UPDATES

വിദേശം

സ്വവര്‍ഗാനുരാഗികള്‍, വിവാഹമോചിതര്‍; സഭ നിലപാട് മാറ്റി, വീണ്ടും പഴയ ട്രാക്കിൽ

Avatar

മിഷേല്‍ ബൂര്‍സ്റ്റീന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വൈവിധ്യം  നിറഞ്ഞ ആധുനിക കുടുംബങ്ങളോടുള്ള കാത്തലിക് പള്ളിയുടെ അടുപ്പം ദൃഢമാക്കാന്‍ പോപ് ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ ഒരു പ്രധാന സമ്മേളനം, സ്വവര്‍ഗാനുരാഗി, വിവാഹമോചിത കുടുംബങ്ങളുടെ മൂല്യം വാഴ്ത്തുന്ന വിപ്ലവകരമായ നേരത്തെയുള്ള ഭാഷ ഉപേക്ഷിച്ച് ശനിയാഴ്ച ഒരു ഹ്രസ്വമായ കുറിപ്പിലേക്കൊതുങ്ങി.

പോപ്പിന്റെ വിമര്‍ശകര്‍ ശനിയാഴ്ച ആഘോഷിച്ചു. ദൈവം സാമ്പ്രദായിക കുടുംബത്തെ കൂടുതല്‍ പരിഗണിക്കുന്നെന്ന് ഊട്ടിയുറപ്പിച്ചതില്‍ യാഥാസ്ഥിതിക കത്തോലിക്കര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

റോമില്‍ നടന്ന രണ്ടാഴ്ചത്തെ യോഗത്തില്‍നിന്നും അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും കര്‍ദിനാള്‍മാര്‍ സ്വവര്‍ഗ ദമ്പതികളെ ‘പങ്കാളികളെന്ന്’ വിളിക്കാമോ എന്നൊക്കെ ചര്‍ച്ച ചെയ്തത് പല കത്തോലിക്കാരെയും തെല്ലൊന്ന് ഞെട്ടിച്ചു. പലരും ശനിയാഴ്ചത്തെ രേഖയില്‍ അസംതൃപ്തരാണെങ്കില്‍ക്കൂടി, ഉദാരവാദി കത്തോലിക്കുകള്‍ ഇത്തരം ചര്‍ച്ചകള്‍ പോലും പള്ളിയുടെ വിജയമാണെന്ന് പറയുന്നു.

“തിങ്കളാഴ്ചത്തെ സംഗ്രഹിച്ച രേഖയില്‍ നിന്നും അനുരഞ്ജനത്തിന്റെ ഭാഷ എടുത്തുകളഞ്ഞിട്ടുണ്ട്,”ഒരു കാത്തലിക് സ്ഥാപനമായ ഫോര്‍ധാം  സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര വിഭാഗം മേധാവി പാട്രിക് ഹോണ്‍ബെക് പറഞ്ഞു. “പുരോഗമനവാദികളും പ്രവചനാത്മക വീക്ഷണമുള്ളവരുമായ ബിഷപ്പുമാര്‍ സന്ദിഗ്ദ്ധതയുടെയും ആശങ്കയുടെയും കൂട്ടബഹളത്തില്‍ മുങ്ങിപ്പോയി.”

തങ്ങളുടെ നയങ്ങള്‍ കൈവിടാതെ 21-ആം നൂറ്റാണ്ടിലെ കുടുംബങ്ങളുമായി അടുപ്പം വീണ്ടെടുക്കാന്‍ പള്ളി ശ്രമിക്കുന്ന സമയത്ത് സഭക്കുള്ളിലെ വലിയ വിള്ളലുകളും പുറത്തുവന്നിരിക്കുന്നു. മതനിന്ദയോളമെത്തുന്ന അപകടകരമായ ചതിയാണിതെന്ന് തിങ്കളാഴ്ചത്തെ രേഖയെക്കുറിച്ച് ഒരു വിഭാഗം ബിഷപ്പുമാര്‍ അരിശത്തോടെ പ്രതികരിച്ചു. സഭ പിളര്‍പ്പിലേക്ക് പോകുമെന്നുവരെ ചിലര്‍ പറഞ്ഞു.

ഒരു വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് കുടുംബ സുന്നഹദോസ് ഉദ്ദേശിച്ചത്. 2015-ല്‍ കൂടുതല്‍ തീരുമാനങ്ങള്‍ക്കായി വീണ്ടും ചര്‍ച്ച നടത്തും.

സമ്മേളനാവസാനം നടത്തിയ 10 മിനിറ്റ് പ്രസംഗത്തില്‍ ഒരു മധ്യമാര്‍ഗത്തിനാണ് പോപ് ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്. പാപികള്‍ക്ക് നേരെ ‘കല്ലെറിയാനോ’, അതേസമയം ‘ലൌകികതയെ’ അതിരുവിട്ടു ഉള്‍ക്കൊള്ളാനോ സഭക്കാവില്ലെന്ന് പോപ് സൂചിപ്പിച്ചു. വത്തിക്കാന്‍ നല്കിയ വാര്‍ത്തകള്‍ ശരിയാണെങ്കില്‍  പോപ്പിന് 5 മിനിറ്റ് നേരം നിര്‍ത്താതെ കയ്യടി ലഭിച്ചു.

സുന്നഹദോസിലെ വിഭാഗീയതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഫ്രാന്‍സീസിനുള്ള ഒളിസൂചനകളാണെന്ന് വത്തിക്കാന്‍ നിരീക്ഷകര്‍ കരുതുന്നു.സഭ മുമ്പ് ‘ക്രമരഹിതര്‍’ എന്നു മുദ്രകുത്തിയിരുന്ന, വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നവര്‍, കുട്ടികളെ വളര്‍ത്തുന്ന സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ എന്നിവരെപ്പോലുള്ളവരോട് പള്ളി കുറച്ചുകൂടി ‘ബഹുമാനത്തോടെ’ നോക്കണമെന്ന് തിങ്കളാഴ്ച യോഗത്തിനിടക്ക് പുറത്തിറക്കിയ സംഗ്രഹ കുറിപ്പില്‍ പറയുന്നു. വാഷിംഗ്ടണ്‍ ആര്‍ച്ച്ബിഷപ് ഡൊണാള്‍ഡ് വോള്‍ അടക്കമുള്ള ഒരു ചെറുപുരോഹിതസംഘത്തെയാണ് പോപ് ഇതിനായി നിയോഗിച്ചത്.

ഒരുതരം രോഗശമന, സ്വയം-സഹായശൈലിയിലുള്ള  ഭാഷയാണ് രേഖയില്‍ പലയിടത്തും ഉപയോഗിച്ചത്. ആളുകള്‍ “തങ്ങളുടെ ആത്മസ്വത്വത്തെ അറിയാനും,വികാരങ്ങളും, ചിന്തകളുമായി ഐക്യം പുലര്‍ത്താനും അവരവരെത്തന്നെ ശ്രദ്ധിക്കണം.”

യാഥാസ്ഥിതികരുടെ പ്രത്യാക്രമണം ഒട്ടും വൈകിയില്ല. “പുറത്തുപോയ സന്ദേശം ഒട്ടും ശരിയല്ല,” ദക്ഷിണാഫ്രിക്ക കര്‍ദിനാള്‍ വില്‍ഫ്രിഡ് നാപ്പിയര്‍ പിറ്റെന്നു പറഞ്ഞു.

“ഈ രേഖ പൂര്‍ണമായും ഉപേക്ഷിക്കുമെന്നും സഭയുടെ യഥാര്‍ത്ഥ പാഠങ്ങളും, വൈദികരീതികളും അവതരിപ്പിക്കാന്‍ ശ്രമം നടത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്,” എന്നു വത്തിക്കാന്‍ ഹൈക്കോടതിയുടെ തലവന്‍ അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക് വ്യക്തമാക്കി.

ആ ആഴ്ച മുഴുവന്‍ തിങ്കളാഴ്ച രേഖയില്‍ നിന്നും വത്തിക്കാന്‍ വക്താക്കള്‍ പിറകോട്ടു പോയിക്കൊണ്ടിരുന്നു.

എന്തായാലും തന്റെ കടുത്ത വിമര്‍ശകരിലൊരാളായ ബര്‍കിനെ ഫ്രാന്‍സിസ് തരം താഴ്ത്തുന്നുവെന്നാണ്  സൂചന.  വത്തിക്കാന്‍ തികച്ചും ശ്രേണീബദ്ധമായ ഒരു സ്ഥാപനമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

“ഒബാമയെപ്പോലെ വോട്ടുകള്‍ വേണ്ട ആളല്ല ഫ്രാന്‍സിസ്. അദ്ദേഹത്തിന് തോന്നുന്നതെന്തും തീരുമാനിക്കാം,” ഹോണ്‍ബെക് പറയുന്നു.

ഫ്രാന്‍സീസിന്റെ അനുശാസനാഗ്രഹങ്ങള്‍ ഇപ്പൊഴും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം പോപ്പിന്റെ തെരെഞ്ഞെടുപ്പ് മുതല്‍ക്കേ അങ്ങനെയാണ്. കൂടുതല്‍ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നെങ്കിലും സഭയുടെ യാഥാസ്ഥിതിക പാഠങ്ങളില്‍ വിട്ടുവീഴ്ചയും ചെയ്യാറില്ല. ഇത്തരമൊരു അന്തരീക്ഷത്തില്‍ എന്തു മാറ്റത്തിനാണ് സാധ്യതയെന്ന് ആഴ്ച മുഴുവനും നിരീക്ഷകര്‍ ഊഹിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചും, കത്തോലിക്ക സ്കൂള്‍ അദ്ധ്യാപകരെയും, ഗായകസംഘ തലവന്മാരെയും ഒക്കെ സ്വവര്‍ഗ വിവാഹത്തിന്റെ പേരിലും , വിവാഹമോചനത്തിനുശേഷം വീണ്ടും വിവാഹിതരാകുമ്പോള്‍ സഭവക റദ്ദാക്കല്‍ വാങ്ങാത്തവരെയും പുറത്താക്കുന്ന സഭയുടെ രീതി അവസാനിപ്പിക്കുന്നതിനെ കേന്ദ്രീകരിച്ച്.

തിങ്കളാഴ്ച രേഖയെ അപേക്ഷിച്ച് ശനിയാഴ്ച വന്ന സംഗ്രഹം, അത് അവസാന വാക്കല്ലെങ്കിലും, എല്‍ജിബിടി പ്രശ്നങ്ങളില്‍ പിറകോട്ടുപോകുന്നു എന്നു സ്വവര്‍ഗാനുരാഗികള്‍ക്ക് തുല്യത ലഭിക്കാനായി വാദിക്കുന്ന ന്യൂ വേയ്സ് മിനിസ്ട്രി പറഞ്ഞു. “ഇത്തരം വിഷയങ്ങള്‍ സുന്നഹദോസില്‍ ചര്‍ച്ച ചെയ്തു തുടങ്ങി എന്നതാണു ഇതിന്റെ പ്രാധാന്യം,” എന്നു സംഘടന പറയുന്നു.

സുന്നഹദോസ് നിരീക്ഷിക്കാന്‍ പരമ്പരാഗത സംഘടനകള്‍ ഉണ്ടാക്കിയ വോയ്സ് ഓഫ് ഫാമിലി എന്ന ആഗോള സഖ്യം പറയുന്നത്, സമ്മേളനം ഉണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കുന്നതില്‍ രേഖ പരാജയപ്പെട്ടു എന്നാണ്.

റിപ്പോര്‍ടിലെ ഓരോ വിഷയത്തിലുമുള്ള വോട്ടെടുപ്പ് കണക്ക് വത്തിക്കാന്‍ പുറത്തുവിട്ടു. ഏറെ വിവാദമായ വിഭാഗങ്ങള്‍- യാഥാസ്ഥിതിക ചട്ടങ്ങള്‍ക്കനുസരിച്ച് നീങ്ങാത്ത കുടുംബങ്ങളോട് കൂടുതല്‍ തുറന്ന നിലപാടെടുക്കുന്നതടക്കം- അത്ര കനത്ത രീതിയിലല്ല പരാജയപ്പെട്ടതെന്ന് വോയ്സ് ഓഫ് ഫാമിലി പറയുന്നു.

“വോട്ടെടുപ്പ് നില വ്യക്തമാക്കുന്നത്,കത്തോലിക്കാ വിരുദ്ധ നിര്‍ദേശങ്ങളോട് സുന്നഹദോസ് പിതാക്കന്മാര്‍ തുറന്ന നിലപ്പടെടുക്കുന്നു എന്നാണ്. ആളുകളെ ‘സ്വാഗതം’ ചെയ്യുന്നതിനെയും ‘കൂടെക്കൂട്ടുന്നതിനെയും’ കുറിച്ചു ഏറെ പറയുന്നുണ്ട്. എന്നാല്‍ സത്യവ്യക്തതയില്ലാതെ ഇത് സാധ്യമല്ല.”

കാത്തലിക് സര്‍വ്വകലാശാലയില്‍ സഭാനിയമം പതിപ്പിക്കുന്ന രേവാ. ആന്തണി മക്ലൂഗ്ലിന്‍ പറഞ്ഞത്, അധിക്ഷേപവും അവഗണനയും നിറഞ്ഞ  ഭാഷ മാറി കാരുണ്യത്തിന്റെ ഭാഷ വന്നു എന്നതാണ് ഈ സമ്മേളനത്തിലെ മാറ്റാമെന്നാണ്.

“ഈ ആളുകള്‍ ഇനി  സഭയുടെ ഭാഗമല്ലെന്നോ,അവരെ തിരസ്കരിക്കുകയും വര്‍ജ്ജിക്കുകയും ചെയ്യണമെന്നോ സഭ പറയുന്നില്ല,” അദ്ദേഹം പറഞ്ഞു. “എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന് സഭ വ്യക്തമാക്കുന്നു.”

“മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള സഭാ വിശ്വാസങ്ങളോട് പൊരുത്തപ്പെടാത്ത ചിലതരം സ്നേഹപ്രകടനങ്ങളുണ്ട്. ഇതൊന്നും ഒരു രാത്രി കൊണ്ട് മാറിമറയില്ല. പക്ഷേ ഇത് സഭയുടെ ചിന്താരീതികളിലെ വളരെ വ്യത്യസ്തമായ വഴിയാണ്,” നാഷണല്‍ കാത്തലിക് റിപ്പോര്‍ടറിലെ പംക്തിയെഴുത്തുകാരാന്‍ മൈക്കല്‍ സീന്‍ വിന്റേഴ്സ് പറയുന്നു.

ഫ്രാന്‍സിസിന്റെ അടുത്ത നീക്കം എന്താകുമെന്ന് അവ്യക്തമാണ്. അടുത്ത വര്‍ഷത്തെ യോഗത്തിലേക്കുള്ള ഒരുക്കം മാത്രമാണ് ഇതെന്ന് കത്തോലിക്കര്‍ മനസിലാക്കണമെന്നാണ്  ഇന്‍ഡ്യാനാ പൊളിസ് ട്രിബ്യൂണലിന്‍റ് തലവനായിരുന്ന ഫ്രെഡ് ഈസണ്‍ പറഞ്ഞത്.

“നമ്മള്‍ ഇപ്പോള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല. ആര്‍ക്കാണ് സ്വാധീനം ചെലുത്താനാവുക എന്നതിനായി കളമൊരുങ്ങിയിരിക്കുന്നു. ‘എല്ലാവര്‍ക്കും സ്വാധീനമുണ്ട് ‘ എന്നതാണ് പോപ്പിന്റെ നിലപാട്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍