UPDATES

വായന/സംസ്കാരം

‘പാരീസ് മുട്ടായി’ ഓര്‍മ്മകളല്ല മറക്കാതിരിക്കാനുള്ള കാരണങ്ങളാണ്‌

ഗ്രാമ്യതയുടെ രേഖാചിത്രങ്ങളാണ് പാരീസ് മുട്ടായിയില്‍ കാണുന്നത്. അലിഞ്ഞ് പോയതും അലഞ്ഞ് തീരാത്തതുമായ ജീവിതങ്ങളും അവയെ ചുറ്റിയുള്ള പ്രകൃതിയേയും പറ്റിയുള്ള പരസ്പരം കെട്ടു പിണഞ്ഞ കാഴ്ചകളാണത്.

ഗൃഹാതുരത എന്നത് തൊട്ടു മുന്‍പത്തെ നിമിഷമാണ് എന്ന തരത്തില്‍ സങ്കേതികത ജീവിതത്തെ സ്വാധീനിക്കുന്ന ഒരു തലമുറയാവും അടുത്ത് വരുന്നത് എന്ന് തോന്നുന്നു. അത്തരം ഒരു തോന്നലില്‍ നിന്ന് ഒരു എഴുത്തുകാരനെ ഇടം / നാട് എങ്ങനെയെല്ലാമാകും സ്വാധീനിക്കുക എന്ന് ചിന്തിക്കുന്നത് കൗതുകകരമാവും.

1995 ലാണ് ദില്ലിയിലെത്തുന്നത്. എം. മുകുന്ദന്റെ ദല്‍ഹി 1981 എന്നോ മറ്റൊ ഒരു കഥ വായിച്ച ഓര്‍മ്മയില്‍ നിന്ന് സങ്കല്‍പ്പിച്ചു കൂട്ടിയ നഗരമായിരുന്നു അതു വരെ ദല്‍ഹി. ആ കഥയില്‍ ഒരു യുവമിഥുനങ്ങളെ കുറിച്ച് യുവാക്കള്‍ ആക്രമിക്കുന്നതും യുവതിയെ ബലാല്‍ക്കാരം ചെയ്യുന്നതും ജനാലയിലൂടെ കണ്ടു നില്‍ക്കുന്ന ഒരാളാണ് കഥ പറയുന്നത്. ഒരു തടിയന്‍ അവരെ രക്ഷിക്കാന്‍ ചെല്ലുന്നുണ്ട്.

1995ലെ ദല്‍ഹി അത്ര അക്രമാസക്തയായിരുന്നില്ല. കുറച്ചു കൂടി അരക്ഷിതാവസ്ഥ തോന്നിയത് 2008 വീണ്ടും ചെന്നപ്പോഴാണ്, പ്രത്യേകിച്ചും രാത്രികള്‍..

വായന, അതും ഫിക്ഷനുകളുടെ പ്ലോട്ടായി മാറുന്ന ഒരിടത്തെ പറ്റിയുള്ള വായന ആ സ്ഥലത്തെ പറ്റി വായനക്കാരന്റെ ഉള്ളില്‍ സൃഷ്ടിക്കുന്ന മുന്‍വിധി ആവില്ല നേരിട്ടയാള്‍ കാണുന്ന ആ ഇടം.

ഇസ്താന്‍ബുള്‍ നോക്കൂ എത്ര എഴുത്തുകാരുടെ പ്രീയപ്പെട്ട ഇടമാണ്. എന്നെങ്കിലും തുര്‍ക്കിയില്‍ പോകുമ്പോള്‍ കാണണമെന്ന് ഏറ്റവും ആഗ്രഹം പാമുക്കിന്റെ നിഷ്‌കളങ്കതയുടെ മ്യൂസിയമാണ്. തസ്രാക്കിപ്പോള്‍ എഴുത്തുകാരുടേയും വായനക്കാരുടേയും തീര്‍ത്ഥാടന കേന്ദ്രമാണ്. കാറ്റു പിടിച്ച പനകള്‍ ഒരു കാഴ്ചയല്ലെങ്കിലും.

എസ് ആര്‍ ലാലിന്റെ സ്റ്റാച്യു ഏറെക്കുറെ റിലേറ്റ് ചെയ്യാവുന്നതാണ്. മാമാ ആഫ്രിക്ക വഴി റ്റി. ഡി രാമകൃഷ്ണന്‍ വായനക്കാരന്റെ ഉള്ളില്‍ ഒരു ആഫ്രിക്ക സൃഷ്ടിക്കുന്നുണ്ട്. സൂസന്നയില്‍ അജയ് പറയുന്ന കൊച്ചിയും ഇടുക്കിയിലെയും തമിഴ്‌നാട് ബോര്‍ഡറുകളിലേയും സ്ഥലങ്ങള്‍ പോകാന്‍ പ്രേരിപ്പിക്കും. അനക്കാദമിക വായനയയിലെ ജൈവികതയുടെ അടയാളങ്ങളാണത്.

കവിതയില്‍ ഇടത്തിന്റെയും ഭാഷയുടെയും ഇടപെടലിനെ പറ്റി പ്രകാശന്‍ മടിക്കൈ സമാഹരിച്ച ഒരു പുസ്തകമുണ്ട്. അതില്‍ മലങ്കോട്ടയം എന്ന എന്റെ സ്വന്തം വള്ളിക്കോട്-കോട്ടയമുണ്ട്. ആ കോട്ടയവും ഞാനും എന്നൊരു ചിന്ത തസറാക്ക് എഡിറ്റര്‍ ജയറാം പറഞ്ഞ് എഴുതിച്ചതില്‍ അവിടത്തെ മനുഷ്യരെക്കാള്‍ ഇടങ്ങളാണ്. നാട്ടിലെ മുതിര്‍ന്ന കവി, ഓരോ കണ്ടുമുട്ടലിലും ഗുരുതുല്യ കരുണയാര്‍ന്ന ആലംഗനം പങ്കുവയ്ക്കുന്ന ശ്രീഭവനം ഗോപാലകൃഷ്ണന്റെ ആത്മകഥയില്‍ നാട്ടോര്‍മ്മയുണ്ട്. കവിതയില്‍ ഞങ്ങള്‍ക്കിടയിലെ ഏക പൊതുഘടകമായി രാജേന്ദ്രനെ പറ്റിയുള്ള കവിതയുണ്ട്.

ഓരോ സ്ഥലത്തെയും ഓര്‍ക്കുമ്പോള്‍ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളെക്കാള്‍ മനുഷ്യരുടെ മുഖങ്ങളും ഭക്ഷണത്തിന്റെ ഗന്ധങ്ങളും ഒക്കെയാവും കൂടെ പോരുക.

പാരീസ് മുട്ടായി ഒരു എഴുത്തുകാരി ദൂരത്തിരുന്ന് നാടിനെ കുറിക്കുകയാണ്. ഓര്‍ക്കുകയല്ല, മറക്കാതെ വയ്ക്കാന്‍ ചില കാരണങ്ങളെ കൂടെ കൂട്ടുകയാണ്.

സ്വാഭാവികമായും ആദ്യമുണ്ടാകുന്ന ഓര്‍മ്മ വേദനയുടേതാകും. കാതു കുത്താത്ത പെണ്‍കുട്ടികളില്ലാത്ത ഒരു തലമുറയിലെ പ്രതിനിധി ആദ്യമോര്‍ക്കുന്നത് സൂചി മുഖമുള്ള തട്ടാത്തിയെയാണ്. ചെറു നോവ് തന്ന അവരോട് ഉള്ള വെറുപ്പ്/ ഭയം പിന്നീട് വന്ന പെണ്‍ വേദനകളില്‍ ഇല്ലാതാവുന്നു.

അതു തന്നെയാണ് വെളുത്ത മൊട്ടത്തല സമ്മാനിക്കുന്ന ബാര്‍ബര്‍ രാഘവനോടും. ആയുധം കയ്യിലെടുത്താല്‍ ആണിനുണ്ടാകുന്ന മൂര്‍ച്ചയോടുള്ള പ്രതിഷേധം തല ചൊറിഞ്ഞല്ലാതെങ്ങനെ തീരാനാണ്.

പുഴയൊരു പെണ്ണാണെന്നും കുളവുമായി താരതമ്യം ചെയ്യുമ്പോള്‍ പുഴയ്ക്ക് ചില കാലങ്ങളില്‍ ലഭിക്കുന്ന അമിത സ്വാതന്ത്ര്യം അതിന് വരാന്‍ പോവുന്ന വിപത്തിന്റെ വഴി കൂടിയാണെന്നും കിഴക്കേ പുഴ എന്നൊരു കവിത. പാരീസ് മുട്ടായി നുണയപ്പെട്ട് തീരാനുള്ള മധുരത്തെ മിന്നുന്ന ഉടുപ്പില്‍ പൊതിഞ്ഞതാണ്. കാലം / ജീവിതം/ അനുഭവങ്ങള്‍ ആ മുട്ടായി ഓര്‍മ്മയെ മധുരമറിയാത്ത നാവിന്റെ പര്യായമാക്കുന്നു.

ഗ്രാമ്യതയുടെ രേഖാചിത്രങ്ങളാണ് പാരീസ് മുട്ടായിയില്‍ കാണുന്നത്. അലിഞ്ഞ് പോയതും അലഞ്ഞ് തീരാത്തതുമായ ജീവിതങ്ങളും അവയെ ചുറ്റിയുള്ള പ്രകൃതിയേയും പറ്റിയുള്ള പരസ്പരം കെട്ടു പിണഞ്ഞ കാഴ്ചകളാണത്.

ഗ്രാമത്തെ എഴുതുന്ന ഭാഷയാണ് കവിതകളില്‍. ഒരു ഗ്രാമം കവിതകളിലൂടെ നിര്‍മ്മിക്കപ്പെടുകയാണ്. മറവിയുടെ ഇടവപ്പാതികളില്‍ ഒലിച്ച് പോയ മട്ടങ്ങളുടെ പുനര്‍നിര്‍മ്മിതി പോലെ, ഒരു മരത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു മരം കൊത്തി മരത്തില്‍ നിന്ന് ശില്പം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് പോലെ അത് ഓര്‍മ്മയുടെ ഭൂമികയിലെ അവസാനത്തെ കൃഷിക്കാരനെയും എഴുതിത്തീര്‍ക്കുന്നു.

ഈ ധിക്കാരിയുടെ കവിത തന്നെയാണ് ജീവിതം

രാജേഷ് ചിത്തിര

രാജേഷ് ചിത്തിര

എഴുത്തുകാരൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍