UPDATES

ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും: വരുണ്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

ഹണി ട്രാപ്പില്‍ പെടുത്തി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണത്തെ ശക്തമായി നിഷേധിച്ചുകൊണ്ട് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധി (36) രംഗത്തെത്തി. സ്ത്രീകളെ ഉപയോഗിച്ച് വരുണ്‍ ഗാന്ധിയെ വശത്താക്കി ആയുധ വ്യാപാരിയായ അഭിഷേക് വര്‍മ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പ്രമുഖ അമേരിക്കന്‍ അഭിഭാഷകനും, വിസില്‍ബ്ലോവറുമായ എഡ്മണ്ട് അലന്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച കത്തിന്റെ പകര്‍പ്പ് സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദര്‍ യാദവുമാണ് പുറത്തുവിട്ടത്. ഇതിനെതിരെ പ്രതികരിച്ച വരുണ്‍ തനിക്കെതിരായ ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അഭിഷേക് വര്‍മ്മയെ പരിചയമുണ്ട് പക്ഷെ ആരോപണം തെറ്റാണെന്നുമാണ് പറയുന്നത്.

സെപ്റ്റംബര്‍ 16-ാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലേക്ക് തെളിവുകളടക്കമുള്ള കത്ത് എഡ്മണ്ട് അയച്ചുവെന്നാണ് വിവരം. കത്തിന്റെ പകര്‍പ്പ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനും അയച്ചിട്ടുണ്ട്. തെളിവിനായി വരുണ്‍ ഗാന്ധി വിദേശ വനിതകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പമുള്ള രംഗങ്ങളുടെ സിഡിയും ഫോട്ടോഗ്രാഫുകളും എഡ്മണ്ട് അയച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിഫന്‍സ് കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോഴാണ് വരുണ്‍ ഗാന്ധിയുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതെന്ന് എഡ്മണ്ട് വ്യക്തമാക്കുന്നുണ്ട്.

ആരോപണം തികച്ചും അസംബന്ധമാണെന്നും അവര്‍ കൊണ്ടു വന്നിരിക്കുന്ന തെളിവുകളിലൊന്നിലും തന്നെ സംബന്ധിച്ച കാര്യങ്ങളില്ല. താന്‍ ഒരു പ്രതിരോധ രഹസ്യങ്ങളും അഭിഷേകുമായി പങ്കുവച്ചിട്ടില്ല. ഡിഫന്‍സ് കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രതിരോധ രംഗത്തെ അതീവ ജാഗ്രത വിഷയങ്ങള്‍ അറിയേണ്ടതില്ലെന്നും വരുണ്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണിനും യോഗേന്ദറിനുമെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

2012-വരെ എഡ്മണ്ടിന്റെ ബിസിനസ് പങ്കാളിയായിരുന്ന അഭിഷേക് വര്‍മയെ നേവിയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് 2006-ല്‍ സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഭീഷണിപ്പെടുത്തി പണം തട്ടുന്ന വ്യക്തിയാണ് എഡ്മണ്ട് എന്നാണ് അഭിഷേക് പ്രതികരിച്ചത്. അഭിഷേകിന്റെ റോമാനിയകാരിയായ ഭാര്യ അന്‍ക മരിയ നിക്‌സു, വിരമിച്ച എയര്‍ മാര്‍ഷല്‍ ഹാരീഷ് മസന്ത് തുടങ്ങിയവര്‍ വരുണ്‍ ഗാന്ധിയെ കുരുക്കിലാക്കി വിലപേശല്‍ നടത്തിയെന്നും എഡ്മണ്ട് ആരോപിക്കുന്നുണ്ട്.

സ്‌കോര്‍പിയോണ്‍ അന്തര്‍വാഹിനി ഇടപാട് സംബന്ധിച്ച് 2006-ല്‍ പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചവരാണ് ബിജെപി. എന്നാല്‍ ഇപ്പോള്‍ ഭരണത്തിലേറിയിട്ടും ആ കരാറിന് മധ്യസ്ഥത വഹിച്ച ഫ്രഞ്ച് കമ്പനിയായ തെയ്ല്‍സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ തയാറായില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു. തെയ്ല്‍സ് കമ്പിനിയെ ഏറ്റെടുത്ത ദസോള്‍ട്ടില്‍ നിന്ന് റാഫേല്‍ വിമാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പുതിയ കരാറും സര്‍ക്കാര്‍ ഉറപ്പിച്ചിട്ടുണ്ട്. 126 റാഫേല്‍ വിമാനം മേടിക്കുമെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 36 എണ്ണം ഓരോന്നിനും ഇരട്ടിവിലകൊടുത്ത് വാങ്ങാനാണ് ധാരണയായത്. ഇതിന് അഭിഷേക് വര്‍മയുടെ ഇടപെടലുണ്ടെന്നും ഇതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും പ്രശാന്ത് ഭൂഷണും യോഗേന്ദര്‍ യാദവും ആരോപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍