UPDATES

വായന/സംസ്കാരം

പാരീസിലെ ലൂവ്രേ പിരമിഡ് വെള്ളത്തിൽ മുങ്ങിപ്പോയോ?

വരേണ്യർക്ക് മാത്രം ആസ്വദിക്കാനാകുന്ന മായക്കാഴ്ച എന്നാണ് കലാരൂപത്തിന്റെ കടുത്ത വിമർശകർ ഇതിനെ വിശേഷിപ്പിച്ചത്.

മുപ്പത് വർഷം  പഴക്കമുള്ള പാരീസിലെ ലൂവ്രേ പിരമിഡ് വാർഷിക ദിവസം തന്നെ വെള്ളത്തിൽ മുങ്ങിപോയോ എന്ന് സംശയിച്ച ചിലർക്കൊക്കെ രണ്ടാമത്തെ നോട്ടത്തിലാണ് കാര്യം പിടികിട്ടിയത്. ജെ ആർ എന്ന പേരിൽ അറിയപ്പെടുന്ന ഫ്രഞ്ച് തെരുവ് കലാകാരൻ പറ്റിച്ച പണിയാണ്. പിരമിഡ് നിൽക്കുന്ന ഗ്രൗണ്ടിൽ നിലത്ത് കറുപ്പും വെളുപ്പും ചേർന്ന പത്രക്കടലാസുകൾ കൊണ്ട് നിർമിച്ച കൊളാഷാണ് ചിലർക്കൊക്കെ ഈ സ്ഥലജലഭ്രമം ഉണ്ടാക്കിയത്. നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പിരമിഡിന്റെ മുപ്പതാം വാർഷിക ദിനത്തിൽ ഈ കലാകാരൻ ഇങ്ങനെയൊരു മായകാഴ്ച്ച നിർമിച്ചത്. തന്റെ ഈ കലാരൂപം കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര സംവിധായക ആഗ്നസ് വാർഡയ്ക്ക്‌ സമർപ്പിക്കുന്നുവെന്നു ജെ ആർ ട്വീറ്റ് ചെയ്തു.

വിനോദസഞ്ചാരികൾ സ്ഥിരം സന്ദർശിക്കാറുള്ള ഈ പിരമിഡിന് ജെ ആറിന്റെ കോളാഷോട് കൂടി കൂടുതൽ ആഴം തോന്നിക്കുന്നുണ്ട് എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ തങ്ങൾക്ക് യാതൊരു തരത്തിലുള്ള മായകാഴ്ചകളോ മതിഭ്രമങ്ങളോ തോന്നുന്നില്ലെന്നും ചിലപ്പോൾ വീ ഐ പി പാസ് എടുത്ത് ഏറ്റവും മുകളിൽ നിന്ന് നോക്കുന്നവർക്ക് മാത്രമേ ഇത് ആസ്വദിക്കാൻ കഴിയുന്നുണ്ടാകൂ എന്നുമാണ് ചിലർ വിമർശിക്കുന്നത്. വരേണ്യർക്ക് മാത്രം ആസ്വദിക്കാനാകുന്ന മായകാഴ്ച എന്നാണ് കലാരൂപത്തിന്റെ കടുത്ത വിമർശകർ ഇതിനെ വിശേഷിപ്പിച്ചത്. വിമർശനങ്ങൾക്കിടയിലും ജെ ആർ സൈബർ ഇടങ്ങളിൽ പങ്കുവെച്ച പിരമിഡിന്റെ ചിത്രം വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.

1989 ൽ ഐ എം പീ എന്ന ചൈനീസ് അമേരിക്കൻ കലാകാരനാണ് പാരീസിലെ ഈ പ്രശസ്തമായ പിരമിഡ് നിർമിച്ചത്. 2016 ൽ ജെ ആർ തന്നെ ഈ പിരമിഡ് അപ്രത്യക്ഷമായി പോകുന്ന തരത്തിലൊരു മായകാഴ്ച നിർമിച്ച് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍