UPDATES

പ്രവാസം

പ്രവാസികളില്‍ സാധാരണക്കാരുമുണ്ട്, സാര്‍

ടീം അഴിമുഖം

കഴിഞ്ഞയാഴ്ചയാണ് ‘പ്രവാസി ഭാരതീയ ദിവസ്’ഡല്‍ഹിയില്‍ സമാപിച്ചത്. വിവിധ ലോകരാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കോടിക്കണക്കിനു ഇന്ത്യന്‍ പ്രവാസികളുടെ, പ്രത്യേകിച്ച് അന്യദേശങ്ങളില്‍ അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെ പ്രവര്‍ത്തന മേഖലകളിലെ സാധ്യതകളും പ്രശ്നങ്ങളും പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത് എന്നാണ് വയ്പ്. എന്നാല്‍ മിക്ക കൊല്ലങ്ങളിലും സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇതെന്തെങ്കിലും ഗുണം എന്തെങ്കിലും ചെയ്തിട്ടുണ്ട് എന്നു ആരും പറയില്ല. 2003 മുതല്‍ എല്ലാവര്‍ഷവും പ്രവാസികാര്യ മന്ത്രാലയം ഇത് സംഘടിപ്പിച്ചുവരുന്നു.

ഇത്തരം വലിയ പരിപാടികള്‍ക്കു സാധാരണ ലഭിക്കാറുള്ള മാധ്യമശ്രദ്ധ വെച്ചു നോക്കുമ്പോള്‍ ഈ പരിപാടിക്കു ദേശീയ മാധ്യമങ്ങളില്‍ ഗണ്യമായ സ്ഥാനം കിട്ടിയില്ല എന്നതാണു വാസ്തവം. മൂന്നു നാള്‍ നീണ്ടുനിന്ന ഈ ആഘോഷത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം പോലും ഏറിയാല്‍ രണ്ടുകോളം തികയ്ക്കാന്‍ പോന്ന ഒരു ചെറിയ വാര്‍ത്തയായിരുന്നു. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ഒരല്‍പം കൂടുതല്‍ ശ്രദ്ധ ലഭിച്ചു എന്നു മാത്രം.

ഇനി ഇത് സംബന്ധിക്കുന്ന എന്തെങ്കിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയാണെങ്കില്‍ തന്നെ അത് ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന സമ്പന്നരായ NRI സംരംഭകരെക്കുറിച്ചുള്ളതായിരിക്കും. അവരെ സ്വീകരിക്കാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും നമ്മുടെ നേതാക്കളും മാധ്യമങ്ങളും സദാ സന്നദ്ധരുമാണ്.

ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തങ്ങളുടെ പണം നിക്ഷേപിക്കാന്‍ ഒരുക്കമല്ലെന്നത് മറ്റൊരുകാര്യം. എന്നാല്‍, അതിനു നമുക്കവരെ കുറ്റപ്പെടുത്താനുമാവില്ല. ഏറെ ധൈര്യവും രാജ്യസ്നേഹവുമുള്ളവരെപ്പോലും നിക്ഷേപങ്ങളില്‍ നിന്നകറ്റാന്‍ ദിവസവും പുറത്തുവരുന്ന അഴിമതിയുടെയും സര്‍ക്കാര്‍തലചുവപ്പുനാടകളുടെയും കഥകള്‍ തന്നെ ധാരാളം. ലക്ഷ്മി മിത്തലിനെ പോലെയുള്ള വമ്പന്‍ വ്യവസായികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന പ്രതീക്ഷയില്‍ നമ്മുടെ സര്‍ക്കാര്‍ തുള്ളിച്ചാടുന്നത് നാം മുന്‍പ് കണ്ടിട്ടുണ്ട്. എന്നാല്‍, ബിസിനസ്സിന് പാകമല്ലാത്ത ഇന്ത്യപോലൊരു മണ്ണില്‍ പണമിറക്കുന്നതിന് മുന്‍പ് നല്ലവണ്ണം ആലോചിക്കണം എന്നത് മിത്തലിനെ പോലെയുള്ള കൂര്‍മബുദ്ധിക്കാരനായ ഒരു സംരംഭകനറിയാമല്ലോ.

ഏത് പ്രതികൂല സാമ്പത്തികാവസ്ഥയിലും കൃത്യമായി നാട്ടിലേക്കു മാസം തോറും പണമയക്കുന്ന ഗള്‍ഫിലെ പ്രവാസിസമൂഹം നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ പതിവുതെറ്റിച്ച് ഈ വര്‍ഷം, ഇന്ത്യയുടെ പ്രവാസികാര്യമന്ത്രി തീരുമാനിച്ചിരിക്കുന്നു. പ്രഖ്യാപനമാണ് വന്നിട്ടുള്ളത്. ഇനി ഇതിന്‍മേല്‍ നടപടികള്‍ ഉണ്ടാകുമോ എന്നറിയേണ്ടതുണ്ട്. ഗള്‍ഫില്‍നിന്നും അവരയക്കുന്ന സമ്പാദ്യമാണ് ഇന്ത്യയിലെത്തുന്ന വിദേശപണത്തിന്റെ ഭൂരിഭാഗവും എന്നതു കണക്കിലെടുത്താല്‍, ഇപ്പോള്‍ കാണിക്കുന്ന ഈ അനാസ്ഥക്ക് പകരം ഗൌരവതരമായ പരിഗണന അര്‍ഹിക്കുന്നുണ്ടീ പ്രവാസിസമൂഹം എന്നത് വ്യക്തമാണ്. ഗല്‍ഫിലെ പണിസ്ഥലത്ത് കെട്ടിടത്തിന് മുകളില്‍ നിന്നു വീണു മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അയാളുടെ വിധവയും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരു യുവതി കഴിഞ്ഞ ഏഴു മാസങ്ങളായി കഷ്ടപ്പെടുന്നത് നമുക്കറിയാം. ഇതുവരെ ആരും അവരുടെ സഹായത്തിനായി എത്തിയിട്ടില്ല. ഇത്തരത്തില്‍ ദുരിതമയമാണ് ഗള്‍ഫിലെ സാധാരണ തൊഴിലാളികളുടെയും നാട്ടില്‍ കഴിയുന്ന അവരുടെ കുടുംബങ്ങളുടെയും നിത്യജീവിതം.

അമേരിക്കയിലെ ഇന്ത്യന്‍ ഡിപ്ലോമാറ്റായ ദേവയാനി ഘോബ്രാഗഡേ നേരിട്ട അപമാനത്തില്‍ രാജ്യാഭിമാനത്തിന്റെ പേരില്‍ വീറും വാശിയും കാണിക്കുന്ന നമ്മുടെ സര്‍ക്കാര്‍, ഗള്‍ഫിലെ സാധാരണ ഇന്ത്യക്കാരോട് കുറ്റകരമായ അവഗണയാണ് കാട്ടുന്നത്. ഉയര്‍ന്ന ജോലികള്‍ വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ട് ഗള്‍ഫില്‍ കുടുങ്ങിപ്പോകുമ്പോള്‍ ഏത് കഠിനമായ/താണതരം ജോലിയിലും ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായിപ്പോവുന്നവരാണിതില്‍ ഭൂരിഭാഗവും. ഇന്ത്യ വിടുംമുന്‍പ്തന്നെ ഇടനിലക്കാര്‍ ഇവരെ ചൂഷണം ചെയ്തു തുടങ്ങും. ഗള്‍ഫുനാടുകളിലെ തങ്ങളുടെ കഠിനാധ്വാനത്തിന് യാതൊരു ഫലവും കിട്ടാതെ ദാരിദ്ര്യത്തിലേക്ക് മടങ്ങിയെത്തുന്ന നിരവധിപേരെ കേരളത്തില്‍ തന്നെ കാണാന്‍ കഴിയും.

അവരെ ഇത്തരം ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കാനും അവര്‍ക്ക് സുരക്ഷിതവും സാമ്പത്തികലാഭം കിട്ടുന്നവയുമായ ജോലികള്‍ ഉറപ്പുവരുത്താനും ഉതകുന്ന പദ്ധതികള്‍ ഉണ്ടാവേണ്ടതാണ്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇന്ത്യയെ സംബന്ധിച്ചു വൈകാരികമായ കെട്ടുപാടുകള്‍ ഉണ്ടായേക്കാം. എന്നാല്‍, ഗള്‍ഫുകാരെപ്പോലെ തിരികെ നാട്ടിലെത്തി ജീവിക്കാന്‍ അവര്‍ മിക്കപ്പോഴും തയ്യാറാകാറില്ല. അതുകൊണ്ടുതന്നെ അടുത്തവര്‍ഷത്തെ പ്രവാസി ദിവസത്തെക്കുറിച്ച് ചിന്തിക്കുമ്പോഴെങ്കിലും, നമ്മുടെ ‘മണി ഓര്‍ഡര്‍ സാമ്പത്തികവ്യവസ്ഥ’ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന ഈ ‘ചെറിയ പ്രവാസി’യുടെ കാര്യം കണക്കിലെടുക്കേണ്ടതുണ്ട്. ‘പ്രവാസി ഭാരതീയ ദിവസി’ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതനുസരിച്ച് കേരളത്തിന്റെ മാത്രം റെമിറ്റന്‍‌സ് 75,000 കോടിയില്‍പരമാണ്.ഇതില്‍ വലിയൊരു പങ്കും ഗള്‍ഫിലെ സാധാരണ തൊഴിലാളികളുടെ പണമാണെന്നും അതിനാല്‍ത്തന്നെ ഇതിലും മെച്ചപ്പെട്ട പരിഗണന അവരര്‍ഹിക്കുന്നുണ്ടെന്നുംകൂടി നമ്മുടെ നേതാക്കള്‍ അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രവാസി ഭാരതീയ സമ്മാന്‍ കിട്ടിയാല്‍ തീരുന്നതല്ലല്ലോ അവരുടെ പ്രശ്നങ്ങള്‍ എന്നെങ്കിലും ഓര്‍ത്താല്‍ നല്ലത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍