UPDATES

വായന/സംസ്കാരം

‘ഓരോ പുല്ലിനും അതിന്റെ അവകാശ മണ്ണുണ്ട്’; വല്ലി വളരുന്നത് തുല്യതയിലേക്ക്

1970 ഫെബ്രുവരിയില്‍ വയനാട്ടിലേക്ക് പ്രണയപാശത്താല്‍ വരുത്തപ്പെട്ട രണ്ടു പേര്‍. പ്രണയിച്ച് വിവാഹിതരായ അവര്‍ ബയല്‍ നാടെന്ന വയനാട്ടില്‍ കാണുന്നതും അനുഭവിക്കുന്നതും അഭിമുഖീകരിക്കുന്നതുമായ കാര്യങ്ങളാണ് വല്ലിയുടെ കാതല്‍.

അതുവരെ ജീവിച്ച ഇടത്ത് നിന്ന് ഒരു മാറി നില്‍ക്കലായിരുന്നു ഒരു വര്‍ഷക്കാലത്തെ വയനാട് ജീവിതം. ഉള്ളിലും പുറത്തും അനിവാര്യമായിരുന്ന അതുവരെ ഉണ്ടായിരുന്നതില്‍ എല്ലാത്തില്‍ നിന്നും ഡിറ്റാച്ച്‌മെന്റ്. മുതിര്‍ന്ന് തുടങ്ങുന്ന ഒരു പൂച്ച ജന്മത്തിന്റെ ആന്തരികവും ബാഹ്യവുമായ കാടുകയറ്റം. ആഭ്യന്തര കുടിയേറ്റം. പിന്നീട് വരാനിരുന്ന നീണ്ട കാലത്തേക്കുള്ള ഡയസ്‌പോറയുടെ തുടക്കം.

ജീവിതത്തെ സംബന്ധിച്ച് അതുവരെയുണ്ടായിരുന്ന പല സംഗതികളും മാറി തുടങ്ങിയത് അക്കാലത്തോടെയാണ്. നാട്ടില്‍ നിന്ന് കുടിയേറിയ ഒരു കുടുംബത്തോടൊപ്പം പേയിംഗ് ഗസ്റ്റ് എന്ന് ആലങ്കാരികമായി പറയാവുന്ന ഒന്ന്. അവര്‍ക്ക് സാമ്പത്തിക സുരക്ഷയുണ്ടായിരുന്നെങ്കില്‍ അതൊരു സൗജന്യവാസമായേനെ. ഏ കെ ജി യുടെ ആത്മകഥയും മൂലധനവും മറ്റ് പല ചിന്താപുസ്തകങ്ങളും ഉണ്ടായിരുന്ന വീട്. ചുറ്റും താമസിച്ചിരുന്നവരും ഇടത് ആഭിമൂഖ്യമുള്ള കുടിയേറ്റക്കാര്‍. വി.പി.സിംഗിനും മണ്ഡല്‍ക്കമ്മീഷനും ഒപ്പം ഇടത്തേക്കു ചാഞ്ഞ മുസ്ലിം സുഹൃത്തുക്കളുമുണ്ടായി. ഒരു പ്രായമായ ഉപ്പൂപ്പ എന്റെ അക്കാലത്തെ രാഷ്ട്രീയം ഇടതെന്ന് തെറ്റിദ്ധരിച്ച് നമ്മളൊക്കെ ഒരുമിച്ച് എന്ന് പറഞ്ഞ ഓര്‍മ്മയുണ്ട്. സ്ഥലത്തെ പ്രധാന ഫോര്‍വേഡും പിന്നീട് റഫറിയുമായ ഹംസയുടെ ഉപ്പുപ്പ എന്ന് തോന്നുന്നു അത്

കുറെക്കൂടി കഴിഞ്ഞ് പോളി ഇലക്ഷന്‍ കാലത്താണ് ലോക്കല്‍ ഗാര്‍ഡിയന് എന്റെ രാഷ്ട്രീയം പിടികിട്ടിയത്. ഒട്ടും ഇഷ്ടമില്ലാതിരുന്ന രജനികാന്ത്, വിജയകാന്ത് തുടങ്ങിയവരുടെ പടങ്ങള്‍ ഓടുന്ന ഒരു തീയറ്റര്‍ ഉണ്ടായിരുന്നു. 12 മണിയുടെ ഷോ കാണാന്‍ വെള്ളിയാഴ്ച ക്ലാസ് കട്ടു ചെയ്യുന്നവരുണ്ടായി. കാക്കവയലില്‍ നിന്നും മീനങ്ങാടിയിലേക്ക് കാല്‍നടയാത്രയായിരുന്നു. രണ്ട് വയല്‍വാരങ്ങള്‍ക്ക് ഇടയ്ക്ക് കുറച്ച് കര. എന്നും ദിവസം രണ്ടു നേരം കാണുന്നത് കൊണ്ട് കൂടുതല്‍ പരിചയക്കാരുണ്ടായി. സുരേഷ് എന്നൊരു സഹപാഠി ജന്മം കൊണ്ട് കുറിച്യനോ പണിയനോ മറ്റോ ആയിരുന്നു. അയാള്‍ എല്ലാവരില്‍ നിന്നും അകന്നു നിന്നു. സ്ഥിരമായി ക്ലാസില്‍ വരാറില്ലായിരുന്നു. ഒരു ദിവസം പഠിത്തം നിര്‍ത്തി. ഒരു തവണയോ മറ്റോ അയാളോട് സംസാരിക്കാന്‍ ശ്രമിച്ചു. അത് മീനങ്ങാടി ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു. ഏറെയൊന്നും മിണ്ടിയില്ല.

രാഷ്ട്രീയം വളരെ ഗൗരവമായി കണ്ട ആള്‍ക്കാരായിരുന്നു ചുറ്റിലുമുള്ള മുതിര്‍ന്നവര്‍. തദ്ദേശിയരും ആ നാടിന്റെ ഉടമകളുമാകേണ്ടിയിരുന്നവര്‍ വീട്ടു പണിക്ക് വന്നിരുന്നു. പള്ളിക്കുന്ന് പെരുനാള്‍ പ്രശസ്തമായിരുന്നു. അധികം വീട്ടുകാര്‍ക്കും ക്ലോസറ്റുള്ള കക്കൂസ് ഉണ്ടായിരുന്നില്ല. കുഴി വെട്ടി അതിന്റെ മീതേ കവുങ്ങോ മറ്റോ പാകിയതായിരുന്നു കക്കൂസ്. ജലസമൃദ്ധമായ, വെയില്‍ അകന്നു നിന്നിരുന്ന, ഹരിതാഭമായ, മനുഷ്യത്വമുള്ള ഒരിടമായിരുന്നു അത്.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഇടത്തെ, ആ ജീവിതത്തെ വീണ്ടുമോര്‍ക്കുന്നു. ഷീലാ ടോമിയുടെ ‘വല്ലി ‘ എന്ന നോവലിലൂടെ.

വലിയ കര്‍ഷകരും ജന്മിമാരും ആദിവാസികളെ പണയത്തിനെടുത്ത് പണിയെടുപ്പിക്കുന്നതാണ് വല്ലി എന്നത്. ഒരു തരം കരാര്‍ പണി. ജന്മി/ഭൂവുടമ കൊടുക്കുന്ന ഒരു കോറത്തുണിക്കും ഏഴര സേറ് നെല്ലിനും അഞ്ചു രൂപാ നിപ്പു പണത്തിനും രണ്ടില ചോറിനും ഒക്കെ വേണ്ടി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അടിമപ്പണി. കുടുംബം മുഴുവന്‍ പണിതാല്‍ ദിവസക്കൂലി രണ്ടു സേര്‍ നെല്ല്. അതും കള്ളനാഴിയിലളന്ന് പറ്റിക്കും. ഇതേ അവസ്ഥ പെരുമാള്‍ മുരുകന്റെ കീഴാളനിലുണ്ട്. അവിടെ ജാതിയമായ അടിമത്തം കൂടിയാണ്.

1970 ഫെബ്രുവരിയില്‍ വയനാട്ടിലേക്ക് പ്രണയപാശത്താല്‍ വരുത്തപ്പെട്ട രണ്ടു പേര്‍. പ്രണയിച്ച് വിവാഹിതരായ അവര്‍ ബയല്‍ നാടെന്ന വയനാട്ടില്‍ കാണുന്നതും അനുഭവിക്കുന്നതും അഭിമുഖീകരിക്കുന്നതുമായ കാര്യങ്ങളാണ് വല്ലിയുടെ കാതല്‍. മൂന്ന് തലമുറകളിലൂടെ കടന്നു പോകുന്ന നോവല്‍ ബയല്‍ നാട്ടിലെ സാധാരണക്കാരന്‍ അഭിമുഖീകരിച്ച സാമൂഹിക-രാഷ്ട്രിയ പ്രശ്‌നങ്ങള്‍ക്കൊപ്പം ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയേയും മനുഷ്യരേയും അഡ്രസ് ചെയ്യുന്നുണ്ട്.

മനുഷ്യന്‍ ഭൂമിയേയും ചുറ്റുമുള്ള പ്രകൃതിയേയും കൂടി വല്ലിപ്പണിക്ക് വിധേയമാക്കുന്നുണ്ട്. ചൂഷണത്തിന്റെ ഒരു പ്രത്യേക നിമിഷത്തില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകുന്ന മനുഷ്യരെപ്പോലെ പ്രകൃതിയും തന്റെ പ്രതികരണവും പ്രതിഷേധവും പങ്കുവയ്ക്കുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങളായും പ്രളയമായും അത് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലാകുന്നു. അത്തരത്തിലൊരു മുന്നറിയിപ്പു കൂടിയാണ് വല്ലി പങ്കു വയ്ക്കുന്നത്.

വീട്ടിലും അയല്‍പക്കത്തും കറിയാകാന്‍ തയ്യാറെടുക്കുന്ന കോഴികളുടെ ആരാച്ചാരായിട്ടുണ്ട് ചെറുപ്പത്തില്‍. അതിലൊരു കോഴി പ്രാണന്‍ ഉപേക്ഷിക്കുന്നതിന് തൊട്ടു മുന്നേയുള്ള പിടയിലിനൊപ്പം ഒന്ന് നോക്കി എന്തോ പറഞ്ഞ ഓര്‍മ്മയുണ്ട്. ബോധദയത്തിന്റെ ആ നിമിഷം മുതല്‍ കോഴി വിഭവ വിരക്തിയുണ്ടാവുകയും പ്രത്യേകിച്ച് ഒരു കാരണവും പറയാനില്ലാതെ സ്വാദുള്ള ആ വിഭവത്തിന്റെ വിവിധ രുചി ഭേദങ്ങളെ ഉപേക്ഷിക്കുകയും ചെയ്തു. അത് വയനാട് വാസത്തിനും ഏറെ മുന്‍പാണ്. അത്തരം ഒരു അനുഭവം നോവലില്‍ പേജ് 277 ല്‍ വായിക്കുന്നു.

ഓരോ പുല്ലിനും അതിന്റെ അവകാശ മണ്ണുണ്ട്. ഒരു പുല്‍ക്കൊടിയുടെ അവകാശത്തെപ്പറ്റി ഗൗരവപൂര്‍വ്വം ചിന്തിക്കുന്ന ജീവിത ദര്‍ശനം. അതുവഴി മനുഷ്യരുടെ തുല്യതാവകാശങ്ങളെപ്പറ്റിയും എന്ന് സാറാ ജോസഫ് മുഖമൊഴിയില്‍ പറഞ്ഞുവെക്കുന്നത് സൂക്ഷ്മാര്‍ത്ഥത്തില്‍ പാലിച്ച് പോരുന്നുണ്ട് ഈ നോവലിലുടനീളം.

രാജേഷ് ചിത്തിര

രാജേഷ് ചിത്തിര

എഴുത്തുകാരൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍