ജീവിതത്തില്‍നിന്നുതന്നെയാണ് കവിതയിലേയ്ക്ക് ഈ വാക്കുകള്‍ എത്തിച്ചേര്‍ന്നത്. ഒരു അന്‍പത്‌കൊല്ലം കഴിയുമ്പോള്‍ ഇന്ന് ഞങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷ ഉണ്ടാവുമോ എന്ന് തന്നെ അറിയില്ല.
രാവുണരുന്നതിന് മുന്‍പ് തോണിതുഴഞ്ഞ് കടലിലേക്ക് പോവുന്ന ആളുകളുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പില്‍ കരുത്താര്‍ജിച്ചതാണ് കടപ്പുറം ഭാഷ. ഇതിലെ വാക്കുകള്‍ ഇത്രനാളും മുഖ്യധാരാ സാഹിത്യത്തില്‍നിന്ന് പുറത്താക്കപ്പെട്ടവയായിരുന്നു. കടലിനൊപ്പം തിരയടിക്കുന്ന പച്ചയായ മനുഷ്യന്റെ വ്യാകുലതകളും, സ്വപ്‌നവും, ആനന്ദവുമെല്ലാം കലര്‍ന്നു കിടക്കുന്ന ഭാഷയെ കൂടെ നിര്‍ത്തുവാന്‍ ഇപ്പോള്‍ മലയാള സാഹിത്യ ലോകത്തിന് കഴിഞ്ഞു. വിഴിഞ്ഞം സ്വദേശിയായ ഡി അനില്‍കുമാറിന്റെ തിരദേശ ഭാഷയിലെഴുതിയ കവിതകളെ പിന്‍തുടരുവാന്‍ ഇന്ന് വായനക്കാരുടെ ഒരു സമൂഹമുണ്ട്. ഈ കവിതകളിലൂടെ അവര്‍ കടപ്പെറപാസയെന്ന കടപ്പുറം ഭാഷയുടെ കരുത്ത് അറിയുകയാണ്.
കാലിക്കറ്റ് സര്‍വ്വകലാശാല എംഎ മലയാളം സിലബസില്‍ അനില്‍കുമാറിന്റെ ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ എന്ന കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരദേശങ്ങളില്‍ ആളുകള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശേഖരിച്ച നിഘണ്ടു കടപ്പെറപാസയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ കവിതകളെ കുറിച്ചും, ജീവിതത്തെ കുറിച്ചും കവി ഡി അനില്‍കുമാര്‍ സംസാരിക്കുന്നു.
ലിപിയില്ലാത്ത കടപ്പുറം ഭാഷയിലേക്ക് അനില്‍ കുമാറിന്റെ കവിതകള്‍ എത്തിച്ചേര്‍ന്നത് എത്തരത്തിലാണ് ?
ആദ്യ കാലങ്ങളില്‍ ഞാനും കവിതയെഴുതിയിരുന്നത് മാനക ഭാഷയിലായിരുന്നു. പുതു കവിതകള്‍ വായിച്ചു തുടങ്ങുമ്പോഴാണ് ഭാഷാപരമായ വ്യത്യാസങ്ങള്‍ കവിതയില്‍ സംഭവിക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത്. അത് പ്രത്യേകിച്ച് എസ് ജോസഫ്, എം.ബി മനോജ്, എം ആര്‍ രേണുകുമാര്‍ എന്നിവരുടെ കവിതകളൊക്കെ വായിക്കുമ്പോഴാണ്. അരിക്‌വത്കരിക്കപ്പെട്ട ദളിത് മനുഷ്യരുടെ ജീവിതം അവര്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിന് ചേര്‍ന്ന ഒരു കാവ്യ ഭാഷ രൂപപ്പെട്ടത് തിരിച്ചറിയുകയായിരുന്നു. സ്വഭാവികമായും ആലോചിച്ചത് ഞാന്‍ ജീവിക്കുന്ന പരിസരത്ത് ഇത്തരം വ്യത്യസ്തമായൊരു കാവ്യഭാഷ ഉണ്ടല്ലോ എന്നായിരുന്നു. ആ കാവ്യഭാഷ കേവലം ഭാഷാമൊഴിക്കപ്പുറം അതൊരു ഭാഷാ സ്വരൂപത്തോടെയാണല്ലോ നിലനില്‍ക്കുതെന്ന് ഞാന്‍ ചിന്തിച്ചു. സ്വന്തം മൊഴിയിലെഴുതി തുടങ്ങിയത് അബോധപൂര്‍വ്വമായ ഒരു പ്രവൃത്തി കൂടിയായിരുന്നു.
അച്ചടി ഭാഷയില്‍ നിന്ന് തീരദേശ ഭാഷയിലേക്കുള്ള ഈ മാറ്റം ഭാഷാപരമായ സമരമായി കാണാന്‍ കഴിയുമോ ?
ഒരര്‍ത്ഥത്തില്‍ എല്ലാ കവിതയും ഭാഷാപരമായ സമരമാണ്. തൊണ്ണൂറുകള്‍വരെ മലയാള ഭാഷ പരിചരിച്ചിരുന്നത് വരേണ്യമായൊരു ഭാഷയായിരുന്നു. അത് ഉപരിവര്‍ഗ്ഗത്തിന്റെ അനുഭവങ്ങളെ മാത്രം ആവിഷ്‌കരിക്കുന്ന ഒന്നായിരുന്നു. ദളിതെഴുത്തിന്റെ കടന്നുവരവോടുകൂടിയാണ് ഈ സാഹചര്യത്തിന് മാറ്റമുണ്ടായത്. പിന്‍കാലത്ത് ദളിത് ഭാഷ മാത്രമല്ലെന്നും ഗോത്ര വിഭാഗക്കാരായ മനുഷ്യര്‍ക്കും അവരുടേതായ ഭാഷയുണ്ടെന്ന് നമ്മുടെ കാവ്യലോകം തിരിച്ചറിഞ്ഞു. എനിക്ക് മുന്‍പുമുണ്ടായിരുന്നു ഇവിടെ തീരത്തിന്റെ ഭാഷയില്‍ കവിതയെഴുതിയ ചിലര്‍. എന്നാല്‍ മലയാള മുഖ്യധാരാ ഭാഷയുമായി ഏറ്റുമുട്ടാന്‍ പ്രത്യക്ഷത്തില്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് മാത്രമാണ് അവരുടെ പരിമിതിയായി നിലനിന്നത്.
ആദ്യ കവിതാ സമാഹാരത്തിന്റെ പേര് ‘ചങ്കൊണ്ടോ പറക്കൊണ്ടോ’ എന്നതാണ്, ഈ പേര് പോലും വ്യത്യസ്തമായ ഒന്നാണ്. ഈ പേര് അര്‍ത്ഥമാക്കുന്നത് എന്താണ് ?
തീരദേശ വീടുകളില്‍ ശംഖ്, സ്രാവ് മീനിന്റെ ചിറക് തുടങ്ങിയവ സൂക്ഷിക്കാറുണ്ട്. ഇത്തരം വസ്തുക്കള്‍ വാങ്ങാന്‍വേണ്ടി ആളുകള്‍ എത്തും. ചങ്കൊണ്ടോ പറക്കൊണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ നടക്കുക. 2016ല്‍ ചിന്ത പബ്ലിക്കേഷനാണ് ഈ പുസ്തകം പുറത്തിറക്കിയത്. പുസ്തകങ്ങള്‍ നാല്, അഞ്ച് മാസംകൊണ്ട് വിറ്റു പോവുകയുണ്ടായി. പുസ്തകങ്ങള്‍ വാങ്ങിച്ചതില്‍ എന്റെ നാട്ടിലെ ആളുകളുണ്ടായിരുന്നു, സുഹൃത്തുക്കളുണ്ടായിരുന്നു, ഇതിന് പുറമേ ഒരു അക്കാദമിക് സമൂഹവും ഉണ്ടായിരുന്നു. ഈ പ്രദേശത്തെ മനുഷ്യരില്‍നിന്ന് കിട്ടിയ പ്രതികരണത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു മറ്റ് വായനക്കാരില്‍നിന്ന് കിട്ടിയ പ്രതികരണം. പുറത്തുള്ള ആളുകള്‍ കവിതയിലെ വ്യത്യസ്തമായൊരു സമീപനം എന്ന നിലയിലായിരുന്നു ഈ പുസ്തകത്തെ നോക്കി കണ്ടത്. എന്നാല്‍ ഈ നാട്ടിലെ ആളുകള്‍ക്ക് തങ്ങളുടെ ഭാഷ, അനുഭവങ്ങള്‍ എന്നതിനപ്പുറം അതില്‍ അത്ഭുതപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് ഇവിടുത്തെ ആളുകള്‍ കവിതകള്‍ ചൊല്ലിത്തുടങ്ങുന്നത്. തങ്ങളുടെ ഭാഷയും കവിതയുടെ രൂപത്തിലേയ്ക്ക് മാറുന്നു എന്ന തിരിച്ചറിവ് പതുക്കെയാണ് അവര്‍ക്കുണ്ടായത്. ചങ്കൊണ്ടോ പറക്കൊണ്ടോ എന്ന സമാഹാരം പുറത്തിറക്കിയപ്പോള്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പുറത്തുള്ള ആളുകള്‍ക്ക് ഈ ഭാഷ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതായിരുന്നു. അതിനെ മറികടക്കുവാനായി ഇതിലുപയോഗിച്ച കടപ്പുറം മൊഴിയിലെ വാക്കുകളൊക്കെ അനുബന്ധമായി കൊടുക്കേണ്ടിവന്നു.
എങ്ങനെയാണ് കടപ്പുറംപാസ എന്ന പുസ്തകത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത് ?
കവിതയ്‌ക്കൊപ്പം അനുബന്ധമായ കൊടുത്ത വാക്കുകളുപയോഗിച്ച് കവിത വായിച്ചിട്ടും പലര്‍ക്കും മനസിലായിരുന്നില്ല, പലരും പിന്നെയും ഈ വാക്കുകളുടെ അര്‍ത്ഥമെന്താണെന്ന് എന്നോട് ചോദിച്ചുകൊണ്ടിരുന്നു. അന്‍വര്‍ അലി കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ എന്റെ കവിത വായിക്കാന്‍ ഒരു നിഘണ്ടു വേണമെന്ന് പറയുമായിരുന്നു. 2010തൊട്ട് ശേഖരിച്ച വാക്കുകളില്‍നിന്ന് തമിഴിന്റെ അതിപ്രസരമുള്ളത് വെട്ടിക്കളഞ്ഞാണ് കടപ്പെറപാസ എന്ന പേരില്‍ ഡിക്ഷ്ണറി നിര്‍മ്മിച്ചിരിക്കുന്നത്.
സ്വന്തം ഭാഷയുടെ കരുത്ത് എങ്ങനെയായിരുന്നു തിരിച്ചറിഞ്ഞത് ?
കുഞ്ഞു നാളില്‍ ഇങ്ങനെയൊരു ഭാഷാഭേദം സംസാരിക്കുമ്പോള്‍ ഞങ്ങളെ ശകാരിക്കുമായിരുന്നു. ഞങ്ങളുടെ ഭാഷ പൊതു ഭാഷയില്‍നിന്ന് മാറിനില്‍ക്കുന്നതാണെന്ന അപകര്‍ഷതാബോധം അദ്ധ്യാപകര്‍ സൂക്ഷിച്ചിരുന്നു. അത് ബോധപൂര്‍വ്വം ഞങ്ങളിലേയ്ക്കും കുത്തിവയ്ക്കാന്‍ ശ്രമിച്ചിരുന്നു. അന്ന്തന്നെ ഈ ഭാഷയ്ക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് തോന്നിയിരുന്നു. പന്ത്രണ്ടാം ക്ലാസൊക്കെ കഴിഞ്ഞ് പുറത്തുപോയി പഠിക്കാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് ഞങ്ങളുടെ ഭാഷയ്ക്ക് പ്രത്യേകമായൊരു അസ്തിത്വം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഈ ഭാഷയില്‍ എഴുതി തുടങ്ങിയപ്പോള്‍ മലയാളത്തിലെ മുതിര്‍ന്ന കവികള്‍ വളരെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയുമായിരുന്നു ഈ കവിതകളോട് പ്രതികരിച്ചിരുന്നത്.
ജീവിതവുമായി എത്തരത്തിലാണ് ഈ ഭാഷ കലര്‍ന്നു കിടക്കുന്നത്?
കുഞ്ഞുനാളില്‍ അപ്പന്‍ കട്ടമരത്തില്‍ കടലില്‍ പോവുമ്പോള്‍ അതിരാവിലെ മൂന്ന് മണിയ്ക്ക് ഞങ്ങള്‍ കുട്ടികളെ ഒപ്പം കൊണ്ടുപോവുമായിരുന്നു. ഇടക്കെല്ലാം കടലിലേക്കും ഞങ്ങളെ കൊണ്ടുപോവും. ഇത്തരത്തില്‍ കട്ടമരം കെട്ടുമ്പോഴും, കടലില്‍ പോവുമ്പോഴുമൊക്കെ ഉപയോഗിച്ചിരുന്ന വാക്കുകള്‍ ഒപ്പം കൂടുകയായിരുന്നു. ജീവിതത്തില്‍നിന്നുതന്നെയാണ് കവിതയിലേയ്ക്ക് ഈ വാക്കുകള്‍ എത്തിച്ചേര്‍ന്നത്. ഒരു അന്‍പത്‌കൊല്ലം കഴിയുമ്പോള്‍ ഇന്ന് ഞങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷ ഉണ്ടാവുമോ എന്ന് തന്നെ അറിയില്ല. വരും തലമുറയ്ക്ക് ഇങ്ങനെ ഒരു ഭാഷ ഇവിടെ ഉണ്ടായിരുന്നു, ഈ ഭാഷയില്‍ മത്സ്യത്തൊഴിലാളികള്‍ ജീവിച്ചിരുന്നുവെന്നും, അവര്‍ തൊഴിലെടുത്തിരുന്നതും, ശ്വസിച്ചിരുന്നതും, വഴക്കിട്ടിരുന്നതുമെല്ലാം ഇങ്ങനെ ഒരു ഭാഷയിലായിരുന്നുവെന്ന് വരും തലമുറയെ അറിയിക്കാന്‍വേണ്ടിക്കൂടിയാണ് ഈ ഭാഷയില്‍ എഴുതുന്നതും, ഈ ഭാഷയിലെ വാക്കുകളെ ശേഖരിച്ച് വെക്കുന്നതും.