UPDATES

വായന/സംസ്കാരം

നിര്‍വ്വികാരതയുടെ സൗന്ദര്യവുമായി ഡച്ച് ആര്‍ട്ടിസ്റ്റ് ഷൂള്‍ ക്രായ്യേര്‍

ആദ്യ കാഴ്ചയില്‍ ഇതെന്താണെന്ന് മനസിലാക്കാന്‍ പോലും സാധിക്കാതെ വരും.നേരിട്ടുള്ള ഒരു സന്ദേശവും തന്റെ സൃഷ്ടി നല്‍കുന്നില്ലെന്ന് ഷൂള്‍ പറഞ്ഞു.

നിര്‍വ്വികാരതയുടെ സൗന്ദര്യമാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഡച്ച് ആര്‍ട്ടിസ്റ്റായ ഷൂള്‍ ക്രായ്യേറിന്റെ ഫോട്ടോ പ്രദര്‍ശനത്തിന്റെ പ്രധാന കാതല്‍. ഈ ഫോട്ടോകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെന്നും അത് കാഴ്ചക്കാരന് വിട്ടു നല്‍കുന്നു എന്നുമാണ് ഷൂളിന്റെ മറുപടി.കൊച്ചി-ബിനാലെ നാലാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് ഷൂളിന്റെ ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സാധാരണ കരി കൊണ്ടുള്ള വരയാണ് ഷൂളിന്റെ പ്രധാനമാധ്യമം. എന്നാല്‍ പെരുമ്പാമ്പുകളെ സ്വന്തം ശരീരത്തിലേക്ക് കയറ്റി വിട്ട് നടത്തിയ ഫോട്ടോയെടുപ്പ് വ്യത്യസ്തമായ അനുഭവവും കലാ പ്രമേയവുമായിരുന്നുവെന്ന് ഷൂള്‍ പറഞ്ഞു.

ഷൂളിന്റെ ശരീരഭാഗങ്ങളിലൂടെയുള്ള പെരുമ്പാമ്പിന്റെ ഇഴച്ചിലാണ് ഫോട്ടോയുടെ സന്ദര്‍ഭങ്ങള്‍. ഗ്രീക്ക് കഥയിലെ ഇരട്ടത്തലയുള്ള ഹൈഡ്ര എന്ന പെരുമ്പാമ്പിനോടാണ് ഈ സൃഷ്ടിയെ ഷൂള്‍ താരതമ്യപ്പെടുത്തുന്നത്. മൂക്കും മുഖവുമടച്ച് പെരുമ്പാമ്പ് ചുറ്റിയ ചിത്രം കാഴ്ചക്കാരന്റ മനസില്‍ വ്യത്യസ്ത വിചാരങ്ങള്‍ ഉണ്ടാക്കും. ആദ്യ കാഴ്ചയില്‍ ഇതെന്താണെന്ന് മനസിലാക്കാന്‍ പോലും സാധിക്കാതെ വരും.നേരിട്ടുള്ള ഒരു സന്ദേശവും തന്റെ സൃഷ്ടി നല്‍കുന്നില്ലെന്ന് ഷൂള്‍ പറഞ്ഞു. ചരിത്രപരമായ പ്രാധാന്യമോ സാംസ്‌കാരിക സന്ദര്‍ഭങ്ങളോ അത് പറയുന്നില്ല. ഉത്തരാധുനികതയിലൂന്നിയ ഈ ചിത്രങ്ങള്‍ സന്ദര്‍ശകന്റെ മനസ്സനുസരിച്ചാണ് ചലിക്കുന്നത്. ഓരോ വ്യക്തിയുടെ കാഴ്ചയിലും വ്യത്യസ്തങ്ങളായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കും.

വടക്ക് കിഴക്കന്‍ നെതര്‍ലാന്റ്‌സിലെ അസ്സെനാണ് 48 കാരിയായ ഷൂളിന്റെ സ്വദേശം. റോട്ടര്‍ഡാമിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. കണ്ണൂരിലെ കല്യാശേരി സ്വദേശിയായ അജി വി എനാണ് ഷൂളിന്റെ ഭര്‍ത്താവ്. കുറച്ചു കാലം തിരുവനന്തപുരത്തായിരുന്നു ദമ്പതികളുടെ താമസം. അതിനാല്‍ തന്നെ മലയാള ഭാഷയോടും ഷൂളിന് ഏറെ താത്പര്യമുണണ്ട്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ജൂലിയ മാര്‍ഗരെറ്റ് കാമറൂണിനെയാണ് ഷൂള്‍ മാതൃകയാക്കിയിരിക്കുന്നത്. പെരുമ്പാമ്പുകളുമൊത്തുള്ള ഫോട്ടോഷൂട്ടിന് മാതാ-പിതാക്കളില്‍ നിന്ന് വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നതെന്ന് ഷൂള്‍ പറഞ്ഞു. തനിക്ക് ഭ്രാന്തായി പോയി എന്നു വരെ അമ്മ കരുതി. വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഫോട്ടോഷൂട്ട് എന്ന് നേരിട്ട് കണ്ട് മനസിലാക്കിയതിനു ശേഷമാണ് അമ്മയ്ക്ക് സമാധാനമായതെന്ന് ഷൂള്‍ ഓര്‍മ്മിച്ചു.

പെരുമ്പാമ്പിന്റെ പരിശീലകനെ പൂര്‍ണമായും വിശ്വസിച്ചാണ് ഫോട്ടോഷൂട്ടിന് ഇറങ്ങിയതെന്ന് ഷൂള്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും അപകടത്തിലേക്ക് വഴുതി വീഴാമെന്ന രീതിയിലായിരുന്നു ഷൂട്ട്. പേടിയും സൗന്ദര്യവും ഒരു പോലെ നിര്‍മ്മിച്ചെടുക്കുകയാണ് ഷൂള്‍ ചെയ്യുന്നത്. യഥാര്‍ത്ഥവും കൃത്രിമവുമായ സൗന്ദര്യത്തെക്കുറിച്ചും ഈ സൃഷ്ടി അടക്കം പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍