UPDATES

വായന/സംസ്കാരം

വസന്തത്തിന്റെ ഇടിമുഴക്കം അഥവാ കേരളത്തില്‍ ബുദ്ധിജീവികള്‍ നടത്തിയ കലാപം

സെബാസ്റ്റ്യന്‍ ജോസഫ് / എം കെ രാമദാസ്

കേരളത്തിലെ നക്‌സലേറ്റ് കലാപങ്ങളില്‍ ശ്രദ്ധേയമായ എടായ തലശ്ശേരി, പുല്‍പ്പള്ളി കലാപങ്ങളുടെ പൂര്‍ണ്ണ ചരിത്രവുമായി ഒരു പുസ്തകം പുറത്തിറങ്ങുന്നു. പത്രപ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ജോസഫാണ്  ചരിത്രപുസ്തകത്തിന്റെ ശില്‍പി. കലാപത്തില്‍ പങ്കെടുത്തവരുടെയും നേതൃത്വം നല്‍കിയവരുടെയും അനുഭവങ്ങളാണ് പുസ്തകത്തിന്റെ കാതല്‍. നക്‌സലേറ്റ് കലാപം സംബന്ധിച്ച അക്കാലത്തെ പത്രവാര്‍ത്തകളും കോടതി രേഖകളും അഭിമുഖങ്ങളും ഉള്‍പ്പെടുന്നതാണ് പുസ്തകം. വിപ്ലവം തുടിക്കുന്ന വാക്കുകളായ ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്നാണ് പുസ്തകത്തിന്റെ പേര്. രചയിതാവ് സെബാസ്റ്റ്യന്‍ ജോസഫുമായി അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എം കെ രാമദാസ് സംസാരിക്കുന്നു.

എം കെ രാമദാസ്: വസന്തത്തിന്റെ ഇടിമുഴക്കം എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന് പിന്നിലെ രചനയുടെ പ്രചോദനം ?

സെബാസ്റ്റ്യന്‍ ജോസഫ്: പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, 1812 ലെ കുറിച്യ കലാപം. ഈ ചരിത്ര സംഭവത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച് നിരവധി പേര്‍ വയനാട്ടില്‍ എത്തിയിരുന്നു. മലയാളമനോരമ ലേഖകനായി വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും ഇതേ ആവശ്യത്തിന് പലരും എന്നെ സമീപിച്ചിരുന്നു. 1812 ല്‍ അതൊരു ചെറിയ സംഭവമായിരുന്നു. പിന്നീടാണ് പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി ഈ വിഷയം പലരും തെരഞ്ഞെടുത്തത്. അതുപോലെ 1968 ല്‍ നടന്ന തലശ്ശേരി, പുല്‍പ്പള്ളി നക്‌സലേറ്റ് കലാപങ്ങള്‍ അക്കാലത്തും ഈയടുത്ത കാലം വരെയും ഗൗരവമുള്ള സംഭവങ്ങളായിരുന്നില്ല. എന്നാല്‍ പിന്നീട് വന്ന തലമുറ ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ചത്. തലശ്ശേരി പുല്‍പ്പള്ളി ആക്ഷനില്‍ പങ്കെടുത്തവരെ നേരില്‍ക്കണ്ട് അഭിമുഖം നടത്തിയാണ് പുസ്തക രചനയുടെ ആദ്യഘട്ടം ആരംഭിച്ചത്. 2002 ലാണ് ഇത് തുടങ്ങിയത്. അവരില്‍ മിക്കവാറും പേരും മരിച്ചു. തേറ്റമല കൃഷ്ണന്‍കുട്ടി, കുഞ്ഞിരാമന്‍ മാഷ്, ശങ്കരന്‍മാഷ്, എ.പി നാരായണന്‍ മാഷ് അങ്ങനെ. ഇവരുടെയൊക്കെ ലിവിംഗ് വോയ്‌സ് അവരുടെ കുടുംബത്തില്‍ പോലും ഉണ്ടാവില്ല. എന്റെ കയ്യില്‍ അതുണ്ട്. ഭാവിക്ക് വേണ്ടി പ്രിസര്‍വ്വ് ചെയ്യേണ്ട ധാര്‍മ്മിക കടമ എനിക്കുണ്ടെന്ന്  തോന്നി. മനോരമ ലേഖകനായതുകൊണ്ട് അതിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു.

രാ: നക്‌സലേറ്റ് ഫിലോസഫിയുടെ ആഭിമുഖ്യം ഉണ്ടായിരുന്നോ?

സെ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്ന കാലം സച്ചിദാനനന്ദന്‍ മാസ്റ്ററായിരുന്നു അവിടത്തെ പ്രധാനി. അവിടെ പ്രവര്‍ത്തിച്ചിരുന്ന റൈറ്റേഴ്‌സ് ക്ലബ്ബില്‍ ഞാനും അംഗമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നെയും സ്വാധീനിച്ചു. അക്കാലത്ത് കാത്തലിക് സഭ നേതൃത്വം നല്‍കുന്ന സെന്‍ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്റ്റ്  മാര്‍ ഗ്രിഗോറിയസ് ആയിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ്  ചെയര്‍മാന്‍. 1978 ലാണ് സംഭവം. കേരളത്തിലെ വാര്‍ത്തകള്‍ എന്താണെന്ന് ആദ്യത്തെ ചോദ്യം. അന്ന് രാജന്‍ കേസ് നടക്കുന്ന സമയം. കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എ.കെ. ആന്റണി കഴക്കൂട്ടത്ത് മത്സരിക്കുന്നു. നക്‌സല്‍ബാരി മൂവ്മെന്റിനെ കുറിച്ച് എന്താണഭിപ്രായം എന്ന് അടുത്ത ചോദ്യം. നക്‌സല്‍ബാരി എന്നത് ബംഗാളിലെ ഒരു ഗ്രാമമാണെന്നും അവിടെ ജന്മികള്‍ക്കെതിരായി നടന്ന കലാപമാണതെന്നും ഉത്തരം നല്‍കി. അപ്പോള്‍ അടുത്ത ചോദ്യം നക്‌സല്‍ബാരിയെ അനുകൂലിക്കുന്നുണ്ടോ എന്നായി. പൊതു അര്‍ത്ഥത്തില്‍ അംഗീകരിക്കുന്നു എന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ അദ്ദേഹം ഇരുന്നിടത്ത് നിന്ന് ഒന്നെഴുന്നേറ്റു. അത്ഭുതത്തോടെ വയലന്‍സിനെ അംഗീകരിക്കുന്നുവോ എന്നായി. ഐ ഡോണ്‍ഡ് ലൈക് വയലന്‍സ് എന്ന് കൃത്യമായി മറുപടി നല്‍കി.  ഇതായിരുന്നു അക്കാലത്ത് എന്റെ നിലപാട്.

രാ: പത്രപ്രവര്‍ത്തകരില്‍ പലരും നക്‌സല്‍ പ്രസ്ഥാനത്തെ മനസ്സുകൊണ്ട് പിന്തുണച്ചിട്ടുണ്ട്. മലയാള മനോരമയുടെ താല്‍പര്യം എന്തെന്ന് നമുക്ക് ഊഹിക്കാം. താങ്കള്‍ എങ്ങനെയാണ് നക്‌സലേറ്റ് മൂവ്മെന്റുകളെ സമീപിച്ചത്? 

സെ: സത്യസന്ധമായി ചരിത്രം രേഖപ്പെടുത്തുക എന്ന ദൗത്യം മാത്രമേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ. ഈ ഫിലോസഫിയെ അന്ധമായി അംഗീകരിക്കുന്നില്ല. ന്യായമായ കാര്യങ്ങളെ മാത്രം അനുകൂലിക്കുന്നു. ചരിത്രമെന്നത് വര്‍ത്തമാനപത്രങ്ങളിലുള്ള വാര്‍ത്തകളല്ല . ഇത്തരം മൂവ്മെന്റുകള്‍ ഉണ്ടാവുമ്പോള്‍ രണ്ടോ മൂന്നോ പക്ഷങ്ങളുണ്ടാകും. ഈയടുത്ത കാലത്ത് തന്നെ മുത്തങ്ങ സംഭവത്തില്‍ നമുക്കത് മനസ്സിലായതാണ്. മാധ്യമങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള പക്ഷത്താണ് നിന്നത്. അത് മീഡിയ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വര്‍ഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് അന്ന് പുറത്തു വന്ന വാര്‍ത്തകള്‍ സത്യവുമായി വലിയ ബന്ധമില്ലാത്തതായിരുന്നു. വിചിത്രവുമായിരുന്നു. 
വര്‍ഗ്ഗീസ് കൊല ചെയ്യപ്പെട്ട കാലത്ത് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായാണ് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിനു ശേഷം ആ സംഭവത്തെ മനോരമ സമീപിച്ചത്. ഞാന്‍ മറ്റൊരു രീതിയിലാണ് വര്‍ഗ്ഗീസ് വധത്തെ സമീപിച്ചത്. സത്യസന്ധമാവണം വാര്‍ത്തകള്‍ എന്ന താല്‍പര്യം ഉണ്ടായിരുന്നു. ശരിയുടെ പക്ഷത്ത് നില്‍ക്കണമെന്ന മാധ്യമപ്രവര്‍ത്തന പൊതുബോധത്തിന്റെ ഭാഗമായാണ് ഈ രചന.

രാ: ആക്ഷനില്‍ പങ്കെടുത്തവരുമായുള്ള ഇന്റര്‍വ്യൂവില്‍ അവരുടെ സഹകരണം എത്രത്തോളം ലഭിച്ചു?

സെ: ഒന്നോ രണ്ടോ ആളൊഴികെ എല്ലാവരും സീരിയസായാണ് സഹകരിച്ചത്. അജിതയുമായി സംസാരിച്ചിരുന്നു. അവരുടെ അഭിമുഖം ഉപയോഗപ്പെടുത്തിയിട്ടില്ല. അവരുടെ ഓര്‍മ്മക്കുറിപ്പ് പുറത്തിറങ്ങിയിരുന്നല്ലോ. അതുപയോഗപ്പെടുത്തുകയാണ് ചെയ്തത്. 1968 ല്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമി, മനോരമ മറ്റ് പത്രങ്ങളുടെ കട്ടിംഗുകള്‍, കോടതി രേഖകള്‍ പിന്നെ അഭിമുഖങ്ങളുമാണ് പ്രധാനമായും ഞാന്‍ അടിസ്ഥാനമാക്കിയത്. പലര്‍ക്കും പല വ്യാഖ്യാനങ്ങളും ഉണ്ടായിരുന്നു. പൊതുവായിട്ടുള്ള വേര്‍ഷനും മെറ്റീരിയല്‍സുമാണ് ഞാനെടുത്തത്.

രാ: പുല്‍പ്പള്ളി, തലശ്ശേരി നക്‌സലേറ്റ് കലാപത്തെ തുടക്കം മുതല്‍ നിങ്ങള്‍ ഫോളോ ചെയ്തിട്ടുണ്ടല്ലോ? അതിന്റെ പ്രായോഗികത എത്രയുണ്ടെന്നാണ് കരുതുന്നത്?എത്രത്തോളം ജെനുവിന്‍ ആണത്? വ്യക്തിപരമായ താല്‍പര്യങ്ങളാണ് പല മൂവ്മെന്റുകള്‍ക്കും കാരണമാകാറുള്ളത്. നക്‌സലേറ്റ് കലാപത്തിന് അങ്ങനെയൊരു കാരണമുണ്ടെന്ന് തോന്നുന്നുണ്ടോ? 

സെ: ഇല്ല. തെലുങ്കാന മുതല്‍ പരിശോധിച്ചാല്‍ നമുക്കത് ബോധ്യമാവും ജനങ്ങളുടെ ആവശ്യത്തില്‍ നിന്നാണ്  കലാപത്തിനുള്ള ഊര്‍ജ്ജം ഉയര്‍ന്നത്. നക്‌സല്‍ബാരിയിലും അതാണ് സംഭവിച്ചത്. സഹിക്കാനാവാത്ത പീഢനത്തില്‍ നിന്നാണ് സമരം ഉടലെടുക്കുന്നത്. കേരളത്തില്‍ അങ്ങനെയൊരു സാഹചര്യം ഇല്ലായിരുന്നു. ബുദ്ധിജീവികള്‍ക്ക് വേണ്ടി ഉണ്ടായതാണ് കേരളത്തിലെ നക്‌സലേറ്റ് കലാപങ്ങളില്‍ ചിലതെന്നാണ് എന്റെ പക്ഷം.

രാ: പുല്‍പ്പള്ളി , തലശ്ശേരി കലാപത്തെ കുറിച്ച്  അന്വേഷിക്കുമ്പോള്‍ സമരത്തിന്റെ മുന്നൊരുക്കങ്ങള്‍ ഒട്ടുമില്ലെന്ന് ബോധ്യപ്പെടും. തലശ്ശേരിയില്‍ നിന്ന് തുടങ്ങിയ വിപ്ലവമാര്‍ച്ചിനെ കുറിച്ച് സമരനായികയായ കെ.അജിത നല്‍കുന്ന വിവരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. വളരെ ബാലിശമായി തോന്നും പലതും. നിങ്ങള്‍ക്ക് അങ്ങനെ തോന്നീട്ടുണ്ടോ?

സെ: തീര്‍ച്ചയായും. വളരെ അപഹാസ്യമായാണ് സമരം ആസൂത്രണം ചെയ്തതെന്ന് തോന്നിയിട്ടുണ്ട്. ജനങ്ങളെ മുന്‍നിര്‍ത്തി ഈ മുന്നേറ്റം അവര്‍ക്ക് കഴിഞ്ഞില്ല. 

രാ: പുസ്തകരചനയ്ക്കായി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്?

സെ: മനോരമയില്‍ ജോലി ചെയ്യുന്നയാള്‍ എന്ന നിലയ്ക്ക് ഇടതാഭിമുഖ്യമുള്ള ആളുകള്‍ ആദ്യം വിമുഖത പ്രകടിപ്പിച്ചു. ക്രമേണ എല്ലാം മാറി. എല്ലാവരും പൂര്‍ണ്ണമായും സഹകരിച്ചു. പുസ്തക രചനയ്ക്കിടെ ഉണ്ടായ ഒരു സംഭവം പ്രത്യേകം പരാമര്‍ശിക്കണം. തേറ്റമല കൃഷ്ണന്‍കുട്ടിയുടെ അഭിമുഖം ടൈപ്പ് ചെയ്ത് അദ്ദേഹത്തിന് വായിക്കാന്‍ നല്‍കി. ഈ മാറ്റര്‍ അദ്ദേഹം മാധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയതാണ് വ്യക്തിപരമായി പ്രയാസമുണ്ടാക്കിയ ഒരനുഭവം. വായിച്ചു നോക്കി കറക്ട് ചെയ്യാനായിരുന്നു അദ്ദേഹത്തിന് അത് നല്‍കിയത്. മുന്നൂറോളം പേജ് ഉണ്ടായിരുന്നു. ഇതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് അദ്ദേഹം മാധ്യമത്തിന് നല്‍കിയത്. അതൊരു വിശ്വാസവഞ്ചനയായിരുന്നു. ഒടുവില്‍ അദ്ദേഹം തെറ്റ് മനസ്സിലാക്കി പൂര്‍ണ്ണമായും എനിക്ക് അവകാശം തന്നു.

380 പേജുള്ള പുസ്തകമാണിത്.  റഫന്‍സിന് ഉപയോഗിക്കാവുന്ന രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പ്രസാധകര്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സാണ്. 1968 ലെ മനോരമയില്‍ ഇന്ന് ശേഖരിച്ച ഫോട്ടോഗ്രാഫുകളും വിവരങ്ങളും പുസ്തകത്തിന്റെ പ്രധാനഭാഗമാണ്. വ്യക്തികളുടെ ചിത്രങ്ങള്‍ സ്വന്തമായി ശേഖരിച്ചതാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍