UPDATES

വായന/സംസ്കാരം

വായനക്കാരുടെ ജീവിതാനുഭവങ്ങളാവുന്ന കഥകള്‍; ‘പുഞ്ചപ്പാടം കഥകള്‍’ വായിക്കുമ്പോള്‍

മരണം ഉള്‍പ്പെടെ തികച്ചും വൈകാരികമായി പര്യവസാനിക്കാവുന്ന മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തിന്റെ ചാലു കീറി വഴിതിരിച്ചു വിടുന്ന പ്രക്രിയയാണ് പുഞ്ചപ്പാടം കഥകളെ വേറിട്ടതാക്കുന്നത്.

ശുദ്ധഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരു നാടിന്റെ കഥ പറയുകയാണ് ജോസ്ലെറ്റ് ജോസഫിന്റെ പുഞ്ചപ്പാടം കഥകള്‍. ഈ കഥകള്‍ വായിക്കുന്ന ഒരാള്‍ക്ക് ഒരു ദേശത്തെ നാട്ടുജീവിതത്തെ വേറിട്ട കണ്ണിലൂടെ കാണുവാനാകും. ജോസ്ലെറ്റ് ജോസഫ് എന്ന കഥാകൃത്ത് വായനക്കാരന്റെ ഹൃദയത്തിലേക്ക് കടക്കുവാനുള്ള താക്കോലായി തന്റെ ഭാഷയെ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്. ജോസ്ലെറ്റിന്റെ ആദ്യപുസ്തകമായ ‘സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ’ യ്ക്കും പ്രായഭേദമെന്യേ അനുവാചകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ഹൃദയത്തെ തൊടുന്ന ഈ രചനാ തന്ത്രം പരീക്ഷിച്ചതുകൊണ്ടാണ്.

ഇവിടെ വായന ഒരു ബൗദ്ധിക വ്യായാമമല്ല. ചുറ്റുമുള്ള ജീവിതത്തെ പരമമായ നിസംഗതയോടെ കാണുന്ന കഥാകൃത്ത് ലളിത പദവിന്യാസങ്ങളിലൂടെ അവയെ അനായാസേന വരികളിലേക്ക് പകര്‍ത്തുമ്പോള്‍ വായനക്കാരനില്‍ സന്തോഷജനകമായ അനുഭൂതിയായി അത് പരിണമിക്കുന്നു.

പുഞ്ചപ്പാടം കഥകള്‍ വായിക്കുന്ന ഒരു വായനക്കാരന് ഈ പുസ്തകത്തിന്റെ പരിസരം തീര്‍ത്തും പരിചിതവും ഇതിലെ കഥാപാത്രങ്ങള്‍ തങ്ങള്‍ക്കറിയാവുന്ന ആരെക്കൊയോ ആണെന്ന തോന്നലും ഉളവാകാം. താന്‍ സഞ്ചരിച്ച വഴികളിലൂടെ വായനക്കാരെയും കൂട്ടിക്കൊണ്ടുപോകുന്നതിനാല്‍ ഒരു ചെറുപ്പക്കാരന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഭൂമികകളായി ആലപ്പുഴയും എറണാകുളവും കാഞ്ഞങ്ങാടും ദുബായും ഒക്കെ മാറുന്നു.

കൗമാരകാലത്ത് ഒളിച്ചും പാത്തും നടത്തുന്ന സിനിമാ കൊട്ടക സന്ദര്‍ശനങ്ങള്‍ ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളെ വിളിച്ചുണത്തും. കലാലയ ജീവിതത്തിലെ ചില്ലറ സാഹസിക അനുഭവങ്ങള്‍ അയവിറക്കാത്ത മധ്യവയസ്‌ക്കരും നമുക്കിടയില്‍ വിരളമാണ്.

കാണുന്ന വണ്ടിയില്ലെല്ലാം കൈ കാണിച്ചിരുന്ന ബാല്യ-കൗമാര യാത്രകള്‍, കടല്‍ കടന്നൊരു മത്തായിയിലെ സുവിശേഷ പ്രസംഗകന്‍, ജേര്‍ണി ടു ഡസ്റ്റിനിയിലെ പെണ്ണുകാണല്‍ ഇവയൊക്കെ വായനക്കാരില്‍ പലരുടേയും ജീവിതാനുഭവങ്ങള്‍ തന്നെയാവാം.

‘തവളക്കാലും ചില കാലന്മാരും’ പോലുള്ള കഥകളില്‍ പാരിസ്ഥിക, ജൈവിക നിലനില്‍പ്പിന്റെ ആവശ്യകതയെ പറ്റിയും ഓര്‍മ്മപ്പെടുത്തുണ്ട്.

മരണം ഉള്‍പ്പെടെ തികച്ചും വൈകാരികമായി പര്യവസാനിക്കാവുന്ന മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തിന്റെ ചാലു കീറി വഴിതിരിച്ചു വിടുന്ന പ്രക്രിയയാണ് പുഞ്ചപ്പാടം കഥകളെ വേറിട്ടതാക്കുന്നത്.

ജലത്താല്‍ ചുറ്റപ്പെട്ട കുട്ടനാടിന്റെ തെളിമയും പച്ചപ്പും പ്രതിഫലിക്കുന്ന ഭാഷയാണ് കഥകളില്‍ തുളുമ്പി നില്‍ക്കുന്നത്.

എല്ലാ കഥകളുടെയും കേന്ദബിന്ദു ജീവിതത്തിന്റെ പരമമായ സഞ്ചാരം തന്നെയാണ്. ദൈനംദിന ജീവിതത്തിലെ ഓട്ടപ്പാച്ചിലില്‍ അകപ്പെട്ടവരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ അതിജീവനത്തിനായുള്ള ഓട്ടമാണ് ആദ്യാവസാനം കഥകള്‍ക്ക് ചടുലത നല്‍കുന്നത്. ഈ പരക്കം പാച്ചിലുകളുടെ പരിണിതഫലങ്ങള്‍ വായനക്കാരനെ ചിരിപ്പിക്കുന്നു. പുഞ്ചപ്പാടത്തെ നെല്‍വയലുകളെ ഓളം വെട്ടിക്കുന്ന ഇളം കാറ്റുപോലെ വായനക്കാരന്റെ ഉള്ളിലേക്ക് വീശിയടിക്കുന്ന ഈ കഥകള്‍ ഊര്‍ജ്ജദായകങ്ങളാണ്.

ജീവിതത്തോടുള്ള ഒരു പ്രത്യേക വീക്ഷണമാണ് കഥാകൃത്ത് മുന്നോട്ടു വെ്ക്കുന്നത്. അത് ശുഭാപ്തിവിശ്വാസത്തിന്റെതാണ്. ഓരോ കൃതിക്കും അനുയോജ്യമായ ഭാഷ കണ്ടെത്തുക എഴുത്തുകാരനെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണ്. ബാലസാഹിത്യം പോലെ ഹാസ്യസാഹിത്യവും വളരെ ശ്രമകരവും പരാജയസാദ്ധ്യതകള്‍ നിറഞ്ഞതുമാണ്.

ബാല്യത്തിന്റെ ലോകം ഏറെ പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത്,തലമുറകളുടെ വിടവ് പ്രവചനാതീതമായ ഒന്നാണെന്നിരിക്കെ, അവര്‍ക്ക് നേരിന്റെ വഴി തെളിച്ചുകൊണ്ട് ഭാവനയുടെ അപരലോകങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ജോസ്ലെറ്റ് ആദ്യ കൃതിയിലൂടെ.

ആദ്യ പുസ്തകമായ ‘സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ’യില്‍ നിന്നും പുഞ്ചപ്പാടം കഥകളില്‍ എത്തുമ്പോള്‍ തികച്ചും വ്യത്യസ്തമായ രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയില്‍ ശ്രദ്ധനേടുന്നതിനോടൊപ്പം തനിക്കു മാത്രം സ്വന്തമായൊരു ശൈലിയെ അടിവരയിടുകയും ചെയ്യുന്നു.

കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്… ഓണപ്പതിപ്പിനുള്ള രചനകള്‍ തേടി ഒരു പത്രാധിപര്‍ നടത്തിയ യാത്രകള്‍

രാജേഷ് ചിത്തിര

രാജേഷ് ചിത്തിര

എഴുത്തുകാരൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍