UPDATES

വായന/സംസ്കാരം

രണ്ട് ലക്ഷം രൂപ സമ്മാനം നൽകാത്തത് നിലവാരമില്ലാഞ്ഞിട്ടെന്ന് മാതൃഭൂമി; കഥ പിൻവലിക്കുന്നെന്ന് എഴുത്തുകാരി

കേരള സര്‍ക്കാരിന്റെ പണം കൂടി വാങ്ങി നടത്തിയ ഈ സാഹിത്യോത്സവത്തില്‍ പറ്റിക്കപ്പെട്ടുവെന്ന തോന്നലാണ് തനിക്കുണ്ടായതെന്ന് സ്‌നേഹ തോമസ്‌

മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ രണ്ട് ലക്ഷം മുതല്‍ പുരസ്‌കാര തുക പ്രഖ്യാപിച്ചതിന് ശേഷം തുക നല്‍കുന്നതില്‍ നിന്നും മാതൃഭൂമി പിന്മാറിയതായി ആരോപണം. കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ സ്‌നേഹ തോമസ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. അതേസമയം കഥകള്‍ക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ അഴിമുഖത്തോട് പ്രതികരിച്ചു. ചെറുകഥയ്ക്ക് ഏറ്റവും കൂടിയ സമ്മാനത്തുകയുമായി ക ഫെസ്റ്റിവല്‍ എന്ന പരസ്യത്തോടെയാണ് മാതൃഭൂമി കഥാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചത്. ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 75,000 രൂപയുമാണ് പ്രഖ്യാപിച്ചത്. പുരസ്‌കാര തുകയുള്‍പ്പെടെയുള്ള പരസ്യം ഇപ്പോഴും സാഹിത്യോത്സവത്തിന്റെ വെബ്‌സൈറ്റിലുണ്ട്.

ഇന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെ വിളിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വാര്‍ത്ത ഇന്ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥാമത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ പത്ത് പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് വാര്‍ത്തയില്‍ പറയുന്നു. എഴുത്തുകാരായ ബെന്യാമിനും ആനന്ദ് നീലകണ്ഠനും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സമ്മാനിതമാകാന്‍ നിസ്സംശയം അര്‍ഹമായ ഒരു കഥ പോലും ഇല്ലാത്തതിനാല്‍ ഇത്തവണ ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍ നല്‍കുന്നില്ലെന്ന് എംടി വാസുദേവന്‍ നായര്‍ അധ്യക്ഷനും എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, ഇ സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ വിധി നിര്‍ണായക സമിതി തീരുമാനമെടുത്തിരുന്നെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയിലാണ് അവസാന പത്ത് പേരില്‍ ഒന്നാം സ്ഥാനത്തുള്ള സ്‌നേഹ കഥ മത്സരത്തില്‍ നിന്നും പിന്‍വലിക്കുന്നതായും തന്റെ കഥ പ്രസിദ്ധീകരിക്കുന്നതിന് മാതൃഭൂമിയുടെ ഒരു പ്രസിദ്ധീകരണത്തിനും അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരിക്കുന്നത്.

ഇന്നലെ സംവാദത്തിന് ക്ഷണിച്ചുവെന്നും എന്നാല്‍ കേരളത്തിലില്ലാത്തതിനാല്‍ ഒരു സുഹൃത്തിനെയാണ് അയച്ചതെന്നും ഇവര്‍ പറയുന്നു. അവിടെ ചെന്നപ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. അതും ഒരു മരച്ചുവട്ടില്‍ എല്ലാവരെയും വിളിച്ചിരുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിട്ടയയ്ക്കുകയായിരുന്നു. മൂന്നേ മുക്കാല്‍ ലക്ഷം രൂപയുടെ സമ്മാനമാണ് ഒരുമാസം മുമ്പ് ചെയ്ത പരസ്യത്തില്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ പണം കൂടി വാങ്ങി നടത്തിയ ഈ സാഹിത്യോത്സവത്തില്‍ പറ്റിക്കപ്പെട്ടുവെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും സ്‌നേഹ പറയുന്നു. അതിനാല്‍ വെജിറ്റേറിയന്‍ സമരങ്ങള്‍ എന്ന തന്റെ കഥ പിന്‍വലിക്കുന്നതായും അവര്‍ വ്യക്തമാക്കുന്നു.

ഈ സാഹിത്യ വഞ്ചനയില്‍ താന്‍ പ്രതികരിച്ചില്ലെങ്കില്‍ ”വെജിറ്റേറിയന്‍ സമരങ്ങള്‍, എന്ന കഥ എഴുതി ഒന്നാമത് എത്തിയ താന്‍ ഒരു യുവ എഴുത്തുകാരി അല്ലാതാവും എന്നാണ് തനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ സമരങ്ങള്‍ എന്ന വാക്കിന് തന്നെ അര്‍ത്ഥം ഇല്ലാതാകുമെന്നും തോന്നുന്നതായി അവര്‍ പറയുന്നു. പ്രഖ്യാപിച്ച സമ്മാനത്തുക വിതരണം ചെയ്യാത്ത വഞ്ചനക്കെതിരെ ആണ് എന്റെ പ്രതിഷേധം. കഥകള്‍ക്കു വേണ്ടത്ര നിലവാരമില്ലെങ്കില്‍ സമ്മാനത്തുക നല്‍കില്ലെന്ന് മത്സര പരസ്യങ്ങളില്‍ ഒരിടത്തും മാതൃഭൂമി പറഞ്ഞിട്ടില്ല എന്ന കാര്യം ഓര്‍ക്കുക. സമ്മാന തുക നല്‍കാതെ പങ്കെടുത്ത രണ്ടായിരത്തോളം കഥാകൃത്തുക്കളെയാണ് ഇവര്‍ പറ്റിച്ചിരിക്കുന്നത്. എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ കൊള്ളില്ലെന്ന് പറഞ്ഞവരാണ് മാതൃഭൂമിയെന്നും മാതൃഭൂമിയല്ലല്ലോ ഇവിടുത്തെ അവസാന വാക്കെന്നും സ്‌നേഹ അഴിമുഖത്തോട് പ്രതികരിച്ചു. സ്‌നേഹ തോമസ്, സംഗീത ശങ്കര്‍, ശ്രദ്ധ ധനുജയന്‍, ആതിര ലക്ഷ്മി, ആനി അരുള്‍, സിവിക് ജോണ്‍, നിയാസ് മുഹമ്മദ്, ജിബിന്‍ കുര്യന്‍, അഖില്‍ തോമസ്, അഖില്‍ എസ് മുരളി എന്നിവരാണ് അവസാന റൗണ്ടിലെത്തിയ പത്ത് പേര്‍. യുവചിന്തയെ ഉള്‍ക്കൊള്ളാന്‍ പറ്റിയ പ്രായക്കാര്‍ ജഡ്ജിങ് കമ്മിറ്റിയില്‍ ഇല്ലെന്നും മത്സരത്തില്‍ ഒന്നാമത് എത്തിയ ‘വെജിറ്റേറിയന്‍ സമരങ്ങള്‍’ പിന്‍വലിക്കുന്നതായും സ്‌നേഹ തോമസ് ഇന്നലെ തന്നെ മാതൃഭൂമിയെ മെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്.

അതേസമയം പലര്‍ക്കും പല അഭിപ്രായമുണ്ടാകും. നമുക്ക് അതിനെല്ലാം മറുപടി പറയാന്‍ സാധിക്കില്ലെന്നായിരുന്നു ഇതേക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രൈസ് മണി പ്രഖ്യാപിച്ചിട്ടില്ല. നമ്മള്‍ ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള കഥ ലഭിച്ചിരുന്നെങ്കില്‍ പൈസ കൊടുക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം കൊടുത്തതാണ്. എംടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, ഇ സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്നതാണ് ജഡ്ജിംഗ് കമ്മിറ്റിയിലുണ്ടായിരുന്നത്. നിലവാരമുള്ള കഥകളൊന്നും ലഭിച്ചില്ലെന്നാണ് അവര്‍ അറിയിച്ചത്. അടുത്തയാഴ്ച ഇറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജൂറിയുടെ തീരുമാനങ്ങള്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കും. കഥ പിന്‍വലിക്കുന്നുവെന്ന് സ്‌നേഹ തോമസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അവരുടെ ആഗ്രഹം പോലെ നടക്കട്ടേ. നമുക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു.

തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍ നിന്നും അഞ്ഞൂറ് രൂപ വീതവും ഒരു ദിവസത്തെ പാസിന് 150 രൂപ വീതവും സംഘാടകര്‍ ഈടാക്കുന്നുമുണ്ട്. ഇന്ന് സാഹിത്യോത്സവം അവസാനിക്കാനിരിക്കെയാണ് പുരസ്‌കാര തുകയുടെ പേരില്‍ വിവാദമുയര്‍ന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍