UPDATES

വായന/സംസ്കാരം

കലയേയും രാഷ്ട്രീയത്തേയും ഒരുപോലെ ഹൃദയത്തിലേറ്റിയ കെ എസ് ബിമലിന്റെ സ്വപ്നം; ഓപണ്‍ തിയേറ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നാളെ ഉദ്ഘാടനം ചെയ്യും

പോണ്ടിച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2015 ജൂലൈ 1നാണ് ബിമല്‍ മരണപ്പെടുന്നത്

ആർഷ കബനി

ആർഷ കബനി

കലയേയും, രാഷ്ട്രീയ പ്രവര്‍ത്തനത്തേയും ഒരുപോലെ ഹൃദയത്തിലേറ്റിയ കെ എസ് ബിമലിന്റെ സ്വപ്‌നം എടച്ചേരി എന്ന നാട് യാഥാര്‍ത്ഥ്യമാക്കുന്നു. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോഴും അതിനെ വിമര്‍ശനാത്മകമായി സമീപിച്ച കെ എസ് ബിമലിന്റെ രാഷ്ട്രീയ നിലപാടുകളുടെയും മൂല്യങ്ങളുടെയും തുടര്‍ച്ച സൃഷ്ടിക്കുകയാണ് കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള എടച്ചേരിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. ബിമല്‍ സാംസ്കാരിക കേന്ദ്രം ആരംഭിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങളേയും നെഞ്ചേറ്റുകയാണ് ഈ ദേശം.

സംഗീതം, സിനിമ,സാഹിത്യം, ചിത്രകല, നാടകം തുടങ്ങിയവയ്ക്ക് ഗ്രാമീണമായ ഇടം ഒരുക്കുക എന്ന ബിമലിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സുഹൃത്തുക്കളും നാട്ടുകാരും ഒരുമിക്കുകയായിരുന്നു. ആ സ്വപ്നത്തിന്റെ ആദ്യപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നാടകം, സിനിമ, നൃത്തം, സംഗീതം എന്നിവ അവതരിപ്പിക്കാന്‍ കഴിയുന്ന രീതിയിലൊരുക്കിയ ഓപ്പണ്‍ തിയേറ്ററിന്റെ ഉദ്ഘാടനം മെയ് 12-ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.

സാംസ്‌കാരിക ഗ്രാമം നിര്‍മ്മിക്കുവാനായി ജനങ്ങളില്‍ നിന്ന് പണം സമാഹരിച്ച് എടച്ചേരി വേങ്ങേരിയില്‍ മാഹി കനാലിന്റെ തീരത്തായി ഒരേക്കര്‍ സ്ഥലം വാങ്ങി. ഇവിടെയാണ് തിയ്യേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. വായനശാല, കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികളുടെ പാര്‍ക്ക്, ചിത്രപ്പുര, നൃത്തപ്പുര തുടങ്ങിയവ പിന്നീട് നിര്‍മ്മിക്കും. ഏതുതരത്തിലുള്ള രംഗാവിഷ്‌കാരങ്ങളും അവതരിപ്പിക്കാന്‍ സാധ്യമാകുന്ന തരത്തിലാണ് ഓപ്പണ്‍ തിയ്യേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

48 അടിയോളം വലുപ്പമുണ്ട് ഈ ഓപ്പണ്‍ തിയ്യേറ്ററിന്. ചിത്ര,ശില്‍പ്പ,നൃത്തകലകളുടെയും നാടന്‍ കലാരൂപങ്ങളുടേയും പരിശീലനത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കും.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവ സ്മരണകളുറങ്ങുന്ന വടകരയിലെ എടച്ചേരി എന്ന പ്രദേശം തന്നെയാണ് കെ എസ് ബിമലിനെ ശക്തനായ ഇടത് പക്ഷ പ്രവര്‍ത്തകനാക്കി വളര്‍ത്തിയത്. വടകരയില്‍ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരനുമായി ബിമല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ടി.പി ചന്ദ്രശേഖരന്റെ മരണത്തില്‍ സിപിഎമ്മിന്റെ കൈകളുണ്ടെന്ന സംശയം പിന്നീട് പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കാന്‍ ബിമലിനെ പ്രേരിപ്പിച്ചു. ടി പി വധത്തെത്തുടര്‍ന്ന് സിപിഎം വിട്ടവരുടെ കൂട്ടായ്മ ഒരുക്കാന്‍ മുന്നില്‍ നിന്നത് കെ. എസ് ബിമല്‍ തന്നെയായിരുന്നു.

സിപിഎമ്മില്‍ നിന്നും പുറത്തുവന്നതിനുശേഷം കോഴിക്കോട് വിശാലമായൊരു കണ്‍വന്‍ഷന്‍ ബിമലിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുകയായിരുന്നു. അതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധ സ്വഭാവം തുറന്നു കാണിക്കാനും ടി പി ചന്ദ്രശേഖരന്റെ വധത്തെ ശക്തമായി വിമര്‍ശിക്കാനും ബിമല്‍ തയ്യാറായി. ജനാധിപത്യവേദി എന്നൊരു സംഘടന രൂപീകരിച്ചു. ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം വളരെ ജനാധിപത്യരീതിയില്‍ സംഘടിപ്പിക്കണമെന്നും അതിനൊരു ചട്ടക്കൂട് തടസ്സമാകരുതെന്നുമായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.

“ആഗോളവത്കരണത്തിന്റെ ഈ കാലത്ത് നാട്ടിലുണ്ടാകുന്ന ചെറിയ കൂട്ടായ്മകള്‍ പോലും വലിയ മുന്നേറ്റങ്ങളിലേക്ക് നയിക്കുമെന്നും ഈ മാര്‍ഗത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്നും ബിമലിന് വിശ്വാസമുണ്ടായിരുന്നു. അതേപോലെ, കലാസാഹിത്യപ്രവര്‍ത്തനങ്ങളിലൂടെയും രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്നും ബിമല്‍ മനസ്സിലാക്കി തന്നൂ. ബിമലിന്റെ നാടകങ്ങള്‍ക്കെല്ലാം കൃത്യമായ രാഷ്ട്രീയ ഉള്ളടക്കം ഉണ്ടായിരുന്നു.” ബിമലിന്റെ സുഹൃത്തും ബിമല്‍ സാംസ്കാരിക ഗ്രാമം കണ്‍വീനറുമായ അഡ്വ. എം സിജു പറഞ്ഞു.

വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ് ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായും, പിന്നീട് ജില്ലാ സെക്രട്ടറിയായും, അതിനുശേഷം എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും, ദേശീയ ജോയിന്റ് സെക്രട്ടറിയും ആയും ബിമല്‍ പ്രവര്‍ത്തിച്ചിരുന്നു. സംഘടനാപ്രവര്‍ത്തനങ്ങളില്‍ക്കിടയിലും നാടകങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിച്ച വ്യക്തിയായിരുന്നു ബിമല്‍. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്രകള്‍ നാടകരൂപത്തില്‍ ആക്കി ചെന്നൈയില്‍ വെച്ചു നടന്ന ദേശീയനാടകോത്സവത്തില്‍ അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു .

ജനാധിപത്യ വേദിയുടെയും മറ്റും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ തൃശൂര്‍ കേരളീയം മാസികയുടെ ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടയിലാണ് ബിമല്‍ തളര്‍ന്നുവീണത്. തുടര്‍ന്നാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. പോണ്ടിച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2015 ജൂലൈ 1നാണ് ബിമല്‍ മരണപ്പെടുന്നത്.

‘ബിമലിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ഇത് ഒരു നാടിന്റെ ഒത്തൊരുമയുടെ മാതൃകയാണെന്നും, കലാപരമായും,രാഷ്ട്രീയപരമായും വളരാന്‍ ഈ സ്വപ്‌നം ഒരു നാടിനെ പ്രാപ്തമാക്കിയെന്നും’ സാംസ്‌കാരിക ഗ്രാമത്തിന്റെ കണ്‍വീനര്‍ എം സിജു അഴിമുഖത്തോട് പറഞ്ഞു’.

സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ നാട്ടില്‍ ഒരു സാംസ്കാരിക കേന്ദ്രവും ഓപ്പണ്‍ സ്റ്റേജും വേണമെന്നത് ബിമലിന്റെ സ്വപ്നമായിരുന്നു. കലാപഠനം സാധാരണക്കാര്‍ക്ക് കൂടി സാധ്യമാക്കുക എന്ന ലക്ഷ്യം ഈ സാംസ്കാരിക ഗ്രാമം കൊണ്ട് ബിമലിന്റെ കൂട്ടുകാര്‍ ലക്ഷ്യമിടുന്നുണ്ട്.

‘കെ എസ് ബിമലിന്റെ സ്വപ്‌നം അദേഹത്തിന്റെ മരണശേഷം സാംസ്‌കാരികമായും, രാഷ്ട്രീയപരമായും, കലാപരമായും ഒരു നാടിനെ വളര്‍ത്തുകയായിരുന്നുവെന്നു .ആ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നതെന്നും’ കലാഗ്രാമം പ്രവര്‍ത്തക അനുശ്രീ എടച്ചേരി പറയുന്നു.

ഓപ്പണ്‍ തീയേറ്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ മുഖ്യാതിഥിയാകും, എന്‍ പ്രഭാകരന്‍ ,വി എസ് അനില്‍ കുമാര്‍, കവി വീരാന്‍കുട്ടി, മനോജ് നാരായണന്‍, ജോണ്‍.ടി.വേക്കല്‍, വിജി പെണ്‍കൂട്ട്, രമേഷ് കാവില്‍ എന്നിവര്‍ പങ്കെടുക്കും.

അടൂരിന്റെ ഏറ്റവും പുതിയ ഹ്രസ്വചിത്രം സുഖാന്ത്യം വേദിയില്‍ പ്രദര്‍ശിപ്പിക്കും. മരണത്തിന്റെ കറുപ്പിനെ വിറ്റ് സുഖജീവിതത്തിന്റെ കുറുക്കുവഴി തേടുന്നതിനെ കുറിച്ചുള്ള സിനിമയാണ് സുഖാന്ത്യം. പത്മപ്രിയയാണ് ചിത്രത്തിലെ നായിക.

തുടര്‍ന്ന് വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗോത്രതുടിതാളം, മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍ സ്‌കൂളിന്റെ ബോളീവിയന്‍ സ്റ്റാര്‍സ് നാടകം, എടച്ചേരി ആഗ് തിയ്റ്ററിന്റെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍, കുരുന്നു പ്രതിഭകളായ വിഷ്ണുമായ, സൂര്യ ഗായത്രി എന്നിവരുടെ പാട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും.

പ്രശസ്ത വാസ്തുശില്‍പകാരന്‍ യൂജിന്‍ പണ്ടാലയാണ് സാംസ്കാരിക കേന്ദ്രം ഡിസൈന്‍ ചെയ്തത്.

Read More: “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍