UPDATES

വായന/സംസ്കാരം

ഇന്ത്യയിലെ കർഷക ആത്മഹത്യകളുടെ തീക്ഷ്ണത പകർത്തിയ ഇറ്റാലിയൻ ഫോട്ടോഗ്രാഫർക്ക് അന്തര്‍ദേശീയ പുരസ്‌കാരം

ഇവിടുത്തെ കാലാവസ്ഥ വ്യതിയാനവും അതിന്റെ ഏറ്റവും തീക്ഷ്ണമായ പരിണിതഫലമായ കർഷക ആത്മഹത്യയും അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്.

‘പരിസ്ഥിതിയിലേൽപ്പിക്കുന്ന നാശനഷ്ടങ്ങൾ എങ്ങനെയാണ് നമ്മുടെ തന്നെ നാശത്തിന് കാരണമാകുന്നതെന്ന് വെളിവാക്കുന്ന ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അത് പറയാൻ ഞാൻ ബാധ്യസ്ഥനാണെന്ന് എനിക്ക് തോന്നി. പാശ്ചാത്യ രാജ്യങ്ങളിലെ നമ്മുടെ ജീവിതശൈലിയും തെരഞ്ഞെടുപ്പുകളും ഇന്ത്യ പോലൊരു രാജ്യത്തെ എങ്ങനെ താറുമാറാക്കുന്നുവെന്ന് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. കാലാവസ്ഥാവ്യതിയാനം സുപ്രധാനമായ ഒരു ഘടകമാണ്.’ പണ്ട് മുതൽ തന്നെ തത്വചിന്തകളുടെയും കലയുടെയും ഏറ്റവും പ്രിയപ്പെട്ട വിഷയമായ മനുഷ്യൻ- പരിസ്ഥിതി ദ്വന്ദത്തെ വ്യത്യസ്തമായി സമീപിച്ച ഇറ്റാലിയൻ ഫോട്ടോജേർണലിസ്റ്റ് ഫെഡറികോ ബോറല്ലയുടെ ഈ വാക്കുകൾ വളരെ പ്രസക്തിയുള്ളതാണ്. ഈ പാരസ്പര്യത്തെ വെളിപ്പെടുത്തിയതിനാണ് അദ്ദേഹത്തെ തേടി സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് എന്ന മഹത്തായ അവാർഡ് എത്തുന്നത്. പക്ഷെ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത വ്യത്യസ്തമായ വഴികളിലൂടെയാണ് ഈ ഫോട്ടോഗ്രാഫർ സഞ്ചരിച്ചത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനവും കർഷക ആത്മഹത്യയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം പ്രകൃതി- മനുഷ്യ ബന്ധത്തെ അപനിർമ്മിച്ചെടുത്തത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ അധികമൊന്നും ലോകശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു പരിണിതഫലമായി കർഷക ആത്മഹത്യയെ പകർത്തിയതിനാണ് ബോറല്ലയെ പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തെന്നാണ് സോണി അവാർഡ് ജൂറി പ്രഖ്യാപിച്ചത്. ഒരുപക്ഷെ നാളെ ബോറല്ലയുടെ ചിത്രങ്ങളിലൂടെയാകാം ഇന്ത്യയിലെ കർഷക ആത്മഹത്യയെ ലോകം ചർച്ച ചെയ്യാൻ പോകുന്നതെന്നാണ് ആഗോളമാധ്യമങ്ങളുടെ വിലയിരുത്തൽ. വികസിത രാജ്യങ്ങളുടെ പ്രവർത്തികളുടെ ദുരിതം പേറേണ്ടി വരുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിലെ കർഷക ആത്മഹത്യയെ വെളിപ്പെടുത്തേണ്ടത് തന്റെ ദൗത്യമാണെന്ന് വിശ്വസിച്ചാണ് ഈ ഇറ്റാലിയൻ പൗരൻ ക്യാമറയുമായി ഇന്ത്യയിലെത്തുന്നത്. ഉപയോഗിച്ചും കണ്ടും പഴകിയ കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിത ചിത്രങ്ങളല്ലാതെ വളരെ വ്യത്യസ്തമായ സമീപനമാണ് ബോറല്ല സ്വീകരിച്ചത്. ദുരിതം അനുഭവിച്ച ഓരോ ആളിന്റെയും വളരെ വ്യക്തിപരമായ അനുഭവങ്ങൾ ക്യാമറയിലൂടെ ഒപ്പിയെടുത്ത് അത് ഒരു വലിയ ആഖ്യാനത്തിലേക്ക് കോർക്കുകയായിരുന്നു ഫോട്ടോഗ്രാഫർ. പുരുഷന്മാരായ കർഷകർ ആത്മഹത്യ ചെയ്തതിന്റെ നൊമ്പരം പേറുന്ന സ്ത്രീകളുടെ നിസ്സഹായാവസ്ഥ പകർത്തിയാണ് ഇദ്ദേഹം കർഷകാത്മഹത്യകളുടെ തീക്ഷ്‌ണതയെ വെളിച്ചത്ത് കൊണ്ടുവരുന്നത്.

25000 ഡോളറാണ് (ഏകദേശം 17 ലക്ഷം രൂപയിലധികം) സോണി വെൾഡ് ഫോട്ടോഗ്രാഫി പുരസ്‌കാരം. ഫോട്ടോഗ്രാഫി രംഗത്ത് 10 വർഷത്തിലധികമായി പ്രവർത്തിപരിചയമുള്ള ബോറില്ല തന്റെ ക്യാമറയുമേന്തി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ആസിഡ് ആക്രമണങ്ങളുടെ ഇരയായവരുടെ ജീവിതം പകർത്താൻ 2015 ൽ ആണ് ഇദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇവിടുത്തെ കാലാവസ്ഥ വ്യതിയാനവും അതിന്റെ ഏറ്റവും തീക്ഷ്ണമായ പരിണിതഫലമായ കർഷക ആത്മഹത്യയും അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. 60000 ഓളം ഇന്ത്യൻ കർഷകരുടെ ആത്മഹത്യയെ കുറിച്ച് ഇദ്ദേഹം ഗവേഷണം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍