UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യേശുദാസിനെ കയറ്റാന്‍ ഗുരുവായൂര്‍ നടയില്‍ ഞാന്‍ സത്യാഗ്രഹമിരിക്കും; വയലാര്‍ രാമവര്‍മ്മയുടെ ആ പ്രസംഗം കേള്‍ക്കാം

അഴിമുഖം പ്രതിനിധി

നാലുപതിറ്റാണ്ടു മുമ്പ് (1975 ഒക്ടോബർ 27) ന് വയലാർ രക്തസാക്ഷി ദിനമായ ഒരു തുലാം പത്തിനാണ് അനുഗൃഹീത കവിയും ഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ്മ അകാലത്തില്‍ വിടപറഞ്ഞത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഐതിഹാസിക ചരിത്രമായ പുന്നപ്ര വയലാര്‍ സമരത്തിന്‍റെ ഓര്‍മ്മകള്‍ പുതുക്കുന്ന ദിവസങ്ങളില്‍ തന്നെ വിപ്ലവ കവിതകളും നാടക ഗാനങ്ങളും എഴുതി പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ച വയലാറിന്‍റെ ഓര്‍മ്മ ദിവസവും ആയി എന്നത് തികച്ചും യാദൃശ്ചികമാകാം. ആലപ്പുഴ ജില്ലയിലെ വയലാര്‍ എന്ന പ്രദേശം ഏറ്റവും കൂടുതല്‍ പ്രശസ്തമാകുന്നത് പുന്നപ്ര വയലാര്‍ സമരത്തിന്‍റെ ഓര്‍മ്മയില്‍ മാത്രമല്ല. വയലാര്‍ രാമ വര്‍മ്മ എന്ന കവിയുടെ ദേശം അഥവാ കവിയുടെ പേര് തന്നെയായാണ്.

ഒരു യാഥാസ്ഥിതിക രാജകുടുംബത്തിൽ പെട്ട വയലാര്‍ ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും  ആകൃഷ്ടനായി സ്വന്തം പൂണൂൽ ഉപേക്ഷിക്കുകയായിരുന്നു. വിപ്ലവസ്വപ്നങ്ങളിൽ മുഴുകിയ വയലാര്‍ കവിതയുടെയും നാടകഗാനങ്ങളുടേയും ലോകത്തേക്കു കടന്നു ചെല്ലുകയും കേരളത്തിന്‍റെ കലാ സാംസ്കാരിക മണ്ഡലത്തില്‍ കൃത്യമായ ഇടം കണ്ടെത്തുകയും ചെയ്തു. മലയാളവും മലയാളിയും മരിക്കുന്നതു വരെ മറക്കാത്ത, മറക്കാൻ കഴിയാത്ത, എണ്ണമറ്റ അനശ്വരഗാനങ്ങൾ നമുക്കു തന്നിട്ടാണ് വയലാര്‍  യാത്രയായത്.

എന്നും ഉള്ളില്‍ പ്രതിഷേധവുമായി നടന്നയാളാണ് വയലാര്‍. ഗായകന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റില്ല എന്ന തീരുമാനത്തിനെതിരെ ഗുരുവായൂര്‍ അമ്പലനടയില്‍ സത്യാഗ്രഹം പ്രഖ്യാപിക്കുകയുണ്ടായി ഈ വിപ്ലവകാരി. വയലാറിന്റെ പ്രശസ്തമായ ആ പ്രസംഗം ഇതാ (അഷ്റഫ് മലയാളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്); 

രണ്ടു മണിക്കൂര്‍ നേരം യേശുദാസിന്‍റെ ഗാന നിര്‍ദ്ധരിയുടെ തീരത്ത് ഞാനും നിങ്ങളും ഇരിക്കുകയാണ്. ഞാനും നിങ്ങളും അറിയാതെ ആ ഗാന പ്രവാഹം എന്‍റെയും നിങ്ങളുടെയും ആത്മാവിന്‍റെ കിളിവാതില്‍ തുറന്ന് അകത്തു കടന്നു. എന്‍റെയും നിങ്ങളുടെയും ഇത്തിത മണ്ഡലങ്ങളായ ഭാവ തന്തുക്കളെ സംഗീത സാന്ദ്രമാക്കുകയായിരുന്നു. ഞാന്‍ വിശേഷിച്ചൊന്നും പറയുന്നില്ല. എന്‍റെ യേശുദാസ് ഇവിടെ വന്ന് കേരളത്തിലെ കലാ സംഘടനകളില്‍ പ്രമുഖമായ കെ പി എ സി യുടെ ആപ്പീസില്‍ കയറി വന്ന് എന്‍റെ സുഹൃത് രാജഗോപാലന്‍ നായരോടും തോപ്പില്‍ ഭാസിയോടും ഇന്ന് ഈ സംഗീത കച്ചേരി നടത്താമെന്ന് ഇങ്ങോട്ട് വാഗ്ദാനം ചെയ്തത് അദ്ദേഹത്തിന്‍റെ, കേരളത്തിലെ കലാ സംഘടനകളോടും കലയോടുമുള്ള അതി ഗംഭീരമായ ബഹുമാനാദരവ് കൊണ്ടാണ്. ഞാന്‍ ശ്രീ യേശുദാസിന് കെ പി എസി യുടെ സ്വാഗതസംഘം ചെയര്‍മാന്‍ എന്ന നിലക്ക്  നിങ്ങളുടെ പേരിലും കെ പി എസി യുടെ പേരിലും കൃതജ്ഞതത അര്‍പ്പിക്കുന്നു.

യേശുദാസിന്‍റെ ഗാന നിര്‍ദ്ധരിയെപ്പറ്റി അദ്ദേഹത്തിന്‍റെ ഗാന കലാ പ്രാഭവത്തെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷേ ഞാന്‍ പ്രതിഷേധം ഉള്ളവനാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ ചെമ്പൈ വൈദ്യനാഥരുടെ വലം കൈയും പിടിച്ചു കയറിച്ചെന്ന് ഒരു പാട്ടുപാടാന്‍ ആഗ്രഹിച്ചയാളാണ് യേശുദാസ്. ചെമ്പൈ ഇന്നില്ല മരിച്ചുപോയി. ഇന്ന് ഹിന്ദുക്കള്‍ ശ്രീ യേശുദാസിനെ ഗുരുവായൂര്‍ അമ്പലത്തില്‍ കടത്തുന്നില്ല. ഗുരുവായൂര്‍ ‘ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും’ എന്ന പാട്ട് യേശുദാസിനെ കൊണ്ട് ഞാന്‍ പാടിപ്പിച്ചതാണ്. അദ്ദേഹത്തെ അവിടെ കയറ്റുന്നതിന് വേണ്ടിയുള്ള സമര പരിപാടികള്‍ ഞാന്‍ ആരംഭിക്കുകയാണ്. ഗുരുവായൂര്‍ അമ്പലത്തിന്‍റെ നടക്കല്‍ ഞാനും കെ പി എ സി യുടെ പ്രതിനിധികളും സത്യാഗ്രഹം അനുഷ്ഠിക്കാന്‍ പോകുകയാണ്. യേശുദാസിനെ അവിടെ കയറ്റി, പ്രവേശിപ്പിച്ച് അമ്പലത്തിന്‍റെ വടക്കേ നടയില്‍ പാടിക്കുന്നത് വരെ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍