UPDATES

വായന/സംസ്കാരം

‘അമ്പലക്കാരനുമല്ല, പള്ളിക്കാരനുമല്ല ഞാന്‍ മനുഷ്യക്കാരന്‍’: രണ്ടാം ക്ലാസുകാരന്‍ അര്‍മിന്‍ അംജാദിന്റെ കവിതാ സമാഹരം

കാട്ടുപൂക്കളുടെ ദേശവും തന്റെ ചുറ്റുപാടുകളും നിലാവും മഴയും ഒപ്പം നൊമ്പരപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളും അര്‍മിന്‍ അംജാദ് തന്റെ കവിതയിലൂടെ ലളിതവും സുന്ദരവുമായി നമ്മെ അത്ഭുതപ്പെടുത്തും വിധം ആവിഷ്‌കരിക്കുന്നു

‘എടാ നീ അമ്പലക്കാരനാണോ പള്ളിക്കാരനാണോ’
‘അവന്റെ പേരു കേട്ടാല്‍ അറിഞ്ഞുകൂടെ അവന്‍ പള്ളിക്കാരനാണന്ന് ‘
‘ഞാന്‍ അമ്പലക്കാരനുമല്ല പള്ളിക്കാരനുമല്ല
ഞാന്‍ മനുഷ്യക്കാരനാണ്’

രണ്ടാം ക്ലാസുകാരനായ അര്‍മിന്‍ അംജാദിന്റെ ഞാന്‍ മനുഷ്യക്കാരന്‍ എന്ന കവിതയിസെ വരികളാണ് ഇത്. ഇതുള്‍പ്പെടെ 23 കവിതകളടങ്ങുന്ന അര്‍മിന്റെ വേനല്‍മഴ എന്ന കവിതാ സമാഹാരം നാളെ രാവിലെ പ്രകാശനം ചെയ്യപ്പെടുകയാണ്. വൈക്കം കുലശേഖരമംഗലം ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അര്‍മിന്‍. ജനുവരി 19ന് രാവിലെ പത്ത് മണിക്ക് ഇതേ സ്‌കൂളില്‍ വച്ചാണ് പുസ്തക പ്രകാശനം. പ്രശസ്ത കവിയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ജേതാവുമായ എംആര്‍ രേണുകുമാര്‍ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ കാക്കനാടന്‍ അവാര്‍ഡ് ജേതാവും പ്രശസ്ത കഥാകൃത്തുമായ അര്‍ഷാദ് ബത്തേരിയും സന്നിഹിതനായിരിക്കും.

കുഞ്ഞുമനസില്‍ ഊറി വരുന്ന കവിതയുടെ നനവാണ് ഈ പുസ്തകത്തിലെ ഓരോ കവിതകളും. കാട്ടുപൂക്കളുടെ ദേശവും തന്റെ ചുറ്റുപാടുകളും നിലാവും മഴയും ഒപ്പം നൊമ്പരപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളും അര്‍മിന്‍ അംജാദ് തന്റെ കവിതയിലൂടെ ലളിതവും സുന്ദരവുമായി നമ്മെ അത്ഭുതപ്പെടുത്തും വിധം ആവിഷ്‌കരിക്കുന്നു. വായനയുടെ പുതുലോകം സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ് വേനല്‍ മഴയിലെ ഓരോ കവിതകളും.

കോട്ടയം കങ്ങഴ, പത്തനാട് പുത്തന്‍പുരയ്ക്കല്‍ ഹൗസില്‍ അംജാദ് പിഎമ്മിന്റെയും അനു അഷ്‌റഫിന്റെയും മകനാണ് അര്‍മിന്‍. തൊഴില്‍ വകുപ്പിന് കീഴില്‍ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സീനിയര്‍ ക്ലര്‍ക്കാണ് അംജാദ്. കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് അനു. ഏകസഹോദരി രണ്ടു വയസ്സുകാരി അര്‍ദിന്‍. ബാഷോ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍