UPDATES

വായന/സംസ്കാരം

കവിത മോഷണം? ദീപ നിശാന്തിന്റെ മറുപടി ഇങ്ങനെ

കലേഷിന്റെ കവിത മോഷ്ടിച്ചെന്ന ആരോപണത്തിന് പുറകെ ദീപ നിഷാന്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നവമാധ്യമങ്ങളിൽ ഇപ്പോഴും ഉയർന്നു കൊണ്ടിരിക്കുന്നത്.

കേരളവര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന യുവ കവി എസ് കലേഷിന്റെ ആരോപണം നവമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് കലേഷ് പറയുന്നത്.

കലേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നതിപ്രകാരം “2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ (Alaichanickal Joseph Thomas) അഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ (Venkit Eswaran) കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!”

രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ദീപ നിശാന്ത് വിഷയത്തില്‍ പ്രതികരിക്കണമെന്നും ദീപാ നിഷാന്ത് കവിത കോപ്പി അടിച്ചതാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയർന്നതോടെ അവർ പ്രതികരണവുമായി അധികം വൈകാതെ രംഗത്ത് വന്നു.

“എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.” അവർ പറഞ്ഞു.

കവിത തന്റെ തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി താൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെയെന്നും ” അവർ തുറന്നടിച്ചു.

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ദീപ നിശാന്ത് കൂട്ടിച്ചേർത്തു.

എന്നാൽ ദീപ നിശാന്തിന്റെ പ്രതികരണം തീരെ ബാലിശമായി പോയെന്ന് കലേഷ് അഴിമുഖത്തോട് പ്രതികരിച്ചു. “നമ്മൾ വർഷങ്ങൾക്ക് മുൻപെഴുതിയ ഒരു കവിത നമ്മുടേതാണെന്ന് സ്ഥാപിക്കേണ്ടി വരുന്നത് വല്ലാത്ത ദുരോഗ്യമാണ്‌. 2011 ൽ ബ്ലോഗ് കാലത്ത് ഞാൻ എഴുതിയ കവിതയാണിത്. ആ കവിതയുടെ പരിഭാഷ ഇന്ത്യൻ ലിറ്ററേച്ചറിൽ വന്നു. ആകാശവാണിയിൽ അവതരിപ്പിച്ചു. മാധ്യമം വാരിക അത് പ്രസിദ്ധീകരിച്ചു. അങ്ങനെ വൈഡ് ആയിട്ട് റീഡിങ് കിട്ടിയ ഒരു കവിതയെ ഈ വിധം വികലമായി അനുകരിച്ചിരിക്കയാണ് ദീപ ടീച്ചർ ചെയ്തിരിക്കുന്നത്.”

ദീപ നിശാന്ത് ഭാഷ പഠിപ്പിക്കുന്ന ഒരു അധ്യാപികയാണ്. അതിന്റെ കൂടി ഒരു ഉത്തരവാദിത്തം അവർക്കുണ്ട്, അവർക്ക് ഭാഷയോടും, കവിതയോടും എല്ലാം ഉത്തരവാദിത്തം ആവശ്യമാണ്. എന്താണ് സംഭവിച്ചതെന്ന് അവർ തുറന്നു പറയട്ടെ, എന്റെ കവിത ആണെന്ന് സമ്മതിക്കട്ടെ. അതാണ് നടക്കേണ്ടത്. കലേഷ് പറഞ്ഞു.

അതെ സമയം ദീപ നിശാന്തിനെതിരെ ഇപ്പോൾ നവമാധ്യമങ്ങളിൽ നടക്കുന്ന വിചാരണയോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് കലേഷ് വ്യക്തമാക്കി. “ഞാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാളാണ്, ജനാധിപത്യമായ ഒരിടത്തിനു വേണ്ടി എഴുതുന്ന അതിനു വേണ്ടി സംസാരിക്കുന്ന ഒരാളാണ് ഞാൻ എന്നാൽ ഈ വിഷയത്തിന്റെ ഗൗരവം അവർ ഉൾക്കൊള്ളണം. എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയണം.” കലേഷ് പറഞ്ഞു.

എന്നാൽ കവിത മോഷ്ടിച്ചിട്ടില്ലെന്നും അത്തരം ഒരു ഗതികേട് തനിക്കില്ലെന്നും ആവർത്തിക്കുകയാണ് ദീപ നിശാന്ത്. “ഒരു കവിത മോഷ്ടിച്ച് കവിയത്രി പട്ടം അല്ലെങ്കില്‍ എഴുത്തുകാരി എന്ന ലേബൽ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. അറിഞ്ഞോ അറിയാതെയോ പല വിവാദങ്ങളുടെയും ഭാഗമായിട്ട് ഞാൻ പക്ഷെ അതൊന്നും ഞാൻ ഉണ്ടാക്കിയതല്ല. എന്നിലേക്ക്‌ വന്നു ചേർന്നതാണ്. കവിത മോഷണ ആരോപണത്തെ കുറിച്ച് അത് ഞാൻ മോഷ്ടിച്ചതല്ല എന്നതിൽ കവിഞ്ഞു എനിക്കിപ്പോൾ ഒന്നും വ്യക്തമാക്കാൻ സാധിക്കില്ല.” ദീപ നിശാന്ത് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

എനിക്ക് നേരെ ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ കുറച്ചു കൂടി തെളിവുകൾ ശേഖരിക്കണം ഒപ്പം ചില വ്യക്തികളോട് അഭിപ്രായങ്ങളും ആരായാണം. അവർ കൂട്ടിച്ചേർത്തു.

കലേഷിന്റെ കവിത മോഷ്ടിച്ചെന്ന ആരോപണത്തിന് പുറകെ ദീപ നിശാന്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നവമാധ്യമങ്ങളിൽ ഇപ്പോഴും ഉയർന്നു കൊണ്ടിരിക്കുന്നത്.

ദീപാ നിശാന്ത് നിരുപാധികം മാപ്പ് പറയണം എന്ന് സാമൂഹ്യ പ്രവർത്തക രേഖ രാജ് ആവശ്യപ്പെട്ടു. “വലിയ സാംസ്കാരിക മൂലധനമൊന്നും അവകാശപ്പെടാനില്ലാത്ത എന്റെ സമുദായത്തിൽ നിന്ന് വന്ന് യാതൊരു പി. ആർ പണിയും നടത്താതെ തലതൊട്ടപ്പമാർ ഇല്ലാതെ, ഭാഷയിൽ നടത്തിയ അസാധ്യമായ ഇടപെടലുകളാലും പുതുക്കിപ്പണിയലും കൊണ്ടു മാത്രം സ്വന്തമായൊരിടം കവിതയിൽ നേടിയെടുത്തവനാണ് കലേഷ്. അത്രയും മൗലികമായ മുദ്ര ചാർത്തിയതാണ് കലേഷിന്റെ കവിതകൾ. അവന്റെ ആ കഠിനയാത്ര അടുത്ത് നിന്ന് കണ്ടിട്ടുണ്ട് ഞാൻ. അത് കൊണ്ട് തന്നെ കലേഷിന്റെ കുഴപ്പമാണ് മോഷണം പുറത്ത് കൊണ്ട് വന്നത് എന്ന ദീപാ ഫാൻസിന്റെ ആ മനോഭാവം ഇങ്ങോട്ട് വേണ്ട. അത്തരക്കാരോട് കലേഷിന്റ കവിതകൾ വായിക്കാൻ അഭ്യർത്ഥിക്കുന്നു!” രേഖ രാജ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍