UPDATES

വായന/സംസ്കാരം

വംശീയമായി അധിക്ഷേപിച്ചെന്ന് അശോകന്‍ മറയൂര്‍; സന്തോഷം പങ്കുവയ്ക്കുകയാണ് ചെയ്തതെന്ന് ഇന്ദു മേനോന്‍

ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ദുമേനോന്‍ നടത്തിയ പ്രസ്താവനയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎ സിലബസില്‍ ഗോത്രഭാഷാ കവി അശോകന്‍ മറയൂരിന്റെ കവിത ഉള്‍പ്പെടുത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട് എഴുത്തുകാരിയും, കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥയുമായ ഇന്ദുമേനോന്‍ നടത്തിയ പരാമര്‍ശം വിവാദമാവുന്നു. ഇന്ദുമേനോന്റെ വാക്കുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതും, വംശീയമായി അധിഷേപിക്കുന്നതുമാണെന്നാണ് അശോകന്‍ മറയൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഇന്ദുമേനോന്‍ പരസ്യമായ കുറിപ്പെഴുതിയെന്നും അശോകന്‍ മറയൂര്‍ പറയുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ദുമേനോന്‍ നടത്തിയ പ്രസ്താവനയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതിവന്ന്, പുകഴേന്തി സാര്‍ പണം നല്‍കി പുസ്തം അച്ചടിച്ച അശോകന്റെ കവിത എംഎ മലയാളം സിലമ്പസില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തി എന്ന ഇന്ദുമേനോന്റെ പരാമര്‍ശമായിരുന്നു ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഈ സാഹചര്യത്തില്‍ അശോകന്‍ മറയൂര്‍ തന്റെ മറുപടിയുമായി രംഗത്ത് വരികയായിരുന്നു. ഇന്ദുമേനോന്‍, നിങ്ങള്‍ക്കു മാത്രമുള്ള ഒന്നല്ല ആത്മാഭിമാനം. ആദിവാസി ഗോത്രത്തില്‍ നിന്നുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെ ആത്മാഭിമാനം മുറിപ്പെടുത്തുമ്പോള്‍ വെറുതെ നോക്കി നില്‍ക്കാന്‍ എനിക്കു കഴിയുകയില്ല എന്ന് അശോകന്‍ മറയൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

വകുപ്പിന്റെ ക്യാമ്പില്‍ എഴുതിയ ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിന്റെ സന്തോഷം പങ്കിടുക എന്നത് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും, അശോകന്റെ കവിതകളോട് ഇഷ്ടവും ആദരവും മാത്രമേ ഉള്ളൂ, വേണ്ടത്രയുമോ അതിലധികമോ പ്രശസ്തി അശോകന് കിട്ടുന്നതില്‍ സന്തോഷമേയുള്ളൂവെന്നുമാണ് ഇന്ദുമേനോന്‍ ഇതിന് മറുപടി നല്‍കിയത്.

‘മറ്റുള്ളവരുടെ ഔദാര്യം കൊണ്ടും രക്ഷാകര്‍തൃത്വം കൊണ്ടും വളര്‍ന്നു വന്ന എഴുത്തുകാരുണ്ടാകാം.എന്നാല്‍ അശോകന്‍ മറയൂര്‍ ആ വിഭാഗത്തില്‍ പെടുന്നില്ല. ആരുടെയെങ്കിലും ഔദാര്യത്തിനോ രക്ഷാകര്‍തൃത്വത്തിനോ അശോകന്‍ അപേക്ഷിക്കുകയോ നിന്നു കൊടുക്കുകയോ ചെയ്തിട്ടില്ല. ഇത് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. സ്വന്തം പ്രതിഭയുടെ ശക്തി കൊണ്ട് വിപരീത സാഹചര്യങ്ങളെപ്പോലും അതിജീവിച്ച് ഉയര്‍ന്നു വന്ന കവിയാണ് അശോകന്‍.’ എന്നായിരുന്നു കവി പി രാമന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

‘നിങ്ങളുടെ പറച്ചിലുകളില്‍, അവകാശവാദങ്ങളില്‍ ഒരു ‘ഞാന്‍’ പ്രവര്‍ത്തിക്കുന്നു. തുറന്നു തന്നെ പറയട്ടെ ആ ‘ഞാന്‍’ ഇല്ലെങ്കിലും അശോകന്‍ മറയൂര്‍ എന്ന കവിയുണ്ടാകും ഇന്നത്തെ നിലയില്‍ ഇതേ വായനക്കാരോട് കൂടി.’ എന്നായിരുന്നു ഈ വിഷയത്തില്‍ കവി ഡി അനില്‍കുമാര്‍ പ്രതികരിച്ചത്.

അശോകന്‍ മറയൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇത് ഇന്ദുമേനോനായിരുന്നു …

2016 ഏപ്രില്‍ 2,3 തിയതികളില്‍ പട്ടാമ്പി ഗവ.കോളേജില്‍ വെച്ചു നടന്ന കവിതാ കാര്‍ണിവലിലാണ് എനിക്ക് ആദ്യമായി ശ്രദ്ധേയമായ ഒരവസരം ലഭിക്കുന്നത്. അതിനു മുമ്പ് …2003 മുതല്‍ കത്തിലൂടെയും നേരിട്ടും പി.രാമന്‍ സാറുമായ് മാത്രമാണ് എന്റെ കവിതകള്‍ വായ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നത് .പിന്നീടത് സ്വന്തം ഭാഷയെ അടയാളപ്പെടുത്താനും ആ തനതു ഭാഷയില്‍ കവിതയെഴുതാനും അദ്ദേഹം തന്നെയാണ് പിന്‍ന്തുണയായത് .കവിതാ കാര്‍ണിവലിന്റെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തത് അന്ന് തീരേ അറിയപ്പെടാതിരുന്ന ഞാന്‍ ആയിരുന്നു. കാര്‍ണിവലിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ തിളനില ‘ എന്ന മാഗസിനിലാണ് എന്റെ മലയാളത്തിലും മുതുവാന്‍ ഭാഷയിലുമുള്ള കവിതകള്‍ ആദ്യമായി പുറത്തു വരുന്നത്. അത് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതാണ്.

ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് 2017-ല്‍ കോഴിക്കോടു വെച്ച് കിര്‍ത്താഡ്‌സ് സംഘടിപ്പിച്ച ഗോത്രവര്‍ഗ്ഗഎഴുത്തുകാരുടെ ക്യാമ്പിലേക്ക് എന്നെ വിളിക്കുന്നത്. അല്ലാതെ അന്ന് തീരെ അറിയപ്പെടാതിരുന്ന എന്നെ കണ്ടെത്തി ആ ക്യാമ്പില്‍ പങ്കെടുപ്പിച്ചതല്ല.ആ ക്യാമ്പിന്റെ നേതൃത്വം ഇന്ദുമേനോനായിരുന്നു.അങ്ങനെയാണ് അവരെ ഞാന്‍ പരിചയപ്പെടുന്നത്. ഞാനുള്‍പ്പെടെ മുപ്പതു പേര്‍ ക്യാമ്പിലുണ്ടായിരുന്നു. ആ സമയത്ത് കോഴിക്കോട് വെച്ചു നടന്ന ഡി.സി.ബുക്‌സ് കെ.എല്‍.എഫില്‍ ഒരു സെഷനില്‍ കവിത വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.ഇന്ദുമേനോന്‍ ഇടപെട്ടതുകൊണ്ടാവാം ഒരു പക്ഷേ എനിക്ക് ആ അവസരം കിട്ടിയത്.
തൊട്ടടുത്ത കൊല്ലവും (2018) – കിര്‍ത്താഡ്‌സിന്റെ ക്യാമ്പിലും കെ.എല്‍.എഫിലും പങ്കെടുത്തു.അതേ വര്‍ഷം ജൂലൈ 27, 28 തിയ്യതികളില്‍ ചെന്നൈയില്‍ നടന്ന സൗത് ഇന്ത്യന്‍ ട്രൈബല്‍ റൈറ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ വിളിച്ചതും ഇന്ദുമേനോനാണ്. ഇങ്ങനെ രണ്ടു കിര്‍ത്താഡ്‌സ് ക്യാമ്പും ഒരു ചെന്നൈ യാത്രയുമാണ് ഇന്ദുമേനോന്‍ കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥ എന്ന നിലയില്‍ എനിക്കു നേടിത്തന്ന അവസരങ്ങള്‍. ഇതില്‍ രണ്ടു ക്യാമ്പുകളിലും എനിക്കു പുറമേ 29 പേര്‍ ഉണ്ടായിരുന്നു.ചെന്നൈയിലെ പരിപാടിയില്‍ എനിക്കു പുറമേ മറ്റു രണ്ടു കവികളുമുണ്ടായിരുന്നു.എന്റെ കവിത അവഗണിക്കാനാവാത്ത വിധം ശ്രദ്ധിക്കപ്പെട്ടതു കൊണ്ടു തന്നെയാണ് എന്നെ ഈ പരിപാടികളില്‍ പങ്കെടുപ്പിച്ചത്. എനിക്ക് അവസരം തരണമെന്ന് ഇന്ദുമേനോനോട് എന്നല്ല ആരോടും ഞാന്‍ അപേക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇന്ദുമേനോന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ ആദിവാസിക്കു തന്ന ഔദാര്യമല്ല. ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ ഔദാര്യമായി ഒരു ഉദ്യോഗസ്ഥ കരുതുന്നുവെങ്കില്‍ തീര്‍ച്ചയായും അത് വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്.

ചെന്നൈയില്‍ നടന്ന സൗത് ഇന്ത്യന്‍ റൈറ്റേഴ് മീറ്റില്‍ പങ്കെടുത്തപ്പോള്‍ പങ്കെടുത്തവര്‍ക്കെല്ലാം താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് ഒരു സ്റ്റാര്‍ ഹോട്ടലിലായിരുന്നു. ഞാനും കേരളത്തില്‍ നിന്നുള്ള മറ്റൊരു ഗോത്ര കവിയുമാണ് ഒരു റൂമില്‍ താമസിച്ചത്. ഇത്തരം ആഡംബര ഹോട്ടലുകളില്‍ താമസിച്ച പരിചയം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. മുറിയിലെ ഫ്രിഡ്ജില്‍ മദ്യം, ബിസ്‌കറ്റ്, അണ്ടിപ്പരിപ്പ്, ചോക്ലേറ്റ് എന്നിവയെല്ലാമുണ്ടായിരുന്നു. അതൊന്നും എടുത്ത് ഉപയോഗിക്കരുതെന്ന് ഞങ്ങളോട് ഇന്ദുമേനോനെന്നല്ല, ആരും നിര്‍ദ്ദേശം തന്നിരുന്നില്ല.(ഇന്ദുമേനോന്‍ അതേ ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നു.) അത് ഉപയോഗിക്കുന്നതിന് പ്രത്യേകം പണച്ചെലവുണ്ടെന്നും അത് എടുക്കരുതെന്നും നിര്‍ദ്ദേശം തന്നിരുന്നെങ്കില്‍ ഞങ്ങള്‍ അതൊന്നും തൊടുമായിരുന്നില്ല. ഇന്ദുമേനോനെപ്പോലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച പരിചയമില്ലാത്തതു കൊണ്ട് ഞങ്ങള്‍ മുറിയിലുണ്ടായിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചു എന്നതു സത്യമാണ്. ഞങ്ങളെ വിളിച്ചു കൊണ്ടുപോയവര്‍ കൃത്യമായ നിര്‍ദ്ദേശം തരാതിരുന്നതുകൊണ്ട് സംഭവിച്ചത് എങ്ങനെയാണ് എന്റെ വീഴ്ച്ചയാകുന്നത്? (കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ മദ്യപിക്കാറില്ല എന്ന് എന്നെ നന്നായി അറിയുന്ന സുഹൃത്തുക്കള്‍ക്കെല്ലാം അറിയാം)

2017- ഡിസംബറിലാണ് ഡി.സി.ബുക്‌സ് എന്റെ ആദ്യ പുസ്തകമായ പച്ച വീട് പ്രസിദ്ധീകരിച്ചത്.ഇന്ദുമേനോന്‍ വഴിയല്ല ഞാന്‍ ഡി.സി.ബുക്‌സിനെ സമീപിച്ചത്. പണം കൊടുക്കാതെ തന്നെ പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സ് തയ്യാറായതാണ്. ഗോത്രവര്‍ഗ്ഗ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന് ഫണ്ടുനല്‍കാന്‍ വകുപ്പുണ്ടെങ്കില്‍ അര്‍ഹതപ്പെട്ട ആ ഫണ്ട് വാങ്ങിച്ചെടുക്കണമെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ഞാന്‍ അപേക്ഷ കൊടുത്തത്. ടി.ഇ.ഒ തന്നെയാണ് അനുവദിച്ച തുക പിന്നീട് പ്രസാധകര്‍ക്കു കൈമാറിയതും. This book is published by the financial support of Tribal Welfare Fund എന്ന് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കല്‍ പോലും ഇന്ദുമേനോന്റെ സഹായം തേടിയിട്ടില്ല.

വസ്തുതകള്‍ ഇതായിരിക്കെ, എന്നെ അപകീര്‍ത്തിപ്പെടുത്താനും വംശീയമായി അധിക്ഷേപിക്കാനുമാണ് ഇന്ദുമേനോന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന അവരുടെ ഒരു പോസ്റ്റ് വായിച്ചതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്.’നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തി സാര്‍ പണം നല്‍കി പുസ്തകം അച്ചടിച്ച അശോകന്റെ കവിത MA മലയാളം സിലബസ്സില്‍ ഉള്‍പ്പെടുത്തി.’ എന്ന അവരുടെ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്.ഇന്ദുമേനോന്‍, നിങ്ങള്‍ക്കു മാത്രമുള്ള ഒന്നല്ല ആത്മാഭിമാനം. ആദിവാസി ഗോത്രത്തില്‍ നിന്നുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെ ആത്മാഭിമാനം മുറിപ്പെടുത്തുമ്പോള്‍ വെറുതെ നോക്കി നില്‍ക്കാന്‍ എനിക്കു കഴിയുകയില്ല.

ഇന്ദുമേനോന്‍ നല്‍കിയ മറുപടി :


അശോകന്‍ പങ്കെടുത്ത കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അശോകന്‍ വകുപ്പിന്റെ അതിഥിയായിരുന്നു. പുസ്തകം അച്ചടിക്കുവാന്‍ ഡിസിക്ക് പണം നല്‍കിയതും ഗവണ്‍മെന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാ ഡമിയിലും വകുപ്പിന്റെ നോമിനിയായിരുന്നു. ഇനിയും പല സിലബസ്സുകളിലേക്കും ഉള്‍പ്പെടുത്താവുന്ന പല മികച്ച കവിതകളും നോമിനേറ്റ് ചെയ്തിട്ടുമുണ്ട്. വകുപ്പിന്റെ ക്യാമ്പില്‍ എഴുതിയ ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിന്റെ സന്തോഷം പങ്കിടുക എന്നത് മാത്രമേ ചെയ്തിട്ടുള്ളു.

അശോക നോട് ആകെ ചെയ്ത നാലാം കിട പ്രവര്‍ത്തി ചെന്നയിലെ നക്ഷത്രഹോട്ടലിലെ മിനി ബാറിലെ മദ്യസേവയുടെ അനധികൃത പണം സാഹിത്യ അക്കാഡമി അടക്കില്ല എന്നു പറഞ്ഞപ്പോള്‍ അത് അടച്ചതും ബാധ്യത വ്യക്തിപരമായി ഞാന്‍ ഏറ്റതുമാണ്. മുഴുവന്‍ പണമില്ലാതിരിക്കമ്പോള്‍ കടം വാങ്ങി വിമാന ടിക്കറ്റുകളും ബസ് ടിക്കറ്റുകളും ഞാന്‍ പലര്‍ക്കായി എടുത്തതും നാലാം തരമാണ്. 1800 നു ടിക്കറ്റ് എടുത്താല്‍ 1000 മാത്രം തരുമ്പോള്‍ മിണ്ടാതെ ഇരിക്കുന്നതും നാലാം തരമാണ്.

അശോകന്റെ കവിതകളോട് ഇഷ്ടവും ആദരവും മാത്രമേ ഉള്ളൂ. വേണ്ടത്രയുമോ അതിലധികമോ പ്രശസ്തി അശോകന് കിട്ടുന്നതില്‍ സന്തോഷമേയുള്ളൂ താനും

അശോകനെ എഴുതാനും അശോകനു വേണ്ടി ഏറ്റവും പ്രയത്‌നിച്ചതും പ്രശസ്തനാക്കാന്‍ കൂടുതല്‍ ആഗ്രഹിച്ചതും പ്രവര്‍ത്തിച്ചും Raman Pallissery മാഷാണ്. അദ്ദേഹത്തിനറിയാമല്ലോ കാര്യങ്ങളുടെ നിജസ്ഥിതി.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അവയുടെ പണം വിനിയോഗിച്ചതില്‍ എന്തെങ്കിലും നേട്ടമുണ്ടോ എന്ന പല ചോദ്യങ്ങള്‍ക്കും പണം ചിലവഴിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത് കിട്ടി കിട്ടി എന്ന് പറയേണ്ടി വരാറുണ്ട്. സീനക്ക് അവാര്‍ഡ് കിട്ടിയപ്പോഴും സിന്ധുവിന്റെ എഴുത്തുകള്‍ Ph Dയ്ക്ക് പഠനവിധേയമായപ്പോഴും മോളിക്ക് ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെസ്റ്റിവലില്‍ അവസരം ലഭിച്ചപ്പോഴുമൊക്കെ ഗ്രൂപ്പില്‍ ആഹ്ലാദപൂര്‍വ്വം തന്നെയാണ് ആ വിവരങ്ങള്‍ ഇട്ടിട്ടുള്ളത്. സന്ദേശത്തിലെ മുഴുവന്‍ വ്യവഹാരങ്ങളും എടുക്കാതെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് എടുക്കുന്നത് നിലപാടല്ല.

ഈ വര്‍ഷം രാമചന്ദ്രന്റെ ഡിക്ഷണറി ലിംഗ്വി സ്റ്റിക് ഡിപാര്‍ട്ട്‌മെന്റിലേക്ക് പാഠപുസ്തമാവുന്ന ഒന്നിന് പണം നല്‍കിയതും വകുപ്പ് തന്നെയാണ്.

അശോകന്റെ എഴുത്തിലെ വാക്കുകള്‍ എടുത്ത് വേണ്ട എനിക്കൊന്നും. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നാലാംകിട മായ് പാട്രണൈസ് ചെയ്തുവെന്ന ഈ ധ്വനിയുണ്ടല്ലോ അത് ഗംഭീരം.

പി രാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മറ്റുള്ളവരുടെ ഔദാര്യം കൊണ്ടും രക്ഷാകര്‍തൃത്വം കൊണ്ടും വളര്‍ന്നു വന്ന എഴുത്തുകാരുണ്ടാകാം.എന്നാല്‍ അശോകന്‍ മറയൂര്‍ ആ വിഭാഗത്തില്‍ പെടുന്നില്ല. ആരുടെയെങ്കിലും ഔദാര്യത്തിനോ രക്ഷാകര്‍തൃത്വത്തിനോ അശോകന്‍ അപേക്ഷിക്കുകയോ നിന്നു കൊടുക്കുകയോ ചെയ്തിട്ടില്ല. ഇത് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. സ്വന്തം പ്രതിഭയുടെ ശക്തി കൊണ്ട് വിപരീത സാഹചര്യങ്ങളെപ്പോലും അതിജീവിച്ച് ഉയര്‍ന്നു വന്ന കവിയാണ് അശോകന്‍.

ഇനി ഞാനും അശോകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്.ഒരു ഗോത്ര ഭാഷാ കവിയോ കവി പോലുമോ ആവുന്നതിനു മുമ്പ്, മറയൂര്‍ ഗവ.ഹൈസ്‌കൂളിലെ നൂറുകണക്കിനു വിദ്യാര്‍ത്ഥികളിലൊരാള്‍ ആയിട്ടാണ് അശോകന്‍ എന്റെ മുന്നില്‍ വരുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ കവിത എഴുതി സമ്മാനം വാങ്ങിയപ്പോഴാണ് അധ്യാപകനായിരുന്ന ഞാന്‍ അവനെ ശ്രദ്ധിക്കുന്നത്. അന്നു മുതല്‍ അശോകന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഒരധ്യാപകന്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായിരുന്നു. ഞാന്‍ ഒറ്റയ്ക്കല്ല പ്രകാശന്‍ വെങ്കലാട്ട്, ആര്‍.ഐ. പ്രശാന്ത് എന്നീ അധ്യാപകരും അവന് പിന്തുണ നല്‍കിയിരുന്നു.അത് അധ്യാപകര്‍ എന്ന നിലയില്‍ ഞങ്ങളുടെ കടമ മാത്രമായിരുന്നു. അധ്യാപകര്‍ എന്ന നിലയില്‍ തൊഴിലിന്റെ ഭാഗം മാത്രമായിരുന്നു അത്. ഭാഷാധ്യാപകര്‍ എന്ന നിലക്ക് ഞങ്ങള്‍ ശമ്പളം പറ്റുന്നത് അതിനും കൂടിയാണ്.അല്ലാതെ, പാഠം തീര്‍ക്കാനും പരീക്ഷ പാസ്സാക്കാനും മാത്രമല്ല.പില്‍ക്കാലത്ത് മേനി പറഞ്ഞു നടക്കാനുള്ള ഔദാര്യമല്ല അത്.അശോകന്റെ എന്നല്ല ഒരു വിദ്യാര്‍ത്ഥിയുടെയും പേരില്‍ ഞാന്‍ മേനി പറഞ്ഞു നടന്നിട്ടുമില്ല.

മറയൂരില്‍ നിന്ന് ഞാന്‍ സ്ഥലം മാറ്റം വാങ്ങിപ്പോന്നതിനു ശേഷവും അശോകന്‍ തപാലില്‍ കവിതകള്‍ അയച്ചുതരുമായിരുന്നു. ആ കവിതാ ലോകത്തിന് വന്നു ചേര്‍ന്ന പരിണാമങ്ങള്‍ പിന്തുടരാന്‍ എനിക്ക് അങ്ങനെ അവസരം ലഭിച്ചു. എങ്ങനെ വെളിച്ചം കാണിക്കണമെന്നറിയാതെ എന്റെ കൈയ്യിലിരുന്ന അശോകന്റെ കവിതക്കെട്ടുകളാണ് ‘ തിളനില ‘ എന്ന കവിതാ മാഗസിന്‍ തുടങ്ങാന്‍ തന്നെ എന്നെ പ്രചോദിപ്പിച്ചത്.(അല്ലാതെ, എന്റെ ഔദാര്യം കൊണ്ട് തിളനിലയില്‍ അശോകന്റെ കവിത ഉള്‍പ്പെടുത്തിയതല്ല )ഈ പശ്ചാത്തലത്തിലാണ് അവന്റെ കവിതയുടെ ശക്തിയും അപൂര്‍വതയും തിരിച്ചറിഞ്ഞ് പട്ടാമ്പി കവിതാ കാര്‍ണിവലിന്റെ സംഘാടകര്‍ കാര്‍ണിവല്‍ ഉദ്ഘാടനത്തിന് അശോകനെ ക്ഷണിക്കുന്നത്.പിന്നീടങ്ങോട്ട് അശോകന്റെ കവിതയ്ക്കുണ്ടായ വളര്‍ച്ചയും പടര്‍ച്ചയും നമുക്കറിയാം.

പറഞ്ഞു വന്നത് ഔദാര്യം, രക്ഷാകര്‍തൃത്വം തുടങ്ങിയ വാക്കുകള്‍ക്ക് എന്റെയും അശോകന്റെയും ബന്ധത്തില്‍ യാതൊരു പ്രസക്തിയുമില്ല എന്നാണ്. മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളിലൊരാള്‍ നല്ലൊരു കവിത എഴുതിക്കാണിക്കുമ്പോള്‍ അധ്യാപകന്റെ കണ്ണിലുണ്ടാകുന്ന ആ മിന്നലാണ് അവന്റെ എഴുത്തിനെ പിന്തുടരാന്‍ എന്നെ പ്രേരിപ്പിച്ചത്.
അശോകന്റെ മാത്രമല്ല, മറ്റു പലരുടേയും രചനകള്‍ ഇങ്ങനെ പിന്തുടരാന്‍ അധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. നെന്മാറയില്‍ ജോലി ചെയ്യുന്ന കാലത്തെ വിദ്യാര്‍ത്ഥിയായിരുന്ന ഷിബു.എസ് ന്റെ കവിതകള്‍ അവന്റെ ആത്മഹത്യക്കു ശേഷം മാത്രം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് നെഞ്ഞു പൊട്ടിക്കുന്ന ഓര്‍മ്മയുമാണ്. കവിത തീരെ നന്നല്ല എന്നു തോന്നിയതുകൊണ്ട് ചിലരെ മൗനം കൊണ്ട് നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. എനിക്കു പകരം മറ്റൊരധ്യാപകനാണെങ്കിലും ഒരു പക്ഷേ, ഇതൊക്കെത്തന്നെയാവും ചെയ്യുക.

അധ്യാപകന്‍ എന്ന നിലയ്ക്കും ഇഷ്ടപ്പെടുന്ന നല്ല കവിതയുടെ സുവിശേഷകന്‍ എന്ന നിലക്കും ഞാന്‍ ഇനിയും അശോകന്റെ കവിതയെ പിന്തുടരുക തന്നെ ചെയ്യും. ആരും പിന്തുടര്‍ന്നില്ലെങ്കിലും കവിതയുടെ കരുത്തു കൊണ്ട് അവന്‍ അതിജീവിക്കും.കേരളത്തിന്റെ പ്രിയ കവിയാകും.അശോകന്റെ പേരില്‍ ‘ഔദാര്യം’ കാണിച്ച് ഞാനെന്നല്ല ആരും ഞെളിയുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ഡി അനില്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അശോകന്‍ മറയൂരിനെ വളര്‍ത്തി വലിയ കവിയാക്കിയെന്ന് അവകാശപ്പെടുന്ന ഇന്ദുമേനോന്

നിങ്ങളുടെ പറച്ചിലുകളില്‍, അവകാശവാദങ്ങളില്‍ ഒരു ‘ഞാന്‍’ പ്രവര്‍ത്തിക്കുന്നു. തുറന്നു തന്നെ പറയട്ടെ ആ ‘ഞാന്‍’ ഇല്ലെങ്കിലും അശോകന്‍ മറയൂര്‍ എന്ന കവിയുണ്ടാകും ഇന്നത്തെ നിലയില്‍ ഇതേ വായനക്കാരോട് കൂടി. 2016 ല്‍ അശോകന്‍ മറയൂരിനെ പരിചയപ്പെടുത്തിയ (തുടര്‍ന്നുള്ള കൊല്ലങ്ങളിലും) രാമന്‍ മാഷ് പോലും ഇങ്ങനെ ഒരു അവകാശവാദം സ്വകാര്യ സംഭാഷണത്തില്‍ പോലും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ നിങ്ങള്‍ അശോകനില്‍ നിന്ന് വാലാട്ടി നില്‍ക്കുന്ന ഒരു നായയുടെ വിനയം പ്രതീക്ഷിക്കുന്നു. അതിനെ സാധൂകരിക്കുന്ന ചില സ്‌ക്രീന്‍ഷോട്ടുകള്‍ അശോകന്‍ തന്നെ വളരെ മുന്‍പ് എന്നെ കാണിച്ചിട്ടുണ്ട് (ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയത് കൊണ്ടാവാം അത് എനിക്ക് കാണാന്‍ ഇട വന്നത്). എന്നാല്‍ അതിനെല്ലാം നിങ്ങട മുഖത്ത് അടിച്ചത് പോലുള്ള മറുപടികളാണ് അശോകന്‍ നല്‍കുന്നത് (അത് എന്താണെന്ന് ഞാന്‍ വ്യക്തമാക്കുന്നില്ല). അശോകന്‍ ഉള്‍പ്പെടെയുള്ള സമൂഹാംഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന അവരുടെ അവകാശമായ ഫണ്ട്, പരിപാടി എന്നിവ നിങ്ങളുടെ ഔദാര്യമായി അവതരിപ്പിച്ചാല്‍ അതിനെ എന്ത് പേരിട്ടാണ് പൊതുസമൂഹം വിളിക്കേണ്ടത്.

2018 ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അശോകനൊപ്പം പങ്കെടുത്ത ഒരാളാണ് ഞാന്‍. പ്രഭാവര്‍മ്മ, സാവിത്രി രാജീവന്‍, (വന്നില്ല), അനിത തമ്പി, പി.രാമന്‍, ഒ.പി സുരേഷ്, വിജു നായരങ്ങാടി എന്നിവര്‍ കൂടിയുള്ള സെഷനിലേക്ക് എന്നെ ക്ഷണിച്ചത് സച്ചിമാഷാണ്. അതിനു മുന്‍പേ തന്നെ അശോകന്‍ മറയൂരിന്റെയും എന്റെയും കവിതകളുടെ ഭാഷാപ്രത്യകതയെ പറ്റി മാഷ് സംസാരിക്കുന്നത് കേട്ടവര്‍ ഉണ്ട്. സ്വഭാവികമായും അശോകനെയും ആ സെഷനില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് മാഷ് തന്നെയാകണം. അതിനു നന്ദി പറയാന്‍ പരിപാടി കഴിഞ്ഞു ഞങ്ങള്‍ മാഷിനെ സമീപിച്ചപ്പോള്‍ ‘ഞാനല്ല, നിങ്ങട കവിതകളാണ് നിങ്ങളെ ക്ഷണിച്ചത്’ എന്നു പറഞ്ഞു ആ നന്ദി ഏറ്റുവാങ്ങലില്‍ നിന്ന് മാഷ് ഒഴിഞ്ഞു മാറി. എന്നാല്‍ അപ്പോഴും അശോകനെ അദൃശ്യമായി പിന്തുടരുന്ന നിങ്ങളുടെ ധാര്‍ഷട്യത്തിന്റെ ചൂരല്‍ ഞാന്‍ കണ്ടു. ഞങ്ങള്‍ക്കൊപ്പം കടപ്പുറത്ത് വരാനോ വൈകുന്നേരം ശ്രീലങ്കന്‍ കവി ചേരനുമൊത്ത് അദ്ദേഹത്തിന്റെ മുറിയില്‍ അനിത ചേച്ചി, രാമന്‍ മാഷ്, ഒ.പി.സുരേഷ് മാഷ് എന്നിവര്‍ക്കൊപ്പം ഞാനും കവിത വായിച്ചു കൂടിയപ്പോള്‍ അതിനൊപ്പം കൂടാനോ നിങ്ങള്‍ അശോകനെ അനുവദിച്ചില്ല. എന്തിന് ഉച്ചയ്ക്ക് ഒരു അതിഥിയുടെ പരിവേഷത്തോടെ ഞങ്ങള്‍ക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാന്‍ പോലും നിങ്ങള്‍ അദ്ദേഹത്തെ സമ്മതിച്ചില്ല. ഇതിനെ പറ്റി ഞാന്‍ നിങ്ങളോട് വന്നു പറഞ്ഞപ്പോള്‍ ‘അയ്യോ ഞാന്‍ അവന് എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. എന്നെ നാണംകെടുത്താന്‍ ഈ ചെറുക്കന്‍ ഓരോന്ന് ചെയ്യുന്നതാണ്’ എന്നു കനത്തില്‍ പറഞ്ഞു നിങ്ങള്‍ ധാര്‍ഷ്ട്യത്തിന്റെ പഴയ ചിട്ട പിന്നെയും തുടര്‍ന്നു. ഒരു അതിഥിയുടെ പ്രിവില്ലേജോടെ പലരും അശോകനൊപ്പം ഫോട്ടോയെടുക്കാനും കവിത ആവശ്യപ്പെടാനും വന്നപ്പോള്‍ അയാള്‍ നിങ്ങളെ ഭയന്ന് നേരത്തെ അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. ഇതാണ് നിങ്ങള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അശോകന് നല്‍കിയ അവസരത്തിന്റെ വാസ്തവം.

പലപ്പോഴും ഞാന്‍ രാത്രിയും പകലും അശോകന്‍ മറയൂരിനൊപ്പം കൂടുകയും കവിത വായിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഒരിക്കല്‍ പോലും അയാള്‍ മദ്യപിക്കുകയോ മദ്യം വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് എന്നെ കാണാന്‍ വന്ന ചുരുങ്ങിയ നാളുകളില്‍ പോലും അയാള്‍ ഭക്ഷണ കാര്യത്തില്‍ പോലും നിയന്ത്രണം പാലിച്ചു. മിതമായി സംസാരിക്കുകയും കൂട്ടത്തില്‍ ഏകാഗ്രത സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ് അശോകന്‍ മറയൂര്‍. അയാളെ ചൂണ്ടിയാണ് നിങ്ങള്‍ മദ്യസേവ എന്ന പദം ഉപയോഗിച്ചത്. എന്തടിസ്ഥാനത്തിലാണ് ആ പദം നിങ്ങള്‍ തെരെഞ്ഞെടുത്തത്. ആദിവാസികള്‍ കള്ളും കഞ്ചാവുമടിക്കുന്നവരാണ് എന്ന സവര്‍ണ/നാഗരിക പൊതുബോധത്തില്‍ നിന്നോ ?. നിങ്ങളുമായുള്ള അഭിപ്രായ ഭിന്നത നിലനില്‍ക്കുമ്പോഴും ഒരിക്കല്‍ പോലും നിങ്ങളെ മോശമായി പരാമര്‍ശിക്കുന്ന ഒരു വാക്ക് അശോകന്‍ മറയൂര്‍ എവിടെയെങ്കിലും പറയുകയോ എഴുതുകയോ ചെയ്തിട്ടുണ്ടോ ? ആ മര്യാദയെങ്കിലും നിങ്ങള്‍ തിരിച്ചു കാണിക്കേണ്ടതായിരുന്നു. താങ്കളുടെ ധാര്‍ഷ്ട്യം അതിനു അനുവദിക്കില്ലെന്ന് അറിയാം. പറഞ്ഞുവെന്നേയുള്ളൂ..

കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിപാടികളില്‍ വിമാനടിക്കറ്റും ടാക്‌സി ചാര്‍ജുമുള്‍പ്പെടെ remuneration അവര്‍ നല്‍കാറുണ്ട്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. തിരികെ പ്രതീക്ഷിച്ചു അശോകന് വേണ്ടി ചെലവാക്കിയ 1800 രൂപയ്ക്കും നിങ്ങള്‍ കണക്ക് പറയുന്നല്ലോ. നിത്യജീവിതം തള്ളിനീക്കാന്‍ പാടുപ്പെടുന്ന ഒരാള്‍ 800 തിരിച്ചു തരാത്തത്തിലും നിങ്ങളുടെ ധാര്‍ഷ്ട്യം പ്രവര്‍ത്തിക്കുന്നു. അശോകന്റെ സാഹിത്യ ജീവിതത്തില്‍ നിങ്ങള്‍ അഭിവാജ്യഘടകമല്ലെന്ന് തിരിച്ചറിയുമ്പോള്‍ സൂക്ഷിക്കുന്ന ഈ കണക്കുണ്ടല്ലോ.. അഭിമാനിക്കൂ… അല്ലാതെന്ത് പറയാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍