UPDATES

വായന/സംസ്കാരം

ഇന്ത്യ അതിന്റെ വൈരുധ്യങ്ങളുടെ ആകെത്തുകയേക്കാൾ കൂടുതലാണ്-ശശി തരൂര്‍ എഴുതുന്നു

പരിശ്രമത്തിൽ ഒന്നിച്ചു നിൽക്കുന്ന ഒരു പുതിയ ഇന്ത്യ, അല്ലെങ്കിൽ വെറുപ്പിൽ ഭിന്നിച്ച ഒരു പുതിയ ഇന്ത്യയെ നിങ്ങൾക്ക് പിന്തുണയ്ക്കാം

ശശി തരൂര്‍

ശശി തരൂര്‍

ഞാൻ ആഗ്രഹിക്കുന്ന പുതിയ ഇന്ത്യ, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ നിങ്ങൾ കൊല്ലപ്പെടാത്ത, വിശ്വാസത്തിന്റെ പേരിൽ അവഗണിക്കപ്പെടാത്ത, ഒരാളെ പ്രേമിക്കുന്നതിന്റെ പേരിൽ കുറ്റവാളിയാക്കാത്ത, നിങ്ങളുടെ സ്വന്തം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ തടവിലടയ്ക്കപ്പെടാത്ത ഒരു രാജ്യമാണ്.

പകരം, ചരിത്രം സാധൂകരിച്ച ബഹുസ്വരത എന്ന ആശയത്തെ ആഘോഷിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ ഇന്ത്യയിലേക്കായിരിക്കണം നാം മുന്നേറേണ്ടത്. എന്നെ സംബന്ധിച്ച് ഈ പുതിയ ഇന്ത്യ അടിസ്ഥാനപരമായി നമ്മുടെ സ്ഥാപക പിതാക്കൾ വിശ്വസിച്ചിരുന്ന ആശയത്തിൽ വേരൂന്നിയതാണ്. മറ്റൊരു സന്ദർഭത്തിൽ ഞാൻ ചോദിച്ച പോലെ, നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ പിന്നെ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് നിങ്ങളെങ്ങനെ അറിയും?

അവ്യക്തമായ ‘ഇന്ത്യ എന്ന ആശയം’ – ആ പ്രയോഗം രബീന്ദ്രനാഥ് ടാഗോറിന്റേത് ആണെങ്കിലും- ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പൗരാണികതയോളം പഴക്കമുള്ളതാണ്. തുടർച്ചയായി വന്ന ഭരണാധികാരികളും പ്രജകളും മുമ്പ് എഴുതിയതിനെ മായ്ക്കാതെ തങ്ങളുടെ വ്യാഖ്യാനങ്ങൾ  ‘ പുരാതന പുനർലിഖിതം’ ആയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു നമ്മുടെ രാജ്യത്തെ കണ്ടത്. നാം ഒരുമിച്ചു വസിക്കുക മാത്രമല്ല, നമ്മുടെ ശക്തി കൂടിയായ വൈവിധ്യത്തിൽ വളരുകയും ചെയ്യുന്നു. മറ്റു വിശ്വാസങ്ങളെ സഹിഷ്ണുതയോടെ കാണുക മാത്രമല്ല അവയെ തനതുരുപത്തിൽ സ്വീകരിക്കുകയും ചെയ്യുന്ന ഹിന്ദുമതത്തെ (hinduism ) കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നിർണ്ണയിക്കുന്ന  ഏറ്റവും പൊലിമയുള്ള മുദ്രാവാക്യമായി ‘നാനാത്വത്തിൽ ഏകത്വ’ത്തെ രൂപപ്പെടുത്തികൊണ്ട് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നതിൽ ഈ വൈജാത്യങ്ങളെ  സ്വീകരിക്കൽ നിർണായകമായിരുന്നു.

ഞാൻ എക്കാലത്തും വാദിക്കുന്ന പോലെ, ഇന്ത്യ അതിന്റെ വൈരുധ്യങ്ങളുടെ ആകെത്തുകയേക്കാൾ കൂടുതലാണ്.  ആമുഖത്തിൽ ഞാൻ ഇന്ത്യൻ ആശയത്തെക്കുറിച്ച്  എഴുതിയിട്ടുണ്ട്. ഒരു രാജ്യം ജാതി,  കുലം, വർണം, വിശ്വാസം,   സംസ്കാരം, ഭക്ഷണം, വസ്ത്രം, ആചാരം എന്നീ വൈജാത്യങ്ങളെല്ലാം നീണ്ടുനിൽക്കുന്നതാകാം. എന്നാലും ഒരു അഭിപ്രായ സമന്വയത്തിനു ചുറ്റും അണിനിരക്കും. ജനാധിപത്യത്തിൽ നിങ്ങൾ യോജിക്കണമെന്നില്ല എന്ന ലളിതമായ ആശയത്തിനെ ചുറ്റിയാണ് ആ അഭിപ്രായ സമന്വയം ഉണ്ടാകുന്നത്-വിയോജിപ്പ് എങ്ങനെയാകണം എന്നതിലെ ചില അടിസ്ഥാന ചട്ടങ്ങളിലൊഴികെ. ഇത് ഒരു അതിപുരാതന ഭൂപ്രദേശത്തിന്റെ ആശയമാണ്-പുരാതനമായ ഒരു നാഗരികതയിൽ നിന്നും വന്ന, പങ്കുവെക്കുന്ന ചരിത്രത്താൽ ഒന്നിച്ച, ബഹുസ്വര ജനാധിപത്യം കൊണ്ട് നിലനിന്ന ഒന്ന്.

പുതിയ ഇന്ത്യ വിജയിക്കുകയും നിലനിൽക്കുകയും വേണമെങ്കിൽ അത് എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന കാഴ്ച്ചപ്പാട് അംഗീകരിക്കുകയും ‘ഇന്ത്യ എന്ന ആശയ’ത്തിന്റെ കാമ്പിലെ  ജീവതന്തുക്കളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുകയും വേണം. ജനാധിപത്യ, ബഹുസ്വര മൂല്യങ്ങളോട് പ്രതിബദ്ധത തുടർന്നാൽ മാത്രമേ പുതിയ ഇന്ത്യക്ക് എല്ലാ ഇന്ത്യക്കാരുടെയും അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ. നമ്മുടെ സർക്കാർ ഒരു ഇണങ്ങിക്കിച്ചേർന്ന ബഹുസ്വര സമൂഹത്തെയാണ് നോക്കിനടത്തേണ്ടത് എന്ന ആവശ്യം നമ്മുടെ രാജ്യത്തിന്റെ കാതലായ മൂല്യങ്ങളിൽ നിന്നോ, വാജ്പേയേയിയുടെ പ്രയോഗമെടുത്താൽ, ഇൻസാനിയത്തിൽ (മനുഷ്യത്വം) നിന്നോ മാത്രമല്ല, പഴയ സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും കൂടിയാണ്. Indiaspend.org എന്ന ഒരു NGO പ്രസിദ്ധീകരിച്ച നമ്മുടെ കണ്ണുതുറപ്പിക്കേണ്ട റിപ്പോർട്ടിൽ പറയുന്നത്, “ജാതി, ലിംഗ അസമത്വങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്ന മത വിശ്വാസങ്ങളെ ഇന്ത്യ ഉപേക്ഷിച്ചാൽ, കഴിഞ്ഞ അറുപതു വർഷത്തെ അതിന്റെ പ്രതിശീർഷ ജി ഡി പി വളർച്ച , അതിന്റെ പകുതി കാലംകൊണ്ട് അതിന് ഇരട്ടിയാക്കാം.”

ആരെങ്കിലും പറഞ്ഞോ “എല്ലാവരുടെയും കൂടെ എല്ലാവരുടെയും വികസനം” (സബ് കാ സാത്ത്, സബ് കാ വികാസ്) എന്ന്?

അതേസമയം, ബഹുസ്വരതയോടുള്ള നമ്മുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്നതിൽ, നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ തന്ന സ്വീകാര്യതയും സ്വാതന്ത്ര്യവും പോരാട്ടത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഇന്ത്യൻ ജനതയ്ക്ക് മാന്യമായ ഒരു ജീവിതം നൽകുന്നതാണ്, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്, പുതിയ ഇന്ത്യയുടെ രൂപരേഖക്കായി നമുക്കുവേണ്ട രണ്ടാമത്തെ പ്രതിബദ്ധത.

പുതിയ ഇന്ത്യക്കായുള്ള നമ്മുടെ എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന കാഴ്ച്ചപ്പാടുമായി നാം മുന്നോട്ടുപോകുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തോടൊപ്പമാണ് ഉണ്ടാകേണ്ടത്. നമുക്ക് പുതിയ ഇന്ത്യയെക്കുറിച്ചു സംസാരിക്കാം, എങ്കിലും ഇന്ത്യ നടത്തുന്ന പല പോരാട്ടങ്ങളും-പോരാട്ടം തുടരുകയും വേണം- നമ്മുടെ അടിസ്ഥാന പ്രശ്നങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം , ഇപ്പോൾ പാതകളും വൈദ്യുതിയും വെള്ളവും-തീർച്ചയായും ബ്രോഡ്ബാൻഡും (നമ്മുടെ മൊബൈൽ ഫോൺ യുഗത്തിൽ മിക്ക ആളുകൾക്കും 4G യാണ് മോദി ജിയെക്കാൾ പ്രധാനം)  കേന്ദ്രമായി തുടരുന്നു.

പ്രശസ്തമായ Forbes മാസികയിൽ 2018-ൽ കൂട്ടായെടുത്താൽ 440 ബില്യൺ ഡോളർ ആസ്തിയുള്ള 119 ഇന്ത്യൻ ശതകോടീശ്വരന്മാർ ഇടം പിടിച്ചു. ഐക്യ രാഷ്ട്ര സഭയിലെ ഭൂരിഭാഗം രാഷ്ട്രങ്ങളുടെയും ജി ഡി പിയേക്കാൾ കൂടുതൽ. പക്ഷെ അതേ  സമയം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 363 ദശലക്ഷം ആളുകളും നമ്മുടെ നാട്ടിലാണ്. അതും യു എൻ/ ലോകബാങ്ക് വെച്ച ദാരിദ്ര്യരേഖ മാനദണ്ഡമായ ഒരു ദിവസം 1  ഡോളർ എന്ന കണക്കിലല്ല, ഇപ്പോൾ 1.25 ഡോളർ ആക്കി പുതുക്കിയിട്ടുണ്ട്; മറിച്ച് ഇന്ത്യൻ ദാരിദ്ര്യ രേഖയയുടെ അടിസ്ഥാനത്തിലാണ്. അത് ഗ്രാമ പ്രദേശങ്ങളിൽ ഒരു ദിവസം 32 രൂപയാണ്-മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിതയുടെ മറുവശത്തുള്ളൊരു മറുവശത്തുള്ളൊരു വര മാത്രം. ഇതാണ് നമ്മുടെ യാഥാർത്ഥ്യം, ഇതിനെയാണ് പുതിയ ഇന്ത്യ നേരിടേണ്ടത്- സർഗാത്മകമായി, വേഗത്തിൽ, ഭദ്രമായി.

1991-ൽ നാം അവലംബിച്ച ഉദാരീകരണത്തിന്റെ മുകളിലാകണം പുതിയ ഇന്ത്യ നാം കെട്ടിപ്പടുക്കേണ്ടത്. ആളുകളെ ദാരിദ്ര്യത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ സാമ്പത്തിക വളർച്ച നിർണായകമാണ്. പക്ഷെ ആയ വളർച്ചയുടെ ഫലങ്ങൾ-അതിൽ നിന്നുള്ള വരുമാനം-അതിന്റെ ഗുണഫലങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്കു കൂടി പങ്കുവെക്കണം. വിപണിയിലേക്ക് പ്രവേശിക്കാൻ കഴിയാത്തവർക്ക് വിപണിയുടെ ഇന്ദ്രജാലം ആകർഷകമാകില്ല. ഇന്ത്യ പുരോഗമിക്കുമ്പോൾ, വളർച്ചയുടെ ഗുണഫലങ്ങൾ രാജ്യത്തെങ്ങും പങ്കുവെക്കപ്പെടുന്നു എന്നുറപ്പുവരുത്തണം- തൊഴിൽ കിട്ടാൻ വലയുന്ന യുവാക്കൾക്കും, യഥാർത്ഥ വികസനമെന്നാൽ ജീവിതം മാറ്റിമറിക്കുന്ന നമ്മുടെ അതിദരിദ്രർക്കും.

ഒരു പുതിയ ഇന്ത്യ; ഒന്നുകിൽ പ്രതീക്ഷ നിറച്ച ഒന്ന്, അല്ലെങ്കിൽ ഭീതി വളർത്തുന്ന ഒന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. പരിശ്രമത്തിൽ ഒന്നിച്ചു നിൽക്കുന്ന ഒരു പുതിയ ഇന്ത്യ, അല്ലെങ്കിൽ വെറുപ്പിൽ ഭിന്നിച്ച ഒരു പുതിയ ഇന്ത്യയെ നിങ്ങൾക്ക് പിന്തുണയ്ക്കാം.

ഒരു പുതിയ ഇന്ത്യയിലേക്ക് നമുക്ക് ശുഭപ്രതീക്ഷയോടെയല്ലെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു നോക്കാമെന്ന് ഞാൻ കരുതുന്നു. പക്ഷെ ഈ ഇന്ത്യ നമ്മുടെ വലിയ വെല്ലുവിളികൾക്ക് പരിഹാരം കണ്ടുകൊണ്ടായിരിക്കണം നാം പണിയേണ്ടത്. നമ്മുടെ ദാരിദ്ര്യത്തെ നാം മറികടക്കണം. വികസനത്തിന്റെ, തുറമുഖങ്ങളുടെ, പാതകളുടെ, വിമാനത്താവളങ്ങളുടെ നാം നടത്തേണ്ട എല്ലാ അടിസ്ഥാന സൗകര്യ പുരോഗതിയുടെയും ‘hardware’-ഉം വികസനത്തിന്റെ software, മനുഷ്യ മൂലധനം, സാധാരണ ഇന്ത്യക്കാരന് ഒരു ദിവസം രണ്ടുനേരം ഭക്ഷണം കിട്ടാവുന്ന, അയാളുടെ/അവളുടെ കുട്ടികളെ ഒരു നല്ല വിദ്യാലയത്തിലേക്ക് പറഞ്ഞയക്കാൻ കഴിയുന്ന, തങ്ങളെ മാറ്റാനാവുന്ന വിധത്തിലുള്ള ജോലികൾക്കാഗ്രഹിക്കാവുന്ന അവസ്ഥ, നാം ഉണ്ടാക്കേണ്ടതുണ്ട്. നാം അഴിമതിയെ തടയുകയും ഇല്ലാതാക്കുകയും വേണം.

ഇന്ത്യയിലാർക്കും കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത നമ്മുടെ വെല്ലുവിളികളെ നാം കീഴടക്കണം. പക്ഷെ അത് ഒരു തുറന്ന സമൂഹത്തിൽ, സമ്പന്നവും വൈവിധ്യപൂർണവും ബഹുസ്വരവുമായ ഒരു നാഗരികതയിൽ, ബാഹ്യലോകത്തോടുള്ള ഭയം കൂടാതെ ആശയസംവാദത്തിനും അതിലെ ഭിന്നതകൾക്കും സാധ്യതയുള്ള ഒരിടത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ ജനാധിപത്യ ബഹുസ്വരതയിൽ ഊന്നി, അതിന്റെ ജനതയുടെ സർഗാത്മകമായ ഊർജത്തെ വിമോചിപ്പിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുന്നതിനുള്ള നിശ്ചയദാർഢ്യത്തോടെയാകണം അത് നടക്കേണ്ടത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ കീഴടക്കാനും നാം ആഗ്രഹിക്കുന്ന പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനും ഇരുപതാം നൂറ്റാണ്ടിനെ നിശ്ചയിച്ച അടിസ്ഥാന മൂല്യങ്ങളോട് നാം പ്രതിബദ്ധത പുലർത്തണം.  നമ്മുടെ പുതിയ ഇന്ത്യ തിളങ്ങും. പക്ഷെ അത് എല്ലാവർക്കുമായി തിളങ്ങണം.

ശശി തരൂരിന്റെ പുതിയ പുസ്തകം  “The Paradoxical Prime Minister” -ൽ നിന്നുള്ള ഒരു ഭാഗത്തിന്റെ സ്വതന്ത്ര പരിഭാഷ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പുതിയ ഇന്ത്യയുടെ ബഹളങ്ങളില്ലാത്ത മരണപ്രഖ്യാപനം

ചരിത്രം കെട്ടുകഥയല്ല; മോദിയുടെ വിഡ്ഢിത്തങ്ങള്‍ കുത്സിതനീക്കമോ?

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

ആധുനിക ഇന്ത്യ എന്ന അധാര്‍മികതയുടെ ആഘോഷത്തിലെ പങ്കുപറ്റുകാര്‍

ശശി തരൂര്‍

ശശി തരൂര്‍

പാര്‍ലമെന്‍റ് അംഗം, കോണ്‍ഗ്രസ്സ് നേതാവ്, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍