UPDATES

വായന/സംസ്കാരം

തവളക്കണ്ണും കാക്കക്കണ്ണും കുഴമ്പ് പരുവമാക്കി മേലാകെ പുരട്ടുക, ആർക്കും നിങ്ങളോട് പ്രണയം തോന്നും; ബ്രിട്ടീഷ് ലൈബ്രറിയിലെ ചില പഴയ ഹീബ്രു രേഖകൾ

ആദ്യരാത്രി മനോഹരമാക്കാനും ദാമ്പത്യം പ്രണയതരളിതമാക്കാനും നിരവധി മരുന്നുകൾ തയ്യാറാക്കാനുള്ള കുറിപ്പടികളും ഈ ആർകൈവ്‌കളിലുണ്ട്.

“ഒരു മൂർച്ചയുള്ള കത്തിയെടുക്കുക, വിരൽ നഖങ്ങൾ ആഴത്തിൽ മുറിക്കുക, ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുറിഞ്ഞ വിരലുകൾ മുക്കി വെയ്ക്കുക. ഈ വെള്ളം കളയാതെ സൂക്ഷിച്ചു നിങ്ങൾക്ക് പ്രണയം തോന്നുന്ന ആളെക്കൊണ്ട് എന്തെങ്കിലും സൂത്രം പ്രയോഗിച്ച് കുടിപ്പിക്കണം. തീർച്ചയായും അയാള്‍ക്ക് നിങ്ങളോട് പ്രണയം തോന്നിത്തുടങ്ങും.” ബ്രിട്ടീഷ് ലൈബ്രറി സൂക്ഷിച്ചുവെച്ച പതിനാറാം നൂറ്റാണ്ടിലെ ഹീബ്രു ഉൾപ്പടെയുള്ള പുരാതനഭാഷകളിൽ എഴുതപ്പെട്ട “പ്രണയമരുന്നുകളുടെ” നിർമ്മാണരഹസ്യങ്ങൾ ഇങ്ങനെ പലതാണ്.

16 മുതൽ 18 നൂറ്റാണ്ടു വരെയുള്ള ജൂത പുരാരേഖകളാണ് ഇപ്പോൾ ഡിജിറ്റലാക്കി മാറ്റിയത്. ഭാര്യയും ഭർത്താവിനുമിടയിലുള്ള പ്രണയം വർധിക്കാനും, നിങ്ങൾക്ക് പ്രണയം തോന്നുന്ന ആൾക്ക് തിരിച്ചും ഇഷ്ടം തോന്നാനും, നിങ്ങളെ നാലാൾ ശ്രദ്ധിക്കാൻ തുടങ്ങാനും, എല്ലാരും നിങ്ങളിലേക്ക് ആകർഷിക്കപ്പെടാനും, ആദ്യരാത്രി മനോഹരമാക്കാനുമൊക്കെയുള്ള ധാരാളം മരുന്നുകളുടെ രഹസ്യങ്ങൾ ഈ പുസ്തകശേഖരത്തിലുണ്ട്. പക്ഷെ ഈ മരുന്നുകളൊക്കെ നിർമിക്കാനും അതിൽ പറയുന്ന നിർദ്ദേശങ്ങളൊക്കെ പാലിക്കാനും ഇന്നത്തെ കാലത്തെ ഭയങ്കര കാമുകന്മാർക്കും കാമുകിമാർക്കും പോലും പറ്റുമെന്ന് തോന്നുന്നില്ല.

ചില സാമ്പിളുകൾ ഇങ്ങനെയൊക്കെയാണ്: താവളയുടെയും കാക്കയുടെയും ഓരോ കണ്ണ് വീതം പിഴുതെടുക്കുക, അവ റസ്താൻ എണ്ണയിൽ ഉടച്ചെടുത്ത് കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം മുഖത്തും മേലാസകലം പുരട്ടിയാൽ ഉറപ്പായും കാണുന്നവർക്കൊക്കെ നിങ്ങളോട് പറഞ്ഞറിയിക്കാനാകാത്തവിധം പ്രണയം തോന്നും! ആദ്യരാത്രി മനോഹരമാക്കാനായി ഒരു ജോഡി പ്രത്യേകതരം ഇലകളിൽ ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ തേൻ കൊണ്ടെഴുതി അത് പരസ്പരം ചവച്ചാൽ മതി എന്ന വിശ്വാസത്തെക്കുറിച്ചും ഇപ്പോഴും ഈ ഡിജിറ്റൽ രേഖകളിലുണ്ട്.

ഈ പുരാതന മരുന്നുകളൊക്കെ ഫലപ്രദമാണോ എന്നും ആരെങ്കിലും ഈ മരുന്നുകളൊക്കെ തയ്യാറാക്കി പ്രണയിക്കേണ്ട ആളെക്കൊണ്ട് കുടിപ്പിച്ച് പ്രണയതരളിതർ ആക്കിയിട്ടുണ്ടോ എന്നതിനെയൊന്നും സംബന്ധിച്ച് നിലവിൽ തെളിവുകളൊന്നുമില്ല. വല്ല വിധേനയും ഈ മരുന്നുകൾ തയ്യാറാക്കാമെന്നു വെച്ചാൽ ഒരു സംശയവും വേണ്ട നിങ്ങൾ അകത്ത് കിടക്കേണ്ടി വരും. പ്രണയത്തിനു വേണ്ടിയാണെന്ന് പറഞ്ഞാലൊന്നും ആരും നിങ്ങളെ രക്ഷിക്കാൻ പോകുന്നില്ല കാരണം, മൃഗങ്ങളെ ദിവസങ്ങളോളം പട്ടിണിയ്ക്കിട്ട് കൊന്നും കണ്ണുചൂഴ്ന്നെടുത്തതും ഉപദ്രവിച്ചുമൊക്കെയാണ് ഈ പ്രണയമരുന്നുകളിലധികവും തയ്യാറാക്കേണ്ടത്.

ഈ പുരാതനരേഖകളിലെയൊക്കെ നല്ല മരുന്നുകൾ ഏതാണ്, മന്ത്രവാദം ഏതാണ്, അപകടകരമായവ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം എല്ലാം കൂടിക്കുഴഞ്ഞ് കിടക്കുകയായതിനാൽ അപൂർവ രോഗങ്ങൾക്കൊക്കെ ഈ കുറിപ്പടികൾ പ്രകാരം മരുന്ന് തയ്യാറാക്കാൻ ധൈര്യമില്ലാതിരിക്കുകയാണ് വായനക്കാർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍