UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ആര്‍ ശ്രീജേഷില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്; വാസുദേവന്‍ ഭാസ്കരന്‍/അഭിമുഖം

Avatar

മലയാളി താരം പി ആര്‍ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് 1980ല്‍ മോസ്ക്കോഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണ്ണം നേടിക്കൊടുത്ത  ഹോക്കി ടീമിന്റെ ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ വാസുദേവന്‍ ഭാസ്കരന്‍ പ്രതികരിക്കുന്നു. 

ബിബിന്‍ ബാബു: ഇന്ത്യന്‍ ഹോക്കി ടീമിനെ ഒളിമ്പിക്‌സില്‍ നയിക്കാന്‍ മലയാളി താരം പി ആര്‍ ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ശ്രീജേഷിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

വാസുദേവന്‍ ഭാസ്കരന്‍: കഠിനാധ്വാനം ചെയ്തു വളര്‍ന്നു വന്ന കളിക്കാരനാണ് ശ്രീജേഷ്. ഒരു കളിക്കാരനു ഏറ്റവുമധികം വേണ്ടത് ശാരീരികക്ഷമതയാണ്. ശ്രീജേഷ് അത് നന്നായി ശ്രദ്ധിക്കുന്നുമുണ്ട്. ഒരു ഗോള്‍കീപ്പര്‍ എന്ന നിലയിലുള്ള സ്‌കില്ലുകളും അദ്ദേഹം വളര്‍ത്തി കൊണ്ടു വരുന്നു എന്നതും പ്രശംസനീയമാണ്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും കേരളത്തിലാണെങ്കിലും ഇനി അദ്ദേഹം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ്. 


1980ലെ ഇന്ത്യന്‍ ഹോക്കി ടിം മെഡല്‍ സ്വീകരിക്കുന്നു, വാസുദേവന്‍ ഭാസ്ക്കരന്‍

ബി: താങ്കള്‍ ക്യാപ്റ്റനായിരുന്ന 1980ന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഒരു മെഡല്‍ എന്ന സ്വപ്‌നം ഇന്ത്യക്ക് സാക്ഷാത്കരിക്കാനായിട്ടില്ല. ശ്രീജേഷിന്റെ നേതൃത്വത്തില്‍ ആ നേട്ടം സ്വന്തമാക്കാന്‍ കഴിയുമോ?

വാ: ഒളിമ്പിക് മെഡല്‍ എന്നത് പ്രവചനാതീതമാണ്. മെഡല്‍ നേടട്ടെ എന്നു പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്യാനാകൂ. ഹോക്കി ഒരു ടീം ഗെയിമാണ്. ഒത്തൊരുമയോടെ കളിച്ചാല്‍ മാത്രമേ വിജയം സാധ്യമാകൂ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ടീം ശക്തമാണ്. ഒരു മെഡല്‍ നേടാന്‍ പ്രാപ്തിയുള്ള മികച്ച ഒരു ടീം തന്നെയാണ് റിയോയില്‍ ഇന്ത്യക്കായി കളിക്കുക.

ബി: മുന്‍ ഹോക്കി താരം, പരിശീലകന്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ ശക്തികളും പ്രതിസന്ധികളും എന്തെല്ലാമാണെന്നാണ് താങ്കള്‍ കരുതുന്നത്?

വാ: ഒരു കളിക്കാരന്‍ എന്നതിലുപരി ഒരു ക്യാപ്റ്റനാകുമ്പോള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നുള്ളതാണ് പ്രധാന കാര്യം. എങ്ങനെയാണ് അദ്ദേഹം മുമ്പ് കളിച്ചിരുന്നത്, ആ പ്രകടനം തന്നെ ആവര്‍ത്തിക്കാന്‍ ക്യാപ്റ്റന്‍ എന്ന നിലയിലും കഴിയണം. ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ് നായകന്റേത്. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടു പോകണം. ഇതെല്ലാം അധികമായി ചെയ്യേണ്ടി വരുന്നതാണ്. ഉയര്‍ന്ന പ്രകടനമായിരിക്കും ഒരു ക്യാപ്റ്റനില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുക. ഹോക്കിയില്‍ ഗോള്‍കീപ്പര്‍ ഏറ്റവും പ്രധാന പൊസിഷനുകളില്‍ ഒന്നാണ്. ഗോള്‍ ശ്രമങ്ങള്‍ എല്ലാം തകര്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കര്‍ത്തവ്യമാണ്. ഈ സമ്മര്‍ദ്ദങ്ങള്‍ ശ്രീജേഷ് അതിജീവിച്ചേ മതിയാകൂ. നായക പദവി സ്വന്തം പ്രകടനത്തെ ബാധിക്കാതെ നോക്കാന്‍ അദ്ദേഹം ശ്രദ്ധിക്കണം.

ബി: ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടുകയുണ്ടായി. ഇന്ത്യന്‍ ഹോക്കി ശരിയായ പാതയിലാണെന്ന് കരുതാനാകുമോ?

വാ: ചാംപ്യന്‍സ് ലീഗും സ്പെയിന്‍ ടൂറുമെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. അതിലെ പ്രകടനങ്ങളും ഒളിമ്പിക്‌സും തമ്മില്‍ താരതമ്യം ചെയ്യരുത്. ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് ഒളിമ്പിക്‌സ് മാത്രമാണ്. എല്ലാ കളിക്കാരനും പ്രകടനങ്ങള്‍ നിലനിര്‍ത്തുകയും ശാരീരികക്ഷമത പുലര്‍ത്തുകയും വേണം. ഇന്ത്യക്കാര്‍ എന്ന നിലയില്‍ അവരുടെ മികവില്‍ നമുക്ക് അഭിമാനിക്കാം.

ബി: ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള അഭിപ്രായമെന്താണ്?

വാ: ഏറ്റവും മികച്ച ടീമിനെ തന്നെയാണ് റിയോയിലേക്ക് അയ്ക്കുന്നത്. ചിലര്‍ പുറത്തായിട്ടുണ്ടെങ്കില്‍ പ്രകടനത്തിലെ പരാജയങ്ങള്‍ കൊണ്ടാകാം. ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ അണിനിരക്കുമ്പോള്‍ അവര്‍ ഏറ്റവും നല്ല കളി പുറത്തെടുക്കട്ടെ. 125 കോടി ജനങ്ങളുടെ പ്രത്യാശകളാണ് അവര്‍ വഹിക്കുന്നത്. അതില്‍ ഞാനും ഉള്‍പ്പെടുന്നു. 

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍