UPDATES

സ്ത്രീ

‘Beloved’ ടോണി മോറിസണ്‍: ഭാഷ ഭയമില്ലാതെ ഉപയോഗിക്കാനുള്ളതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എഴുത്തുകാരി

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിമ യുവതിയുടെ കഠിന ജീവിതം ആവിഷ്കരിച്ച ‘ബിലവ്‌ഡ്’ (1987) ആണ് ഏറ്റവും പ്രശസ്തമായ നോവൽ

കറുത്ത വര്‍ഗ്ഗക്കാരുടെ പീഡാനുഭവങ്ങള്‍ നിറഞ്ഞ കൃതികളിലൂടെ ലോകശ്രദ്ധ നേടിയ എഴുത്തുകാരിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ടോണി മോറിസണ്‍. ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ ജീവിതത്തെ അവലംബിച്ച് എഴുതിയ മോറിസണിന്റെ നോവലുകള്‍ അവരുടെ ജീവിതത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു. മൂര്‍ച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാര്‍ന്ന കഥാപാത്രസൃഷ്ടിയുമാണ് അവരുടെ നോവലുകളുടെ സവിശേഷത. സാഹിത്യത്തില്‍ നൊബേൽ പുരസ്കാരം (1993) നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയാണ് മോറിസണ്‍.

‘എനിക്കാകെ ഒരു കാര്യം മാത്രമേ എഴുതുവാന്‍ ഉണ്ടായിരുന്നുള്ളൂ, അത് സമൂഹത്തിലെ ഏറ്റവും ദുർബലരും നിസ്സഹായരും നിരാലംബരുമായ ഒരു കറുത്ത പെണ്ണിനേയും കുട്ടിയേയും കുറിച്ചാണ്, അവരനുഭവിക്കുന്ന വംശീയതയുടെ യഥാര്‍ത്ഥമായ അന്ത്യത്തെ കുറിച്ചാണ്’- തന്‍റെ രചനകളെക്കുറിച്ചും അതിന്‍റെ മുൻ‌വിധികളെക്കുറിച്ചും സംസാരിച്ച മോറിസൺ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.

ചില നിശബ്ദതകള്‍ ഖണ്ഡിക്കപ്പെടുകയും മറ്റു ചിലത് ചിലയാളുകളാല്‍ സൂക്ഷിക്കപ്പെടുകും ചെയ്യുന്നു. എനിക്കിഷ്ടം നിശബ്ദതയെ ഖണ്ഡിക്കുന്നതാണ് എന്ന് ടോണി മോറിസണ്‍ പറയുമായിരുന്നു. നിശബ്ദയെ ഭഞ്ജിച്ചുകൊണ്ട്, ഭാഷയെന്നാല്‍ ഭയമില്ലാതെ എടുത്ത് ഉപയോഗിക്കാനുള്ളതാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് കീഴാള സാഹിത്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു അവര്‍.

ഒഹിയോയിലെ ലോറൈനിലായിരുന്നു കുടുംബവുമൊത്ത് അവര്‍ താമസിച്ചിരുന്നത്. ഒരു വെൽഡറായിയിരുന്നു അച്ഛന്‍. അതുകൊണ്ടുമാത്രം കുടുംബത്തെ നോക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം മറ്റു പലജോലികളും ചെയ്തിരുന്നു. അമ്മയ്ക്കാകട്ടെ സംഗീതത്തിലും സാഹിത്യത്തിലുമൊക്കെ അല്‍പസ്വല്‍പ്പം അറിവുണ്ട്. അവര്‍ മകള്‍ക്ക് നാടന്‍ പാട്ടുകളും നാടോടിക്കഥകളുമെല്ലാം പറഞ്ഞുകൊടുക്കുമായിരുന്നു. അതാണ്‌ മോറിസണെ സര്‍ഗ്ഗാത്മക ലോകത്തേക്ക് ഏറെ അടുപ്പിച്ചത്.

വളരെ ചെറുപ്പത്തിൽത്തന്നെ ഓസ്റ്റണെയും ടോൾസ്റ്റോയിയേയുമെല്ലാം വായിച്ചതുകൊണ്ട് ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിക്കാനുള്ള അവരുടെ തീരുമാനം വളരെ സ്വാഭാവികമായി സംഭവിച്ചതായിരുന്നു. അതുതന്നെ അവരുടെ ഭാവിയിലേക്കുള്ള വെളിച്ചമാവുകയും ചെയ്തു. ബിരുദ പഠനകാലത്തുതന്നെ വംശീയതയുടെയും വേർതിരിക്കലിന്റെയും നീറുന്ന അനുഭവങ്ങള്‍ അവര്‍ക്കുണ്ടായിട്ടുണ്ട്. ഹോവാർഡ് യൂണിവേഴ്സിറ്റി കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കിലും വിദ്യാർത്ഥികളെ അവരുടെ ചർമ്മത്തിലെ കറുപ്പിന്‍റെ അളവനുസരിച്ച് നിർവചിക്കുകയും ഗ്രൂപ്പുകളായി തരംതിരിക്കുകയും ചെയ്തിരുന്നു. 1953-ൽ കോർണൽ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. വിർജീനിയ വൂൾഫ്, വില്യം ഫോക്ക്നർ എന്നിവര്‍ അനുഭവിച്ച അന്യവൽക്കരണവും അവരുടെ മരണവുമായിരുന്നു മോറിസണ്‍ തെരഞ്ഞെടുത്ത ഗവേഷണ വിഷയം.

1958 ൽ ജമൈക്കൻ വംശജനും വാസ്തുശില്പിയുമായ ഹരോൾഡ് മോറിസണെ വിവാഹം കഴിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ആ ബന്ധം തകർന്നു, പക്ഷേ മോറിസന്റെ ഭാവി അവിടെ ആരംഭിക്കാൻ പോകുകയായിരുന്നു. അവൾ ഒരു റൈറ്റിംഗ് ഗ്രൂപ്പിൽ ചേർന്നു. അക്കാലത്താണ് അവരുടെ ആദ്യ നോവലായ ‘ദി ബ്ലൂവെസ്റ്റ് ഐ’ പ്രസിദ്ധീകരിക്കപ്പെടുന്നത്. മോറിസന്റെ ഒരു സുഹൃത്തിന്റെ യഥാർത്ഥ വികാരങ്ങളെ അടിസ്ഥാനമാക്കി രചിച്ച നോവലായിരുന്നു അത്. കുടുംബം കഷ്ടപ്പാടുകളിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയപ്പോള്‍ 1963-ൽ ന്യൂയോർക്കിലെ റാൻഡം ഹൗസ് പബ്ലിഷിംഗിന്റെ എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിമ യുവതിയുടെ കഠിന ജീവിതം ആവിഷ്കരിച്ച ‘ബിലവ്‌ഡ്’ (1987) ആണ് ഏറ്റവും പ്രശസ്തമായ നോവൽ. 1993 ൽ ഈ കൃതിക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചു. 1998 ൽ നോവല്‍ സിനിമയായപ്പോൾ ഓപ്ര വിൻഫ്രിയായിരുന്നു നായിക. സോങ് ഓഫ് സോളമൻ (1977) ജാസ് (1992), പാരഡൈസ് (1997), ലവ് (2003), ഗോഡ് ഹെൽപ് ദ് ചൈൽഡ് (2015) എന്നിവയെല്ലാം പ്രധാന കൃതികളാണ്. 2012ല്‍ അമേരിക്ക അവരെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു.

‘നാം മരിക്കുന്നു. അതായിരിക്കാം ജീവിതത്തിന്റെ പൊരുൾ. പക്ഷേ, നാം ഭാഷയില്‍ അദ്ധ്വാനിക്കുന്നവരാണ്. അതായിരിക്കാം നമ്മുടെ ജീവിതങ്ങളെ നിർണയിക്കുന്നത്’ എന്നു പറഞ്ഞ ഇതിഹാസകാരിയായിരുന്നു ടോണി മോറിസണ്‍. ഔപചാരികതയുടെയും മാന്യതയുടെയും മതിലുകള്‍ക്കുള്ളില്‍ നിന്നും സ്വയം കണ്ടെടുക്കുന്ന മിനുസപ്പെടുത്തിയ സാധനമല്ല ഭാഷയും ഭാവനയും എന്ന തിരിച്ചറിവുകൂടെയാണ് അവരുടെ ഓരോ എഴുത്തുകളും മുന്നോട്ടുവെക്കുന്ന രാഷ്രീയം.

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍