UPDATES

വായന/സംസ്കാരം

വര്‍ഗീയവാദികള്‍ക്കു നേരെ പലരും മൗനം പാലിക്കുന്നത് അനുകൂലിക്കുന്നതിനാലല്ല, ഭയന്നിട്ടെന്ന് എന്‍ പ്രഭാകരന്‍

ഹിന്ദുവര്‍ഗീയവാദത്തോടും മുസ്ലീം വര്‍ഗീയവാദത്തോടുമുള്ള എന്റെ മനോഭാവം ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഞാന്‍ രണ്ടിനെയും ഒന്നു പോലെ വെറുക്കുന്നു. വര്‍ഗീയതയും മതതീവ്രവാദവും ഏത് ഭാഗത്തുനിന്നുണ്ടായാലും നീക്കുപോക്കില്ലാതെ എതിര്‍ക്കപ്പെടേണ്ടതാണ്.

മത തീവ്രവാദത്തെ അക്രമങ്ങളുടെ കണക്കുനിരത്തി സാമാന്യവല്‍കരിക്കുന്ന നിലപാടിനെ വിര്‍ശിച്ച് സാഹിത്യകാരനും അധ്യാപകനുമായ എന്‍ പ്രഭാകര ദാമോദരന്‍. മത തീവ്രവാദത്തെ ഭുരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ വെറുക്കുന്ന വ്യക്തിയാണ് താന്‍. മുസ്ലീം വിഭാഗക്കാരുടെ അക്രമങ്ങള്‍ ചുണ്ടിക്കാട്ടി തങ്ങള്‍ക്കും അതിനുള്ള അവകാശമുണ്ടെന്ന ഹിന്ദുത്വരുടെ ഉദാഹരണ സഹിതമുള്ള പ്രചാരണങ്ങള്‍ നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക്  കുറിപ്പിനുള്ള പ്രതികണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ക്രൂരകൃത്യങ്ങളെ കുറിച്ച് മൗനം പാലിച്ച എഴുത്തുകാരും ബുദ്ധിജീവികളും ഹിന്ദുക്കളില്‍ നിന്നുണ്ടാവുന്ന അത്തരം സംഭവങ്ങളെ അപലപിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളെ വിമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ കുറിപ്പ്. വര്‍ഗീയ വാദികള്‍ കൊലപ്പെടുത്തിയവരുടെ എണ്ണം നോക്കി ഒരു വിഭാഗത്തിന്റെ അക്രമങ്ങളോട് മൃദുസമീപനവും മറ്റൊന്നിനോട് കഠിനസമീപനവും കൈക്കൊള്ളണം എന്ന അഭിപ്രായക്കാരനല്ല താനെന്നും എന്‍ പ്രഭാകരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വര്‍ഗീയ വാദികളുടെ ക്രൂരമായ നടപടികളെ നേരെ മൗനം പാലിക്കുന്നവരില്‍ പലരും ഏതെങ്കിലുമൊരു വിഭാഗത്തെ അനുകൂലിക്കുന്നവരല്ല. ആളുകള്‍ കടുത്ത ഭീതിയുടെ പിടിയിലാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പുര്‍ണരുപം

എസ് ഹരീഷിന് തന്റെ മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ക്ക് ഹിന്ദു വര്‍ഗീയവാദികളില്‍ നിന്നുണ്ടായ പ്രതികരണങ്ങളില്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ട കാര്യം മുസ്ലീങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ക്രൂരകൃത്യങ്ങളെ കുറിച്ച് (ജോസഫ് മാഷുടെ കൈവെട്ടിയതും പവിത്രന്‍ തീക്കുനിക്ക് പര്‍ദ്ദ എന്ന കവിത പിന്‍വലിക്കേണ്ടി വന്നതും ഉദാഹരണം) മൗനം പാലിച്ച എഴുത്തുകാരും ബുദ്ധിജീവികളും ഹിന്ദുക്കളില്‍ നിന്ന് അമ്മട്ടിലെന്തെങ്കിലും ഉണ്ടാവുന്ന ഉടനെ ചാടിയിറങ്ങി ബഹളം വെക്കുന്നു എന്നുള്ളതാണ്.
ഹിന്ദുവര്‍ഗീയവാദത്തോടും മുസ്ലീം വര്‍ഗീയവാദത്തോടുമുള്ള എന്റെ മനോഭാവം ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഞാന്‍ രണ്ടിനെയും ഒന്നു പോലെ വെറുക്കുന്നു. വര്‍ഗീയതയും മതതീവ്രവാദവും ഏത് ഭാഗത്തുനിന്നുണ്ടായാലും നീക്കുപോക്കില്ലാതെ എതിര്‍ക്കപ്പെടേണ്ടതാണ്. അക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാനില്ല. മുസ്ലീങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, ഞങ്ങള്‍ക്കും അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട് എന്ന ഹിന്ദുവര്‍ഗീയവാദികളുടെ നിലപാട് പൂര്‍ണമായും തെറ്റാണ്. വര്‍ഗീയ വാദികളുടെ കയ്യാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കണക്കുനോക്കി ഒരു വര്‍ഗീയവാദത്തോട് മൃദുസമീപനവും മറ്റൊന്നിനോട് കഠിനസമീപനവും കൈക്കൊള്ളണം എന്ന അഭിപ്രായക്കാരനല്ല ഞാന്‍.

എങ്കിലും ഹിന്ദുവര്‍ഗീയവാദികള്‍ ഇത്രയും ബഹളം വെക്കുന്നതു കൊണ്ടു മാത്രം ചില കാര്യങ്ങള്‍ പറയാം: കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിന്ദുവര്‍ഗീയ വാദികള്‍ പാവപ്പെട്ട എത്ര മനുഷ്യരെയാണ് ബീഫ് കഴിച്ചതിന്റെയും കന്നാലികളെ കടത്തിയതിന്റെയും മറ്റും പേരില്‍ കൊന്നൊടുക്കിയത്.രാജ്യവ്യാപകമായി അറിയപ്പെടുന്ന പല ബുദ്ധിജീവികളെയും സ്വന്തം നിലപാട് ബഹുജനമധ്യത്തില്‍ അവതരിപ്പിച്ചുവെന്ന ഒറ്റക്കാരണത്താല്‍ അവര്‍ ഇല്ലാതാക്കിയില്ലേ ഹിന്ദുവര്‍ഗീയവാദികളുടെ പല പേരിലുള്ള സംഘങ്ങളുടെ ആക്രമണത്തിന് പലപ്പോഴായി,പലേടത്തായി ഒരുപാടുപേര്‍ ഇരയായില്ലേ. ഈ വസ്തുതകളെല്ലാം മുന്നില്‍ വെച്ചുകൊണ്ട് തങ്ങള്‍ മുസ്ളീം തീവ്രവാദികളോളം അപകടകാരികളല്ലെന്നോ തങ്ങള്‍ മൃദുസമീപനം അര്‍ഹിക്കുന്നുണ്ട് എന്നോ അവര്‍ക്ക് വാദിക്കാനാവുമോ?ഒരാള്‍ ഒരു പാതകം ചെയ്താല്‍ മറ്റൊരാള്‍ അമ്മട്ടിലുള്ള ഒന്ന് നേരത്തേ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ് അയാള്‍ക്ക് സ്വയം ന്യായീകരിക്കാനാവുമോ?
ലോകത്തെവിടെയായാലും വിവിധ ജനവിഭാഗങ്ങള്‍ക്ക് അവരുടെ ദൈവസങ്കല്‍പത്തെ മുറുകെ പിടിക്കാനും സ്വന്തം മതവിഭാഗത്തില്‍ നിന്നു തന്നെ പുതിയ ജീവിതബോധത്തിന്റെ ഫലമായി മനുഷ്യാവകാശത്തിന്റെ പേരില്‍ എതിര്‍പ്പുകള്‍ ഉണ്ടായിവരും വരെ എല്ലാ ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കാനും അവകാശമുണ്ടായിരിക്കണം. കാലഹരണപ്പെട്ടതും മനുഷ്യവിരുദ്ധവുമായ ആചാരങ്ങള്‍ക്കു വേണ്ടിയുള്ള വാദങ്ങള്‍ ഏത് മതത്തിന്റെ മേധാവികളില്‍ നിന്നുണ്ടായാലും അതിനെ എതിര്‍ക്കുക എന്നതാണ് എല്ലാ പുരോഗമന വാദികളുടെയും ജനാധിപത്യവിശ്വാസികളുടെയും അങ്ങനെയൊന്നും മുദ്രകുത്തപ്പെടരുതെന്ന് നിര്‍ബന്ധമുള്ള കേവല മനുഷ്യസ്നേഹികളുടെയുമെല്ലാം കടമ.(1987 ല്‍ രൂപ് കണ്‍വാര്‍ എന്ന രജപുത്ര സ്ത്രീ സതി അനുഷ്ഠിച്ചതിനെ തുടര്‍ന്ന് സതി എന്ന ആചാരത്തിനെതിരെ രാജ്യവാപകമായി ജനങ്ങള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ സതിയെ അനുകൂലിച്ച് നിലപാടെടുത്ത രാഷ്ട്രീയപ്പാര്‍ട്ടി ഏതാണെന്ന് ഇപ്പോള്‍ ഹിന്ദുവിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന സുഹൃത്തുക്കള്‍ അന്വേഷിക്കണം.)
പിന്‍കുറിപ്പ്: ഫെയ്സ് ബുക്കില്‍ എന്തെങ്കിലും എഴുതുന്നത് തല്‍ക്കാലത്തേക്ക് ഞാന്‍ നിര്‍ത്തുകയാണ്. (പല വിധ തിരക്കുകളും കാരണം) വൈകാതെ തിരിച്ചു വരണമെന്നു തന്നെയാണ് ആഗ്രഹം.ഒരു കാര്യം കൂടി പറയാം.ഹിന്ദുവര്‍ഗീയ വാദികളുടെയും മുസ്ലീം വര്‍ഗീയ വാദികളുടെയും ക്രൂരമായ നടപടികള്‍ക്കു നേരെ മൗനം പാലിക്കുന്നവരില്‍ പലരും ഇവരില്‍ ഏതെങ്കിലുമൊരു വിഭാഗത്തെ അനുകൂലിക്കുന്നവരല്ല. ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ അവര്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് ഇരിക്കുന്നവരുമല്ല.ഒരുപാട് മനുഷ്യര്‍ കടുത്ത ഭീതിയുടെ പിടിയിലാണെന്നതാണ് വാസ്തവം.ഭയം ഒരു പാപമോ തെറ്റോ അല്ല.സാധാരണക്കാരായ എത്രയോ മനുഷ്യരെ ഭയത്തിലേക്ക് വലിച്ചെറിയുന്നവരാണ് തെറ്റ് ചെയ്യുന്നത്.അവര്‍ പാപികളാണ്.വിശ്വാസികളായിരിക്കുമ്പോഴും അവര്‍ ദൈവവിരോധികളുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍