UPDATES

സിനിമ

ഞാനുറങ്ങാന്‍ പോകും മുമ്പായി…ഈ ക്രിസ്തീയഭക്തിഗാനത്തിനു പിന്നില്‍

Avatar

ഷിജു ആച്ചാണ്ടി

ഗപ്പി സിനിമയില്‍ രോഹിണിയുടെ കഥാപാത്രം ‘ഞാനുറങ്ങാന്‍ പോകും മുമ്പായി…’ എന്ന ഭക്തിഗാനം രണ്ടു വരി പാടുന്നുണ്ട്. ‘തൊമ്മന്റെ മക്കള്‍’ (1965) എന്ന സിനിമയില്‍ ഇതിന്റെ പൂര്‍ണരൂപമുണ്ട്. എന്നാല്‍ ഇത് ആ സിനിമയ്ക്കുവേണ്ടി വിരചിതമായ പാട്ടല്ല. ക്രൈസ്തവസഭയുടെ കോണ്‍വെന്റുകളിലും ഹോസ്റ്റലുകളിലും രാത്രിപ്രാര്‍ത്ഥനയ്ക്കു പാടാന്‍ പറ്റിയ പാട്ടുവേണമെന്ന ആവശ്യത്തെ തുടര്‍ന്നു വര്‍ഗീസ് ജെ മാളിയേക്കല്‍ രചിച്ച് ജോബ് മാസ്റ്റര്‍ (അല്ലിയാമ്പല്‍ കടവില്‍…) ഈണമിട്ട ഗാനമാണത്. എന്നാല്‍, തൊമ്മന്റെ മക്കളുടെ ഇതരഗാനങ്ങളുടെ ശില്‍പികള്‍ വയലാറും ബാബുരാജുമായതിനാല്‍ ഈ പാട്ടിന്റെ പിതൃത്വവും ചിലര്‍ അവര്‍ക്കു ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. പാട്ടെഴുത്തു പംക്തികാരനായ രവി മേനോന്‍ അടക്കം ഈ അബദ്ധം പിണഞ്ഞു.

വര്‍ഗീസ് ജെ മാളിയേക്കല്‍ 1918 ല്‍ കുട്ടനാട്ടില്‍ ജനിച്ചു. മലയാളം പണ്ഡിറ്റ് എന്ന വിദ്യാഭ്യാസയോഗ്യത നേടി തിരുമുടിക്കുന്ന് സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി ഇവിടെ വന്നു. 1952 ല്‍ ആയിരുന്നു അത്. പിന്നെ ഇതായിരുന്നു അദ്ദേഹത്തിന്റെ നാട്. പഠിപ്പിച്ച വിഷയം സ്വന്തം പേരും വീട്ടുപേരുമായി മാറും വിധം അദ്ദേഹം ഭാഷയെയും അദ്ധ്യാപനത്തെയും അത്രത്തോളം സ്‌നേഹിച്ചു. തിരുമുടിക്കുന്നുകാര്‍ക്ക് ‘മലയാളം മാഷ്’ എന്നു പറഞ്ഞാല്‍ അതു വര്‍ഗീസ് ജെ മാളിയേക്കല്‍ മാത്രമാണ്.

ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്തിന് അദ്ദേഹം അനശ്വരമായ സംഭാവനകള്‍ നല്‍കി. ഇന്നും ക്രൈസ്തവസമൂഹങ്ങളില്‍ ആലപിക്കപ്പെടുന്ന
അദ്ദേഹമെഴുതിയ ചില ഗാനങ്ങളിതാ:

* ആരാധിച്ചീടുന്നേഴ ഞാന്‍…
* സര്‍വേശ്വരാ വാഴുക..
* യേശുവിനാത്മാവേ…
* പാവനാത്മാവേ നീ വരേണമെന്‍, മാനസമണികോവിലില്‍…
*നിന്‍നാമം ഞങ്ങള്‍ പുകഴ്ത്തുന്നു ദൈവമേ…

പഴയ മട്ടിലുള്ള ഏതാനും വിരസഗാനങ്ങള്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന നാല്‍പതുകളിലും അമ്പതുകളിലുമാണ് അദ്ദേഹം ഭക്തിഗാനരചനാരംഗത്തേയ്ക്കു വരുന്നത്. സ്വന്തമായ ട്യൂണുകള്‍ ഇടുന്ന പരിപാടി അന്നില്ല. തിയേറ്ററിനു പുറത്തു കാത്തു നിന്ന് ഹിന്ദി സിനിമാപ്പാട്ടുകള്‍ കേട്ട് അവയുടെ ട്യൂണില്‍ എഴുതിയവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഗാനങ്ങള്‍. പിന്നീട് ലത്തീന്‍, സുറിയാനി ഭാഷകളിലുണ്ടായിരുന്ന കുര്‍ബാനയും ആരാധനാക്രമവും മലയാളത്തിലാക്കാന്‍ സഭ തീരുമാനിച്ചപ്പോള്‍ ലത്തീന്‍ സഭയ്ക്കു വേണ്ടി ഗാനങ്ങളൊരുക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം(സുറിയാനി വിഭാഗത്തില്‍ ഫാ.ആബേല്‍ വഹിച്ച ചുമതല).

ലത്തീന്‍ സഭയുടെ മൃതസംസ്‌കാരം, വിശുദ്ധവാരകര്‍മ്മങ്ങള്‍, വെഞ്ചരിപ്പ്, വേസ്പര തുടങ്ങിയവയ്ക്കായി നിരവധി ഗാനങ്ങള്‍ അദ്ദേഹം എഴുതി. ആകെ രണ്ടായിരത്തോളം ഗാനങ്ങള്‍. ഗ്രാമഫോണ്‍ റെക്കോഡുകള്‍ പോലും അത്യാഡംബരമായിരുന്ന പഴയ കാലത്തു തന്റെ ഗാനങ്ങള്‍ അച്ചടിച്ചു പുസ്തകങ്ങളാക്കി അവ ആശ്രമങ്ങളിലും മഠങ്ങളിലും പള്ളികളിലും ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കൊണ്ടു ചെന്നു പാടിപ്പഠിപ്പിച്ചു പുസ്തങ്ങള്‍ വിറ്റാണ് ആദ്യകാലങ്ങളില്‍ അദ്ദേഹം ഈ ഗാനങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. പിന്നീട് ജോബ്, ജോര്‍ജ്, എ എം രാജ, പി ലീല തുടങ്ങിയവരുമായി ചേര്‍ന്ന് റെക്കോഡുകളും പുറത്തിറക്കിയിട്ടുണ്ട്.

ഏതാനും നാടകങ്ങള്‍, നാടകഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെതായുണ്ട്. ഒരു ഗാനം സിനിമയില്‍ വന്നു പ്രസിദ്ധമായെങ്കില്‍ കൂടി സിനിമയില്‍ അദ്ദേഹത്തിന് തുടര്‍ന്ന് അവസരങ്ങള്‍ ലഭിച്ചില്ല. അതേ കുറിച്ചു നേരിട്ടദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. അക്കാലത്തു സിനിമയില്‍ വല്ലതും ചെയ്യണമെങ്കില്‍ മദ്രാസില്‍ പോയി താമസിക്കണം. സുരക്ഷിതമായ ജോലിയും കുടുംബപ്രാരബ്ധങ്ങളും വിട്ട് മദ്രാസില്‍ ഭാഗ്യാന്വേഷിയാകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹം കോണ്‍ഗ്രസിന്റെ കൊരട്ടി മണ്ഡലം പ്രസിഡന്റായും പണ്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്നു വിരമിച്ച ശേഷം ചാലക്കുടിയിലെ ഒരു പാരലല്‍ കോളേജില്‍ അദ്ദേഹം മലയാളം പഠിപ്പിക്കാന്‍ ചേര്‍ന്നു. ഏതാണ്ടു മരണം വരെയെന്നു വേണമെങ്കില്‍ പറയാം, ആ ജോലി അദ്ദേഹം തുടര്‍ന്നു.

കത്തോലിക്കാസഭയ്ക്കുവേണ്ടി ഇപ്രകാരമൊരു മൗലികസംഭാവന നല്‍കിയ വ്യക്തിത്വമാണെങ്കിലും സഭ അദ്ദേഹത്തിനു കാര്യമായൊരംഗീകാരം നല്‍കിയില്ല. 1998 ല്‍ കെ സി ബി സി യുടെ മാധ്യമ അവാര്‍ഡിന് അദ്ദേഹത്തെ പരിഗണിച്ചെങ്കിലും (ഇപ്പോള്‍ ഒന്നര സിനിമയിറക്കിയവര്‍ക്കൊക്കെ കൊടുക്കുന്ന അവാര്‍ഡാണ്) അതു സ്വീകരിക്കാന്‍ അദ്ദേഹം കാത്തു നിന്നില്ല. മരിച്ച് ഏതാനും ആഴ്ചകള്‍ക്കു ശേഷം അതൊരു മരണാനന്തരബഹുമതിയായി, അദ്ദേഹത്തിന്റെ പത്‌നി നിര്‍മല ടീച്ചര്‍ ഏറ്റുവാങ്ങി(സഭയുടെ മൊത്തത്തിലുള്ള ചരിത്രം പരിശോധിച്ചാല്‍ അത്രയ്ക്കങ്ങു താമസിച്ചെന്നു പറയാനില്ല).’1998 ഒക്ടാബര്‍ 29 നായിരുന്നു മാഷിന്റെ മരണം. മരിക്കാത്ത ഗാനങ്ങള്‍ മലയാളം മാഷിനു നിത്യസ്മാരകങ്ങളാകുന്നു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍