UPDATES

സിനിമ

സീരിയല്‍ ചുവയില്‍ പെയ്തിറങ്ങുന്ന വര്‍ഷം

Avatar

എന്‍. രവി ശങ്കര്‍

പഴയ മട്ടിലുള്ള ഒരു കുടുംബചിത്രമാണ് വര്‍ഷം. ചിത്രം മഴയില്‍ തുടങ്ങുകയും ഏതാണ്ട് അവസാനം മഴയുടെ ദൃശ്യം കാണിക്കുകയും ചെയ്യുന്നത് കൊണ്ടാവാം ഈ പേരിട്ടത്. എന്തായാലും, ഇയ്യോബിന് കേറുന്ന ജനമല്ല വര്‍ഷത്തിനു കേറുന്നത്. ഒരിടത്ത് പിള്ളേരുടെ തള്ളിക്കയറ്റം ആണെങ്കില്‍ മറ്റെയിടത്തു കുടുംബങ്ങളാണ് കേറുന്നത്. മമ്മൂട്ടി കുടുംബനാഥനായി വേഷമിടുന്നതും ഒരു കാരണമാവാം. പല പടങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള വേഷം ആയതു കൊണ്ട് മമ്മൂട്ടിക്ക് അധികം അധ്വാനം വേണ്ടിവരുന്നില്ല എന്ന് മാത്രം.

പല ആശകളും തലയില്‍വെച്ച് കെട്ടിയ ഒറ്റ മകന്‍ പെട്ടെന്ന് ഒരു രാത്രി ഉറക്കത്തില്‍ മരിച്ചു പോയാല്‍ ഉണ്ടാകാവുന്ന കാര്യങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു പണമിടപാട് സ്ഥാപനം നടത്തുന്ന വേണുവിനും നന്ദിനിയ്ക്കും ഇത് താങ്ങാനാവാത്ത ആഘാതമായിരുന്നു. ഇത്രയും ഭാഗം വളരെ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. നന്ദിനിയുടെ കഥാപാത്ര സൃഷ്ടിയിലെ അല്‍പ്പം കൃത്രിമത്വവും, വേലക്കാരി തുടങ്ങിയ ചില അയല്‍പ്പക്ക കഥാപാത്രങ്ങളുടെ അരോചകമായ പെരുമാറ്റങ്ങളും മാറ്റി നിര്‍ത്തിയിട്ടാണെങ്കിലും, ഒരു സീരിയലിന്റെ അല്‍പ്പത്തം ഒരു മേജര്‍ സിനിമയില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും, ടൈപ്പ് കഥാപാത്രങ്ങള്‍ നിരവധിയാണെങ്കിലും-മകന്റെ മരണം ഇതെല്ലാം പരിഹരിച്ചു നമ്മെ ഒരു നല്ല തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.

പക്ഷെ, പിന്നീട് വരുന്ന സംഭവവികാസങ്ങള്‍ ഇതിനെയെല്ലാം ദുര്‍ബലപ്പെടുത്തുന്നതാണ് നമ്മള്‍ കാണുന്നത്. അല്‍പ്പം ദുഷ്ടത്തരവും, സ്വാര്‍ഥതയുമൊക്കെ കൈവശമുണ്ടായിരുന്ന ആളായിരുന്നു വേണു (പലപ്പോഴും പ്രാഞ്ചിയേട്ടനുമായുള്ള സാദൃശ്യം വ്യക്തമാണ്. എല്ലാരും തൃശൂര്‍ ഭാഷ സംസാരിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും). മകന് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനായി അയാള്‍ സ്വയം തിരുത്താന്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട്. അതോടെ, ചിത്രം കുറെക്കൂടി ഗൗരവമുള്ള തലത്തില്‍ എത്തേണ്ടതിനു പകരം ബിസിനസ് ശത്രുത, അതിന്റെ ഉപജാപങ്ങള്‍, ചതികള്‍, തന്ത്രങ്ങള്‍ തുടങ്ങിയവയിലൂടെ സഞ്ചരിക്കുന്നതാണ് പിന്നെ കാണുന്നത്. എന്തിനു, ദൃശ്യ മാധ്യമങ്ങള്‍ വരെ അതിനായി ഉപയോഗിക്കപ്പെടുന്നു. രാഷ്ട്രീയക്കാരന്‍, ട്രേഡ് യൂണിയന്‍ നേതാവ്, മന്ത്രി, പണിമുടക്ക് തുടങ്ങിയ ഘടകങ്ങളൊക്കെ കടന്നു വരുന്നു. ഭാഗ്യത്തിന് പോലീസ് ഇല്ല!(ഈയിടെയായി രാഷ്ട്രീയക്കാരും പോലീസും കഴിഞ്ഞാല്‍ ദൃശ്യ മാധ്യമങ്ങളാണ് കേരളത്തിലെ പ്രധാന വില്ലന്മാര്‍ എന്ന അവസ്ഥ ഉണ്ട്). എല്ലാം തീരത്ത് അടുക്കുമ്പോള്‍, വേണു വിജയിക്കുകയും മനോരമ ന്യൂസിന്റെ ( വീണ്ടും മാധ്യമങ്ങളുടെ ഇടപെടല്‍!) മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വാങ്ങുകയും ചെയ്യുന്നു(ചില്ലറ ലോകല്‍ മാധ്യമങ്ങളും മനോരമയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ?).

ബെസ്റ്റ് ഓഫ് അഴിമുഖം

ഇയ്യോബും ബിരിയാണിയും; ഒരു ഡിസൈനര്‍ പടപ്പ്
ഞങ്ങളുടെ വീട്ടിലെ കോമാളികളും മന:ശാസ്ത്രത്തിന്റെ അന്ത്യകൂദാശയും
വ്യവസായി Vs വ്യവസായി: ഒരു ‘കത്തി’പ്പടം
മായയുടെ ഛായകള്‍
ടമാര്‍ പടാര്‍: അരിക് ജീവിതങ്ങളിലേക്ക് ഒരു മുഖ്യധാരാ ഇടപെടല്‍

മാതാപിതാക്കളുടെ പുത്രവിയോഗശോകവും മറ്റും കാണികളെ ആകര്‍ഷിക്കും എന്നുറപ്പ്. നന്ദിനിയായി വരുന്ന ആശ ശരത് കരച്ചിലില്‍ മമ്മൂട്ടിയെ വെല്ലുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ന്യൂനത ടൈപ്പ് കഥാപാത്രങ്ങളുടെ ബാഹുല്യം തന്നെയാണ്. അയല്‍ക്കാരി ഓമന, അച്ചന്‍, മൃഗ ഡോക്ടര്‍, പണമിടപാട് മുതലാളികള്‍, തൊഴിലാളി, ചീട്ടുകളിക്കാര്‍ തുടങ്ങി എല്ലാവരും പുതുമയില്ലാത്ത കഥാപാത്രങ്ങളാണ്. അല്‍പ്പം വേറിട്ടു നില്ക്കുന്ന ഒരു കഥാപാത്രം മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന ഡോക്ടറാണ്.

ചിത്രത്തിന്റെ മറ്റു ഘടകങ്ങളില്‍ എടുത്തു പറയാനുള്ളത് ബിജി ബാലിന്റെ സംഗീതം തന്നെയാണ്. പക്ഷെ അവയുടെ അവതരണം അത്ര മെച്ചപ്പെട്ടതല്ല. ഒരു സാധാരണ ചിത്രമെന്ന നിലയില്‍ ക്യാമറ, എഡിറ്റിംഗ് എന്നിവയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

പാസഞ്ചറും പുണ്യാളന്‍ അഗര്‍ബത്തീസുമൊക്കെ നമുക്ക് തന്ന രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. കഥയും തിരക്കഥയും അദ്ദേഹം തന്നെ. ഗൗരവമായി ചെയ്യേണ്ട ഒരു ഇതിവൃത്തത്തെ ലഘൂകരിച്ചു എന്നല്ലാതെ മറ്റു തെറ്റുകളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. എങ്കിലും പടത്തിന്റെ സീരിയല്‍ ചുവ ആളുകളെ ആകര്‍ഷിക്കാനാണ് സാധ്യത. ഒരു വിജയം അദ്ദേഹം മണക്കുന്നുണ്ടാവണം.

അതുല്യ നടന്റെ മഹാനടനം എന്നൊക്കെയാണ് പൊലിപ്പിക്കല്‍ വാചകങ്ങള്‍. പക്ഷെ, മമ്മൂട്ടിയുടെ മറ്റൊരു പ്രകടനം എന്നല്ലാതെ വിശേഷ വിധിയായി ഒന്നുമില്ല ഈ പടത്തില്‍. മുന്നറിയിപ്പില്‍ മമ്മൂട്ടിയെ തലയുയര്‍ത്തി് നില്‍ക്കാന്‍ സഹായിച്ചത് ആ കഥാപാത്രത്തിന്റെ അപൂര്‍വത ആയിരുന്നു. വര്‍ഷത്തിലെ വേണു മമ്മൂട്ടിക്ക് ഒരു ചലഞ്ച് പോലുമല്ല. അവറേജില്‍ അല്‍പ്പം ഉയര്‍ന്ന ഒരു ചിത്രത്തില്‍ അത്രയേ കിട്ടൂ. കണ്ണുമടച്ചു ചെയ്യാവുന്ന ഒരു വേഷം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍