഗ്രാമസഭകളുടെയും നേതൃത്വത്തില്‍ ശൗചാലയ നിര്‍മാണങ്ങള്‍ നടന്നത്. ശൗചാലയങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കുകയായിരുന്നു സ്വച്ഛത ബന്ധന്‍ കാമ്പയിന്‍. വരാണസിയുടെ ജില്ലയില്‍ എട്ടു ബ്ലോക്കുകളിലെയും ഓരോ ഗ്രാമങ്ങളിലും സ്വച്ഛത ബന്ധന്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് ദിലീപിനെ പോലുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ ഉള്ള സമ്പാദ്യം ഉപയോഗിച്ച് ശൗചാലയങ്ങളുടെ നിര്‍മാണം തുടങ്ങിയത്. രക്ഷാബന്ധന്‍ ദിവസം ശൗചാലയ നിര്‍മാണം പൂര്‍ത്തിയാക്കി സഹോദരിമാര്‍ക്ക് നല്‍കണമെന്നതായിരുന്നു നിബന്ധന. ഇതൊരു മത്സരംകൂടിയാണ്. ഭായ് നമ്പര്‍1 എന്ന പേരില്‍ നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ അധികൃതര്‍ നടത്തുന്ന പരിശോധനയിലൂടെ കണ്ടെത്തും. വിജയികള്‍ക്ക് സ്വച്ഛതാ രത്‌ന-2107 പുരസ്‌കാരം ലഭിക്കുമെന്നും ജില്ല ചീഫ് ഡവലപ്‌മെന്റ് ഓഫിസര്‍ സുനില്‍ കുമാര്‍ വര്‍മ അറിയിച്ചു. ഓരോ ബ്ലോക്കില്‍ നിന്നും രണ്ടു വിജയികളെ വീതം കണ്ടെത്തും ഓഗസ്റ്റ് 30 നു സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും സിഡിഒ പറയുന്നു.

മെഷീന്‍ ഓപ്പറേറ്ററായ ദിലീപ് പലയിടത്തു നിന്നായി സംഘടിപ്പിച്ച 15,000 രൂപ ഉപയോഗിച്ചാണ് ശൗചാലയ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഞങ്ങളെപ്പോലുള്ളവരെ സംബന്ധിച്ച് ഇതു വളരെ വലിയൊരു തുകയാണ്. പക്ഷേ എന്തുവന്നാലും ഈ രക്ഷബന്ധന്‍ ദിവസം എന്റെ സഹോദരിക്ക് ഒരു ശൗചാലയം നിര്‍മിച്ചു നല്‍കണമെന്നത് എന്റെ തീരുമാനമായിരുന്നു; ദിലീപ് പറയുന്നു.

അതേസമയം സഹോദരന്‍മാര്‍ ഇല്ലാത്തവരും ശാരീകമായും മറ്റും അവശകതകള്‍ അനുഭവിക്കുന്നവരുമായ സ്ത്രീകള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ സഹായമനസ്‌കരായ ആളുകളും രംഗത്തെത്തിയിരുന്നു. അതിനുദ്ദാഹരണമായിരുന്നു കാശി വിദ്യാപീഠ് ബ്ലോക്കില്‍പ്പെട്ട മഹേഷ്പൂര്‍ ഗ്രാമത്തിലെ സന്തോഷി ദേവിക്ക് ശൗചാലയം നിര്‍മിച്ചു നല്‍കുന്നത് ജില്ല മജിസ്‌ട്രേറ്റ് യോഗേശ്വര്‍ റാം മിശ്രയാണ്. സന്തോഷിയും ഭര്‍ത്താവ് രാജ് കുമാറും ശാരികവൈകല്യങ്ങള്‍ നേരിടുന്നവരാണ്. സിഡിഒ സുനില്‍ കുമാര്‍ വര്‍മയാണ് 74 കാരി മന്‍തോര ദേവിക്ക് ശൗചാലയം നിര്‍മിച്ചു നല്‍കുന്നത്. ഇതുപോലെ പല ഉദ്യോഗസ്ഥരും ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ടുവന്നിരുന്നു.

ഡിസംബര്‍ 31 ന് അകം ജില്ലയില്‍ 1.83 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നാണ് സിഡിഒ സുനില്‍ വര്‍മ പറയുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഒരു ദിവസം 47 ശൗചാലയങ്ങള്‍ എന്ന കണക്കിലായിരുന്നു ശൗചാലയ നിര്‍മാണങ്ങള്‍ നടന്നിരുന്നതെങ്കില്‍ കാമ്പയിനുകള്‍ ശക്തമാക്കിയതിനുശേഷം കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ദിവസേന 418 ശൗചാലയങ്ങള്‍ വീതം ജില്ലയില്‍ നിര്‍മാണം നടക്കുന്നുണ്ടെന്നും വര്‍മ പറയുന്നു. ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ ഉത്തര്‍പ്രദേശില്‍ ഏറ്റവും അധികം ശൗചാലയങ്ങള്‍ ഉള്ള ജില്ലയായി വരാണസി മാറുമെന്നും വര്‍മ പ്രതീക്ഷ പങ്കുവയ്ക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍