UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്തോലിക്ക സഭ വാതിലുകള്‍ തുറക്കുമോ?

Avatar

ആന്റണി ഫെയോള
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കടുത്ത ഭിന്നതയില്‍ നില്‍ക്കുന്ന പുരോഹിത സമൂഹം, പോപ്പ് ഫ്രാന്‍സിസിന്റെ കൂടുതല്‍ വിശാലവും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ നയങ്ങളെ നിര്‍ണായക വത്തിക്കാന്‍ ഉച്ചകോടി വിശാലാര്‍ത്ഥത്തില്‍ അംഗീകരിച്ചിരിക്കുകയാണ്. സഭാ നയങ്ങളില്‍ വ്യക്തമായ തിരുത്തലുകള്‍ വേണമെന്ന് പറയാതെതന്നെ, വിവാഹമോചിതരും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവരും ആയവര്‍ക്ക് നേരെ കൂടുതല്‍ സൌഹാര്‍ദപൂര്‍ണമായ സമീപനമെടുക്കാന്‍ ശനിയാഴ്ച്ച നടന്ന പുരോഹിത സഭ നിലപാടെടുത്തു. അതോടൊപ്പം സഭാ ചരിത്രത്തിലെത്തന്നെ പുരോഗമനവാദികളില്‍ മുമ്പനായി മാറുന്ന പോപ്പ് ഫ്രാന്‍സിസിന് മാറ്റത്തിന്റെ അന്തിമാധികാരം നല്കാനും.

21-ആം നൂറ്റാണ്ടില്‍ കുടുംബങ്ങളോടുള്ള സഭയുടെ നിലപാടെന്തായിരിക്കണം എന്നതിനെക്കുറിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവന്ന ആഭ്യന്തരചര്‍ച്ചകളുടെ അന്തിമഘട്ടമായിരുന്നു മൂന്നാഴ്ച്ച നീണ്ട സുന്നഹദോസില്‍ നടന്നത്. ഒരുകാലത്ത് റോമന്‍ കാത്തലിക് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലാത്തതായി കരുതിയിരുന്ന വിഷയങ്ങളാണ് ഫ്രാന്‍സിസിന്റെ നിര്‍ദേശത്തില്‍ ബിഷപ്പുമാരും കര്‍ദിനാള്‍മാരും ചര്‍ച്ച ചെയ്യുകയും പുതിയൊരു കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്തത്.

എങ്കിലും വിപ്ലവകരം എന്നുവരെ വിളിക്കാവുന്ന ഫ്രാന്‍സിസിന്റെ രീതികള്‍ പ്രായോഗികമാക്കുന്നതിനെതിരെ സുന്നഹദോസില്‍ ഉയര്‍ന്ന കടുത്ത പ്രതിഷേധം കാണിക്കുന്നത്  കാത്തലിക് സമൂഹം ഇനിയും ഏറെക്കാലം ഇത്തരം മാറ്റങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ്.

പലരും കരുതിയതിനെക്കാളും മുന്നോട്ടുപോയി സുന്നഹദോസ് രേഖകള്‍. പക്ഷേ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും എന്നു കരുതിയ ഉദാരവാദികളെ ഇത് നിരാശപ്പെടുത്തിയിട്ടുണ്ടാകും എന്ന് ഉയര്‍ന്ന പുരോഹിതരും സമ്മതിക്കുന്നു.

“തെറ്റായ പ്രതീക്ഷകള്‍ ഉണ്ടാകാതിരിക്കാന്‍ നാം എപ്പോഴും ശ്രദ്ധിയ്ക്കണം,” വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വൂറേല്‍ പറഞ്ഞു. “കത്തോലിക്കാ പ്രമാണങ്ങള്‍ മാറും എന്നതാണ് ഒരു തെറ്റായ പ്രതീക്ഷ. അത് സംഭവിക്കാന്‍ പോകുന്നില്ല.”

1960-കളിലെ രണ്ടാം വത്തിക്കാന്‍ സമിതിക്ക് ശേഷം നടന്ന ഏറ്റവും ചൂടേറിയ പരിഷ്കരണചര്‍ച്ചകള്‍ക്ക് ശേഷം സുന്നഹദോസിന്റെ വിജ്ഞാപനം ഫ്രാന്‍സിസിനുള്ള ചില ശുപാര്‍ശകളില്‍ ഒതുങ്ങി. സഭാ പ്രമാണങ്ങള്‍ ആകെ തിരുത്തുക എന്നതിലേറെ-അല്ലെങ്കില്‍ സഭയുടെ അടിസ്ഥാന പ്രമാണങ്ങളും പാഠങ്ങളും- കൂടുതല്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ ബിഷപ്പുമാരെയും പുരോഹിതരെയും അധികാരപ്പെടുത്തണോ എന്നതാണ് ഫ്രാന്‍സിസിന്റെ മുന്നിലുള്ള വലിയ ചോദ്യം.

വിവാഹമോചിതരായ കത്തോലിക്കര്‍ക്ക് സഭാ ജീവിതത്തില്‍ പങ്കാളിത്തം നല്‍കുന്നതിന് കൂടുതല്‍ വഴികളാരായാന്‍ പുരോഹിതര്‍ ആവശ്യപ്പെട്ടു എന്നതാണ് സുപ്രധാനമായൊരു പ്രഖ്യാപനം. എങ്കിലും സാങ്കേതികമായി വിവാഹേതര ബന്ധത്തിലും വ്യഭിചാരത്തിലും ജീവിക്കുന്നവരെന്നു സഭ കരുതുന്ന വിവാഹ മോചിതര്‍ക്കും പുനര്‍ വിവാഹിതര്‍ക്കും തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം, യാഥാസ്ഥിതികരെ തൃപ്തിപ്പെടുത്താനാകണം, ഇപ്പൊഴും അവ്യക്തമായി തുടരുകയാണ്.

മാറ്റങ്ങള്‍ക്കുള്ള പച്ചക്കൊടിയാണ് ഇതെല്ലാമെന്ന് ഉദാരവാദികളും അവ്യക്തത തങ്ങള്‍ക്കനുകൂലമാണെന്ന്  യാഥാസ്ഥിതികരും ഒരുപോലെ ആശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു മാറ്റം അടിത്തട്ടില്‍ സംഭവിക്കുന്നതിന്റെ സൂചന കൂടിയാണിത്. പല പുരോഹിതരും ഇടവകകളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തിത്തുടങ്ങി.

സ്വര്‍ഗാനുരാഗം ആന്തരികമായ ക്രമക്കേടാണെന്ന് പഠിപ്പിക്കുന്ന സഭ, പുതിയ രേഖയില്‍ സ്വവര്‍ഗാനുരാഗികളുടെ ആത്മാഭിമാനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ സ്വവര്‍ഗ ദമ്പതികളെ അംഗീകരിക്കുകയും അത്തരം ബന്ധങ്ങളുടെ ആത്മീയ മൂല്യത്തെ തിരിച്ചറിയുകയും എന്ന ബെല്‍ജിയന്‍ ബിഷപ്പിന്‍റേതടക്കമുള്ള അങ്ങേയറ്റം ഉദാരവാദി ആവശ്യങ്ങളെ സ്വീകരിക്കാന്‍ സഭ യോഗം തയ്യാറായിട്ടില്ല. മാത്രവുമല്ല, വിവാഹം, കുടുംബം എന്ന ദൈവത്തിന്റെ കൂട്ടിച്ചേര്‍ക്കലുകളുമായി വിദൂരമായിപ്പോലും സ്വവര്‍ഗ വിവാഹത്തെ താരതമ്യം ചെയ്യാനാകില്ലെന്നും സുന്നഹദോസ് പറയുന്നുണ്ട്.

സാംസ്കാരിക, സാമ്പത്തിക കാരണങ്ങളാല്‍ ചിലര്‍ പള്ളിയില്‍ വിവാഹിതരാകണമെന്നില്ല എന്ന് പറഞ്ഞു, വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്ന സ്ത്രീപുരുഷ പങ്കാളികളെ സഭ കൂടുതലായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ബന്ധങ്ങള്‍ നീണ്ടുനിന്നു വിവാഹത്തിലേക്കെത്തണമെന്നില്ല എന്നും സുന്നഹദോസ് പറയുന്നു.

സുന്നഹദോസിന്റെ 94 ശുപാര്‍ശകളെ പരാമര്‍ശിക്കവേ പുരോഹിതര്‍ക്കിടയില്‍ ഭിന്നതകളുണ്ടെന്ന് സമ്മതിച്ച ഫ്രാന്‍സിസ്, സ്വതന്ത്രമായി പ്രകടിപ്പിക്കുന്ന അത്തരം ഭിന്നതകള്‍,  നിര്‍ഭാഗ്യവശാല്‍ എല്ലായ്പ്പോഴും നല്ല അര്‍ത്ഥത്തിലാകണം  എന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.

അഭിപ്രായഭിന്നതകളെ പരിഹരിക്കാന്‍, ലോകത്തെ 1 ബില്ല്യണ്‍ കത്തോലിക്ക വിശ്വാസികളിലെ വൈവിധ്യത്തെ കൂടി കണക്കിലെടുത്തുള്ള ന്യായമായ ഒരു മാര്‍ഗം കണ്ടെത്തുക എന്ന വലിയ ചുമതലയാണ് തനിക്ക് മുന്നിലുള്ളതെന്ന് പോപ്പ് ചൂണ്ടിക്കാട്ടി. അവരില്‍ പടിഞ്ഞാറന്‍ യൂറോപ്പിലും വാഷിംഗ്ടണിലുമുള്ള ഉദാരവാദികള്‍ മുതല്‍ സഭ ഏറെ വിപുലമാകുന്ന വികസ്വര രാജ്യങ്ങളിലെ യാഥാസ്ഥിതികര്‍ വരെയുണ്ട്.

‘സ്വാഭാവികം എന്ന് ഒരു ഭൂഖണ്ഡത്തിലെ ബിഷപ്പിന് തോന്നുന്ന കാര്യങ്ങള്‍ മറ്റൊരു ഭൂഖണ്ഡത്തിലെ ബിഷപ്പിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും ആകാത്തതാണ്,” ഫ്രാന്‍സിസ് പറഞ്ഞു.

സുന്നഹദോസ് ഫ്രാന്‍സിസിനെ തീര്‍ത്തും വിഷമകരമായ ഒരു നിലയിലാണ് എത്തിച്ചത്. പരിഷകരണം വേണ്ടത്ര നടപ്പാക്കിയില്ലെങ്കില്‍, അദ്ദേഹത്തെ മാറ്റത്തിന്റെ അപ്പോസ്തലനായി കൊണ്ടാടിയ ഉദാരവാദികള്‍ നിരാശരാകും – കത്തോലിക്കര്‍ അല്ലാത്തവരടക്കം-

പക്ഷേ സുന്നഹദോസിന്റെ ശുപാര്‍ശകള്‍ക്കപ്പുറം പോയാല്‍ ഇപ്പോള്‍ത്തന്നെ പോപ്പിന്റെ നേതൃത്വ രീതികളെ ചോദ്യം ചെയ്യുന്ന യാഥാസ്ഥിതികര്‍ കൂടുതല്‍ കടുത്ത നിലപാടെടുക്കും.

വിവാഹ മോചിതരുടെയും സ്വവര്‍ഗാനുരാഗികളുടെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത  കഴിഞ്ഞ വര്‍ഷത്തെ യോഗമടക്കം കുടുംബ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടുവര്‍ഷത്തിനിടെ വത്തിക്കാന്‍ ചേരുന്ന രണ്ടാമത്തെ സഭായോഗമാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി പല വിവാദ വിഷയങ്ങള്‍ക്കും മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്ന കടമ്പ കടക്കാനായി. അത് മിക്കവയും അവ്യക്തമായ  നിലപാടുകള്‍  മൂലമാണെന്നും വാദമുണ്ട്. 260 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ 1300-ലേറെ ഭേദഗതികള്‍ ഉണ്ടായി എന്നത് ചര്‍ച്ചയുടെ തീക്ഷ്ണത സൂചിപ്പിക്കുന്നു.

പടിഞ്ഞാറന്‍ അല്ലെങ്കില്‍ യൂറോകേന്ദ്രീകൃത പ്രശ്നങ്ങളില്‍ ശ്രദ്ധ കൊടുക്കുന്ന ചില ഉദാരവാദികള്‍ സുന്നഹദോസിനെ കയ്യേറിയെന്നും വികസ്വര രാജ്യങ്ങളിലെ യാഥാസ്ഥിതിക ബിഷപ്പുമാരടക്കമുള്ളവര്‍ ആരോപിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ബിഷപ്പുമാര്‍ ഉയര്‍ത്തുന്നവയെക്കാള്‍ വലിയ പ്രശ്നങ്ങള്‍ ആഫ്രിക്കയ്ക്ക് പൊതുവായുണ്ടെന്ന് ഉഗാണ്ടന്‍ ബിഷപ്പ് ജോസഫ് ആന്തണി സ്വീവ പറഞ്ഞു.

“തന്റെ അഞ്ചു കുട്ടികളെ ബോകൊ ഹറാം തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ ഒരാളോടാണ് നിങ്ങള്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സംസാരിക്കുന്നത്. ആയാള്‍ക്ക് അത് സംസാരിക്കാന്‍ സമയമുണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”

ഭിന്നതകള്‍ ഭൂമിശാസ്ത്രപരവും സൈദ്ധാന്തികവുമാണ്. ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ കൂടുതലായും യാഥാസ്ഥിതിക നിലപാടുകാരാണ്.

എന്നാല്‍ സ്വവര്‍ഗാനുരാഗം പോലുള്ള വിഷയങ്ങള്‍ സുന്നഹദോസ് കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നതില്‍ ബെല്‍ജിയം ബിഷപ്പ് യൊഹാന്‍ ബോണിയെപ്പോലുള്ളവര്‍ സന്തുഷ്ടരാണ്.

“അത് അടുത്ത ഘട്ടത്തിലേക്കുള്ള വിഷയമാണ്. ചൂടുപിടിച്ച, മോശപ്പെട്ട അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യുന്നതിനെക്കാളും നല്ലത് അടുത്ത തവണത്തേക്ക് മാറ്റി വെക്കുന്നതാണ്.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍