UPDATES

വായന/സംസ്കാരം

‘ദ മോസ്റ്റ് ഡിഫിക്കൽട്ട് തിങ്’: ഒരു ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ് ചാരന്റെ ചെറുമകള്‍ക്ക് പറയാനുള്ളത്

ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ കമ്മ്യൂണിസ്റ്റ് ഡബ്ൾ ഏജന്റിന്റെ ചെറുമകൾ ഷാര്‍ലറ്റ് ഫിൽബി തന്റെ ആദ്യ നോവലിന്റെ പണിപ്പുരയിലാണെന്ന് പ്രസാധകരായ ഹാപ്പർ കോളിൻസ് പ്രഖ്യാപിച്ചു.

ചാരപ്രവൃത്തികളുടെയും ചതികളുടെയും കഥ പറയുന്ന ത്രില്ലറുമായി കിം ഫിൽബിയുടെ ചെറുമകൾ
സോവിയറ്റ് യൂണിയന്റെ ഡബ്ൾ ഏജന്റായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ബ്രിട്ടീഷ് പൗരനായിരുന്ന കിം ഫിൽബി. ഇരുണ്ട ലോകത്തിലേക്കുള്ള ഒരു അമ്മയുടെ യാത്രയാണ് കഥയിൽ അനാവൃതമാകുന്നത്. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ കമ്മ്യൂണിസ്റ്റ് ഡബ്ൾ ഏജന്റിന്റെ ചെറുമകൾ ഷാര്‍ലറ്റ് ഫിൽബി തന്റെ ആദ്യ നോവലിന്റെ പണിപ്പുരയിലാണെന്ന് പ്രസാധകരായ ഹാപ്പർ കോളിൻസ് പ്രഖ്യാപിച്ചു.

ചാരപ്രവർത്തിയെപ്പറ്റിയുള്ള ത്രില്ലറുകളിൽ ഫിൽബി എന്ന പേര് ശ്രദ്ധിക്കപ്പെടാതെ പോകില്ലെങ്കിലും കിം ഫിൽബിയുടെ ചെറുമകളായുള്ള ചാർലോറ്റ് ഫിൽബിയുടെ ജീവിതം എളുപ്പമായിരുന്നില്ല. ദ മോസ്റ്റ് ഡിഫിക്കൽട്ട് തിങ് എന്നതാണ് ഹാപ്പർ കോളിൻസുമായി കരാറിലേർപ്പെട്ട നോവലിന് നൽകിയിട്ടുള്ള പേര്. രണ്ടാം ലോകയുദ്ധ സമയത്ത് ബ്രിട്ടനിൽ നിന്നുള്ള രഹസ്യവിവരങ്ങൾ സോവിയറ്റ് യൂണിയന് കൈമാറുകയും പിടിക്കപ്പെടുമെന്നായപ്പോൾ സോവിയറ്റ് യൂണിയനിലേക്ക് കടന്നുകളയുകയും ചെയ്ത കിം ഫിൽബിയുടെ, ത്രില്ലറിനെ വെല്ലുന്ന ജീവിത കഥകൾ‌ക്കിടയിലാണ് ഷാര്‍ലറ്റ് ഫിൽബി വളർന്നത്. കേംബ്രിഡ്ജ് സ്പൈ റിങ് എന്ന പേരിൽ ബ്രിട്ടനിൽ പ്രവർത്തിച്ചിരുന്ന ഒരു സംഘത്തിൽ അംഗമായിരുന്നു കിം ഫിൽബി.

”കിം ചെയ്തതിനെക്കുറിച്ച് ഓർക്കുമ്പോൾ ഒരു ചോദ്യം എന്നിൽ എപ്പോഴും ബാക്കിയാകാറുണ്ട്, പ്രത്യേകിച്ച് എനിക്ക് കുട്ടികളായതിന് ശേഷം. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് എങ്ങനെയാണ് ഒരാൾക്ക് പോകാൻ കഴിയുന്നത്? എന്താണ് ഒരാളെ അതിന് നിർബന്ധിക്കുന്നത്? പിന്നെ ഞാൻ ചിന്തിച്ചത്, അവർ ഒരു സ്ത്രീയായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്നായിരുന്നു. ആ ചിന്ത നോവലെഴുതാനുള്ള വഴിത്തിരിവായി,” ഫിൽബി ദ ഗാര്‍ഡിയനോട്‌ പറഞ്ഞു.

സാധാരണ ജീവിതകഥയും നിഗൂഢമായ ചാരപ്രവൃത്തിയെക്കുറിച്ച് പറയുന്ന ത്രില്ലറും കൂടിചേർന്നതായിരിക്കും ‘ദി മോസ്റ്റ് ഡിഫിക്കൽട്ട് തിങ്’ എന്ന് പ്രസാധകർ അവകാശപ്പെടുന്നു. ചാരപ്രവർത്തനത്തെക്കുറിച്ച് പറയുന്ന ജോൺ ലി കാരെയുടെ ദി നൈറ്റ് മാനേജറും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പറയുന്ന ലൂയിസ് ഡോട്ടിയുടെ ആപ്പ്ൾ ട്രീ യാർഡും സമന്വയിപ്പിക്കുന്ന ശൈലിയിലായിരിക്കും നോവൽ. തന്റെ കുടുംബത്തെ വിട്ട് എന്നെന്നേക്കുമായി പോകാൻ തീരുമാനിക്കുന്ന ഒരു അമ്മയിലൂടെ ആയിരിക്കും കഥ തുടങ്ങുക. രണ്ട് സ്ത്രീകൾ വ്യാഖ്യാനിക്കുന്ന കഥ നടക്കുന്നത് ലണ്ടനിലും ഗ്രീസിലെ ഒരു ദ്വീപിലുമാണ്. ആഫ്രിക്കയിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് നോവൽ.

കിം ഫിൽബി പിന്തുടർന്ന വഴി ശരിയായിരുന്നില്ലെന്ന പൊതുധാരണയെ ഫിൽബി വിലക്കെടുക്കുന്നില്ല. പകരം ഒരു നിർ‌ണ്ണായക തീരുമാനം എടുക്കപ്പെട്ടതിന് ശേഷം, ലോകം ഇരുണ്ടതും നിയന്ത്രണാതീതവും ആയതിന് ശേഷം കുടുംബത്തെയും സുഹൃത്തുക്കളെയും എങ്ങനെയാണ് മറ്റുള്ളവർ പരിഗണിച്ചത് എന്നതിലേക്കാണ് ഫിൽബിയുടെ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കിം ഫിൽബിയുടെ വഞ്ചനക്ക് പിന്നിലുള്ള പ്രചോദനം എന്താകാം എന്നതിനെപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഷാര്‍ലറ്റ് ഫിൽബിക്കും അച്ഛൻ ജോൺ ഫിൽബിക്കും ജീവിക്കേണ്ടി വന്നിട്ടുള്ളത്.

”ഉത്തരങ്ങൾ ഇല്ലായിരുന്നുവെന്നതുകൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ എന്നും കൂടെത്തന്നെയുണ്ടായിരുന്നു. എനിക്ക് അ‍ഞ്ച് വയസുള്ളപ്പോഴാണ് കിം മരിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി നേരിട്ടുള്ള ബന്ധം എനിക്ക് കുറവാണ്. പക്ഷേ അദ്ദേഹത്തിന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ മോസ്കോയിൽ ജീവിച്ചതിന്റെ ഓർമ്മകൾ എന്നിലുണ്ട്. സംഭവിച്ച കാര്യങ്ങൾ എന്റെ ജീവിതത്തിന്റ നിറം തന്നെ മാറ്റി. എന്റെ അച്ഛന് തന്നെക്കുറിച്ചുള്ള ബോധ്യത്തെയും അത് സ്വാധീനിച്ചു.”

ഷാര്‍ലറ്റ് ഫിൽബിയുടെ അച്ഛൻ മരിക്കുന്നത് 2009ലാണ്. അദ്ദേഹം തന്റെ അച്ഛനായ കിം ഫിൽബിയുടെ ധാർമ്മികബോധത്തെയും ബുദ്ധിശക്തിയെയും ആരാധിച്ചിരുന്നതായി ഷാര്‍ലറ്റ് പറയുന്നു. കിം ഫിൽബി എന്നും ഒരു നിഷേധിയായിരുന്നുവെന്നതും അധികാരികൾക്ക് മുന്നിൽ മുട്ട് മടക്കാൻ വിസമ്മതിച്ചിരുന്നുവെന്നതും ജോൺ ഫിൽബിയെ സ്വാധീനിച്ച കാര്യങ്ങളാണ്. കിമ്മിനെ പോലെ തന്റെ അച്ഛനും ആൾക്കൂട്ടത്തെ പിന്തുടരാനോ ചട്ടങ്ങൾ തുടരാനോ തയ്യാറിയിരുന്നില്ലെന്നും വ്യക്തിപരമായി ഏറെ നഷ്ടങ്ങൾ സംഭവിച്ചെങ്കിലും അദ്ദേഹം അങ്ങനെത്തന്നെ തുടരുകയാണ് ഉണ്ടായതെന്നും ലണ്ടനിൽ വളർന്ന മാദ്ധ്യമ പ്രവർത്തക കൂടിയായ ഷാര്‍ലറ്റ് പറഞ്ഞു.

നാടുവിട്ട് സോവിയറ്റ് യൂണിയനിൽ എത്തിയ ശേഷം കിം എഴുതിയ കത്തിൽ ഷാര്‍ലറ്റ് ഫിൽബിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഫിൽബി ജനിച്ച വർഷമായിരുന്നു കിം ആ കത്ത് എഴുതിയത്. 2000 ആകുമ്പോഴേക്ക് യൂണിവേഴ്സിറ്റി പഠനം നേടിക്കൊണ്ടിരിക്കുന്ന ചെറുമകൾ നന്നായി പഠിക്കുകയോ അല്ലെങ്കിൽ ശല്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയോ ചെയ്യുകയായിരിക്കുമെന്ന് അന്ന് അദ്ദേഹം എഴുതി.

അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ദി ഇൻ‍ഡിപെൻ‍ഡന്റ് നൽകുന്ന പുരസ്കാരത്തിന്റെ അവസാന പട്ടികയിൽ ഇടം പിടിച്ച വ്യക്തിയാണ് ഷാര്‍ലറ്റ്. മേരി ക്ലയർ എന്ന മാസികയിൽ പ്രവർത്തിക്കുന്ന ഷാര്‍ലറ്റിന് തന്റെ കുടുംബപേര് ഒരിക്കലും നാണക്കേടായി തോന്നിയിട്ടില്ല. എന്നാൽ ചാരപ്രവർത്തനത്തെ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വിഷാദം തോന്നാറുണ്ടെന്നും അവർ പറയുന്നു. കുട്ടിയായിരിക്കുമ്പോൾ വീട്ടിലേക്ക് വരാറുള്ള ഫോൺ കോളുകളും വീടും നിരീക്ഷിക്കപ്പെട്ടതിന്റെ ഓർമ്മകൾ അവർക്ക് ഇന്നുമുണ്ട്.

ബ്രിട്ടന്റെ ചാര സംഘടനയായ എംഐ 16ലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു കിം ഫിൽബി. അദ്ദേഹം വാഷിങ്ടണിൽ പ്രവർത്തിക്കുന്ന സമയത്താണ് സോവിയറ്റ് യൂണിയന് രഹസ്യങ്ങൾ ചോർത്തുന്നുവെന്ന് സംശയിക്കപ്പെടുന്ന ഡൊണാൾഡ് മക്ക്ലീൻ എന്ന മറ്റൊരു ഡബ്ൾ ഏജന്റിനെ സംബന്ധിച്ച് അന്വേഷണം നടത്താൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുന്നത്. എന്നാൽ മക്ക്ലീനെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം ഗയ് ബർജസ് എന്ന മറ്റൊരു ചാരന്റെ കൂടെ നാടുകടക്കാൻ അദ്ദേഹത്തെ സഹായിക്കുകയാണ് കിം ഫിൽബി ചെയ്തത്. സംശയത്തിന്റെ നിഴൽ തന്റെ മേലും വീഴുന്നുവെന്ന് തോന്നിയപ്പോൾ കിം ഫിൽബി എം16ലെ തന്റെ സ്ഥാനം ഒഴിഞ്ഞു. എന്നാൽ ദി ഒബ്സർവർ എന്ന ബ്രിട്ടീഷ് പത്രത്തിന് വേണ്ടി മിഡ്ൽ ഈസ്റ്റിൽ പ്രവർ‍ത്തിക്കുകയും എം16മായുള്ള തന്റെ ബന്ധം തുടരുകയും ചെയ്തു.

”ആളുകൾ‌ കിമ്മിനെക്കുറിച്ച് എന്നും രാഷ്ട്രീയമായ അർഥത്തിൽ മാത്രമാണ് സംസാരിച്ചിട്ടുള്ളത്- എങ്ങനെയാണ് ഒരാൾക്ക് സ്വന്തം രാജ്യത്തെ ചതിക്കാൻ കഴിയുക? അത് ഒരു സ്ത്രീ ആയിരുന്നെങ്കിൽ ചർച്ചയുടെ സ്വഭാവം തന്നെ മാറിപ്പോയേനെ. പുരുഷൻ വീടുവിട്ടു പോകുന്നുവെന്നത് ഏറെ പരിചയമുള്ള കാര്യമാണ്, എന്നാൽ ഒരു സ്ത്രീയാണ് അങ്ങനെ ചെയ്തതെങ്കിൽ അത് വളരെ മോശം രീതിയിൽ ചിത്രീകരിക്കപ്പെട്ടേനെ.”

”എന്തിനാണ് അദ്ദേഹം അത് ചെയ്തത് എന്നത് സംബന്ധിച്ചും ഏത് ഭാഗത്തായിരുന്നു എന്നത് സംബന്ധിച്ചും ഇപ്പോഴും ഊഹാപോഹങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ ആദ്യ പുസ്തകത്തിൽ ഇത്തരത്തിലുള്ള ചർച്ചകൾ വരാതിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കിമ്മിന്റെ അനുഭവങ്ങളാണ് ഈ വിഷയത്തിൽ എന്റെ താത്പര്യം ഉണ്ടാക്കിയത് എങ്കിലും എന്റെ കഥ വൈകാരിക തലത്തിൽ ഉള്ളതാണ്. ചുറ്റുമുള്ള മനുഷ്യരെ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത തരത്തിൽ ഉണ്ടായിട്ടുള്ള വൈകാരികമായ കാപട്യത്തിന്റെ തലമാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.” 2020ലായിരിക്കും നോവൽ പ്രസിദ്ധീകരിക്കപ്പെടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍