UPDATES

ജേക്കബ് ഏബ്രഹാം

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ജേക്കബ് ഏബ്രഹാം

വായന/സംസ്കാരം

അന്ന് രാവില്‍ മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെളിച്ചത്തില്‍ പാരീസിലെ എട്ടര നൂറ്റാണ്ടിന്റെ ചരിത്രമുളള കത്തീഡ്രല്‍പളളിയിലേക്ക് പോയി; ഓര്‍മ്മകള്‍ കത്തുമ്പോള്‍

1831 ലാണ് വിക്ടര്‍ ഹ്യുഗോയുടെ ഈ വിഖ്യാത നോവല്‍ പുറത്തു വരുന്നത്. പിന്നീട് നോവലിനൊപ്പം ഈ കത്തീഡ്രലും ലോകാത്ഭുതങ്ങളിലൊന്നായി മാറി

ഒമ്പതാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സ്‌ക്കൂളില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗിന് വന്ന മലയാളം ടീച്ചര്‍ നല്ല കൈയ്യക്ഷരത്തിന് എനിക്കൊരു സമ്മാനം തരുന്നത്. ക്‌ളാസിനു മുമ്പില്‍ വെച്ചു തന്നത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു പുസ്തകം. ക്‌ളാസ് കഴിഞ്ഞതും കുട്ടികളെല്ലാം ചുറ്റുംകൂടി പച്ച റിബ്ബണും ചുവന്ന പളപളപ്പന്‍ പൊതിച്ചിലും തുറന്ന് പുസ്തകത്തെ ഞാന്‍ സ്വതന്ത്രമാക്കി. എല്ലാവര്‍ക്കുമൊപ്പം ഞാനും ആ പുസ്തകത്തിലേക്കു നോക്കി.

വിക്ടോര്‍ യൂഗോയുടെ ‘നോത്രെ ദാമിലെ കൂനന്‍’.

വിഢിയായ കൂനന്റെ വേദനിപ്പിക്കുന്ന മുഖമായിരുന്നു പുസ്തകച്ചട്ടയില്‍. അന്ന് രാവില്‍ മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെളിച്ചത്തില്‍ പാരീസിലെ എട്ടര നൂറ്റാണ്ടിന്റെ ചരിത്രമുളള കത്തീഡ്രല്‍പളളിയും വിഡ്ഡികളുടെ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ഏറ്റവും വിരൂപനായ മനുഷ്യനായ ക്വാസിമോദോയും എന്റെ മുമ്പിലേക്ക് വന്നു. ആ രാത്രിയിലാണ് വായനയിലൂടെ പത്തനംതിട്ടയിലെ മലയോരത്തെ പാവപ്പെട്ട ഒരു കുട്ടിയ്ക്ക് പാസ്സ്‌പോര്‍ട്ടോ, വിസയോ ഒന്നുമില്ലാതെ ഭാവനയിലൂടെ പാരീസിലെത്താമെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരുപക്ഷെ എന്നെപ്പോലെ തന്നെ എല്ലാ മലയാളികളും നോത്രെ ദാം കത്തീഡ്രലിനെക്കുറിച്ച് അറിയുന്നതും അതിനെക്കുറിച്ച് വിസ്മയിക്കുന്നതും ലോകസാഹിത്യത്തിലെ ഈ വിഖ്യാതരചനയിലൂടെയാവാം.

തിങ്കളാഴ്ച്ച രാത്രി ലോകം നടുക്കത്തോടെയാണ് ആ വാര്‍ത്ത അറിഞ്ഞത്. ലോക പ്രശസ്തമായ നോത്രെ ദാം കത്തീഡ്രലില്‍ തീപിടുത്തം. ടെലിവിഷന്‍ ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും കത്തിപ്പടരുന്ന, കത്തിനശിക്കുന്ന ആ വിഖ്യാതമായ കത്തീഡ്രലിന്റെ ചിത്രങ്ങള്‍ വല്ലാത്ത ദു:ഖമാണ് മനസ്സില്‍ നിറച്ചത്.

നോവലില്‍ കഥ നടക്കുന്നത് നോത്രെ ദാം കത്തീഡ്രലിനു ചുറ്റുമാണല്ലോ. 1482 ല്‍ പാരീസ് നഗരത്തില്‍ വിഡ്ഢികളുടെ ഉത്സവം നടക്കുകയാണ്. നോത്രെ ദാമിലെ കൂനനായ ക്വാസിമോദോയെ വിഢ്യാസുരനായി തിരഞ്ഞെടുക്കുകയാണ്. എറ്റവും വിരൂപനായതിനാല്‍ ആ പാവത്തിനാണ് നറുക്കു വീണത്. വിഡ്ഢികളുടെ രാജാവിനെ ഒരു കസേരയിലിരുത്തി ആര്‍ത്തുല്ലസിച്ച് ജനക്കൂട്ടം തെരുവ് ചുറ്റുന്നു. ഈ പരേഡ് കാണുന്നതിനു പകരം തന്റെ നാടകം കാണാനായി ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ കവിയായ പിയറി ഗ്രിന്‍ഗോയര്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ പുരോഹിതനായ ആര്‍ച്ച്ഡീക്കന്‍ ക്‌ളോദെ ഫ്രോല്ലോ കൂനനെ തിരികെ നോത്രെ ദാം കത്തീഡ്രല്ലിലേക്ക് തന്നെ തിരികകൊണ്ടുപോകാന്‍ തുടങ്ങുന്നു. കവിയുടെ കടാക്ഷം തെരുവുനര്‍ത്തകിയായ ലാ എസ്മറാള്‍ഡയില്‍ ചുറ്റിത്തിരിയുന്നു. ഇതിനിടയില്‍ തിക്കും തിരക്കുമായി ക്വാസിമാദോയും ഫ്രോല്ലായും നര്‍ത്തകിയെ അക്രമിക്കുന്നു. രാജാവിന്റെ പട്ടാളക്കാര്‍ തക്കസമയത്ത് ഇടപെട്ട് സുന്ദരിയെ രക്ഷിയ്ക്കുകയാണ്. പിന്നീട് കഥ ചുറ്റിത്തിരിയുന്നത് നര്‍ത്തകിയ്‌ക്കൊപ്പമാണ്. പലരും അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. കൂട്ടത്തില്‍ കൂനനും അവള്‍ക്കും ചുറ്റും കറങ്ങുന്നു. പലരും ആത്മഹത്യ ചെയ്യുന്നു. സുന്ദരിയും തുങ്ങിമരിക്കുന്നു. ക്വാസിമോദോയെ പളളിയ്ക്ക് മുമ്പില്‍ നിന്നും കാണാതാവുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സെമിത്തേരിയിലെ നര്‍ത്തകിയുടെ ശവക്കുഴി കല്ലറ വീണ്ടും തുറക്കുമ്പോള്‍ അവളുടെ അസ്ഥികൂടത്തിനൊപ്പം ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കൂനന്റെ അസ്ഥികൂടവും കണ്ടെടുക്കപ്പെടുന്നതാണ് ഇതിവൃത്തം.

1831 ലാണ് വിക്ടര്‍ ഹ്യുഗോയുടെ ഈ വിഖ്യാത നോവല്‍ പുറത്തു വരുന്നത്. പിന്നീട് നോവലിനൊപ്പം ഈ കത്തീഡ്രലും ലോകാത്ഭുതങ്ങളിലൊന്നായി മാറി.

നോത്രെ ദാം കത്തീഡ്രലും പാരീസ് നഗരവും കടന്നുവരുന്ന ഈ നോവല്‍ വിശ്വസാഹിത്യത്തിലെ ക്‌ളാസിക്കാണ്. അങ്ങനെ വിശ്വസാഹിത്യത്തില്‍ ഇടം നേടിയ, പാരീസിന്റെ മുഖമുദ്രയായ നോത്രെ ദാം കത്തീഡ്രലിന്റെ ഒരു ഭാഗമാണ് തീപിടിച്ച് നശിച്ചിരിക്കുന്നത്. 850 വര്‍ഷങ്ങളുടെ ചരിത്രമുളള ഈ ഗോഥിക് വിസ്മയം ലോകചരിത്രത്തിന് സാക്ഷിയായ അപൂര്‍വ്വ ചരിത്രനിര്‍മ്മിതി കൂടിയാണ്. പാരീസ് നഗരവാസികള്‍ പലരും കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് ഈ തീപിടുത്തം നോക്കിനിന്നത്. സീന്‍ നദിയുടെ തീരത്തായുളള ഈ നോത്രേ ദാം കത്തീഡ്രല്‍ അപൂര്‍വ്വമായ കലാസൃഷ്ടികളുടെ മ്യൂസിയം കൂടിയാണ്.

ആശ്വസിക്കാനുളള ഒരു വാര്‍ത്ത കൂടി പാരീസില്‍ നിന്നും വരുന്നുണ്ട്. കത്തീഡ്രലിലെ തീ അണക്കപ്പെട്ടിരിക്കുന്നു. തകര്‍ന്നത് പുന:സ്ഥാപിക്കപ്പെട്ട് ഈ ഈസ്റ്റര്‍ നാളുകളില്‍ നോത്രെ ദാം കത്തീഡ്രല്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും എന്നു സ്വപ്‌നം കാണാം

ജേക്കബ് ഏബ്രഹാം

ജേക്കബ് ഏബ്രഹാം

ചെറുകഥാകൃത്ത്, നോവലിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍