UPDATES

വിദേശം

അവരോട് ഇനി ആദരപൂര്‍വം; വത്തിക്കാന്‍ സുന്നഹദോസ്

Avatar

മൈക്കല്‍ ബൂര്‍സ്റ്റീന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സ്വവര്‍ഗ ദമ്പതികളെയും വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നവരെയും സഭ “ബഹുമാനപൂര്‍വം പരിഗണി”ക്കാനും അത്തരം കൂട്ടുകെട്ടുകളിൽ കാണാവുന്ന “നല്ല വശങ്ങളെ അഭിനന്ദിക്കാ”നും ഉദ്ബോധിപ്പിച്ചുകൊണ്ട്‌ പരമ്പരാഗതമല്ലാത്ത ബന്ധങ്ങള്‍ക്ക്‌ സമ്മതം മൂളുന്ന ഒരു പുതിയ തീരുമാനം എടുത്തിരിക്കുകയാണ്‌വത്തിക്കാനിൽ തിങ്കളാഴ്ച ഒത്തുചേര്‍ന്ന ബിഷപ്പുമാരുടെയും ഉയര്‍ന്ന മതാദ്ധ്യക്ഷന്‍മാരുടെയും പാനെൽ.

ഈ പരാമര്‍ശങ്ങളിലൂടെ മുഖ്യധാരയിലുള്ള പൊതുസമൂഹത്തിന്റെ ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള ചര്‍ച്ചയിലേക്ക്‌ ലോകത്തെതന്നെ ഏറ്റവും പഴക്കമേറിയ സഭയായ റോമൻ കാത്തെലിക്സഭ ചെന്നെത്തിപ്പെട്ടത്‌ വത്തിക്കാനിലെ ദീര്‍ഘകാലവിദഗ്ദ്ധന്‍മാരെ ഒട്ടൊന്നുമല്ല അതിശയിപ്പിച്ചിരിക്കുന്നത്‌. വര്‍ഷങ്ങളായി, സഭ പരമ്പരാഗതമല്ലാത്ത ബന്ധങ്ങളെ ഖണ്ഡിതമായി എതിര്‍ത്തു വരികയായിരുന്നു. സഭയുടെ അനുശാസനങ്ങളിലോ നടപടിക്രമങ്ങളിലോ ഇതു ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുമോ എന്നുള്ളത്‌ ഇപ്പോൾ അവ്യക്തമാണെങ്കിലും പാഠ്യക്രമങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദ്ധന്‍മാരുടെ അഭിപ്രായം.

വാഷിങ്ങ്ടണ്‍ ആര്‍ച്ച്ബിഷപ്പ്‌ ഡൊണാള്‍ഡ്‌ വേൾ അടക്കമുള്ള ഒരു കൂട്ടം മതാദ്ധ്യക്ഷന്‍മാർ തയ്യാറാക്കിയ ഒരു പ്രമാണത്തിലാണ്‌ ഈ പരാമര്‍ശങ്ങളുണ്ടായത്‌. സഭയുടെ ഏറ്റവും വിവാദപൂര്‍നമായ വിഷയങ്ങളിൽ തീരുമാനമെടുക്കാനായി പോപ്പ്‌ ഫ്രാന്‍സിസ്‌ വിളിച്ചുചേര്‍ത്ത, രണ്ടാഴ്ച നീണ്ട സുനഹദോസിന്റെ അവസാനമാണ്‌ ഇത്തരം പരാമര്‍ശങ്ങളുണ്ടായത്‌. വത്തിക്കാനിൽ നടന്ന സഭയുടെ കുടുംബത്തെ സംബന്ധിച്ച ശീലങ്ങളും പഠനക്രമങ്ങളും സൂക്ഷ്മമായി വിലയിരുത്താൻ നിയുക്തരായിട്ടുള്ള 190 ഉന്നത സഭാദ്ധ്യക്ഷന്‍മാരുടെ ഉന്നതതലയോഗത്തെപറ്റി വത്തിക്കാൻ പുറത്തുവിട്ടിട്ടുള്ള ആദ്യത്തെ രേഖയാണിത്‌. വരും ആഴ്ചകളിലും മാസങ്ങളിലും ഇതേപറ്റിയുള്ള കൂടുതൽ ചര്‍ചകൾ നടക്കും.

പരമ്പരാഗത കത്തോലിക്കന്‍സഭയുടെ ബന്ധങ്ങളെ പറ്റിയുള്ള അനുശാസനങ്ങൾ “മാതൃകാപരമാണെന്ന്‌” പുതിയ പ്രമാണത്തിലും പറയുന്നുണ്ട്‌. പക്ഷേ, അതിന്റെ തുറന്ന സമീപനവും യാഥാസ്ഥിതികമല്ലാത്തതിനെ കുറ്റപ്പെടുത്താതിരുന്നതും എടുത്തുപറയത്തക്കതാണ്‌.

അമേരിക്കയിലെ അറിയപ്പെടുന്ന വൈദികനും കാത്തലിക്‌ വാര്‍ത്താപത്രികയിലെ എഴുത്തുകാരനുമായ റവ. ജിം മാര്‍ട്ടിൻ ഈ പ്രമാണത്തെ “അസാധാരണ”മെന്നാണ്‌ വിശേഷിപ്പിച്ചത്‌. “ഇതിനുമുന്‍പ്‌ ഒരിക്കലും അവർ “പങ്കാളികൾ” എന്ന വാക്ക്‌ ഇത്ര സ്പഷ്ടമായി ഉപയോഗിക്കുകയോ പങ്കാളികൾ പരസ്പരം നല്‍കുന്ന പരിചരണത്തെപറ്റി സംസാരിക്കുകയോ ഉണ്ടായിട്ടില്ല, ഇവിടെ അവരതു ചെയ്യുന്നു. ഇത്‌ വിപ്ളവാത്മകമാണ്‌” അദ്ദേഹം പറയുന്നു. ഇതിന്റെയൊക്കെ അന്തിമോദ്ദേശ്യം ജനങ്ങളെ വീണ്ടും യാഥാസ്ഥിതിക വിശ്വാസപ്രമാണങ്ങളിലേക്ക്‌ തിരികെ കൊണ്ടുവരികയാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “അന്തിമോദ്ദേശ്യം ജനങ്ങളെ ജീസസിലേക്കെത്തിക്കുക എന്നതാണ്‌. പോപ്പ്‌ പറഞ്ഞതുപോലെ, ‘നിയമങ്ങൾ അത്തരമൊരു വഴിയിലൂടെയാണെങ്കിൽ അവ കാലാഹരണപ്പെട്ടതാണ്‌”.

സ്വവര്‍ഗാനുരാഗികള്‍ക്ക്‌ സഭയോട്‌ ചെയ്യാവുന്ന സംഭാവനകളെ  രേഖ പ്രകീര്‍ത്തിക്കുന്നു. “സ്വവര്‍ഗാനുരാഗികളുടെ ഒത്തുചേരലിനെ സംബന്ധിച്ചുണ്ടാകാവുന്ന സദാചാരപ്രശ്നങ്ങളെ നിരാകരിക്കാതിരിക്കുമ്പോള്‍തന്നെ ത്യാഗത്തിലൂന്നിയ പരസ്പര സഹായത്താൽ പങ്കാളികളുടെ ജീവിതത്തിൽ അവര്‍ക്കു കിട്ടാവുന്ന അമൂല്യമായ സാന്ത്വനത്തിന്റെ നിരവധി തെളിവുകൾ ഉണ്ടെന്നുള്ളതും കണക്കിലെടുക്കേണ്ടതാണ്‌”.

ന്യൂയോര്‍ക്കിലെ കാത്തലിക്‌ യൂണിവേഴ്സിറ്റിയിലെ ഫോർഡ്ഹാമിലെ തിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ പാട്രിക്‌ ഹോണ്‍ബെക്കിന്റെ അഭിപ്രായത്തിൽ വിഷയങ്ങൾ ആഴത്തിൽ പഠിക്കാനുള്ള സഭയുടെ ഉദ്ദേശ്യത്തിലാണ്‌ രേഖയുടെ കാതൽ.

“ഇന്നുവരെ ഒരു ബിഷപ്പിനാലും പരസ്യമായി ചോദിക്കപ്പെട്ടിട്ടില്ലാത്ത ചില ചോദ്യങ്ങൾ അവിടെ ചോദിക്കപ്പെട്ടു. സ്വവര്‍ഗപ്രേമികളുടെ ഒത്തുചേരലിൽ എന്തു നന്‍മയാണ്‌ കാണാൻ കഴിയുന്നത്‌? പല തരത്തിലുമായി, കുറേയേറെ കാലത്തിനുശേഷം ആദ്യമായി സഭ പറയുകയാണ്‌, മനുഷ്യർ എങ്ങനെയാണ്‌ ശരിക്കും അവരുടെ ജീവിതം ജീവിക്കുന്നത്‌ എന്നതിനെ സംബന്ധിച്ച്‌ ചില കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ സഭ ആഗ്രഹിക്കുന്നു എന്ന്‌.” അദ്ദേഹം പറഞ്ഞു. “പക്ഷേ, സത്യം എന്താണെന്നു വച്ചാൽ, ചോദ്യങ്ങൾ ചോദിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം ഉത്തരം കത്തോലിക്കക്കാർ ആഗ്രഹിക്കുന്നതുപോലെ പുരോഗമനപരമോ വിശാലമോ ആയിരിക്കണമെന്നില്ല…. ഈ രേഖയെ ആ തരത്തിൽ പൂര്‍ണമായോ എടുത്തുപറയത്തക്കവിധമോ വിപ്ളവാത്മകമായി കാണുന്നത്‌ വെറും തെറ്റിദ്ധാരണയായിരിക്കും”. 

സഹജീവിതം (ലിവിംഗ്‌ റ്റുഗെതർ) മുതൽ വിവാഹമോചനം വരെയുള്ള കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിൽ അനുഭാവപൂര്‍ണവും മുന്‍വിധി കല്‍പിക്കാത്തതുമായ ഒരു സ്വരമാണ്‌ രേഖ കൈകൊണ്ടിട്ടുള്ളത്‌. സാമൂഹികവും സാമ്പത്തികവുമായ സ്ഥാപനങ്ങൾ തകര്‍ന്നടിയുന്ന ഇക്കാലത്ത്‌ സന്തോഷം കണ്ടെത്തുന്നതിനായുള്ള ശ്രമത്തിനിടയിൽ മനുഷ്യർ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അത്‌ ഊന്നിപ്പറയുന്നു.

“വൈകാരികജീവിതത്തിന്റെ ആവശ്യകത” എന്ന ഭാഗത്ത്‌ രേഖ ഇങ്ങനെ നിരീക്ഷിക്കുന്നു. “വൈകാരിക ജീവിതത്തിന്റെ ഗുണം കാംക്ഷിക്കുമ്പോള്‍ത്തന്നെ ഓരോരുത്തരും അവരവരുടെ സ്വത്വത്തെ കൂടുതൽ അടുത്തറിയേണ്ടതും സ്വയം ജാഗ്രതയുള്ളവരാകേണ്ടതും സ്വന്തം വികാരങ്ങളും മനോവിചാരങ്ങളുമായി കൂടുതൽ പൊരുത്തപ്പെട്ടു ജീവിക്കേണ്ടതുമായ വലിയ ആവശ്യകത ഇന്ന്‌ വ്യക്തികളുടെ ഇടയിൽ നിലനില്‍ക്കുന്നു… പക്ഷേ, കുടുംബമെന്ന താല്‍പര്യത്തിനൊപ്പം സമാന്തരമായി എങ്ങനെയാണ്‌ സ്വയം ജാഗ്രത വളര്‍ത്തിയെടുക്കുന്നതും അത്‌ നിലനിര്‍ത്തുന്നതും? ഇത്‌ സഭയെ സംബന്ധിച്ചിടത്തോളവും വലിയൊരു ചോദ്യമാണ്‌. വ്യക്തിപരതയും സ്വാര്‍ഥതയേറിയതുമായ ജീവിതശൈലിയും സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങൾ സാരവത്താണ്‌”

ഈ ഒരു ഭാഷാശൈലിയിൽ നിന്നും എന്തുതരം മൂര്‍ത്തമായ മാറ്റങ്ങൾ – അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ – ആണുണ്ടാവുകയെന്നത്‌ വ്യക്തമല്ല, കൂടാതെ, രേഖയിലെ ധാരാളം വരികൾ ചോദ്യരൂപത്തിലാണ്‌ ആവിഷ്കരിച്ചിരിക്കുന്നതും. സ്വവര്‍ഗാനുരാഗി ആയതിനെയോ ഗര്‍ഭനിരോധനമാര്‍ഗങ്ങൾ ഉപയോഗിക്കുന്നതിനെയോ കുറ്റപ്പെടുത്തുന്ന അനുശാസനങ്ങളെയാണ്‌ സഭ വിട്ടുപോയ പല കത്തോലിക്കക്കാരും എടുത്തുദാഹരിക്കുന്നത്‌.

യോഗത്തിൽ പങ്കെടുത്ത ചില പ്രധാന സഭാദ്ധ്യക്ഷന്‍മാർ ഉടനെതന്നെ രേഖയ്ക്കെതിരെ വെല്ലുവിളിയുയര്‍ത്തുകയും കൂടുതൽ വിശദീകരണത്തിനും തിരുത്തലുകള്‍ക്കുമായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. “ചില ഐക്യപ്പെടലുകൾ ക്രമരഹിതമാണ്‌” എന്നു കത്തോലിക്കമതം അനുശാസിക്കുന്നു എന്നുപറഞ്ഞ്‌ ചിലർ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു.

ചര്‍ച്ചകള്‍ക്കു വേണ്ടിയുള്ള ഒരു തുടക്കം മാത്രമാണീ രേഖ. കത്തോലിക്കക്കാരുടെയിടയിൽ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കും നാന്ദി കുറിച്ചുകൊണ്ട്‌ ഈ ആഴ്ചയവസാനം സുന്നഹദോസ്‌ അവസാനിക്കുമ്പോൾ രേഖ വീണ്ടും എഴുതപ്പെടും. 2015 അവസാനം വീണ്ടുമൊരു സുന്നഹദോസ്‌ വിളിച്ചുകൂട്ടാൻ പോപ്പ്‌ ഫ്രാന്‍സിസ്‌ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്‌, അതിൽ സഭാപരിപാലനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ മുന്നോട്ടു വയ്ക്കപ്പെടും.

പരമ്പരാഗത കത്തോലിക്കൻ ഗ്രൂപ്പുകളുടെ ആഗോള കൂട്ടായ്മയായ ‘വോയിസ്‌ ഓഫ്‌ ദെ ഫാമിലി’ രേഖയെ വഞ്ചനയെന്നു വിളിച്ചു കൊണ്ട്‌ ഒരു പ്രസ്താവന ഇറക്കിയിരിക്കുന്നു. “വിവാഹമോചിതര്‍ക്കും പുനര്‍വിവാഹക്കാര്‍ക്കും സമുദായം അനുകൂലമെങ്കിൽ ബഹുഭാര്യാത്വമുള്ളവരെ എന്തിനു നിഷേധിക്കണം?” അവർ ചോദിക്കുന്നു.

അതിലെ പല കാര്യങ്ങളും പോപ്പ്‌ ഫ്രാന്‍സിസുമായി ബന്ധപ്പെട്ടതായതുകൊണ്ടുതന്നെ കത്തോലിക്കൻ സഭക്കു പുറത്തുള്ള പല വിഭാഗങ്ങളുടെയും ശ്രദ്ധ നേടാൻ രേഖയ്ക്കു കഴിഞ്ഞിട്ടുണ്ട്‌.

അമേരിക്കയിലെ ഏറ്റവും വലിയ പ്രോട്ടസ്റ്റണ്റ്റ്‌ വിഭാഗമായ സതേണ്‍ ബാപിസ്റ്റ്‌ കണ്‍വെന്‍ഷന്റെ നയരൂപകര്‍ത്താക്കളിൽ പ്രധാനിയായ റസ്സൽ മൂറിന്റെ അഭിപ്രായത്തിൽ ഈ രേഖ “സത്യ”ത്തിന്റെ ശോഭയിൽ ആപല്‍ക്കരമാംവിധം പ്രാധാന്യമേറിയതായി മാറിയിരിക്കുന്നു.

“സത്യത്തെപറ്റിയുള്ള ഞങ്ങളുടെ ധാരണ വെളിപ്പെടുമെന്നാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്‌. സഭയെപ്പറ്റി ഞങ്ങള്‍ക്ക് ചില അബദ്ധധാരണകളൊക്കെ ഉണ്ടായേക്കാം, എന്നാൽ സത്യം വസ്തുനിഷ്ഠമാണ്‌.” അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. “പിന്നെ, തീര്‍ച്ചയായും ലൈംഗികസദാചാരത്തെപ്പറ്റിയുള്ള വിഷയങ്ങളിൽ വിശുദ്ധപുസ്തകങ്ങൾ വളരെ വ്യക്തമാണ്‌. മാപ്പുകൊടുക്കലിനെ പറ്റിയുള്ള നല്ല വാര്‍ത്തയെപ്പറ്റി പറയാതെ, പാപത്തെയും വിധിയെയും പറ്റി മാത്രം സംസാരിച്ചാൽ നാം ജീസസിന്റെ പാതയിലല്ല എന്നാണ്‌. പക്ഷേ, മറിച്ചായാലും അതും സത്യമാണ്‌”. 

LGBT കൂട്ടായ്മയുടെ ഹ്യൂമൻ റൈറ്റ്സ്‌ കാമ്പെയ്നിന്റെ വക്താവായ ഫ്രെഡ്‌ സൈന്‍സ്‌ പറയുന്നത്‌ അതിലെ ഭാഷ വളരെ പ്രാധാന്യമുള്ളതു തന്നെയാണെന്നാണ്‌ – പ്രത്യേകിച്ചും അമേരിക്കയിലെ കത്തോലിക്കൻ സ്കൂളുകളിൽ നിന്നും പള്ളിയിടവകകളിൽ നിന്നും സ്വവര്‍ഗാനുരാഗികളാണെന്ന പേരിൽ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട അദ്ധ്യാപകരുടെയും മതനേതാക്കന്‍മാരുടെയും എണ്ണം വല്ലാതെ വര്‍ദ്ധിച്ച ഈ വര്‍ഷത്തിൽ.

“ഒരുപാട്‌ പീഡനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടിവന്നു,” ഈ വിഷയത്തിന്റെ പേരിൽ കത്തോലിക്കൻ മതം വിടേണ്ടിവന്ന സൈന്‍സ്‌ പറഞ്ഞു. “വളരെയേറെ ദൂരം മുന്നോട്ടു സഞ്ചരിക്കേണ്ട ഒരു പാതയുടെ പ്രത്യാശാനിര്‍ഭരമായ ഒരു തുടക്കമാണിതെന്ന് എനിക്ക്‌ വിശ്വസിക്കേണ്ടിയിരിക്കുന്നു. പക്ഷേ, തീര്‍ചയായും അതൊരു വളരെയേറെ നീണ്ട പാത തന്നെയായിരിക്കും”. 

രേഖ പ്രകാശിപ്പിച്ചുകൊണ്ടു വത്തിക്കാനിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ ഫിലിപീന്‍സിൽ നിന്നുള്ള ശ്രേഷ്ഠ കര്‍ദ്ദിനാൾ ലൂയിസ്‌ അന്റോണിയോയുടെ നിരീക്ഷണം വാദപ്രതിവാദം തുടങ്ങിയിട്ടേ ഉള്ളൂ എന്നായിരുന്നു. “നാടകം തുടരുന്നു,” അദ്ദേഹം പറഞ്ഞു.

“നിയമപരമായ വിവാഹത്തെയും കോഹാബിറ്റേഷനെയും (സഹവാസം) കുറിക്കുള്ള യാഥാര്‍ത്ഥ്യങ്ങൾ ഉള്‍ക്കൊള്ളുന്നതിനായുള്ള പുതിയ മാനങ്ങളടങ്ങിയതാണിന്നത്തെ കുടുംബത്തെ സംബന്ധിച്ചുള്ള ഇടയലേഖനം” എന്നാണ്‌ സഭയ്ക്കുപുറത്തു വിവാഹം കഴിക്കുന്നവരെയും വിവാഹം കഴിക്കാതെ കുടുംബം സ്ഥാപിക്കുന്നവരെയും പറ്റി പറയുന്ന ഭാഗത്ത്‌ രേഖയിൽ പറയുന്നത്‌. “യഥാര്‍ത്ഥമായ കുടുംബമൂല്യങ്ങളെ മുറുകെപ്പിടിക്കാനും കുറഞ്ഞ പക്ഷം അവ ഉണ്ടാവണമെന്ന് ആഗ്രഹിക്കാനെങ്കിലും ഇത്തരം ബന്ധങ്ങളിൽ സാദ്ധ്യമാണുതാനും. സഭാകാര്യങ്ങളുമായുള്ള സഹവര്‍ത്തിത്വം എല്ലായ്പ്പോഴും ഇത്തരം സുനിശ്ചിതമായ ദര്‍ശനങ്ങളിൽ നിന്നു വേണം ആരംഭിക്കാൻ”. 

സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്ന, കത്തോലിക്കൻ സഭയ്ക്ക്‌ മറ്റു ക്രിസ്തീയസഭകളുമായുള്ള ബന്ധത്തെ നിര്‍വചിച്ച (ecumenism ) സംഭവത്തിനു ശേഷം അതിനോട്‌ കിടപിടിക്കാവുന്ന ഒരു ദര്‍ശനമാണ്‌ കുടുംബത്തെയും ലൈംഗികതെയും പറ്റിയുള്ള പുതിയ കാഴ്ചപാടിലൂടെ ഈ രേഖ മുന്നോട്ടു വയ്ക്കുന്നതെന്ന് ദീര്‍ഘകാലമായി വത്തിക്കാൻ റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിക്കുന്ന ജോണ്‍ അലൻ എഴുതി. “രണ്ടാം വത്തിക്കാനു മുന്‍പ്‌”, തിങ്കളാഴ്ച അലൻ എഴുതി, “കത്തോലിക്കക്കാർ പ്രൊട്ടസ്റ്റന്റ്  വിഭാഗത്തിന്റെ പള്ളിയിൽ കയറാൻ പോലും വിമുഖത കാണിച്ചിരുന്നു, അതിനുശേഷം അത്തരം വിലക്കുകളൊക്കെ ഒഴിഞ്ഞുപോയി… അത്തരത്തിലൊന്നാണ്‌ കുടുംബത്തെയും ‘ക്രമവിരുദ്ധമായി’ ജീവിക്കുന്നു എന്നു സഭ കണക്കാക്കുന്നവരെയും പറ്റിയുള്ള 2014 സുന്നഹദോസിൽ അമിതനാടകീയതയൊന്നുമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌”. 

ആരോഗ്യകരമായ കുടുംബങ്ങളെ കാര്‍ന്നുതിന്നുന്ന വിഷയങ്ങളെപ്പറ്റി അടുത്തകാലത്തുണ്ടായ സംവാദങ്ങളെ മറികടക്കുന്നതിന്‌ പോപ്പ്‌ ഫ്രാന്‍സിസിന്റെ പ്രയത്നമാണീ രേഖയെന്നാണ്‌ ഹോണ്‍ബെക്കിന്റെ അഭിപ്രായം.

“മിതവാദമോ മതനിരപേക്ഷതയോ ഒരു കാരണമായി നിര്‍ണയിക്കാൻ അത്ര എളുപ്പം സമ്മതിക്കുന്നയാളല്ല അദ്ദേഹം. കുറേക്കൂടി വിശാലമായ തലത്തിൽ കാര്യങ്ങൾ വിവേചിച്ചറിയാനായിരിക്കും അദ്ദേഹത്തിന്‌ താല്‍പര്യം – സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ പരമ്പരാഗത മാതൃകള്‍ക്ക്‌ മാത്രമല്ല വെല്ലുവിളിയുയര്‍ത്തുന്നത്‌, ആളുകൾ അവരവരുടെ ജീവിതം ജീവിക്കുന്നതിലും അതിടപെടുന്നുണ്ട്‌.” അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍