UPDATES

വായന/സംസ്കാരം

മലയാളി ആണുങ്ങളുടെ കള്ളത്തരത്തിന് പറ്റിയ ഭൂമിശാസ്ത്രമാണ് കേരളത്തിന്റേത്; മറക്കാത്ത എട്ടു പേരെക്കുറിച്ച് നളിനി ജമീല

തെരുവിൽ ജീവിക്കുന്ന സ്ത്രീകളുടെ സ്നേഹപാരസ്പര്യങ്ങളുടെ കഥ പറയുന്നതിലൂടെ ഇര വാദത്തെ ചെറുക്കുക കൂടിയാണ് അവർ ചെയ്യുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

ആ പുസ്തകം ഒരു ചരിത്രപരമായ വീണ്ടുവിചാരമായിരുന്നു. സമൂഹത്തിലെ മൂല്യരാഹിത്യത്തിന്റെ കാരണങ്ങൾ, കാപട്യങ്ങൾ, മനുഷ്യത്വത്തിന്റെ അന്തസ്സ് എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ ഗംഭീര സംഭാവന. വീടിനകത്തെ ലൈബ്രറി പുസ്തകങ്ങൾക്കിടയിൽ നിന്ന് പകപ്പോടെ, ആരും കാണാതെ ഒളിഞ്ഞും മറഞ്ഞുമായി “ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ”എന്ന പുറംചട്ടയണിഞ്ഞ ആ പുസ്തകം എടുത്തു വായിച്ച ഞാൻ എന്ന ഒമ്പതാം ക്ലാസുകാരി നേരിയ തോതിലെങ്കിലും അക്കാലങ്ങളിൽ പരതിയിരുന്നത് ലൈംഗിക തൊഴിലാളിയുടെ ലൈംഗിക അനുഭവങ്ങളായിരുന്നു എന്നത് എനിക്ക് ഇന്നും ഉറപ്പിച്ച് പറയാനാകും. ലൈംഗിക പ്രകടനങ്ങളെ എഴുത്തിലൂടെയും വരയിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മാത്രം ആവിഷ്കരിക്കുന്നത് കണ്ടു പരിചയിച്ച നമ്മൾ മലയാളികൾക്ക്, ഒരു ലൈംഗിക തൊഴിലാളി സമൂഹം അംഗീകരിക്കുന്ന ഭാഷയില്‍ പോലും സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചുവെന്നാലും അത്തരത്തിലൊരു സംശയം കടന്നുവരുന്നതിൽ കുറ്റം പറയാനൊക്കില്ലായിരുന്നു അന്നത്തെ സാഹചര്യത്തിൽ. എന്നാൽ ഒളിഞ്ഞും മറഞ്ഞുമൊക്കെയായി വായിച്ചു കഴിഞ്ഞപ്പോൾ തിരിച്ചറിഞ്ഞത് അനുഭവങ്ങളിൽ നിന്നും അവർ ആർജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ചപ്പാട് ഒരു സാധാരണ വ്യക്തിയിൽ നിന്നും വിഭിന്നമായിരുന്നു എന്നതായിരുന്നു. നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തിൽ അത്രമേൽ തീക്ഷ്ണമായിരുന്നു അതിൻറെ ആഴം എന്നതായിരുന്നു.

മതനിയമങ്ങളും ഭരണകൂട നിയമങ്ങളും വേശ്യാവൃത്തിയെ കുറ്റകരമാക്കിയെങ്കിലും മനുഷ്യന്‍റെ ഒടുങ്ങാത്ത ലൈംഗികാസക്തി നിലനിർത്തിയ രതിവ്യാപാരത്തെ കുറിച്ച്, അതിന്റെ അനുഭവങ്ങളെക്കുറിച്ച് ജമീല ആരെയും കുറ്റപ്പെടുത്തുകയോ പ്രതിസ്ഥാനത്തു നിർത്തുകയോ ചെയ്യാതെ അവരുടെ ആത്മകഥയിലൂടെ വിവരിച്ചു. അവരുടെ അടുത്ത് എത്തുന്ന ഓരോ ക്ലയന്റ്സിന്റെ അനുഭവവും വായനക്കാരനെ ചിന്തിപ്പിച്ചു. മണ്ണ് ചുമക്കൽ, വിവാഹം, ചാരായം വാറ്റ്, വിധവ, ലൈംഗിക തൊഴിൽ എന്നിങ്ങനെ അവർ കടന്നുപോയ ജീവിതത്തിന്‍റെ ഓരോ ഏടിലും സമൂഹവും ജീവിതവും അവരെ ഈ തൊഴിലിൽ കൊണ്ടെത്തിച്ചതിന്റെ പതിവ് പരിഭവമൊന്നും തീരെയില്ലാതെ ഇര വാദം പറയാതെ അവര്‍ വിശദീകരിച്ചു. അത്തരത്തിലുള്ള യാതൊരു വിധ പരാതിപ്പെടലുകൾക്കും അവർ മുതിർന്നതേയില്ല. പകരം മക്കളെ നോക്കാനുള്ള പണമുണ്ടാക്കാൻ താൻ അന്ന് കണ്ട ഏറ്റവും നല്ല വഴി ഇതായിരുന്നു എന്നാണ് നളിനി ജമീല തന്റെ തൊഴിൽ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നത് തന്നെ.

പുസ്തകത്തിന്റെ അവസാന ഭാഗത്തായി നളിനിയുടെ നേതൃത്വത്തിൽ സെക്സ് വർക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നുള്ള ചില ഭാഗങ്ങൾ കൊടുക്കുമ്പോൾ ലൈംഗികതയെ പറ്റിയും, ഒരു തൊഴിൽ എന്ന രീതിയിൽ അതിനെ കാണുന്നതിനെ പറ്റിയും, സമൂഹത്തിന്റെ, പോലീസുകാരുടെ, മാധ്യമങ്ങളുടെ കാഴ്ചപ്പാടുകളെ പറ്റിയുമുള്ള ശ്രദ്ധേയമായ വ്യക്തമായ നിരീക്ഷണങ്ങളിലും നിലപാടുകളുമായി, ശരാശരി മനുഷ്യരെപ്പോലും കിടിലം കൊള്ളിച്ചു കൊണ്ട് തന്നെയാണ് ആ പുസ്തകം അവസാനിക്കുന്നത്. വായ് കൊണ്ട് അധ്വാനിക്കുന്ന അധ്യാപകരെയും, ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളേയും പോലെതന്നെയാണ് ശരീരംകൊണ്ട് അധ്വാനിക്കുന്ന ലൈംഗിക തൊഴിലാളികളും എന്ന സദാചാരത്തെ തകർത്തുകൊണ്ടുള്ള ഓർമ്മപ്പെടുത്തലുകളായിരുന്നു അത്.

വെറുതെ വന്നു പോയ ‘ക്ലൈന്റുകള്‍’, പ്രണയത്താലോ സൗഹൃദത്താലോ ശരീരത്തിലും മനസ്സിലും ഇടംപിടിച്ച പുരുഷന്മാര്‍, ഒരിക്കലും പൊറുക്കാനാവാത്ത ചതിയാല്‍ ജീവിതം വഴിതിരിച്ചു വിട്ടവര്‍ എന്നിങ്ങനെ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത 8 പുരുഷന്മാരെ ഓർത്തെടുത്തു കൊണ്ടാണ് ആത്മകഥയുടെ രണ്ടാം ഭാഗമായ “എൻറെ ആണുങ്ങളുമായി” അവർ എത്തുന്നത്. തെരുവിൽ ജീവിക്കുന്ന സ്ത്രീകളുടെ സ്നേഹപാരസ്പര്യങ്ങളുടെ കഥ പറയുന്നതിലൂടെ ഇര വാദത്തെ ചെറുക്കുക കൂടിയാണ് അവർ ചെയ്യുന്നത്. ക്ലൈന്റുകളെ കുറിച്ചുള്ള വാർപ്പുമാതൃകകളെ പലപ്പോഴും പൊളിക്കുന്നത് തന്നെ കടന്നുവരുന്ന പുരുഷന്മാർ സൃഷ്ടിക്കുന്ന വൈചിത്ര്യങ്ങളിലൂടെയാണ്. ഒരു ആൺകൂട്ട സദസ്സിനിടയിൽ, ഒരു മദ്യക്കുപ്പിക്ക് മുമ്പിൽ ഇരുന്നുകൊണ്ട് താനനുഭവിച്ച പെണ്ണുങ്ങളുടെ കഥ, അവർ തന്ന ആസക്തികളെ കുറിച്ച്, അവർ സ്വാധീനിച്ച വഴികളെ കുറിച്ച് വീമ്പുപറയുന്ന പുരുഷന്മാർക്ക്, അല്ലെങ്കിൽ അത്തരത്തിൽ ഒരു പുരുഷാധിപത്യ സമൂഹത്തിന് ഒരു തരത്തിൽ ഒരു വലിയൊരു തിരിച്ചടി തന്നെയാണ് ഒരു ലൈംഗിക തൊഴിലാളി അറിഞ്ഞ, അവർ അനുഭവിച്ച 8 പുരുഷന്മാരെ കുറിച്ചുള്ള തുറന്നെഴുത്ത്. തീർച്ചയായും അത് തുറന്നെഴുത്ത് തന്നെയാണ്. അതിലവർ സദാചാരബോധം കാത്തുസൂക്ഷിക്കുന്നേയില്ല. അങ്ങനെ കാത്തുസൂക്ഷിച്ചിരുന്നുവെങ്കിൽ കണ്ണാടി വിൽപ്പനക്കാരനായ, തന്റെ ക്ലൈന്റ് ആയിരുന്ന ബാബുവിന്റെ തമാശകളെ പറ്റി അവർക്ക് തുറന്നെഴുതുവാൻ പറ്റുമായിരുന്നില്ല. ബസ് പോകുന്ന സ്ഥലപേര് വിളിച്ചുപറയാൻ നിയോഗിക്കപ്പെട്ട കിളവൻ വിളിച്ചുപറയുന്നു “പൊങ്ങുമ്പോ തുടവഴി പാല്” എന്ന്. പൊൻകുന്നം തൊടുപുഴ വഴി പാല എന്നതിനെ തമാശയിലൂടെ ദ്വയാർത്ഥം കലർന്ന മറ്റൊരു വിധത്തിൽ അവതരിപ്പിക്കുന്ന ബാബുവിനെ പറ്റി, ആ പറച്ചിലിനെ പറ്റി അവർ എഴുതുമ്പോൾ, പൂമോൾ എന്ന തെറി വാക്ക് എഴുതുമ്പോൾ ഒന്നും അവർ ആശങ്കഭരിതയെ അല്ല തനിക്കു മുമ്പിലെ വായനക്കാരായ സമൂഹത്തെ കുറിച്ച് ഓർത്ത്.

‘എന്റെ ആണുങ്ങള്‍’ എന്ന കൃതിയിലെ‍, ‘കേരളത്തിലെ ആണുങ്ങള്‍’ എന്ന ആമുഖത്തില്‍ ‘മലയാളി ആണുങ്ങളുടെ കള്ളത്തരത്തിനു പറ്റിയ ഭൂമിശാസ്ത്രമാണു കേരളത്തിന്റേതെന്നു പ്രത്യേകം പറയുന്നുമുണ്ട് അവർ. ലൈംഗിക തൊഴിലിലെ സൂക്ഷ്മരാഷ്ട്രീയം ആണ് അവർ പറയുന്നത് തന്നെ. പ്രധാന കഥയായ സുനിലുമായുള്ള പ്രണയം തന്നെ എടുത്തു നോക്കിയാൽ അത് അറിയാൻ സാധിക്കും.”പ്രണയമെന്ന് പറഞ്ഞാൽ, ഒരു ഭയങ്കര ഇഷ്ടമായിരുന്നു മറ്റു ക്ലൈന്റ്കൾ പൈസ തരുമ്പോഴോ എങ്ങോട്ടെങ്കിലും വിളിക്കുമ്പോഴോ ഉള്ളതിൽ നിന്നു വ്യത്യസ്തമായി സുനിലിനെ കാണുന്ന കാര്യമോർക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ എന്തോ പറയാൻ പറ്റാത്ത ആശ്വാസമാണെന്ന്” അവർ പറയുമ്പോൾ തന്നെ പ്രണയത്തെയും കുടുംബത്തിനെയും രണ്ടുതട്ടിൽ കാണാനുള്ള പൂർണ്ണ ബോധ്യവും അവരിലുണ്ട്. അതുകൊണ്ടുതന്നെയാണ് കുടുംബജീവിതത്തിലേക്ക് വരുമ്പോൾ പ്രണയം ഇല്ലാതാവുകയാണ് ചെയ്യുക എന്നത് അവർ പറയുന്നത്. എന്നാൽ സ്ത്രീപുരുഷ ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളെ കുറിച്ച് അവർക്ക് വ്യക്തമായ ധാരണയും ഉണ്ട്. സ്ത്രീക്ക് ശക്തിയേക്കാൾ യുക്തിയും തന്ത്രവുമാണ് ഉപകാരത്തിന് എത്തുക എന്നത് ഈ അധ്യായത്തിലെ പല കഥകളിൽ ആയി പലപ്പോഴായി അവർ വിവരിക്കുന്നു. അങ്ങനെ ലൈംഗികത്തൊഴിലാളികളെയും അവരുടെ ക്ലൈന്റുകളെയും സംബന്ധിക്കുന്ന ഇമേജുകളുടെ കെണിയിൽ നിന്നും എട്ടു പുരുഷന്മാരിലൂടെ അവർ വായനക്കാരെ മോചിപ്പിക്കുന്നു.

പവിഴമല്ലി പൂത്തുലഞ്ഞ എന്ന അനുഭവകുറിപ്പിലെ മെഡിക്കൽ റപ്പ് സ്വാഭാവികമായ ഇമേജിൽ നിന്നും പുറത്തെത്തിയ കഥാപാത്രമാണ്. ലക്ഷ്വറി ബസിൽ ഒരുമിച്ച് സഞ്ചരിക്കുക, തൊടുക, തലോടുക, കുറച്ചു കാര്യങ്ങൾ പറയുക. അയാളെ സംബന്ധിച്ചിടത്തോളം സെക്സ് ഇങ്ങനെയാണ്. അയാളുടെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തെ, അയാളിലെ പ്രത്യേക സ്വഭാവത്തെ, പ്രത്യേകമായ ഒരു ഇഷ്ടത്തോടെ കൂടി തന്നെയാണ് ജമീല എഴുതുന്നതും. ഇരുന്നു വാഴുന്ന ഗൃഹസ്ഥകളുടെ കാഴ്ചപ്പാടുകളും കണ്ടെത്തലുകളും ഒന്നുമേ അല്ല, നടന്നുവരുന്ന സ്ത്രീയുടെ കാഴ്ചപ്പാടുകളാണ് ജമീല പല പല കഥകളിലായി, പല പല പുരുഷന്മാരിലൂടെയായി പറയുന്നത്. ഒരു പുരുഷനിൽ നിന്ന് മറ്റൊരു പുരുഷനിലേക്കുള്ള പലായനത്തിനിടയിൽ സ്നേഹവും പ്രണയവും സൗഹൃദവുമെല്ലാം വിവരിക്കുമ്പോൾ ഒരേസമയം ചൂഷണവും കരുതലും കലർന്നതും ശ്രദ്ധയും അക്രമവും നിറഞ്ഞതുമായ പാരസ്പര്യങ്ങളുടെ സൂക്ഷ്മഭാവം ഇവിടെ ആവിഷ്‌കൃതമാകുന്നു. അതുതന്നെയാണ് അവരുടെ “എന്റെ ആണുങ്ങൾ”.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മലയാളി പുരുഷന്‍ എന്ന സെക്സ് കള്ളന്‍; നളിനി ജമീല സംസാരിക്കുന്നു

ഒരു ലൈംഗിക തൊഴിലാളി പറഞ്ഞു തന്ന ജീവിതം

വരുന്ന സ്ത്രീകള്‍ ആര്‍ത്തവമുള്ളവരാണെങ്കില്‍ ബലാത്സംഗം ചെയ്യുമ്പോള്‍ വസ്ത്രം വൃത്തികേടാവുമല്ലോ? അത് ഭയന്നിട്ടാവും-നളിനി ജമീല സംസാരിക്കുന്നു

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

മല്ലുപുരുഷനെന്ന തികഞ്ഞ ലൈംഗിക അക്രമി

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍