UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയലാര്‍ ഇപ്പോള്‍ രോഗങ്ങളുടെ നാടല്ല-ഒരു പഞ്ചായത്തിന്‍റെ വിജയഗാഥ

Avatar

ജയിംസ് എബ്രഹാം പുളിക്കല്‍

കായലിന്റെയും കയറിന്റെയും കവിതയുടെയും വിപ്ലവത്തിന്റെയും നാടാണ് വയലാര്‍. ‘വാളല്ലെന്‍ സമരായുധം, ഝണണധ്വാനം മുഴക്കീടുവാനാളല്ലെന്‍ കരവാളുവിറ്റൊരു, മണിപ്പൊന്‍ വീണവാങ്ങി ഞാന്‍’ – എന്നെഴുതിയ കവിയുടെ നാട്, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മുഴക്കി സര്‍ സിപിയുടെ കൂലിപ്പാട്ടളത്തിന്റെ തീതുപ്പുന്ന തോക്കുകള്‍ക്കെതിരെ വാരിക്കുന്തവുമായി പടപൊരുതിയവരുടെ നാട്, അങ്ങനെ പലവിധത്തില്‍, രാഷ്ട്രീയമായി-സാഹിത്യപരമായി-സാംസ്‌കാരികപരമായി ഏറെ ഔന്നത്യങ്ങളുള്ള ഈ നാട് പക്ഷെ ഒരുകാലത്ത് മറ്റൊരുതരത്തിലുള്ള അപമാനവും പേറിയിരുന്നു. രോഗങ്ങളുടെ നാടെന്ന അപമാനം.

 

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലുള്ള പഞ്ചായത്താണ് വയലാര്‍. കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ആലപ്പുഴ എന്നും പകര്‍ച്ചവ്യാധികളുടെയും രോഗങ്ങളുടെയും ഭീഷണിയില്‍ കഴിഞ്ഞുവരുന്ന നാടുകൂടിയാണ്. തീരപ്രദേശമായതും, വെള്ളക്കെട്ടുകള്‍ നിറഞ്ഞതുമെല്ലാം സാംക്രമികരോഗങ്ങള്‍ക്ക് വേഗം പടരാന്‍ ഇടനല്‍കി കൊണ്ടിരുന്നു. പണ്ട് കാലത്ത് ചേര്‍ത്തല, വയലാര്‍ എന്നൊക്കെ കേട്ടാല്‍ തന്നെ ആളുകള്‍ക്കിടയില്‍ ആദ്യ ഒരു ഞെട്ടലായിരുന്നു- ഇത് മന്ത് രോഗത്തിന്റെ നാടാണത്രേ!

ശരിയാണ്, ഒരുകാലത്ത് ഈ നാട്ടില്‍ മന്ത് രോഗികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. മന്ത് ഒരു ഐഡന്‍റിറ്റി മാര്‍ക് ആയി മാറിയിട്ടുള്ള വ്യക്തികള്‍പോലും വയലാര്‍-ചേര്‍ത്തല ഭാഗങ്ങളിലുണ്ടായിരുന്നു!

കയര്‍ പിരുത്തമായിരുന്നു വയലാറിന്റെ പ്രധാന തൊഴില്‍. പൊള്ളാച്ചിയില്‍ നിന്ന് ചകരിക്കെട്ടുകളുമായി തമിഴന്‍ ലോറികള്‍ ഇങ്ങോട്ടേക്ക് എത്താന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അതിനു മുമ്പ് തൊണ്ട് ( തേങ്ങയുടെ മടല്‍) വെള്ളത്തിലിട്ട്, അലിയിച്ച് തല്ലിയെടുത്ത് ചകിരിയുണ്ടാക്കി അവ പിരിച്ചെടുത്ത് കയറുണ്ടാക്കി വിറ്റു ജീവിക്കുന്നവരായിരുന്നു ഭൂരിപക്ഷവും. ഈ ജോലി തന്നെയാണ് പലപ്പോഴും ആരോഗ്യകാര്യത്തില്‍ വില്ലനായി മാറിയതും. വെള്ളക്കെട്ടുകളിലായിരുന്നു ആളുകളെല്ലാം തന്നെ. കൊതുകളുടെ കൂത്തരങ്ങുകൂടിയാണ് ഈ തോടുകളും കുളങ്ങളുമെല്ലാം. തൊണ്ട് ചീഞ്ഞ വെള്ളം തീര്‍ത്തും മലിനമായിരിക്കും. മന്തുപോലുള്ള രോഗങ്ങള്‍ വരാനും പടരാനും ഇതൊക്കെ വലിയ കാരണങ്ങളായിരുന്നു.

എന്നാല്‍ പിന്നീട് വയലാറിന്റെ സാഹചര്യങ്ങളില്‍ നിരവധി പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയും, ആരോഗ്യരംഗത്ത് വലിയനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുകയും ചെയ്തു. ഇന്ന് ചേര്‍ത്തലയിലോ വയലാറിലോ ഒരു മന്തുരോഗിയെ കണ്ടെത്തണമെങ്കില്‍ നിങ്ങള്‍ ഒരുപാട് കഷ്ടപ്പെടേണ്ടിയിരിക്കുന്നു. വയലാറില്‍ അത്തരമൊരാള്‍ ഇല്ലായെന്നു തന്നെ പറയാം. ഇന്ന് ജില്ലയില്‍ ഏതു പകര്‍ച്ചവ്യാധി പിടിപെട്ടാലും വയലാറിന് അതില്‍ നിന്ന് സുരക്ഷിതമായി മാറി നില്‍ക്കാവുന്ന നിലയിലേക്ക് ഇവിടുത്തെ ആരോഗ്യരംഗമെത്തി. അതല്ലെങ്കില്‍, ഏതു പകര്‍ച്ചവ്യാധികളില്‍ നിന്നും ഝടുതിയില്‍ മോചിതരാകാന്‍ ഗ്രാമവാസികള്‍ക്ക് സാധ്യമാകുന്നുണ്ട്.

വയലാര്‍ എന്ന നാട് ഇപ്പോള്‍ കേരളത്തില്‍, തിളക്കുമുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍കൂടിയാണ് അറിയപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകേരളം പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ആരോഗ്യകേരളം പുരസ്‌കാരം ഈ കൊച്ചുഗ്രാമം നേടിയിരിക്കുകയാണ്.

രോഗമില്ലാത്ത അവസഥ മാത്രമല്ല, മാനസികവും സാമൂഹികവും ആത്മീവുമായ സുഖകരമായ അവസ്ഥയാണ് ആരോഗ്യം. ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നതില്‍ ഇവിടുത്തെ മനുഷ്യര്‍ക്കും അവരുടെ ശീലങ്ങള്‍ക്കും പരിസ്ഥിതിക്കും പങ്കുണ്ട്. രോഗം വന്നിട്ട്, അത് ചികിത്സിച്ചു ഭേദമാക്കുന്നതിലല്ല മിടുക്ക്, രോഗം വരാതിരിക്കാന്‍ സാധിക്കുന്നിടത്താണ്. ഈ ഗ്രാമത്തിലെ ആരോഗ്യമേഖലയില്‍ ഉണ്ടായിരുന്ന ന്യൂനതകള്‍ പരിഹരിച്ച്, കൂടുതല്‍ മെച്ചപ്പെട്ട സംവിധനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതു തന്നെയാണ് പ്രധാന നേട്ടം. അലോപ്പതി, ആയുര്‍വേദം, സിദ്ധ, ഹോമിയോ ആശുപത്രികള്‍ സ്ഥാപിക്കുക വഴി ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സമീപിക്കാന്‍ വിവിധ ചികിത്സാരംഗങ്ങള്‍ തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കനിവ്
ആരോഗ്യമേഖലയിലൂടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനുമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് സന്നദ്ധ സംഘടനയാണ് കനിവ്. 400 നു മുകളില്‍ അംഗങ്ങള്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ വ്യക്തിഗതാംഗങ്ങളും വിവിധ ഗ്രൂപ്പ് ആംഗങ്ങളുമുണ്ട്. ഇതിലൂടെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടത്തി ചികിത്സ നേടുന്നവര്‍ക്കായി പോഷാകാഹരങ്ങള്‍ വിതരണം ചെയ്തു വരുന്നുണ്ട്. ഇതുവരെയായി ഏതാണ്ട് 6676 രോഗികള്‍ക്ക് കനിവിലൂടെ സഹായം നല്‍കി കഴിഞ്ഞു. പാലിയേറ്റീവ് പരിചരണത്തിന് വിധേയരാകുന്നവരെ വീടുകളില്‍ ചെന്ന് ആശ്വസിപ്പിക്കാനും ചെറിയ സാമ്പത്തിക സഹായങ്ങള്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നല്‍കുവാനും സാധിക്കുന്നുണ്ട്.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാലിന്യമാണ്. കൃത്യമായ നിര്‍മാര്‍ജ്ജനത്തിന് സാധിക്കാതെ മാലിന്യങ്ങള്‍ നമ്മുടെ നഗര-ഗ്രാമങ്ങളില്‍ കുന്നുകൂടുകയും അവയില്‍ നിന്ന് പലവിധ രോഗങ്ങളുടെയും അടിമകളായി മനുഷ്യര്‍ മാറുകയുമാണ്. കേരളം ഇന്ന് പകര്‍ച്ചവ്യാധികളുടെ ഹോട്ട് സ്‌പോട്ടായി മാറാന്‍ ഈ മാലിന്യങ്ങള്‍ തന്നെയാണ് കാരണം. ശുചിത്വമില്ലാത്ത സമൂഹത്തില്‍ നിന്ന് രോഗങ്ങള്‍ ഒഴിഞ്ഞുപോകില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. പക്ഷെ, നിരുത്തരവാദപരമായ സമീപനത്തിലൂടെ രോഗങ്ങള്‍ വിളയാനുള്ള സാഹചര്യമാണ് എങ്ങും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

കുടിവെള്ളവും ശുചിത്വം
മൂന്നു വശങ്ങളും കായലുകളാല്‍ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം. ഒട്ടനവധി തോടുകളും കുളങ്ങളും ഇന്നാട്ടിലുണ്ട്. എന്നാലും ശുദ്ധജലക്ഷാമം രൂക്ഷം. പൊതു കിണറുകള്‍ ധാരാളമുണ്ടെങ്കിലും അവയില്‍ പലതും ഉപയോഗശൂന്യമായി. ഈ ദുര്‍വിധിക്ക് ഗ്രാമത്തില്‍ പരിഹാരമുണ്ടായത് 2012 ല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി ആരംഭിച്ചതോടെയാണ്. കേവലം 65000 ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കായിരുന്നു ഇവിടെയുണ്ടായിരുന്നത്. പുതിയ കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കാന്‍ പലവിധ പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയും ചെയ്തിരുന്നു. അവസാനം ഓരുജലം പമ്പ് ചെയ്യുവാന്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ അവയെല്ലാം ഉപേക്ഷിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ ചെറിയ ചെറിയ കുടിവെള്ള സംഭരണികള്‍ നിര്‍മ്മിക്കുവാന്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. പക്ഷെ അവകൊണ്ട് ആവശ്യങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല. വാട്ടര്‍ ടാങ്കിന്റെ കപ്പാസിറ്റിയിലധികം പൈപ്പുകളും ടാപ്പുകളും സ്ഥാപിക്കപ്പെട്ടതിനാല്‍ പുതിയ ലൈനുകള്‍ വലിക്കാന്‍ സാധിച്ചിരുന്നില്ല. ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം ജനങ്ങളെ അശുദ്ധജലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കും. ഇതവരുടെ ആരോഗ്യത്തെ ബാധിക്കും. ഈ ആശങ്ക ഗ്രാമത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ പുതിയ കുടിവെള്ള പദ്ധതികള്‍ കമ്മീഷന്‍ ചെയ്തതോടുകൂടി ഇവിടെ 19 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഒരു ടാങ്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഇന്ന് ഒരു പരിധിവരെ വയലാറിനെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും ശുദ്ധജല വിതരണം സാധ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്. നല്ല വെള്ളം നല്ല ആരോഗ്യം കൂടി പ്രദാനം ചെയ്യുന്നു.

വയലാര്‍ ഗ്രാമം നിര്‍മല്‍ പുരസ്‌കാരത്തിന് ഉടമയാണ്. ഗ്രാമത്തെ കൂടുതല്‍ കൂടുതല്‍ ശുചിത്വത്തിലേക്ക് കൊണ്ടുപോവുകയാണ്. അതിനായി ഗ്രാമവാസികളുടെ അകമഴിഞ്ഞ പിന്തുണയാണ് പഞ്ചായത്തിന് ലഭിക്കുന്നത്. നിര്‍മല്‍ പുരസ്‌കാരത്തിലൂടെ ലഭിച്ച തുക മുഴുവന്‍ ശുചിത്വമേഖലയുടെ പരിപാലനത്തിനായി വിനിയോഗിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കിയത്. മാലിന്യ നിര്‍മാര്‍ജ്ജനം ലക്ഷ്യംവച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമീണ തോടുകള്‍ വെട്ടി നീരൊഴുക്ക് സംജാതമാക്കുന്നു. വഴിയരികുകളില്‍ മാലിന്യം നിക്ഷേപിക്കപ്പെടാതിരിക്കാനായി പാതയോരങ്ങള്‍ എപ്പോഴും വെട്ടിത്തെളിച്ച് ശുചിയാക്കിയിടുന്നു. ജനങ്ങളും ഇപ്പോള്‍ പൂര്‍ണസഹകരണമാണ് നല്‍കിവരുന്നത്. അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യാനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സാനിറ്റേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും ആശ വാളന്റിയേഴ്‌സിന്റെ നേതൃത്വത്തിലും നടത്തിവരുന്നുണ്ട്. എല്ലാ വീടുകളിലും കക്കൂസുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് വയലാര്‍ പഞ്ചായത്ത് അടുക്കുകയാണ്. ഇപ്പോള്‍ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇ-വെയ്‌സ്റ്റിനെക്കുറിച്ച് ഊര്‍ജ്ജിതമായ ബോധവത്കരണം നടത്താനും ശ്രദ്ധിക്കുന്നുണ്ട്.

പരിസ്ഥിതിക്കും ജനങ്ങള്‍ക്കും കൂടുതല്‍ ദോഷം ചെയ്യുന്ന പഴകിയ വണ്ടികള്‍, ആക്രിസാധനങ്ങള്‍, ചകിരിമില്ലിലേയും മറ്റു വ്യവസായ സ്ഥാനങ്ങളിലേയും മാലിന്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയും ഫലപ്രദമായി നേരിടാനുള്ള പാതയിലാണ് പഞ്ചായത്ത് ഇപ്പോള്‍. കൊതുകുശല്യം ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. തോടുകളും കുളങ്ങളും കായലും മലിനമാക്കാതെ ജനങ്ങളും സഹകരിക്കുന്നതിനാല്‍ സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം വേഗത്തില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

(വയലാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ലേഖകന്‍)

 *Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍