UPDATES

ഓഫ് ബീറ്റ്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി സന്യാസം സ്വീകരിച്ചു

വര്‍ഷിലിന്റെ മൂത്ത സഹോദരിയും 23കാരിയുമായ ജയനിയും സഹോദരന്റെ പാത പിന്തുടരാന്‍ ഒരുങ്ങുകയാണ്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ പതിനേഴുകാരന്‍ സന്യാസം തെരഞ്ഞെടുത്തു. ജൈനമത വിശ്വാസ പ്രകാരമുള്ള സന്യാസിയായ വര്‍ഷില്‍ ഷാ ഇനി മുനി സുവിര്യ രത്‌ന വിജയ്ജി എന്നാകും അറിയപ്പെടുക. ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലാണ് വര്‍ഷില്‍ റെക്കോഡ് മാര്‍ക്കോടെ ഒന്നാമനായത്.

കൊമേഴ്‌സ് വിഭാഗത്തിലാണ് വര്‍ഷിലിന്റെ നേട്ടം. അഹമ്മദാബാദ് നവ്കാര്‍ പബ്ലിക് സ്‌കൂളിലെ സ്‌കോളര്‍ ബാച്ച് വിദ്യാര്‍ത്ഥികളായ 66 പേരില്‍ വര്‍ഷിലും ഉള്‍പ്പെടുന്നു. അതോടൊപ്പം ഒരിക്കലും ആരോടും ദേഷ്യപ്പെട്ടിട്ടില്ലാത്ത വിദ്യാര്‍ത്ഥിയായാണ് വര്‍ഷില്‍ അധ്യപകരാല്‍ ഓര്‍മ്മിക്കപ്പെടുന്നത്. മികച്ച ചെസ് താരം കൂടിയായ വര്‍ഷില്‍ പരീക്ഷ ഫലം വന്ന ശേഷമുള്ള മാര്‍ക്ക് ലിസ്റ്റ് വാങ്ങാന്‍ പോലും തയ്യാറായില്ല. കുട്ടിക്കാലം മുതലേ വര്‍ഷില്‍ മതവിശ്വാസത്തില്‍ അടിയുറച്ചാണ് ജീവിക്കുന്നതെന്നും ആറ് വയസ്സ് മുതല്‍ ദിവസവും രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുകയും ചൂടുവെള്ളം മാത്രം കുടിക്കുകയും ചെയ്യുന്നതാണ് പതിവെന്നും കുട്ടിയുടെ പിതാവ് ജിഗാര്‍ കെ ഷാ പറയുന്നു. അഹമ്മദാബാദില്‍ ഇന്‍കംടാക്‌സ് ഇന്‍സ്‌പെക്ടറാണ് ജിഗാര്‍. അമ്മ അമി വീട്ടമ്മയാണ്.

പന്ത്രണ്ടാം ക്ലാസില്‍ ഒന്നാം സ്ഥാനക്കാരനായതിനേക്കാള്‍ താന്‍ സന്തോഷിക്കുന്നത് ഇപ്പോഴാണെന്നാണ് സൂററ്റിലെ തപി നദിക്കരയില്‍ ദീക്ഷ സ്വീകരിക്കുമ്പോള്‍ വര്‍ഷില്‍ പറഞ്ഞത്. ഇയാള്‍ സ്വന്തമായാണ് ഈ പാത തെരഞ്ഞെടുത്തിരിക്കുന്നത്. താന്‍ ബോര്‍ഡ് പരീക്ഷയ്ക്ക് വേണ്ടിയും മതത്തിന് വേണ്ടിയും ഒരേ അര്‍ത്ഥത്തിലാണ് പഠിച്ചതെന്ന് വര്‍ഷില്‍ പറയുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ തനിക്ക് സിഎയ്ക്ക് പോകണമെന്നാണ് വര്‍ഷില്‍ സുഹൃത്തുക്കളെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യ തന്റെ ഗുരുവായ കല്യാണ്‍ രത്‌ന വിജയ്ജി മഹാരാജയോട് പറഞ്ഞപ്പോള്‍ ‘എങ്കില്‍ സിഎയ്ക്ക് പോകൂ. സിഎ പഠിച്ചവരെല്ലാം സന്തോഷവാന്മാരാണല്ലോ, അല്ലേ. ഒരു സിഎ റാങ്ക് നിന്നെ സന്തോഷവാകാനാക്കുമെങ്കില്‍ മുന്നോട്ട് പോകൂ’ എന്നാണ് പറഞ്ഞതെന്ന് വര്‍ഷില്‍ വ്യക്തമാക്കി. അതോടെ ഉന്നതങ്ങളിലെത്തുന്നവര്‍ക്കെല്ലാം കൂടുതല്‍ വേണമെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും എന്നാല്‍ തനിക്കെല്ലാമുണ്ട് താന്‍ സന്തുഷ്ടനാണെന്ന് പറയുന്ന ആരെയും കണ്ടെത്താനായില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം ഗുരുവിന്റെ അടുത്തെത്തുമ്പോള്‍ താന്‍ വളരെയധികം സന്തോഷം അനുഭവിക്കുന്നുണ്ടെന്നാണും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ദീക്ഷ സ്വീകരിച്ചതോടെ യുവത്വത്തിന്റെ തുടക്കത്തില്‍ തന്നെ താന്‍ മോക്ഷം പ്രാപിച്ചുവെന്നാണ് ഈ കുട്ടി വിശ്വസിക്കുന്നത്. വീട്ടില്‍ സന്യാസിയാകാനുള്ള ചര്‍ച്ചകള്‍ രണ്ട് വര്‍ഷമായി നടക്കുന്നുണ്ടെന്നാണ് വര്‍ഷിലിന്റെ മാതാപിതാക്കള്‍ പറയുന്നത്.

ഈ കുടുംബത്തില്‍ സന്യാസം സ്വീകരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് വര്‍ഷില്‍. കഴിഞ്ഞവര്‍ഷം ജിഗാര്‍ ഷായുടെ മറ്റൊരു ബന്ധുവിന്റെ മകനും സന്യാസം സ്വീകരിച്ചിരുന്നു. ഇദ്ദേഹം സിഎയ്ക്ക് പഠിക്കുകയായിരുന്നു. വര്‍ഷിലിന്റെ മൂത്ത സഹോദരിയും 23കാരിയുമായ ജയനിയും സഹോദരന്റെ പാത പിന്തുടരാന്‍ ഒരുങ്ങുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍