UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധി കുടുംബത്തെ മോദി-ഷാ വെട്ടിയതിന് പിന്നില്‍

Avatar

ടീം അഴിമുഖം

ബി.ജെ.പി യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വരുണ്‍ ഗാന്ധിയെ പുറത്താക്കിയതിലൂടെ ബി.ജെ.പി അപമാനിച്ചത് വരുണിന്റെ കസിനും കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റുമായ രാഹുൽ ഗാന്ധിയെക്കൂടിയാണ്. 

സോണിയാ ഗാന്ധിക്കെതിരേയും മകൻ രാഹുലിനെതിരേയുമുള്ള തുറുപ്പു ചീട്ടായാണ് 2004ൽ മേനകാ ഗാന്ധിയും മകൻ വരുണും ബി.ജെ.പിയിലെത്തിയത്. “പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ പൗത്ര പുത്രനും മോത്തിലാൽ നെഹ്‌റുവിന്റെ പൗത്രപുത്രന്റെ പുത്രനുമായ വരുണ്‍ ഗാന്ധി പാർട്ടിയുടെ സന്തത സഹചാരിയാണെന്ന് അഭിമാനത്തോടെ വിളിച്ചു പറയാൻ ബി.ജെ.പിക്കിന്നു സാധിക്കുമെന്നാണ്”പാർട്ടിയിലെ അടവുകളുടെ നേതാവായിരുന്ന പ്രമോദ് മഹാജൻ പറഞ്ഞത്. 

പാർട്ടിയിലെ “ഒഴിവ് നികത്തപ്പെടുന്ന”തിനെക്കുറിച്ച് മഹാജനന്ന് സംസാരിച്ചിരുന്നു. ഒരു വെടിക്ക് രണ്ടു പക്ഷിയെന്നപോലെ എതിർ പാളയത്തിലെ പ്രഥമ കുടുംബത്തിൽ പിളര്‍പ്പുണ്ടാക്കുകയും സ്വന്തം കളത്തിൽ വംശപാരമ്പര്യത്തിന്റെ പ്രഭ ചൊരിയുകയും ചെയ്ത ഈ വേലിചാട്ടത്തെക്കുറിച്ചുള്ള പരാമര്‍ശമായിരിക്കാമത്. ആ സാഹചര്യമിപ്പോൾ മാറിയിരിക്കയാണ്. കുടുംബപ്പേരിന്റെ പിറകിൽ പായുന്നവരുടെ തല നരച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പൂർണ്ണമായും അവഗണിച്ച യുവജനങ്ങൾ മോദിയെ വാരിപ്പുണർന്നത് ഈ മാറ്റത്തിനുള്ള ഉദാഹരണമാണ്.

അമേഠി തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെണ്ണലിൽ ബി.ജെ .പിയുടെ സ്മൃതി ഇറാനി രാഹുലിന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചത് അദ്ദേഹത്തിന്റെ ജനസ്വാധീനം കുറഞ്ഞു വരുന്നതിനുള്ള വ്യക്തമായ തെളിവാണ്. നരേന്ദ്ര മോദിയും കുടുംബ രാഷ്ട്രീയത്തിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കുകയുണ്ടായി. പിതാവിൽ നിന്നും പിതാമഹനിൽ നിന്നും അധികാരം കൈക്കൊണ്ടവരെ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്താതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. 

പാർട്ടിയുടെ പുതിയ പ്രസിഡന്‍റ് അമിത് ഷായുടെ സംഘത്തിൽ നിന്നും വരുണ്‍ ഗാന്ധിയെ പുറം തള്ളിയപ്പോൾ “മോദിയോടുള്ള അനാദരവ്‌  ഞങ്ങൾ മറന്നിട്ടില്ല” എന്ന പരുഷമായ വിശദീകരണം നൽകാനുമവർ മടിച്ചില്ല. 

സുൽത്താൻപൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭത്തില്‍ മോദിയോടൊത്ത് പോസ്റ്ററില്‍ ഇടം പങ്കിടാൻ വരുണ്‍ ഗാന്ധി  വിസമ്മതിച്ചിരുന്നു. മോദിത രംഗത്തിന്റെ സഹായമില്ലാതെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തനിക്ക് സാധിക്കുമെന്ന് തെളിയിക്കണമെന്ന ആഗ്രഹം വരുണ്‍ ഗാന്ധിക്കുണ്ടായിരുന്നു. വരുണിന്റെ വിജയം മോദി തരംഗത്തിന്റെ പരിണിത ഫലമാണോ അതോ ഗാന്ധി കുടുംബത്തിനോടുള്ള ജനങ്ങളുടെ സ്നേഹത്തിന്റേയും വരുണിന്റെ വ്യക്തിപ്രഭാവത്തിന്റേയും ഫലമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടാതെ അണികൾ മാനസികമായി രണ്ടായി പിളർന്നു.

പാർട്ടി അവകാശപ്പെടുന്നതിന്റെ നാലിലൊന്നു ജനങ്ങൾ മാത്രമേ ഫെബ്രുവരി ഏഴിന് കൽക്കത്തയിൽ നടന്ന മോദി റാലിയിൽ പങ്കെടുത്തിട്ടുള്ളൂ എന്ന് വരുണ്‍ പത്രപ്രവർത്തകരോട് സൂചിപ്പിക്കുകയുണ്ടായി. റാലി തൃപ്‌തികരമായിരുന്നു എന്നാണ് വരുണ്‍ പറഞ്ഞത്. പക്ഷെ വരുണിന്റെ ഈ മറുപടി ഷായേയും മോദിയേയും തൃപ്തിപ്പെടുത്തിയില്ല. 

തിരിച്ചടികളിലൊന്നും തളരാൻ വരുണ്‍ തയ്യാറല്ല. വരുണിനെ ഉത്തർപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള ഓണ്‍ലൈൻ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ‘വരുണ്‍ ഗാന്ധി യൂത്ത് ബ്രിഗേഡി’ന്റെ പോസ്റ്റുകളാൽ അദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജ് നിറഞ്ഞിരിക്കയാണ്. 

2017ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രാജ്നാഥിന്റെ മകൻ പങ്കജും കല്യാണ്‍ സിംഗിന്റെ മകൻ രാജ് വീറുമാണ് വരുണിന്റെ എതിരാളികൾ. വരുണിനേക്കാൾ പക്വതയും ജനസമ്മതിയും കുറഞ്ഞവരാണ് എതിരാളികളെങ്കിലും ഷാ- മോദി ദ്വയത്തിന്റെ കലാപരിപാടികൾ ഇതേപടി തുടരുകയാണെങ്കിൽ വരുണ്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിലം തൊടാതെ പൊട്ടുമെന്നുള്ള കാര്യത്തിൽ യാതൊരു സംശവുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍