UPDATES

വായന/സംസ്കാരം

ടാറ്റാ ഗ്രൂപ്പില്‍ നിന്നും സൈറസ് മിസ്ട്രി പുറത്തായതെങ്ങനെ? മുകുന്ദ് രാജന്‍ രചിച്ച ‘ദി ബ്രാന്‍ഡ് കസ്റ്റോഡിയനി’ലെ വെളിപ്പെടുത്തലുകള്‍

രത്തൻ ടാറ്റ-സൈറസ് മിസ്‌ട്രി തർക്കത്തിൽ എന്റെ നിലപാടെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. വ്യക്തികളോടല്ല, ടാറ്റാസ് എന്ന സ്ഥാപനത്തോടാണ് എന്റെ കൂറ് എന്ന് ഞാനവർത്തിച്ചിട്ടുമുണ്ട്.

കോര്‍പ്പറേറ്റ് സ്ട്രാറ്റജിസ്റ്റും ടാറ്റ സണ്‍സിലെ മുന്‍ ഉദ്യോഗസ്ഥനുമായ മുകുന്ദ് രാജന്‍ രചിച്ച ‘ദി ബ്രാന്‍ഡ് കസ്റ്റോഡിയന്‍-മൈ ഈയേഴ്സ് വിത്ത് ടാറ്റാസ്’ എന്ന പുസ്തകത്തിലെ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സൈറസ് മിസ്ട്രിയുടെ പുറത്തുപോകല്‍ വിശദീകരിക്കുന്ന അദ്ധ്യായത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.

സൈറസ് മിസ്ട്രിയുടെ പുറത്തുപോക്ക്

വിചിത്രവും അപ്രതീക്ഷിതവുമായ സംഭവങ്ങൾ നിറഞ്ഞതായിരുന്നു 2016 എന്ന വർഷം. അക്കൊല്ലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ബ്രെക്സിറ്റ്‌ തീരുമാനിക്കാൻ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധനയും പ്രധാനമന്ത്രി പദവും അയാൾക്ക് നഷ്ടമായി. ആ വർഷമാണ് മൊത്തം കിട്ടിയ വോട്ട് കുറവാണെങ്കിലും ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ടാറ്റായുടെ ബ്രാൻഡ് കാവൽക്കാരൻ എന്ന എന്റെ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, അന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധം ടാറ്റ സൺസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയർമാൻ എന്ന സ്ഥാനത്തുനിന്നും സൈറസ് മിസ്ട്രിയെ പൊടുന്നനെ നീക്കം ചെയ്തതും ആ വർഷമാണ്. അദ്ദേഹത്തിന്റെ പുറത്താകൽ ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെയും സർക്കാരിനേയും മറ്റു തത്പരകക്ഷികളേയും ഞെട്ടിച്ചു.

സൈറസ് മിസ്ട്രിയുടെ പുറത്താകൽ ഇന്ത്യൻ മാധ്യമങ്ങൾ വിശദമായി കൈകാര്യം ചെയ്തു. ചുരുക്കത്തിൽ പറഞ്ഞാൽ, 2016 ഒക്ടോബർ 24 എന്ന ആ വിധിനിർണ്ണായക ദിവസത്തിൽ, ടാറ്റ സൺസിന്റെ ബോർഡ് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തെ കാണാൻ ഒരു അപ്രതീക്ഷിത സന്ദർശകൻ വന്നു. ചെയർമാൻ എമിരിറ്റസ് രത്തൻ ടാറ്റ ആയിരുന്നു അത്. ബോർഡ് അംഗമായ നിതിൻ നോഹ്രിയായും രത്തൻ ടാറ്റയ്ക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ ട്രസ്റ്റിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് അറിയിച്ച രണ്ടുപേരും ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.

കുറച്ചു മാസങ്ങൾക്കു മുമ്പ് ബോർഡിന്റെ Nominations and Remuneration Committee മികച്ച പ്രവർത്തനമെന്ന് വിലയിരുത്തിയതിനെക്കുറിച്ച് അറിയാമായിരുന്ന മിസ്ട്രിക്ക് സ്വാഭാവികമായും ഈ നീക്കത്തിനെക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. രാജി വെക്കാൻ വിസമ്മതിച്ച അദ്ദേഹം ഇതിനെക്കുറിച്ച് ബോർഡിൽ പൂർണ ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബോർഡിലുണ്ടായ ചർച്ചകളും ശേഷം നടന്നതുമെല്ലാം നിലവിൽ നടക്കുന്ന കോടതി വ്യവഹാരത്തിന്റെ വിഷയമാണ്. ഒന്നു പറയാം, സൈറസ് നിശബ്ദനായി രാത്രിയിലേക്ക് മാഞ്ഞുപോയില്ല. ടാറ്റ ട്രസ്റ്റിലെ രത്തൻ ടാറ്റ എന്ന ഒരൊറ്റ വ്യക്തിയുടെ തന്നിഷ്ട തീരുമാനമാണ് അതെന്നു അയാൾ ആരോപിച്ചു. അതിനെതിരെ പൊരുതാനും തീരുമാനിച്ചു.

സൈറസ് മിസ്ട്രിക്കെതിരായ നീക്കത്തെക്കുറിച്ച് ജി ഇ സിയിലുള്ള ഞങ്ങൾക്കൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ലേയെന്നു വായനക്കാർക്ക് അത്ഭുതമുണ്ടാകും. ചെയർമാന്റെ മുറിയിലേക്ക് പെട്ടന്ന് ചെല്ലാനാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സെക്രട്ടറി ഭവേഷ് മിസ്ട്രിയുടെ വിളി വരുമ്പോൾ, ഇതെല്ലാം നടക്കുന്ന തിങ്കളാഴ്ച്ച വൈകുന്നേരം ഞാനെന്റെ കാര്യാലയത്തിലുണ്ടായിരുന്നു. എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിന്നും മനസിലാക്കിയ ഞാൻ എന്റെ രണ്ടാം നിലയിലെ കാര്യാലയത്തിൽ നിന്നും നാലാം നിലയിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെച്ചെന്നപ്പോൾ വളരെ ശാന്തനായി ആലോചനയിലാണ്ട് സൈറസ് മിസ്ട്രിയെയാണ് കണ്ടത്.

വാതിലടഞ്ഞയുടനെ അദ്ദേഹം കാര്യത്തിലേക്ക് കടന്നു: “എന്നെ ചെയർമാൻ സ്ഥാനത്തു നിന്നും ബോർഡ് നിർബന്ധപൂർവം നീക്കം ചെയ്യുന്നു.”

അദ്ദേഹം പറയുന്നത് മനസിലാക്കാൻ ഞാൻ കുറച്ചു സമയമെടുത്തെങ്കിലും, പെട്ടന്നു തന്നെ എന്റെ മനസിലേക്ക് വന്ന ചോദ്യം ഞാൻ ചോദിച്ചു, “ആരാണ് താങ്കൾക്കു പകരം വരുന്നത്?”

അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു, “രത്തൻ ടാറ്റ. ഒരു പിന്‍ഗാമിയെ കണ്ടുപിടിക്കും വരെ ഇടക്കാല ചെയർമാനായി ബോർഡ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നു.”

“ഇത് വിരമിക്കൽ നയത്തിനെതിരല്ലേ? രത്തൻ ടാറ്റക്ക് എഴുപത്തഞ്ച് വയസു കഴിഞ്ഞില്ലേ? ഞാൻ ആശ്ചര്യപ്പെട്ടു.

അദ്ദേഹത്തിന്റെ മറുപടി എന്നെ കൂടുതൽ നിരാശനാക്കി, “ഇതനുവദിക്കാനായി ബോർഡ് വിരമിക്കൽ നയത്തിൽ മാറ്റം വരുത്തി.”

അപ്പോഴാണ് ഇഷാദ് ഹുസൈനും ഫരീദ ഖംബാട്ടയും ചെയർമാന്റെ മുറിയിലേക്ക് വന്നത്. അതോടെ ഞാൻ മുറിയിൽ നിന്നും പോന്നു. സൈറസ് മിസ്ട്രിയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിൽ നിന്നും വിട്ടുനിന്ന രണ്ടു ടാറ്റ സൺസ്  ഡയറക്ടർമാർ അവരായിരുന്നു എന്ന് ഞാൻ പിന്നീടറിഞ്ഞു. തന്റെ പുറത്താക്കലിനെക്കുറിച്ച് ഒരു വാർത്താ കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും അതൊന്നു നോക്കണമെന്നും മിസ്‌ട്രി ആവശ്യപ്പെട്ടു. അരമണിക്കൂറിനുളളിൽ, ബോബെ ഹൌസിന്റെ രണ്ടാം നിലയിലുള്ള ടാറ്റ ട്രസ്റ്റിന്റെ കാര്യാലയത്തിലേക്ക് എന്നെ വിളിപ്പിച്ചു. അവിടെ ഒരു സമ്മേളന മുറിയിൽ ടാറ്റ സൺസിലെ മിക്ക ഡയറക്ടർമാരും ഉണ്ടായിരുന്നു. ഉടനെത്തന്നെ പുറത്തിറക്കണം എന്ന നിർദ്ദേശത്തോടെ അവരെനിക്കൊരു വാർത്താ കുറിപ്പ് തന്നു.

മറ്റു വഴികളൊന്നും ഇല്ലാഞ്ഞതുകൊണ്ട് പ്രസ്താവന പുറത്തിറക്കും മുമ്പ് ഞാനത് സൈറസ് മിസ്ട്രിയെ കാണിച്ചു. അദ്ദേഹം ചുമൽ കുലുക്കി. അത് പുറത്തിറക്കുന്നത് വൈകുന്നേരം വരെ നീട്ടാമോ എന്ന് ചോദിച്ചു. കാര്യാലയത്തിലെ വ്യക്തിപരമായ കാര്യങ്ങൾ ഒന്ന് ശരിയാക്കാനും മാധ്യമങ്ങൾ വന്നുകൂടും മുമ്പ് പോകാനായിരുന്നു അത്. ഉടനെത്തന്നെ നൽകണമെന്നാണ് നിർദ്ദേശമെന്ന് ഞാൻ പറഞ്ഞു. “എങ്കിൽ ശരി, അത് നടക്കട്ടെ,” അദ്ദേഹം മറുപടി നൽകി.

അങ്ങനെയായിരുന്നു അത് നടന്നത്. പിന്നീട് പല തവണ സൈറസ് മിസ്‌ട്രി ടാറ്റ കമ്പനികളുടെ ബോർഡ് മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ ബോംബെ ഹൌസിൽ എത്തിയിട്ടുണ്ടെങ്കിലും, അവിടെ വെച്ച് ഞാനദ്ദേഹത്തെ ഒരിക്കലും വീണ്ടും കണ്ടിട്ടില്ല.

രത്തൻ ടാറ്റയുമായുള്ള ബന്ധം തകർന്നില്ലായിരുന്നെങ്കിൽ സൈറസ് മിസ്ട്രിക്ക് ടാറ്റ ഗ്രൂപ്പിൽ നീണ്ട കാലം തുടരാമായിരുന്നു. എന്റെ പ്രസംഗങ്ങളിൽ ടാറ്റ ഗ്രൂപ്പിന്റെ ഈ ദീർഘകാല ശേഷിയെ ഞാൻ ഇപ്പോഴും എടുത്തുപറയുമായിരുന്നു. കഴിഞ്ഞ 145 കൊല്ലത്തിനിടയിൽ നമുക്ക് ആറ് ചെയർമാന്മാരെ ഉണ്ടായിരുന്നുള്ളു എന്ന്. സ്ഥാപകനായ ജാംസേട്ജി ടാറ്റ, മകൻ ദൊറാബ്ജി ടാറ്റ, നൗറോജി സക്ലത്വാല, ജെ.ആർ.ഡി. ടാറ്റ, രത്തൻ ടാറ്റ പിന്നെ സൈറസ് മിസ്ട്രിയും. മിസ്ട്രിക്ക് തൊട്ട് മുമ്പുണ്ടായിരുന്ന രണ്ട് ചെയർമാൻമാരുടെയും ആ പദവിയിലെ മൊത്തം കാലം 74 കൊല്ലത്തോളമാണ്. അതുകൊണ്ട് 44 വയസിൽ ആ സ്ഥാനത്തെത്തിയ സൈറസ് മിസ്ട്രിക്ക് ചുരുങ്ങിയത് മൂന്ന് പതിറ്റാണ്ടെങ്കിലും ഉണ്ടെന്ന് ഞാൻ പ്രസംഗങ്ങളിൽ പറയുമായിരുന്നു.

ഒരു സംഘടനയുടെ ഉയർന്ന നേതൃത്വം ഭദ്രമാണെങ്കിൽ അതിന്റെ ദീർഘകാല നയത്തിൽ അത് വലിയ സ്വാധീനമുണ്ടാക്കും. അപായസാധ്യതകൾ എടുക്കുന്നുന്നതു വഴി, ഭാവി അതിന്റെ പേരിൽ മാത്രം നിശ്ചയിക്കപ്പെട്ടില്ല എന്ന് എല്ലാ തലത്തിലെ മാനേജർമാർക്കും ഉറപ്പുണ്ടെങ്കിൽ, നീണ്ട കാല വിജയം ഉറപ്പാക്കാനുള്ള വലിയ സാധ്യതകൾ തേടിക്കൊണ്ടിരിക്കും….

സൈറസ് മിസ്ട്രി ശേഷിപ്പിക്കുന്നത്

ഞാനാദ്യം സൂചിപ്പിച്ചപോലെ ഗ്രൂപ് ചെയർമാനായി സൈറസ് മിസ്ട്രിയെ നിയമിക്കുന്നതിൽ എനിക്ക് ആദ്യം ചില ആശങ്കകകളുണ്ടായിരുന്നു. ക്രമേണ അടുത്ത് പ്രവർത്തിക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിൽ മികച്ച ഗുണങ്ങളുള്ളത് ഞാൻ തിരിച്ചറിഞ്ഞു.

വലിയ ഉത്തരവാദിത്തമാണെന്നും മുൻകാലങ്ങളിലെ ടാറ്റ മേധാവികളുമായി താരതമ്യം ചെയ്യമെന്നും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ തന്റെ ചുമതല ഭംഗിയായി നിർവ്വഹിക്കാൻ സൈറസ് മിസ്‌ട്രി ശ്രമിച്ചു. എല്ലായ്പ്പോഴും ജോലി ചെയ്യുകയായിരുന്നു അദ്ദേഹം എന്ന് തോന്നി. അർദ്ധരാത്രിയിൽ ഞാനൊരു മെയിൽ അദ്ദേഹത്തിനയച്ചാൽ നിമിഷങ്ങൾക്കുള്ളിൽ മറുപടി വരുമായിരുന്നു. ഏതു യോഗത്തിനു വിളിച്ചാലും വരികയും അഭിപ്രായങ്ങൾ ഗൗരവമായി നൽകുകയും ചെയ്യും. അസുഖമാണെങ്കിൽ പോലും ഗുളികയും കഴിച്ചു ജോലി തുടരുന്നത് ഞാൻ കണ്ടിട്ടുണ്ട്. തന്റെ ശൈശവാവസ്ഥയില്‍ നിന്നുള്ള കുടുംബത്തിൽ നിന്നുമാണ് ഈ സമയമൊക്കെ അദ്ദേഹം ബലികഴിച്ചത്.

എല്ലാ തരത്തിലും ഞാൻ കണ്ട വലിയ നേതാക്കളിലൊരാളായിരുന്നു സൈറസ് മിസ്‌ട്രി. കൂടുതൽ ശേഷിയും ബുദ്ധിയുമുള്ള മാനേജർമാരെ ഭയപ്പെടുകയും അരക്ഷിതരാവുകയും ചെയ്യുന്ന മറ്റു പലരിൽ നിന്നും വ്യത്യസ്തമായി മികച്ച കഴിവും ശേഷിയും ഉറച്ച അഭിപ്രായങ്ങളുമുള്ള ആളുകളെ സ്വയം തയ്യാറായി ഒപ്പം നിർത്തിയ അദ്ദേഹം മഹാന്മാരായ നേതാക്കളുടെ നിർവ്വചനത്തിന് പാകമായിരുന്നു. നിർമ്മാല്യ കുമാറിനേയും ഗോപി കട്രഗദ്ദയെയും പോലുള്ളവർ വലിയ അറിവും അനുഭവപരിചയവുമാണ് യഥാക്രമം ചീഫ് സ്ട്രാറ്റജിസ്റ്, ചീഫ് ടെക്‌നോളജി ഓഫീസർ എന്നീ നിലകളിൽ കൊണ്ടുവന്നത്. പക്ഷെ അവരുടെ ഊർജത്തിനും കാഴ്ച്ചപ്പാടിനും ടാറ്റയെ നയിക്കാൻ തരത്തിൽ പ്രാപ്തമാക്കാൻ ഒരു സൈറസ് മിസ്‌ട്രി വേണ്ടിയിരുന്നു.

വലിയൊരു വായനക്കാരനായിരുന്നു സൈറസ് മിസ്‌ട്രി. മുതിർന്ന ഉദ്യോഗസ്ഥർക്ക്  വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വായനക്കായി അദ്ദേഹം പലതും അയച്ചുകൊടുക്കും. സൂക്ഷ്മമായ സാങ്കേതികവിദ്യകളും അദ്ദേഹത്തിന് എളുപ്പം മനസ്സിലായിരുന്നു. ഇപ്പോൾ ടാറ്റയിൽ നിന്നും വരുന്ന ടിയാഗോ, ഹെക്സ, നെക്സൺ തുടങ്ങിയ പല ഉത്പ്പന്നങ്ങളും പുറത്തിറക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു.

ടാറ്റ ഗ്രൂപ്പിൽ അദ്ദേഹം തീരുമാനങ്ങൾ നടപ്പാക്കിയിരുന്ന വേഗതയെക്കുറിച്ച് സൈറസ് മിസ്‌ട്രി പോയതിനു ശേഷം ചില ചോദ്യങ്ങൾ ഉയർന്നു. പക്ഷെ ഞാൻ കണ്ടിടത്തോളം പ്രതിസന്ധിയിലായിരുന്ന ടാറ്റ കമ്പനികൾക്കും ടാറ്റ ഗ്രൂപ്പിൽ തുടരാൻ കഴിയാത്തവക്കും ദീർഘകാല പരിഹാരം അദ്ദേഹത്തിനുണ്ടായിരുന്നു. എന്ത് ചെയ്താലും ആളുകളെയും വിഭാഗങ്ങളെയും ഒപ്പം നിർത്തുന്ന ടാറ്റായുടെ പാരമ്പര്യവും അദ്ദേഹം നിലനിർത്തി.

ടാറ്റ സ്റ്റീലിന്റെ കാര്യമെടുക്കാം. ടാറ്റ സ്റ്റീൽ ബോർഡിൽ സൈറസ് മിസ്‌ട്രി തുടർച്ചയായി ശ്രദ്ധ പുലർത്തി. ആദ്യ ഉത്പാദന ശേഷി മൂന്നു ദശലക്ഷം ടൺ ഉള്ള കലിംഗനഗർ നിർമ്മാണശാല പ്രവർത്തനക്ഷമമാക്കാൻ അടിയന്തര ബോധം സൃഷ്ടിക്കാനായി പണിസ്ഥലത്ത് മുഴുവൻ ബോർഡംഗങ്ങളുമായും അദ്ദേഹം സന്ദർശനം നടത്തി. ഒരു പതിറ്റാണ്ടിനു ശേഷം ടാറ്റ സ്റ്റീലിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളുടെ ശേഷി കൂട്ടിയ 40000 തൊഴിലാളികൾക്കുള്ള ഈ നിർമ്മാണ ശാല ഏറെക്കാലത്തേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായിരുന്നു.

*****************

ഏതു സംഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങളുടെ വേഗത്തെക്കുറിച്ച് ആത്മനിഷ്ഠമായ അഭിപ്രായങ്ങളുണ്ടാകാം. പല താത്പര്യക്കാരേയും ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിച്ച സൈറസ് മിസ്‌ട്രി താനെടുക്കുന്ന ഓരോ തീരുമാനത്തിന്റെയും പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവാനായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങളുടെ വേഗത്തിനൊത്ത് നീങ്ങാൻ എനിക്കൊരിക്കലും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ടാറ്റ കമ്പനികളുടെ വിപണി വെച്ച് നോക്കിയാൽ വിപണികളിലും അതനുഭവപ്പെട്ടിട്ടില്ല. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡ്യൻ ഹോട്ടൽസ്, ടാറ്റ എ ഐ ജി, ടാറ്റ എ ഐ എ എന്നിവയടക്കമുള്ള കമ്പനികളിൽ നേതൃത്വത്തിൽ മാറ്റം വരുത്തി. ഇതെല്ലാം മെച്ചപ്പെട്ട പ്രകടനം ഉണ്ടാക്കുകയും ചെയ്തു.

തന്റെ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാനുള്ള സൈറസിന്റെ വിമുഖതയായിരുന്നു ഒരുപക്ഷെ എനിക്ക് ആശങ്കയുണ്ടാക്കിയ ഒരു കാര്യം.അതൊരു പക്ഷേ  തന്റെ മുൻഗാമി അതിനെ എങ്ങനെ കാണും എന്ന അദ്ദേഹത്തിന്റെ ആകുലതയിൽ നിന്നാകാം എന്നെനിക്കു തോന്നിയിട്ടുണ്ട്. തനിക്കോ കുടുംബത്തിനോ പരസ്യം വേണ്ടെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഐറിഷ് എഴുത്തുകാരനായ പീറ്റർ കാസി Tata: The Greatest Company in the World? എന്ന തന്റെ പുസ്തകത്തിൽ മിസ്ട്രിയുടെ നേതൃത്വത്തെക്കുറിച്ചുള്ള ഒരു അദ്ധ്യായം ഉൾപ്പെടുത്താൻ തുനിഞ്ഞപ്പോൾ, ആ അദ്ധ്യായം അതിലുണ്ടാകില്ല എന്നുറപ്പുവരുത്താൻ സൈറസ് മിസ്‌ട്രി ചുമതലപ്പെടുത്തിയത് എന്നെയാണ്. അദ്ദേഹത്തിന്റെ മകന്റെ പുതിയ കാറിനൊത്തുള്ള ഒരു ചിത്രം ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചപ്പോൾ കുടുംബത്തെ ഒഴിവാക്കണമെന്നു ആ പത്രാധിപരോട് സംസാരിക്കാൻ മിസ്‌ട്രി എന്നെയാണ് നിയോഗിച്ചത്. ടാറ്റ ഗ്രൂപ്പിൽ സന്നദ്ധസേവനത്തെ പ്രോത്‌സാഹിപ്പിക്കാനുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയെ ക്ഷണിച്ചപ്പോൾ, ടാറ്റ ചടങ്ങുകളുടെ മുൻനിരയിൽ ഉണ്ടാകരുതെന്ന് അവർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞാണ് അവർ ഒഴിഞ്ഞത്.

സൈറസ് മിസ്ട്രിയുടെ ഇത്രയൊക്കെ ഗുണങ്ങൾ ഞാൻ കണ്ടിട്ടും എന്തുകൊണ്ടാണ് രത്തൻ ടാറ്റയും അദ്ദേഹവും തമ്മിലുള്ള ബന്ധം വഷളായത് എന്നൊരാൾക്ക് തോന്നാം. എനിക്കിതിൽ ഊഹിക്കാൻ മാത്രമേ കഴിയൂ. ടാറ്ററ്റ സൺസിൽ നിന്നും മിസ്‌ട്രി പോയതിനു ശേഷമുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഇതിൽ കുറെയൊക്കെ വെളിച്ചം വീഴ്ത്തിയിട്ടുണ്ടെങ്കിലും മുഴുവൻ കഥ ഇനിയും പുറത്തുവന്നു എന്ന് ഞാൻ കരുതുന്നില്ല. പല കാര്യങ്ങളും ഇപ്പോൾ കോടതിയിലെ തർക്കമാണെന്നും നടന്നതിൽ എന്താണ് ശരി, എന്താണ് തെറ്റ് എന്നതിൽ തീർപ്പു കൽപ്പിക്കാൻ ഇന്ത്യൻ കോടതികളിലെത്തി കാര്യങ്ങൾ എന്നതും ഖേദകരമാണ്.

*****************

രത്തൻ ടാറ്റ-സൈറസ് മിസ്‌ട്രി തർക്കത്തിൽ എന്റെ നിലപാടെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. വ്യക്തികളോടല്ല, ടാറ്റാസ് എന്ന സ്ഥാപനത്തോടാണ് എന്റെ കൂറ് എന്ന് ഞാനവർത്തിച്ചിട്ടുമുണ്ട്. എന്റെ മൂല്യങ്ങൾ ഈ ഗ്രൂപ്പിന്റേതുമായാണ് ചേർന്ന് നിൽക്കുന്നത്, ഏതെങ്കിലും വ്യക്തികളുമായല്ല. ഗ്രൂപ്പിൽ ഒരുദ്യോഗസ്ഥനായിരുന്നിടത്തോളം കാലം ടാറ്റ സൺസ് ബോർഡിൽ നിന്നും ചെയർമാനിൽ നിന്നും കിട്ടുന്ന യുക്തിസഹമായ ഉത്തരവുകൾ ഞാൻ അനുസരിച്ചിരുന്നു. ശക്തമായി എന്നെ പ്രേരിപ്പിക്കുന്ന മറ്റൊരു ന്യായം ഇല്ലാത്തപക്ഷം, ഇതിനപ്പുറം ഈ തർക്കത്തിൽ ഞാനൊരു നിലപാടെടുക്കില്ല.

ഞാൻ രത്തൻ ടാറ്റായുടെ ഒരു സഹപ്രവർത്തകനോ ഡയറക്ടറോ ആണെങ്കിൽ ഇങ്ങനെ നിശബ്ദനായി ഇരിക്കില്ലായിരുന്നു. ദേശീയ ടെലിവിഷനിൽ അവരുടെ ഭാഗം പറയാൻ പോകുന്നത് പരിഗണിക്കാമോ എന്ന് ടാറ്റ ട്രസ്റ്റിലെ ഒരംഗം എന്നോട് ചോദിച്ചു. ഈ വിഷയത്തിൽ അവരുടെ നിലപാടിലെ ന്യായം എനിക്ക് വ്യക്തിപരമായി ബോധ്യപ്പെടാതെ ഞാനത് ചെയ്യില്ല എന്നായിരുന്നു ഞാൻ നൽകിയ മറുപടി. വാരിയെറിഞ്ഞ ആരോപണങ്ങളിൽ ഒരു തെളിവും എനിക്ക് നൽകാൻ ശ്രമിച്ചില്ല, ഞാനാ കോലാഹലത്തിൽ നിന്നും മാറിനിന്നു.

അടുത്ത ഒന്നരക്കൊല്ലം കൂടി ഞാൻ ഗ്രൂപ്പിൽ തുടർന്നു. സൈറസ് മിസ്ട്രിയുടെ പുറത്താവലും നിരവധി വ്യക്തികൾക്കും കുടുംബങ്ങൾക്കും തുടർന്നുണ്ടായ ബുദ്ധിമുട്ടുകളും എന്നെ സങ്കടപ്പെടുത്തി. ഇതിനെല്ലാമിടയിലും പുതിയ അവസരങ്ങൾ എന്നെ തേടിയെത്തുന്നുണ്ടായിരുന്നു. ഞാനെന്റെതായ സംഭാവനകൾ ഗ്രൂപ്പിന് നൽകി. എല്ലാവരും വളരെ നാന്നായാണ് എന്നോട് പെരുമാറിയത്. നിരവധി മേഖലകളിൽ എനിക്കവസരം തന്നു, നിരവധി മികച്ച വ്യക്തികളുമായി അടുത്തിടപഴകാൻ അവസരമുണ്ടായി. ഇനി പോകാൻ സമയമായി.

മാർച്ച് 2018-ൽ ഗ്രൂപ്പ് വിടാനുള്ള എന്റെ തീരുമാനം ഞാൻ അറിയിച്ചു. ഗ്രൂപ് ഒരു വാർത്താക്കുറിപ്പിൽ ഇങ്ങനെ പറഞ്ഞു:

ഡോ. മുകുന്ദ് രാജൻ, 49, വ്യക്തിപരമായ കാരണങ്ങളാൽ ടാറ്റ ഗ്രൂപ്പ് വിടാനുള്ള തീരുമാനം അറിയിക്കുകയും വരുന്ന മാസങ്ങളിൽ ചില സംരഭങ്ങൾ തുടങ്ങാനുള്ള ആലോചന നടത്തുന്നതായി സൂചിപ്പിക്കുകയും ചെയ്തു. ടെലി കമ്മ്യൂണിക്കേഷൻ മേഖല, സ്വാകാര്യ ഓഹരി മേഖല, ബ്രാൻഡിങ് തന്ത്രങ്ങൾ എന്നിവയിലടക്കം ടാറ്റ ഗ്രൂപ്പിലെ ടാറ്റ അഡ്മിനിസ്ട്രേറ്റിവ് സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ 23 കൊല്ലക്കാലമായി നൽകിയ വിലപ്പെട്ട നേതൃപരമായ പങ്കിന് ടാറ്റ സൺസ് അദ്ദേഹത്തിന് നന്ദി പറയുന്നു.

ഭാവി സംരംഭങ്ങളിൽ ഞങ്ങൾ അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.

Please Visit: https://harpercollins.co.in/book/the-brand-custodian/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍